ജയരാജിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് അടക്കം, മൂന്നു ദേശീയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഭയാനകത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഡോ സുരേഷ്കുമാര്‍ മുട്ടത്ത് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കരും ആശാ ശരത്തും പ്രധാന വേഷത്തിലെത്തുന്നു.
തകഴിയുടെ കയര്‍ എന്ന നോവലിനെ അവലംബിച്ച് ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍, രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു പോസ്റ്റ്മാനായാണ് രഞ്ജി പണിക്കര്‍ എത്തുന്നത്. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച രണ്ടു മഹായുദ്ധങ്ങള്‍, ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് തകര്‍ത്തെറിഞ്ഞത്. നമ്മുടെ രാജ്യം യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ലോകത്തെ നടുക്കിയ ആ യുദ്ധങ്ങളുടെ ഭയാനകത എത്രത്തോളം നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പോലും പ്രതിഫലിച്ചു എന്നാണ് ചിത്രം പറയുന്നത്. ഒന്നാം ലോക മഹായുദ്ധകാലത്ത് സൈനികനായിരുന്ന ഇയാളില്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ചലനങ്ങളും ഓര്‍മ്മകളുമാണ് ചിത്രത്തിലുള്ളത്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയ മക്കളെ കാത്തിരിക്കുന്ന ഗൗരി കുഞ്ഞമ്മയായാണ് ആശാ ശരത്ത് വേഷമിടുന്നത്.
കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് നിഖില്‍ എസ് പ്രവീണാണ്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് എം. കെ അര്‍ജുനന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.