ബിലാല്‍ ശിബിലി
ചാരം മുതല്‍ വജ്രം വരെ. രൂപമാറ്റങ്ങള്‍ അനവധിയുണ്ട് കാര്‍ബണ്‍ എന്ന മൂലകത്തിന്. ഏറ്റവും ലളിതമാവാനും ഏറ്റവും കടുപ്പമുള്ളതാവാനും പറ്റും. എവിടെയും ഉണ്ടാകും. എന്നാല്‍ കൃത്യമായി പിടി തരികയും ഇല്ല. പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണു തിരക്കഥയൊരുക്കി സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിനും ഇത് തന്നെയാണ് പറയാനുള്ളത്. ഇതാണ്, അതാണ് എന്ന് നിര്‍വചിക്കാന്‍ ആവുന്നില്ല. അവസാനം വരെ പിടി തരാത്ത തിരകഥ. ഒറ്റ തലത്തിൽ മാത്രം അതിനെ വിശേഷിപ്പിക്കാനാവില്ല. ‘കാണുന്നവന്റെ സിനിമ’യാണ് കാര്‍ബണ്‍.
അടിക്കുമ്പോള്‍ ബംബര്‍ തന്നെ അടിക്കണം എന്ന് പറഞ്ഞ് ഫ്രോഡ് പണികളില്‍ ഭാഗ്യപരീക്ഷണം നടത്തുന്ന യുവാവ്. സിബി സെബാസ്റ്യന്‍. “..കുറച്ചൊക്കെ ഒരു ഫാന്റസി ഉണ്ടാവുമ്പോള്‍ അല്ലേ, ജീവതത്തിലൊക്കെ ഒരു ലൈഫ് ഉള്ളൂ..” എന്ന് പറയുന്നവന്‍. നമ്മള്‍ കണ്ടിട്ടുണ്ട് അത്തരം ചെറുപ്പക്കാരെ. അവര്‍ നേര്‍വഴിക്ക് ജോലി ചെയ്യാത്തത് മടി കൊണ്ടല്ല. വലിയതെന്തോ വലയില്‍ കുടുങ്ങാന്‍ പുലരും വരെ വലയെറിന്നവരാണവര്‍. ചിലര്‍ വിജയിക്കും. ചിലര്‍ തിരിച്ചു നടക്കും. മറ്റു ചിലര്‍ സ്വയം ബോധിപ്പിക്കും, നിധിയുള്ളത് ‘ആല്‍കെമിസ്റ്റി’ലെ പോലെ നമ്മളില്‍ തന്നെയാണെന്ന്.
എല്ലാരും പോകുന്ന വഴിയില്‍ പോകാന്‍ സിബിക്ക് ഇഷ്ടമില്ല. അതിനാല്‍ തന്നെ കാര്‍ബണ്‍ എന്ന സിനിമക്കും. മൂലകഥയില്‍ നിന്ന് പരമാവധി വഴി മാറി നടക്കുന്നുണ്ട് സിനിമ. ചിതറുന്നുണ്ട് പലയിടങ്ങളില്‍. അതിനാല്‍ തന്നെ സിബിയുടെ പിറകില്‍ നമ്മളും നടക്കണം സിബിയുടെ അനുഭൂതി തിരിച്ചറിയാന്‍. റോഡിലും കാടിലും. പിറകെയല്ല, ഒപ്പം തന്നെ നടത്തിക്കുന്നുണ്ട് സിനിമയുടെ മനോഹരമായ ദൃശ്യങ്ങള്‍. കാടിന്റെ വശ്യത മുഴുവന്‍ ഒപ്പിയെടുത്ത വിഷ്വല്‍സ്. പ്രശസ്ത ബോളിവുഡ് ക്യാമറമാന്‍ കെ യു മോഹനന്‍ നമുക്ക് സമ്മാനിക്കുന്നത് അത്തരം ഒരു അനുഭൂതിയാണ്.
