കൃഷ്ണേന്ദു കലേഷ്
ക്രിസ്റ്റോഫ് കീസ്ലോവ്സ്കി എന്ന വിഖ്യാത സംവിധായകൻ തന്റെ സിനിമാത്രയത്തിലെ “ത്രീ കളേഴ്സ് : ബ്ലൂ (1993)” എന്ന സിനിമയിലെ ഒരു സീനിലെ ഒരു ഷോട്ടിനെപ്പറ്റി വീഡിയോ സഹിതം കാണിച്ചു കൊണ്ട് ഒരു ഇന്റർവ്യൂവിൽ വിശദീകരിക്കുന്നുണ്ട്.
ആ സീനിൽ, നായിക ഒരു റെസ്റ്റോറന്റിൽ ഇരിക്കുന്നു. പുറത്തായി ഒരാൾ കുഴൽ മീട്ടുന്ന സംഗീതമുണ്ട്. നായികയെ കാണുവാനായി വലിയൊരു തിരച്ചിലുകൾക്കൊടുവിൽ അവളുടെ കാമുകൻ വന്നിരിക്കുന്നു. എന്നാൽ അല്പസമയത്തെ സംസാരത്തിനു ശേഷം അവളുടെ തിരസ്കാരം മനസ്സിലാക്കി കാമുകൻ ഇറങ്ങിപ്പോയി. പുറത്തു സംഗീതം തുടർന്ന് കൊണ്ടേയിരിക്കുന്നു. ഈ സമയത്തു അവൾ ഒരു ഷുഗർ ക്യൂബ് എടുത്തു ടേബിളിലെ കപ്പിലെ കോഫിക്ക് മുകളിലായി തൊടുന്നു, കോഫി ആ ക്യൂബിലേക്ക് പടരുന്ന എക്സ്ട്രീം ക്ലോസ് അപ്പ് ഷോട്ട്. ശേഷം ആ ക്യൂബ് തുളുമ്പി നിൽക്കുന്ന കോഫിയിലേക്ക് ഇടുന്നു.
ഇനി സംവിധായകന്റെ വാക്കുകളിലേക്ക്; “ഞാൻ എന്തിനാണ് ആ ഒരു അവസരത്തിൽ ഇത്തരമൊരു ക്ലോസ് അപ്പ് ഷോട്ട് എടുത്തിരിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. അത് നായികയുടെ വീക്ഷണമാണ് (പോയിന്റ് ഓഫ് വ്യൂ). അവൾക്കറിയാം അവളെത്തേടി കാമുകൻ വന്നിരിക്കുന്നു എന്ന്. എന്നാൽ അവൾ അത്തരമൊരു സമാഗമം ഇന്ന് ആഗ്രഹിക്കുന്നില്ല. അത് പോലെ തന്നെ ആരോ മീട്ടുന്ന സംഗീതം, അത് അവളെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോകാൻ സാധ്യതയുണ്ട്, അവൾക്ക് അതിനെയും ഒഴിവാക്കണം. ഇതിനായി അവൾ കണ്ടു പിടിക്കുന്ന ഒരു ഒഴിഞ്ഞു മാറലാണ് ശ്രദ്ധ തൽക്കാലം മറ്റേതിലേക്കെങ്കിലും തിരിക്കുക എന്നുള്ളത്. അവളുടെ ചുറ്റും നടക്കുന്ന വലിയ കാര്യങ്ങളിലൊന്നും അവൾക്കിപ്പോൾ താല്പര്യമില്ല, ശ്രദ്ധ ആ ഷുഗർ ക്യൂബിൽ മാത്രമാണ്…” ഒരു തരത്തിലുള്ള മെഡിറ്റേഷൻ !!
ആ ഷോട്ടിന്റെ അർഥം പറഞ്ഞ ശേഷം അതിന്റെ ടെക്നിക്കാലിറ്റിയിലേക്ക് സംവിധായകൻ കടന്നു. അദ്ദേഹം കയ്യിലെ വാച്ചിൽ നിന്നും സ്റ്റോപ്പ് വാച്ച് ഓപ്ഷൻ എടുത്തു. എന്നിട്ട് “നോക്കൂ, ആ ഷോട്ടിൽ ഷുഗർ ക്യൂബിലേക്ക് കോഫി പടർന്നു കയറി വെള്ള ക്യൂബ് ബ്രൗൺ നിറമായി മാറുന്നത് അഞ്ചു സെക്കന്റ് കൊണ്ടാണ്…” എന്നിട്ട് അദ്ദേഹം തന്റെ ടേബിളിൽ ഇരിക്കുന്ന കോഫിയിലേക്ക് അവിടെയുള്ള ഒരു ഷുഗർ ക്യൂബ് ചേർത്ത് പിടിച്ചു, എന്നിട്ട് സ്റ്റോപ്പ് വാച്ച് ഓൺ ആക്കി, “ദാ, ഇതിലേക്ക് പടരാനായി കോഫിക്ക് എട്ടര സെക്കന്റ് വേണ്ടി വന്നു, മൂന്നര മിനിറ്റ് അധികം. ഈ പരിപാടി അത്ര എളുപ്പമല്ല. അത് കൊണ്ട് ഞങ്ങൾക്ക് അഞ്ചു സെക്കന്റ് തരുന്ന ഒരു ഷുഗർ ക്യൂബ് ഇതിനായി കണ്ടെത്തേണ്ടി വന്നു. എന്റെ അസിസ്റ്റന്റ് ഒരു ദിവസത്തിന്റെ പകുതിയോളം ചിലവഴിചാണ് ഇത്തരമൊരു ക്യൂബിന്റെ ബ്രാൻഡ് കണ്ടുപിടിച്ചത്. ബാക്കി ബ്രാന്റോക്കെ മൂന്ന് സെക്കണ്ടും, എട്ടു സെക്കന്റുമൊക്കെ തരുന്നവയായിരുന്നു…”
