HomeTHE ARTERIASEQUEL 76നൊമ്പര മലരുകൾ

നൊമ്പര മലരുകൾ

Published on

spot_imgspot_img

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

തൊണ്ണൂറുകളിലെ ബംഗളൂരു നഗരം ചുറ്റിലും പത്ത് കിലോമീറ്റർ ദൂരപരിധിയിലൊതുങ്ങിയിരുന്നു. അതിനപ്പുറമൊക്കെ ചെറിയ ടൗണും
കടകളും പെട്ടിക്കടയും ഒറ്റപ്പെട്ട വീടുകളും ഫാക്ടറികളും കൃഷിയിടങ്ങളും കാണാം. നഗരത്തിൽ നിന്നും ഇരുപതു കിലോമീറ്ററിലധികം  അകലെയുള്ള ഗ്രാമത്തിൽ എത്തപ്പെട്ട കാലം. ചുററുവട്ടമുള്ള പരന്ന പാടങ്ങളിൽ ഉരുളക്കിഴങ്ങും തക്കാളിയും ചോളവും കോളിഫ്ലവറും നെല്ലും സമൃദ്ധമായി വിളയുന്നു. തരിശ് നിലങ്ങളിൽ യൂക്കാലി മരങ്ങൾ തഴച്ചു വളരുന്നു. ഏതോ വലിയ വിദേശ കമ്പനി വരുന്നെന്നും പറഞ്ഞ് ചുളുവിലയ്ക്ക് ഭൂമി വാങ്ങിക്കൂട്ടാൻ കഴുകന്മാരേപ്പോലെ വട്ടമിട്ട് പറക്കുന്ന ദല്ലാളുമാരും എത്തിയിട്ടുണ്ടെന്ന് പറയുന്നത് കേട്ടു. മെയിൻ റോഡിലൂടെ പത്തോളം സർക്കാർ  സ്വകാര്യ ബസ്സുകളും പൊടി പറത്തിക്കൊണ്ട് കുലുങ്ങി ഓടാറുണ്ട്. ബസ്സിനകത്ത് കാലുകുത്താനിടമില്ലെങ്കിൽ പുറത്തിരുന്നും യാത്രചെയ്യാൻ ഗ്രാമീണർക്ക് ആവേശമേയുള്ളു.

മെയിൻ റോഡിൽ നിന്നും ഗ്രാമത്തിലേക്ക് പോകുന്ന ജംഗ്ഷനെ ഗ്രാമനാമം ചേർത്ത് ക്രാസ് (cross) എന്നാണ് പറയാറ്. (നാട്ടിലെ മുക്ക് പോലെ ). ക്രോസിൽ ഇരുട്ടുന്നതിനു മുന്നേ പൂട്ടാറുള്ള, തൂണിൽ നാട്ടിയ രണ്ട് മൂന്ന് പെട്ടിക്കടകളും ഒരു മാവ് മുത്തശ്ശിയുമുണ്ട്. ഈ പ്രധാന നിരത്തിൽ നിന്ന് അകത്തേക്ക് നൂറ് മീറ്റർ മാറി ഗ്രാമത്തിൻ്റെ മൂലസ്ഥാനമായ ഇത്തിരി വട്ടത്ത് ഒരു ചെറിയ ചായക്കടയും
അതിനോടുരുമ്മിനിന്ന പലചരക്ക് കടയും
നടത്തി വരുന്ന കാലം. ചന്ദ്രനിൽ പോയാലും ചന്ദ്രേട്ടൻ്റെ ചായക്കട കാണാം എന്നാണല്ലോ ചൊല്ല്! രണ്ട് കടകളും തുടങ്ങിയിട്ട് അധികനാളായില്ല. ഞാനും സുഹൃത്തും മാത്രം. മുതലും തൊഴിലും നമ്മൾ പങ്കിട്ടു. മുതലിനെ ലാളിച്ചും തൊഴിലിൽ അഭിമാനിച്ചും ഞങ്ങൾ കഴിച്ചുകൂട്ടി.

