കടത്തനാടൻ കളരിപ്പയറ്റ് അടിസ്ഥാന മുറകളും ചികിത്സയും

0
1018

കേരളത്തിൻറെ ആയോധനകലയായ കളരിപ്പയറ്റിന് വളരാനും പ്രോത്സാഹനം നൽകാനും കളരി മേഖലയിലുള്ള ഗുരുക്കന്മാർ പഠനങ്ങളും, ഗവേഷണങ്ങളും നടത്തി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതര കലാ കായിക രംഗങ്ങളിൽ കളരിപ്പയറ്റിന് നൽകാൻ കഴിയുന്ന സംഭാവനകൾ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഇത്തരം സംരംഭങ്ങൾക്ക് പിന്നിലുണ്ട്. അടുത്തകാലത്ത് നമ്മൾ പരിചയപ്പെട്ട കടത്തനാടൻ കളരിപ്പയറ്റ് അടിസ്ഥാന മുറകളും ചികിത്സയും എന്ന പുസ്തകം കടതa്തനാടൻ കളരിയേ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. സേന്റോ കേളുഗുരുക്കളുടെ മകനായ യശശരീരനായ കെ പി ചന്ദ്രൻ ഗുരുക്കളുടെ കീഴിൽ ഒരു കാലഘട്ടത്തിൽ ഒരുമിച്ച് പഠിക്കുകയും, കളരിയിലും, ചികിത്സയിലും സജീവമാകുകയും അതിൽ പഠന ഗവേഷണം നടത്തി കൊണ്ടിരിക്കുന്ന പ്രധാന ശിഷ്യന്മാരായ എം.ഇ. സുരേഷ്ഗുരുക്കൾ, എം. രാമചന്ദ്രൻ ഗുരുക്കൾ, കെ. വി. മുഹമ്മദ് ഗുരുക്കൾ ഒരുമിച്ച് ചേർന്ന് രചന നടത്തി എന്നുള്ളതാണ് ഈ ഗ്രന്ഥത്തിന്റെ ഒരു പ്രത്യേകത. അങ്ക ചേകവന്മാരുടെ യും, കളരിഗുരുക്കന്മാരുടെയും, ചുരികത്ത ലപ്പിലൂടെ തീ ചിതറുന്ന, കളരിപ്പയറ്റിന് പ്രസിദ്ധമായ കടത്തനാട്ടിൽ വടക്കൻ കളരി സമ്പ്രദായത്തിലുള്ള രണ്ട് പഠനരീതികൾ പിള്ള താങ്ങിയും, അറപ്പു കൈയും പരിചയപ്പെടുത്തുന്നു. കടത്തനാടൻ കളരികളിൽ പ്രാഥമിക പരിശീലനം നടത്തുന്ന രീതിയെ പിള്ളതാങ്ങി സമ്പ്രദായം എന്നു പറയുന്നു. കളരിപ്പയറ്റിലെ പിള്ളതാങ്ങി സമ്പ്രദായത്തിലുള്ള മെയ്പയറ്റ് ആണ് കൈകുത്തി പയറ്റ് എന്നറിയപ്പെടുന്നത്. ഇത്തരം വ്യായാമ പരിശീലനത്തിൽ നിന്നും കളരി അഭ്യാസ ത്തിലേക്കുള്ള വളർച്ചയാണ്, പിള്ളതാങ്ങി പഠന രീതിയിൽ നിന്നുള്ള അറപ്പ കൈ രീതിയിലേക്കുള്ള മാറ്റമെന്നാണ് ഗ്രന്ഥകാരന്മാർ വാക്കുകൾ കുറച്ച് വിശദീകരിച്ചിരിക്കുന്നത്.