അദ്ദേഹം തുടർന്നു, “നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന്… ആവശ്യമുണ്ടായിരിക്കില്ല, എന്നാൽ ഇവിടെ ഒരു പെണ്ണ് അവളുടെ കാമുകന്റെ പ്രണയത്തെ നിരസിച്ച സന്ദർഭമാണ്, അതിന്റെ ചിന്തയെയും അതിനെ ഉണർത്തുമാറ് നിർത്താതെയൊഴുകുന്ന പരിചിതമായൊരു സംഗീതത്തെയും മറികടക്കാനായി അവൾ ശ്രമിക്കുന്ന ഒരു മോമെന്റ്റ് ആണത്. കാണുന്ന പ്രേക്ഷകന്റെ അറ്റെൻഷനെ കരുതിയാണ് ഒരു ഷുഗർ ക്യൂബ് നനയുന്ന ഷോട്ട് എട്ട് സെക്കന്റിലേക്ക് നീളാതെ നാലര സെക്കൻഡിൽ ഒതുക്കാൻ ഞാൻ ശ്രമിക്കുന്നത്…”
സീനിൽ ആ പ്രവൃത്തിക്ക് ശേഷം സ്ട്രീറ്റിൽ സംഗീതം വായിക്കുന്ന ആളുടെ അടുത്തേക്ക് നായിക ചെന്ന് ചോദിക്കും, “നിങ്ങൾക്കെവിടുന്നാണ് ഈ സംഗീതം കിട്ടിയത് ?”. അപ്പോൾ അയാൾ പറയുന്നു “ഇത് ഞാൻ തന്നെ ഉണ്ടാക്കിയതാണ്” എന്ന്.
കീസ്ലോവ്സ്കി പറയുന്നു, “ഷുഗർ ക്യൂബ് വീണു ആ കോഫി തുളുമ്പിയ ശേഷം അവൾ ആ മ്യൂസിഷ്യന്റെ അടുത്ത് ചെന്ന് സംസാരിച്ചു. ഇതിൽ നിന്നും അവൾ മനസ്സിലാക്കിയിരിക്കാവുന്ന ഒരു കാര്യമുണ്ട്, ഇത് എന്റെ ഒരു ചിന്തയും കൂടിയാണ്, അതായത് നാനാലോകത്തെ നാനാവിധം മനുഷ്യരെ ഒന്നിപ്പിക്കുന്നത് ഒരേ ചിന്തകളായിരിക്കാം എന്നത്. ഈ രംഗം വെച്ച് പറഞ്ഞാൽ, ലോകത്തു എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന മ്യൂസിക് നോട്ടുകൾ പലകോണുകളിലുള്ള പലവിധം മനുഷ്യർ പലപ്പോഴായി തങ്ങളുടെ മനസികാവസ്ഥക്കനുസരിച്ചു പെറുക്കിയെടുത്തു ഒരു ഓർഡറിൽ ആക്കി വായിക്കുമ്പോൾ ഒരു ഏകത്വം നടപ്പിലാവുന്നുണ്ട്…” ഈ സംഗീതം ഈ സിനിമയിൽ പലപ്പോഴായി പലരൂപത്തിൽ കേൾക്കാം.
വെനീസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കും, ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരങ്ങൾ ചിത്രം നേടിയിരുന്നു.
____
98 മിനിറ്റ് ദൈർഘ്യമുള്ള ഒരു സിനിമയിലെ ഒന്നര മിനിറ്റോളം നീളമുള്ള ഒരു ഭാഗത്തിലെ അഞ്ചു സെക്കന്റ് ഉള്ള ഒരു ക്ലോസപ്പ് ഷോട്ടിന്റെ അർത്ഥവും, ശാസ്ത്രവും, സൂക്ഷമതയുമാണ് ഇവിടെ പറഞ്ഞത്. പിന്നീടുള്ളത് ആ സീനിന്റെ വിശാലതയിലുള്ള തത്വവും. എല്ലാം നടത്തിയിരിക്കുന്നത് നരേറ്റെവിന്റെയും, പ്രേക്ഷകന്റെയും സമയത്തെ മാനിച്ചുകൊണ്ട് അങ്ങേയറ്റം ദൃശ്യപരമായി തന്നെ. ഒരു സിനിമയിലെയും ഒരു ഫ്രെയിം പോലും വെറുതെ ഉണ്ടാവുന്നതല്ല, അതിനെ വിലമതിച്ചുകൊണ്ട് എല്ലാ തലങ്ങളിലും അർത്ഥവത്താക്കി എക്സ്പ്രസ്സ് ചെയ്യുന്ന സംവിധായകരാണ് മാസ്റ്റേഴ്സ്.