അനാദി, ബേക്കറി, പച്ചക്കറി, തകരഷീറ്റ് വളച്ചുകെട്ടി കരിങ്കൽ പാളിയുടെ ഇരിപ്പിടമൊരുക്കിയ  മുനിയപ്പയുടെ ഗുംട്ടി ഹോട്ടൽ, ചായക്കടകൾ, ബാർബർ ഷാപ്പ്, സൈക്കിൾ ഷാപ്പ്, പാൽ സൊസൈറ്റി എന്നിങ്ങനെ വിരലിലെണ്ണാവുന്ന ക്ഷീണം പിടിച്ച പീടികകളും സർക്കാർ പള്ളിക്കൂടത്തിൻ്റെ ചുറ്റുമതിലിനകത്തെ പഞ്ചായത്ത് ആപ്പീസും പശുവിനെയും എരുമയേയും നിർത്തി പാൽ കറന്നെടുത്ത്
പരിശോധിക്കാനുള്ള ഇരുമ്പു പൈപ്പിൻ്റെ ചുറ്റുവേലിയും ഉള്ള *ഹള്ളി. അത്ര അടുത്തല്ലാത്ത ഒരു മൃഗാശുപത്രിയും. ഒരേ ഒരു ബസ്സ് വന്നു തിരിക്കുന്നിടത്തുള്ള
വേരുകൾ മുററി പടർന്നു പന്തലിച്ച് വർണ്ണക്കുട പിടിച്ച വാകമര ചന്തവും!

ഗ്രാമത്തിൻ്റെ ഉള്ളിലേക്ക് പോകുന്ന വീതി കുറഞ്ഞ വഴിയ്ക്കിരുവശങ്ങളിലും ഓടു വിരിച്ച കൊച്ചു കൊച്ചു വീടുകളുടെ ചാർത്ത്. ചില കാലിസ്ഥലങ്ങളിൽ
കുറ്റിയിൽ കെട്ടിയിട്ട കന്നുകാലികൾ. അഴുക്കുചാലുകളിൽ മൂക്കു മുട്ടിച്ച് മേയുന്ന പന്നികൾ. കരിനാക്ക് പോലെ ഇത്തിരി വീതിയുള്ള ടാർ റോഡ് അടുത്ത ഗ്രാമത്തിലേക്ക് നീണ്ടു വളഞ്ഞു പോകുന്നു. ഇതു വഴി കുറച്ചു ദൂരം പോയാൽ മുന്തിരിപ്പാടങ്ങൾ കാണാം. പിൽക്കാലത്ത്  പ്രിയപ്പെട്ട കഥാകാരന് വേണ്ടി ഒരു വീട് കണ്ട് വെച്ചത് ഈ തോട്ടത്തിനരികിലായിരുന്നു. റോഡിനോട്  ചേർന്ന് ഒറ്റപ്പെട്ട വലിയ വീടുകളും ഉയർന്നു വരാൻ തുടങ്ങിയിട്ടുണ്ട്. തോട്ടത്തിൽ വിളയിച്ച
മല്ലിയിലയും പുതീനയും പച്ചക്കറികളും കേരിയറിൽ കെട്ടി സൈക്കിൾ ചവിട്ടി പോകുന്ന  ട്രൗസറിട്ട കൃഷീവലന്മാർ. കാളവണ്ടി, ട്രാക്ടർ, മറ്റ് വാഹനങ്ങൾ…
സാധാരണക്കാരൻ്റെ സൈക്കിളാണ് താരം! ക്രോസ് ബാറിന് താഴെയുള്ള ത്രികോണ ഫ്രയിമിനുള്ളിൽ ക്വിൻറൽ ചാക്കും പിറകിലെ കേരിയറിൽ
ഭാരവും വെച്ച് തള്ളി നീങ്ങുന്ന കാഴ്ച അതിശയിപ്പിക്കും. ചരക്ക് വണ്ടിയാക്കാതിരിക്കാൻ വാടക സൈക്കിളിൻ്റെ ഫ്രെയിം ഒരു റിങ്ങ്
വെച്ച് മറയ്ക്കും. (പുതിയ തെരുവിലെ നാരായണൻ നമ്പൂതിരിയുടെ സൈക്കിൾ
ഷാപ്പിലെ അര സൈക്കിളിലിരുന്ന എൻ്റെ പഠനക്കളരിയെ തെല്ലിട ഓർത്തു
പോകും.!!) കല്യാണചെറുക്കനും ബന്ധുക്കളും കാളവണ്ടിയിൽ പോകാറുള്ള ചെറു ചടങ്ങുകളും  ലോറിയിൽ പോകാറുള്ള പൊങ്ങച്ച വിവാഹവും പതിവുള്ള ഹള്ളി.

