വാടക മുറികളെക്കുറിച്ച്

0
280
bincy-maria

ബിൻസി മരിയ

1

വാടക മുറികളെക്കുറിച്ച്

വാടക മുറികളെക്കുറിച്ചാണ്.
ചില വാടക മുറികള്‍ ഗര്‍ഭ പാത്രങ്ങള്‍ പോലെയാണ്.
ഉറവു മണം പരന്നൊഴുകുന്ന ഇരുട്ടില്‍,
നനുത്തു നേര്‍ത്ത ആമ്പല്‍ വള്ളിച്ചുററുകളില്‍ എന്ന പോലെ അവയെന്നെ ചേര്‍ത്ത് ചേര്‍ത്ത് പിടിക്കും.

ഇലഞരമ്പുകള്‍ പോല്‍ നേര്‍ത്ത ചുവരുകളുള്ള ,
ജനാലകളില്ലാത്ത, മററു ചില മുറികള്‍ക്ക് വെന്ത നെല്ലിന്‍റെ മണമാണ്.

അവിടെ,
അപ്പൂപ്പന്‍ താടി കുരുന്നുകള്‍ രാത്രിയും പകലും വിശ്രമമില്ലാതെ ഉഴന്നു പറന്ന് കഥകള്‍ പറയും.
ഇരുട്ടിനു മറുപുറം ആരോ ഒരാള്‍
നൂററി നാല്‍പ്പത്തി രണ്ടാം സങ്കീര്‍ത്തനം ആവര്‍ത്തിച്ചു വായിച്ചു കൊണ്ടേയിരിക്കുന്നുണ്ടാവും.

ശൈത്യമരുഭൂമികള്‍ പോലെയും ചില മുറികള്‍.
തണുത്ത്,തണുത്ത് പിന്നെയാ തണുപ്പിനെത്തന്നെ വാരിപ്പുതച്ച്,

രാത്രികളോട്അവപകലുകളുടെകഥയില്ലാകഥപറയും.

ഇടയ്ക്ക് എവിടെ നിന്നോ ഓടിയെത്തി, തൊട്ടു മറയുന്ന ഓട്ടു വള കിലുക്കങ്ങള്‍ക്കൊപ്പം ആ കഥകള്‍ ഉടഞ്ഞ്,  ഉതിര്‍ന്ന് വീഴും.

ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക് തുറക്കുന്ന ഗുഹകള്‍ പോലെയും ചിലത്.

മരണ വീട്ടില്‍ ,ഇനിയെങ്ങും പോകാനില്ലാതെ ഉഴറി നടക്കുന്ന അഗര്‍ബത്തി മണമുള്ള ആ മുറിയില്‍ തണുപ്പു തിന്നുന്ന നെയ്യുറുമ്പുകളുടെ അടക്കം പറച്ചില്‍.

ചില മുറികളോ, നീല പുതച്ച മലമടക്കുകള്‍ പോലെയാണ്.
അതി നിഗൂഢ ഭാവത്തില്‍ ഉയര്‍ന്നുയര്‍ന്ന് ,

വളര്‍ന്നു വലുതാകുന്നവ..

ഓരോ പകലററത്തും
പര്‍പ്പിള്‍ ചിറകുകളുള്ള ബുദ്ധ ശലഭങ്ങള്‍ വിരുന്നുകാരായെത്തും.

ഞാന്‍ അവരുടെ കാവല്‍ക്കാരിയല്ലെ!

ഇരുട്ട് തിന്നു കറുത്ത് പോയ കാവല്‍ക്കാരി.

നോക്കു, ഈ മുറികള്‍ ചിലപ്പോള്‍ കാവല്‍ക്കാരിയോടു  സംസാരിക്കാറുണ്ട്.

ഉറക്കെയുറക്കെ ചിരിക്കാറുണ്ട്.

ഒരു കാട്ടുതൂവ കുരുന്നിന്‍റെ ഇതള്‍കൊണ്ടെന്നപോല്‍,

ആര്‍ദ്രമായി  തൊട്ട് , തന്നെയും പിന്നെയും എന്തൊക്കെയോ പറയുവാറുണ്ട്.

2

വാടക മുറികള്‍ക്ക് പറയുവാനുള്ളത്

കുഞ്ഞേ,

എല്ലാ പൂക്കളും വസന്തത്തിന്‍റെതല്ല

ഉലയില്‍, ഉലഞ്ഞ് പൂക്കുന്ന കനല്‍ പൂക്കളുമുണ്ട്.

കാവല്‍ക്കാരീ,

ഈ ലോകത്തോടും, നിന്നോട് തന്നെയും സമരം പ്രഖ്യാപിച്ച് തലയണക്കീഴില്‍ ഒളിക്കുന്നതെന്തിന്?

ഇത് ഇരുട്ടല്ല

എന്നുമെന്നും നീ ഇരുളിലായിരിക്കില്ല.

നോക്കൂ,

നിന്നോളം വേറൊരു നീയുണ്ടോ!!

പ്രോമിത്യൂസിന്‍റെ ചങ്ങല മുറിവു പോല്‍ ഉലഞ്ഞു പൂക്കുക

ഒററച്ചിരി കൊണ്ട് വസന്തമാകുക..

ആരെയും കുഴപ്പിക്കുന്ന കടങ്കഥയാവുക

ഒരു തടിയന്‍ പുസ്തകത്തിനുള്ളില്‍ ഒളിച്ച് ,

നീ കാണാത്ത മഞ്ഞും മഴയും വെയിലും കൊള്ളുക.

കറുത്തുരുണ്ട അക്ഷരങ്ങള്‍ കൊണ്ട് മനുഷ്യരെ ഉണ്ടാക്കി അവരോട്,

കലഹിച്ച്, കലമ്പി,ചുററിപ്പിടിച്ച് ഒരു കഥ തന്നെയാവുക

കാടു വിളിക്കുമ്പോള്‍ കൂടെ പോവുക

പൊരുളറിയാ, കനല്‍ കാലങ്ങളില്‍ നീ തന്നെയൊരു മരമാവുക,

എന്നിട്ടോ!!

എന്നിട്ട്, അകമങ്ങനെ പൊള്ളിയടര്‍ന്നാലും

ഈ മഴയവസാനിക്കും വരെ പെലിക്കണുകള്‍ക്കൊപ്പം നൃത്തം ചെയ്യുക.

ബിൻസി മരിയ എൻ

റിസർച്ച് സ്കോളർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആന്റ് റിസർച്ച് , ഭോപ്പാൽ

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here