ഫഹദ് ഫാസില്‍. ഭാവാഭിനയങ്ങളുടെ യുവരാജാവ്. അസാമാന്യ പ്രകടനം. നോട്ടത്തിലും കിതപ്പിലും വരെ ഞെട്ടിക്കുന്നുണ്ട്. ഫഹദ് ഫാസില്‍ ഒരു ക്രൌഡ് പുള്ളര്‍ അല്ല. ഇന്‍ട്രോ സീന്‍ വരുമ്പോള്‍ തിയറ്ററില്‍ വാദ്യഘോഷങ്ങള്‍ ഉണ്ടാവില്ല. ആയതിനാല്‍ ‘ആരാധക തേനീച്ച കൂട്ടങ്ങളെ’ തൃപ്തിപെടുത്താനല്ല ഫഹദ് സിനിമകള്‍. സിനിമ കണ്ടിറങ്ങി വീട്ടില്‍ ചെന്നിരുന്ന് ഓരോ രംഗങ്ങളും വീണ്ടും ഓര്‍ത്തെടുക്കുമ്പോള്‍ വേറിട്ട അനുഭവം സമ്മാനിക്കുന്ന സിനിമകള്‍. അങ്ങനെയുള്ള ഒന്ന് തന്നെയാണ് കാര്‍ബണ്‍. ഒരിക്കല്‍ ഗ്രാഫൈറ്റ് ആയും മറ്റൊരിക്കല്‍ ഡയമണ്ട് ആയും തോന്നിപ്പിക്കുന്ന ഒന്ന്.
മെല്ലെ നടക്കുന്നവന്റെ അതിജീവനത്തിന്റെ കഥയാണെന്ന് തോന്നിപ്പിക്കും ആദ്യ പകുതിയില്‍. പിന്നീട്, ഓടുന്നവന്റെ ഒരു സാഹസിക ത്രില്ലര്‍ ആണോ എന്ന് സംശയിക്കും പ്രേക്ഷകന്‍. ഇതൊന്നുമല്ല, ഒരു സറിയലിസ്റ്റിക്ക് സിനിമ ആണോ എന്ന വര്‍ണ്ണ്യത്തില്‍ ആശങ്കയും ഉണ്ടായേക്കാം. അങ്ങെനെയൊരു വ്യത്യസ്ഥമായ എഡിറ്റിംഗ് ആണ് ബീന പോള്‍ സമ്മാനിച്ചിട്ടുള്ളത്. കാണുന്നവന് തീരുമാനിക്കാം, സിനിമ എന്താണെന്നും കിട്ടുന്ന നിധി ഏതാണെന്നും. അതാണ് സംവിധായകന്‍ വേണു നല്‍കുന്ന സ്വാതന്ത്ര്യം. വേണുവിന്റെ ബ്രില്ല്യന്‍സും.
മംമ്ത മോഹന്‍ദാസ് മനോഹരമാക്കി സമീറയെ. ക്യാന്‍സറിനെ പാഷന്‍ കൊണ്ട് നേരിടുന്ന അസാമാന്യ ധൈര്യമുള്ള കലാകാരി. സമീറയും നമുക്ക് പിടി തന്നിട്ടില്ല കൃത്യമായി ആരാണെന്ന്. സ്ഫടികം ജോർജിന്റെ മികച്ചൊരു വേറിട്ട കഥാപാത്രത്തെയാണ് കാണാന്‍ കഴിയുക. ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, മണികണ്ഠൻ ആചാരി, നെടുമുടി വേണു, വിജയ രാഘവൻ, ഷറഫുദീൻ, കൊച്ചു പ്രേമൻ, പ്രവീണ, ചേതൻ ജയലാൽ തുടങ്ങി ഓരോരുത്തരും തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയാക്കി. ബിജിപാലിന്റെ പശ്ചാത്തല സംഗീതമാണ് സിനിമക്ക് ത്രില്ലര്‍ മൂഡ് കൊടുക്കുന്നത്. വിശാൽ ഭരദ്വാജിന്റെ ഗാനങ്ങള്‍ ശരാശരിയില്‍ ഒതുങ്ങി എന്ന് തോന്നുന്നു.
എല്ലാ തരം കാണികളെയും തൃപ്തിപെടുത്തില്ല എന്ന് തീര്‍ച്ച. ചിലര്‍ക്ക് ലാഗ് അനുഭവപെടും എന്നതും ഉറപ്പ്. മുന്‍വിധികള്‍ ഇല്ലാതെ ചെല്ലുന്നവര്‍ക്ക് ആസ്വദിക്കാം, ഓരോ വിഷ്വല്‍സും. എന്നിട്ട്, വീട്ടില്‍ ചെന്ന് റിലാക്സ് ചെയ്തിട്ട് വേണം കഥ ഒന്നുകൂടി മനസ്സില്‍ പ്ലേ ചെയ്യാന്‍. കഥയുടെ ചട്ടക്കൂടുകൾ ഭേദിച്ച ഒരു ദൃശ്യകാവ്യമായിരുന്നു അനുഭവിച്ചത് എന്ന ബോധ്യം ലഭിക്കും. ഓരോരുത്തര്‍ക്കും ഓരോ അര്‍ത്ഥങ്ങളും ഓരോ സന്ദേശങ്ങളും ആയിരിക്കും അത് നല്‍കുക.