രാവിലത്തെ തിരക്കും *’പ്രജവാണി’ പത്രവായനയും കഴിഞ്ഞ് ഉച്ചവെയിൽ മൂത്തുവരുന്നതേയുള്ളൂ. തിളപ്പിച്ച് വെച്ച പാലും ഓഫാക്കിയ മണ്ണെണ്ണ സ്റ്റൗവും തകരഷീറ്റിൽ പണിത ചതുരാകൃതിയുള്ള
ചായ തട്ടയിലുണ്ട്. ബെയ്സിൽ പാതി നിറച്ച വെള്ളവും കമിഴ്ത്തിവെച്ച ഗ്ലാസും തൊണ്ട നനക്കാനായി വരുന്നവരെ കാത്തിരുന്നു. പലചരക്ക് കടയിൽ നിന്ന് കുമാറും ഇപ്പുറത്ത് ഞാനും ചൊറ പറഞ്ഞിരുന്നു. അന്നേരത്താണ് ഒരാൾ ചടുലമായി  നടന്നടുത്തത്. മുട്ടോളമെത്തുന്ന വരയൻ ട്രൗസറും ഓട്ട വീണ മുറിക്കൈയ്യൻ ബനിയനും പഴയ തോൽ ചെരിപ്പുമിട്ട് ഒരു വൃദ്ധൻ. അയാൾ കൈ വിരലുകൾ ചുരുട്ടി ചുണ്ടിൽ വെച്ച് രണ്ട് തവണ ചുമച്ചു. തൊണ്ട കനപ്പിച്ച് ഒച്ചയുണ്ടാക്കി വലിഞ്ഞുമുറുകിയ കഫത്തേ നിരത്തിലേക്ക് കാറിത്തുപ്പി, വിരലുകൾ കൊണ്ട് ചുണ്ട് വടിച്ചു കൊണ്ട് കടത്തിണ്ണയിലേക്ക് കയറി വന്നു. പുറത്തേക്ക് വളച്ചു കെട്ടിയ ഇഷ്ടിക ചുമരിൽ പിടിച്ചു നിന്ന് കൊണ്ട് ധൃതിയേതുമില്ലാതെ വരണ്ട ചുമയുടെ അകമ്പടിയുമായി  പതിഞ്ഞ താളത്തിൽ പറഞ്ഞു: 1*”സ്വാമീ അർദ്ധ ടീ കൊടീ;ഹാഗേ ഒന്തെൻട്ടാണെ ബീഢി കൊടീ”. ഏതായാലും ഉച്ചനേരത്ത് വന്നത് പിച്ചക്കാരനാണോ അതോ തൂണും തുണയുമില്ലാത്ത അനാഥ വൃദ്ധനോ?
മണ്ണെണ്ണ സ്റ്റൗവിന് കാറ്റടിക്കുമ്പോൾ ഞാൻ ചിന്തിക്കാതിരുന്നില്ല. ചൂട് ചായ ഊതിക്കുടിച്ച് ബീഡി കീശയിലിട്ട് തെരുപ്പിടിപ്പിച്ച ഒരു രൂപയും അമ്പത് പൈസ നാണയവും തന്ന് സ്വാഥികനായി വന്ന വഴിയേ തിരിച്ചുപോയി. തൊട്ടടുത്ത
ഒന്ന് രണ്ട് ദിവസങ്ങളിലും ഇതാവർത്തിച്ചപ്പോൾ എനിക്ക് ആകാംക്ഷ പെരുത്തു. ആരാണ് ഇയാൾ? തൊഴിൽ? വീട്? കുടുംബം ?