പുസ്തകത്തിൽ പഠനക്രമത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മെയ് തൊഴിൽ, കോൽത്താരി, അങ്കത്താരി, വെറുംകൈമുറ എന്നിങ്ങനെ നാല് ഭാഗങ്ങളായിട്ടാണ്. കളരിപ്പയറ്റ് പരിശീലനത്തിലൂടെ ഘട്ടംഘട്ടമായി മനുഷ്യനെ സംസ്കരിച് അവനിലെ അനന്തസാധ്യതകളെ വികസിപ്പിച് പൂർണതയിലേക്ക് എത്തിക്കുന്ന രീതിയാണ് കളരിപ്പയറ്റ്. ആചാര കൈകൾ, ചുവടുകൾ, കളരി വണക്കങ്ങൾ, പതിനെട്ട് മെയ്യ് അടവുകൾ, ഇരുപത്തി നാല് മെയ് പയറ്റുകൾ, എന്നിവയും വിശദീകരിക്കുന്നു. അഭ്യാസ പരിശീലനത്തിന് ശേഷം കളരി വിദ്യാർത്ഥികൾ കൂട്ടമായി വിനോദർത്തം വിവിധ ചുവടുകളിൽ കളരി അടവുകൾ ചേർത്ത് നൃത്ത സദൃശ മായി ചെയ്യുന്നതാണ് ചവുട്ടിപാട്ട്. കടത്തനാട് പ്രദേശത്തെ ചവുട്ടി പാട്ടിനും, തച്ചോളികളിക്കും തമ്മിൽ സാദൃശ്യമുണ്ട്. തച്ചോളി കഥകളുടെ വീരാപദാനങ്ങൾ നാടൻപാട്ടിലും, ചുവടിലുമായി, മെയ്പയറ്റ് മുറകളിലൂടെയാണ് അരങ്ങേറുന്നത്. ഇവരണ്ടും പുതിയകാലത്ത് വിസ്മൃതിയിലായി കൊണ്ടിരിക്കുകയാണ്. കോൽത്താരി, അങ്കത്താരി, വിഭാഗത്തിൽ വിവിധ ആയുധങ്ങൾ വായ്ത്താരികൾ ചേർത്തിരിക്കുന്നു. വെറുംകൈ മുറകളെ കുറിച്ചുള്ള വിശദീകരണം ഗുരുക്കന്മാരുടെയും ശിഷ്യന്മാരുടെയും ചിത്രങ്ങൾ സഹിതമാണ് ചേർത്തിരിക്കുന്നത്. മർമ്മം , മർമ്മകൈപ്രയോഗം, കളരി ചികിത്സ,. ലഘു വിവരണ മായിട്ടാണ് കൊടുത്തിരിക്കുന്നതെങ്കിലും ഇവ ഗ്രന്ഥത്തിൽ വ്യക്തമായി ചേർത്തിരിക്കുന്നു. തുടർ പ്രസിദ്ധീകരണങ്ങളുടെ പ്രാരംഭ പ്രവർത്തനം ആയിട്ടാണ് ഈ പുസ്തകത്തെ കുറിച്ച് പറയുന്നത്. അവസാന പേജുകളിൽ ഗ്രന്ഥകാരന്മാരെ കുറിച്ചുള്ള വിവരങ്ങൾ ചേർത്തിട്ടുണ്ട്. ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഡോക്ടർ സി ഗംഗാധരനാണ്. പുസ്തകം അഭിമാനപുരസരം വായനക്കാർക്ക് വേണ്ടി പ്രസിദ്ധീകരിച് തയ്യാറാക്കിയിരിക്കുന്നത് ഫെയ്ത്ത് ബുക്ക് ഇൻറർനാഷണൽ വടകര. വില 395 രൂപ. കടത്തനാടൻ കളരിപ്പയറ്റിന്റെ ശാസ്ത്രീയത പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം സർവകാലശാല വിദ്യാർഥികൾക്കും, കളരി പഠിതാക്കൾക്കും, പ്രയോജനകരമാകുമെന്ന് തീർച്ച.

LEAVE A REPLY

Please enter your comment!
Please enter your name here