സുരേഷ് നാരായണൻ
“ശേഖരാ നിന്റെ ഭാഷക്ക് ഒരു ശുദ്ധി വന്നിരിക്കുന്നു” എന്ന് മോഹൻലാൽ പറയുന്നതുപോലെ പോലെ, “വിജയ്, നിങ്ങളുടെ സിനിമക്ക് ഒരു പാൻ -ഇന്ത്യ സ്വഭാവമൊക്കെ വന്നിരിക്കുന്നു” എന്ന് നമ്മെ കൊണ്ട് പറയിക്കുന്നു ബിഗിൽ .
മാസ് – സെൻറിമെൻസ് സമാസമം അരച്ചുചേർത്ത ഒന്നാം പകുതിക്കു ശേഷം പതിവു രക്ഷക വേഷം കെട്ടിയാടുന്നുണ്ടെങ്കിലും, പെൺരാഷ്ട്രീയം എന്ന കാലിക പ്രസക്തിയുള്ള പാക്കിംഗിനകത്ത് അതൊട്ടും അരോചകമല്ല, ആസ്വാദ്യകരവുമാണ്!
‘കത്തി’ എന്നൊക്കെയുള്ള ഹിംസപുരണ്ട പേരുകളിൽ നിന്ന് ബീഗിൽ എന്ന ടൈറ്റിലിലേക്കുള്ള മാറ്റം തന്നെ ശ്രദ്ധേയമാണ്.
ആ മാറ്റം തന്നെയാണ് മൈക്കിളിനെക്കൊണ്ട് “ഞാൻ നിന്നെ കൊന്നാൽ ഇത് കണ്ടു നിൽക്കുന്ന നിൻറെ മകന്റെ തുടർന്നുള്ള ജീവിതം എന്നോടുള്ള പ്രതികാരത്തിൽ മുങ്ങി നശിക്കും” എന്ന് വില്ലനോട് പറയിപ്പിക്കുന്നത്.
അവിടെ തന്റെ ആയുധമുപേക്ഷിച്ച് പിന്തിരിഞ്ഞു നടക്കുന്ന മൈക്കിൾ ആണ് ഏറ്റവും കൂടുതൽ കയ്യടി അർഹിക്കുന്നത്. “അയാം വെയ്റ്റിംഗ് “കളിൽ നിന്നുള്ള ഒരു പിൻനടത്തം !
സ്ത്രീപക്ഷ രാഷ്ട്രീയത്തിലേക്ക് വന്നാൽ, ‘ചക് ദേ ഇന്ത്യ’ മുതൽ ‘ഉയരെ’ വരെയുള്ള പടങ്ങൾ ആറ്റ്ലിയെ സ്വാധീനിച്ചിട്ടുള്ളതായിക്കാണാം.
ഒരു മാസ് ജോണറിലുള്ള പടത്തിൽ ഈ element സന്നിവേശിപ്പിക്കുമ്പോൾ കിട്ടുന്ന ശ്രദ്ധ-സ്വീകാര്യത, കോടികൾ കത്തിച്ചു കളയുന്ന ‘ബേട്ടി ബച്ചാവോ- പഠാവോ’ പരസ്യങ്ങൾക്കും എത്രയോ മുകളിലാണ്!
ഫൗളുകൾ: ശക്തനായ ഒരു വില്ലൻ കഥാപാത്രത്തിന്റെ അഭാവം ; പിന്നെ,
AR ന്റെ സംഗീതവും ശരാശരി നിലവാരത്തിൽ നിന്നൊട്ടും ഉയർന്നിട്ടില്ല.
‘സിങ്കപ്പെണ്ണേ’ എന്ന പാട്ടു മാത്രമാണ് കുറച്ചെങ്കിലും ഒരു ഫീൽ തരുന്നത്.
Final Cut:
വിജയുടെ ഹൈ- വോൾട്ടേജ് എനർജിയും, ‘മാനരസ’ങ്ങളും (മാനറിസത്തിന്റെ വികല പരിഭാഷ?) ഒരു തട്ടിൽ തൂങ്ങുമ്പോഴും,
മറുതട്ടിൽ തങ്ങളെ നിഷ്കരുണം തോൽപ്പിക്കാൻ ശ്രമിച്ച ജീവിതത്തിന്റെ പോസ്റ്റിലേക്ക് നിർഭയം തലയുയർത്തിപ്പിടിച്ച് ഗോളുകൾ അടിക്കുന്ന ഗായത്രിയേയും അനിതയേയും കാണാം!
അവരുടെയും കൂടിയാണ് ബിഗിൽ !