അണ്ണാ ആ മുദുക്കപ്പയാരു ?(ചേട്ടാ, ആ കിളവൻ ആരാ ?)
സൈക്കിൾ ഷാപ്പുടമയായ ഗൗഢയോട് ഞാൻ ചോദിച്ചു. “നമ്മ നാണിയവര തന്തെയവരു.(നമ്മള
നാണീൻ്റപ്പൻ)
ശങ്കരപ്പനവരു. ഹോ !? ബാള കഞ്ചൂസിനൻ മഗ.. കോട്യാധീശ്വരനു ”
(അറത്ത കൈക്ക് ഉപ്പ് തേക്കാത്തവൻ.
കോടീശ്വരൻ”.)

ഗൗഢ പുച്ഛവും കുശുമ്പും ഒന്നിച്ചു തളളി. നാട്ടിൽ നാരായണൻകുട്ടിക്ക് നാണൂട്ടി
യാകാമെങ്കിൽ ഈ ഹള്ളിയിൽ നാരായണ ഗൗഢ നാണിയാകും. രേണുകാചാര്യ രേണുകയും! ശ്രീനിവാസന് സീനയും ആകാം. പ്രസന്ന, മഞ്ജു എന്നീ സ്ത്രീ
നാമങ്ങൾ പുരുഷൻ്റെ പേരുകളായി യാതൊരു അങ്കലാപ്പുമില്ലാതെ ചേരും. കന്നട എഴുത്തുകാരൻ പ്രസന്ന എന്ന പേര് പത്രത്തിൽ കണ്ടിരുന്നതിനാൽ
എനിക്ക് ഇതിലൊന്നും പുതുമ തോന്നിയതുമില്ല. നമുക്ക് സാഹിത്യത്തിൽ
വലിയ പുസ്തക സ്വത്തിൻ്റെ ‘അവകാശി’യായി അപരനാമത്തിലെങ്കിലും ഒരു’വിലാസിനി’യെങ്കിലുമുണ്ടല്ലോ?!. എന്തുകൊണ്ടോ  നാട്ടുകാരിൽ നിന്നും
ശങ്കരപ്പ അൽപ്പം അകലം പാലിച്ചിരുന്നതായി ഞാനും ചിന്തിക്കാതിരുന്നില്ല!?. മിക്ക പണക്കാരുടെ പിന്നിലും കേൾക്കാൻ സുഖകരമല്ലാത്ത വല്ല ഗതകാല ചരിത്രവും ഉണ്ടായിരിക്കുമല്ലോ.. എൻ്റെ ശങ്കകളെ അകറ്റാനായി ശങ്കരപ്പയുമായി ഞാൻ ചങ്ങാത്തമായി. ചില ദിവസങ്ങളിൽ അദ്ദേഹം തൻ്റെ പഴയ സൈക്കിളിൽ മുണ്ടും വെള്ള ടെർലിൻ ഷർട്ടുമിട്ട് പോകുന്നതും കാണാറുണ്ട്. ഭാര്യയേയും പിന്നിലിരുത്തി അങ്ങുമിങ്ങും നോക്കാതെ  കൂന്നിരുന്ന് ആഞ്ഞ് സൈക്കിൾ ചവിട്ടുകയായിരിക്കും അപ്പോൾ ശങ്കരപ്പ! തിരിച്ചു പോകുന്ന നേരം ചായ കുടിച്ചു പോകുന്ന പതിവുകാരനായി മാറി,അയാൾ. കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ് ഞങ്ങൾ അടുത്തു. ആദ്യമൊക്കെ ഒന്നു രണ്ട് കാര്യങ്ങൾ പറഞ്ഞ് ഒരു മൂരി പോക്ക് പോകാറാണ് പതിവ്. കടയിൽ തിരക്കില്ലാത്ത നേരത്ത് സംസാരം ഇത്തിരി നീളും. റേഷൻ ഷാപ്പ്
നടത്തുന്നുണ്ടെന്നും ചില്ലറ പണമിടപാടുകളും അതിൻ്റെ ലൈസൻസിയാണെന്നും പറഞ്ഞു. നാട്ടിലെ ചായക്കട രാഷ്ട്രീയത്തിലേക്കും ഞാനയാളെ വീഴ്ത്തി! എൻ്റെ കന്നട പത്രവായന അതിന് ഉപകരിക്കുകയും ചെയ്തു. കർണ്ണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എസ്. നിജലിംഗപ്പയോടൊപ്പം സ്വതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും ശങ്കരണ്ണൻ  അനുഷ്ഠിച്ചിട്ടുണ്ട്. ഒരു ദിവസം സ്വാതന്ത്രസമര സേനാനിയുടെ സൗജന്യ യാത്രാപ്പാസ് ഉയർത്തി കാട്ടുകയും ചെയ്തു; അദ്ദേഹം. സൗജന്യ പാസ്സിൽ കർണ്ണാടകയിലെ മിക്കയിടങ്ങളിലും കറങ്ങിയിട്ടുമുണ്ട്.
ഹളേബീഡു, ബേലൂര്, ചിത്രദുർഗ്ഗ, ശൃംഗേരിമഡ, ഉഡുപ്പി, ധർമ്മസ്ഥല തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ യാത്രയെ പറ്റി പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

പിൽക്കാലത്ത് കേന്ദ്ര റയിൽവേ മന്ത്രിയായിരുന്ന ജാഫർ ഷെറീഫ് നിജലിംഗപ്പയുടെ ഡ്രൈവറായിരുന്ന ചരിത്രവും ഞാൻ ശങ്കരപ്പയിൽ നിന്നുമാണ് ആദ്യമായി കേൾക്കുന്നത്. കാർ ഡ്രൈവറായ ജാഫർഭായിയിൽ നിന്നും റെയിൽവേ മന്ത്രിയായ
സി.കെ ജാഫർ ഷെറീഫിൻ്റെ വളർച്ച രാഷ്ട്രീയത്തിന് ഒന്നും അന്യമല്ല എന്നത്
അന്വർത്ഥമാക്കുന്നു. ചായവാലയിൽ നിന്നും പ്രധാനമന്ത്രി പഥത്തിലെത്തിയ
നരേന്ദ്രമോദി ചെങ്കോട്ടയിൽ നിന്നും ദേശീയ പതാകയുയർത്തിയതും നമ്മുടെ രാജ്യത്തിൻ്റെ മഹത്തായ ജനാധിപത്യ ബോധത്തിൻ്റെ കരുത്തിലായിരുന്നു. എന്നെങ്കിലും ഒരു എമ്മല്ലെയായി ഈ നാട്ടുകാരുടെ മുന്നിൽ നിൽക്കുന്നത് ചായക്കാരനായ  ഞാനും സ്വപ്നം കണ്ടു.. സ്വാതന്ത്ര്യദിനത്തിൽ ഗ്രാമത്തിലെ വിദ്യാലയത്തിൽ പതാകയുയർത്തുന്നത് സ്വാതന്ത്ര്യസമര സേനാനിയായ നമ്മുടെ ശങ്കരപ്പണ്ണനായിരുന്നു. അങ്ങനെ അദ്ദേഹത്തെ കുറിച്ചുള്ള അവബോധവും അഭിമാനവും എന്നിലും മൂവർണ്ണപതാകയോടൊപ്പം
വാനോളം ഉയർന്നു.

ഒരു ദിവസം എന്നെ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഞാൻ പഴയ അറ്റ്ലസിൽ ആഞ്ഞ് ചവുട്ടി വിട്ടു. പുതിയ വീടിനോട് ചേർന്ന് റേഷൻ കടയുമുണ്ട്. ഗ്രാമത്തിലെ ഏറ്റവും വലിയ ബഹുനില മാളിക. ഒരു കല്യാണ മണ്ഢപത്തിൻ്റെ വലിപ്പമുണ്ട്. മുന്നിലും പിന്നിലും പോകുന്ന റോഡുകൾക്ക് അഭിമുഖമായി രണ്ട് കൂറ്റൻ
ഗേറ്റുകളുമുണ്ട്. പോർച്ചിലെ പുത്തൻ മോഡൽ കറുത്ത നിറത്തിലുള്ള നീളൻ കാർ ഇരുമ്പഴിക്കുള്ളിലൂടെ തെളിഞ്ഞു കാണാം. ഒന്ന് രണ്ട് ബൈക്കുകളും കുട്ടികളുടെ സൈക്കിളും കൂടിയുണ്ട് . റേഷൻ കടയ്ക്കും ശങ്കരപ്പൻ്റെ ഒറ്റ മുറി പഴയ വീടിനും പ്രത്യേകമായി മറ്റൊരു ചെറിയ ഗെയിറ്റ്! അയാൾ എന്നെ ഉള്ളിലേക്ക് വിളിച്ചു.

നിറം മങ്ങിയ സാരിയും വലിയ പൊട്ടും തൊട്ട് ഭാര്യ കമലമ്മ റേഷൻ ഷാപ്പിലെ നീണ്ട ചങ്ങല തുലാസിൽ   അരി തൂക്കി സഞ്ചിയിലേക്ക് ചെരിഞ്ഞ് കൊടുക്കുന്നു.. രണ്ട് ഗിരാക്കികളെ(കസ്റ്റമർ ) ഉണ്ടായിരുന്നുള്ളൂ. നല്ല മര ഉരുപ്പടിയിൽ പണിത, മടക്കി വെക്കുന്ന വിധത്തിൽ വാതിലുള്ള പഴയ മട്ടിലുള്ള പീടിക കാവി തേച്ചതാണ്. അകത്തെ മുറിയിലെ പാതി തുറന്നു കിടന്ന നീല ചായം പൂശിയ കതകിൻ്റെ ഓടാമ്പലിൽ വലിയ താഴ് തൂങ്ങിക്കിടക്കുന്നുണ്ട്. കട്ടില പടിയുടെ മകുടത്തിൽ *യുഗാദിക്ക് ചരടിൽ കോർത്ത് തൂക്കിയ മാവില ഇപ്പഴും ചുക്കിച്ച് ഉണങ്ങി തൂങ്ങുന്നു.
തുണി വിരിച്ച മരമേശയ്ക്ക് പിന്നിലെ പുരാതനമായ തകര കസേരയിൽ ശങ്കരപ്പ ഇരുന്നു. ബിൽബുക്കും നീളൻ ലെഡ്ജറും തടിച്ച കണക്ക് പുസ്തകവും മേശപ്പുറത്ത് അടക്കിവെച്ചിട്ടുണ്ട്. ചുമരിൽ ഫ്രെയിം ചെയ്തു തൂക്കിയ ലൈസൻസ്. ‘ബംഗളൂരു മുദ്രണാലയ’ എന്ന കലണ്ടർ. ഗണപതിയുടെ ഫോട്ടോയോടൊപ്പമുള്ള പൂജ സ്റ്റാൻ്റിൽ  എരിഞ്ഞണഞ്ഞ നെയ് വിളക്ക്. വിളക്ക് തിരി. തീപ്പെട്ടി. തങ്ങി നിന്ന ചന്ദനത്തിരി ഗന്ധം. മുറിയിലെ പഴമയുടെ തണുപ്പ് പുത്തൻ എ സി യെ തോൽപ്പിക്കും. വലിയ  (2)*ചപ്പടി പാകിയ മച്ച്. ആന ചവുട്ടിയാൽ അനങ്ങില്ല.!

“കുത്ത് കൊളി രീ…. ” (ഇരിക്കീൻ )

ഒരു സ്റ്റൂള് നീക്കിയിട്ട് കൊണ്ട് കമലക്ക പറഞ്ഞു. പണത്തിൻ്റെ യാതൊരു ജാഢയും
അഹങ്കാരവുമില്ലാത്ത ഇവരെയൊക്കെ കണ്ട് മലയാളികൾ പഠിക്കണമെന്ന് എൻ്റെ
മനസ്സ് ആശിച്ചു. മലയാളി പൊങ്ങച്ചത്തിനെതിരെയുള്ള രോഷവും
എന്നിൽ  എരിഞ്ഞിരിക്കണം. ലക്ഷ്മീദേവിയുടെ ചിത്രം ആലേഖനം
ചെയ്ത, നെഞ്ചോളം പൊക്കമുള്ള ഭാരമേറിയ ഖജാന ആദ്യമായി കണ്ടപ്പോൾ
ഞാൻ തറവാട്ടിലെ രണ്ട് അറകളുള്ള പത്തായത്തെ ഓർത്തു. പണ്ട് നെല്ലറകളായിരുന്ന പത്തായത്തിൽ പിന്നീട് നമ്മൾ ഒളിച്ചു കളിച്ചിരുന്നു. ചിലപ്പോൾ അമ്മ വാഴക്കുലകൾ  പഴുപ്പിക്കാനായി വെക്കാറുമുണ്ട്. പഴക്കമുള്ള പത്തായത്തിനകത്തെ പുഴുങ്ങിയ മണം കല്പാന്തകാലത്തോളം എന്നെ കൊണ്ടു പോകും.

ശങ്കരപ്പണ്ണയുടെ ഖജനാവിൽ എണ്ണിയാൽ തീരാത്ത പണവും അനവധി സ്വർണ്ണ ഉരുപ്പടികളും കാണുമായിരിക്കും! അദ്ദേഹത്തിൻ്റെ ഉദാരമനസ്സാലെ ഒരാഴ്ചയ്ക്കകം എനിക്കും ചാർത്തി കിട്ടി ഒരു റേഷൻ കാർഡ്.! രണ്ട് മൂന്ന് പേരുകൾ
എഴുതി ചേർത്ത് കൊണ്ട്, കർണ്ണാടകയിലെ നമ്മുടെ ആധാരം.
മിച്ചം വരുന്ന അരിയും ഗോതമ്പും മുത്താറിയും പരസ്പര ധാരണക്കരാറാൽ കടയിലെ വിൽപ്പന ചരക്കായി മാറി.”നൂറ് മാത്തു, ഒന്തു ബരഹ” ( നൂറ് പറച്ചിലിന് സമം ഒരു കുറിപ്പ്) എന്നതാണ് കക്ഷിയുടെ ഒരു രീതി. അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസം  വേറെയും കച്ചവടം വേറെയും ആയിരുന്നു. അത് വേ… ഇത് റേ…!! കണിശക്കാരനായ വ്യാപാരി!. “Lalajee was a merchant. Once he has a prosperous grain business…. ”
ഒരു മാത്ര പാനൂരിലെ പാരലൽ കോളജിലെ പ്രീ – ഡിഗ്രി ക്ലാസിൽ അജയൻ മാഷ് പ്രത്യേക ഈണത്തിൽ പഠിപ്പിച്ചിരുന്ന വരികളിലെ ലഹരിയും മനസ്സിൽ നുരഞ്ഞു പൊന്തി!

പിന്നീടൊരിക്കൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടി ഇടപാട് പരാമർശിച്ചു കൊണ്ട് സംസാരിക്കവേ, അദ്ദേഹം ഖജനാവ്  തുറന്ന് ഇളംറോസ് നിറത്തിലുള്ള പേപ്പറിൽ പൊതിഞ്ഞ സ്വർണ്ണബിസ്ക്കറ്റുകൾ കാണിക്കുകയുമുണ്ടായി. ആദ്യമായി നേർ കൺപാർത്ത സ്വർണ്ണകട്ടികൾ! ഞാൻ സങ്കല്പിച്ച വലിപ്പം ആ പത്തരമാറ്റ് തങ്കത്തിനില്ലായിരുന്നു. എൻ്റെ മനസ്സ് വായിച്ചു കൊണ്ട് അയാൾ അത്  കൈയിൽ വെച്ചുതന്നു. നൂറ് ഗ്രാം തൂക്കം വരുന്ന ആ ബിസ്കറ്റിനോട് കൊതി തോന്നിയില്ല .കണ്ണുകളും മഞ്ഞളിച്ചില്ല!

(പക്ഷെ, ധനാഢ്യനും സ്വാഥികനുമായ ശങ്കരപ്പ ഒരു പാവത്താനായ ഷെട്ടിയുടെ രണ്ട് ബോണ്ടയും ഒരു വലിയുള്ളിയും ക്ഷണനേരം കൊണ്ട് മോഷ്ടിച്ചത് കണ്ണിൽപ്പെട്ടത് എനിക്ക് ഇപ്പഴും വിശ്വസിക്കാനാവുന്നില്ല!)

മണി മന്ദിരത്തിൻ്റെ താഴത്തെ നിലയിൽ രണ്ട് ആൺമക്കളും കുടുംബവും
മുകളിൽ ഇളയ ഏകമകളും കുടുംബവുമാണെന്ന് ഞാൻ പിന്നീട്
അറിഞ്ഞു. മക്കളേ നേർവഴി നടത്തുന്നതിൽ അയാൾ വിജയിച്ചില്ല. ഒരു പരാജയപ്പെട്ട അച്ഛനും പരാജിതനായ ഭർത്താവുമായിരുന്നു താനെന്ന്
വൈകിയെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞു. ശങ്കരപ്പ നിധി കാക്കുന്ന ഭൂതമായി തൻ്റെ പഴയ ഒറ്റമുറി വീട്ടിൽ കുടിപാർത്തു. അദ്ദേഹത്തിൻ്റെ ഭാര്യ കമലക്ക മക്കൾക്കും ഭർത്താവിനും ഇടയിലെ താങ്ങും തണലുമായി. കൂലിയും വേലയും ഇല്ലാത്ത മക്കൾക്ക് കമലമ്മ തന്നെ തുണ. വികസനത്തിൻ്റെ വരവ് അറിയിച്ചു കൊണ്ട് നാടും നാട്ടുകാരും വളരാൻ തുടങ്ങി. റോഡിൽ നിന്നും സൈക്കിളും കാളവണ്ടിയും അപ്രത്യക്ഷമായി. എട്ടണയ്ക്കും രൂപയ്ക്കും കണക്കു പറഞ്ഞ ഗ്രാമീണരായ  കർഷകർ ലക്ഷങ്ങളും കോടികളും പറയാൻ പഠിച്ചു. വീമ്പിളക്കി. വീടുകളും ആർഭാടങ്ങളും പൊങ്ങച്ചവും പെരുകി. ബീഡി ഇരന്നു വാങ്ങിയവർ വില കൂടിയ സിഗരറ്റുകൾ വലിക്കാൻ തുടങ്ങി. പാതി വലിച്ച് സിഗരറ്റുകൾ വലിച്ചെറിഞ്ഞു. ചായക്കടയിലിരുന്ന് പഴമ്പുരാണങ്ങൾ അയവിറക്കി. ബാറുകളിൽ കുടിച്ചു കൂത്താടി. ബഹളം വെച്ചു. ട്രൗസറുമിട്ട് സൈക്കിളിൽ പോയ കിളവൻമാർ ബൈക്കിൽ പറക്കാൻ തുടങ്ങി. മക്കൾക്ക് പുത്തൻ കാറുകൾ വാങ്ങി നൽകി. പാൻ്റും നിറമുള്ള കുപ്പായവും വേഷ്ടിയും അലങ്കാരമാക്കി. തരിശായി കിടന്ന കൃഷിഭൂമിക്കു മുകളിലൂടെ കഴുകന്മാരുടെ ആർത്തി നിറഞ്ഞ കണ്ണുകൾ വട്ടമിട്ടു പറന്നു കൊണ്ടിരുന്നു; കർഷകൻ്റെ അവസാന തുടിപ്പും കൊത്തിയെടുക്കാനായി.

ശങ്കരപ്പ അപ്പൊഴും ട്രൗസറും തുള വീണ ബനിയനുമിട്ട് അരച്ചായ കുടിച്ചും എട്ടണയുടെ ബീഡി രുചിച്ചും നടന്നു. മക്കളുടെ നിർബന്ധം കൊണ്ടോ കമലക്കയുടെ പൂതി കൊണ്ടോ എന്നറിയില്ല ഒരു ദിവസം ശങ്കരപ്പയും മകളുടെ സ്കൂട്ടിയുമെടുത്ത് സൈക്കിളിൽ പോകുന്ന അതേ ആയത്തിലും അനായസതയിലും പോകുന്നതു കണ്ടു. ചില ദിവസങ്ങളിൽ കമലമ്മയും പിറകിൽ വീഴാൻ പാകത്തിൽ ഇരുന്നിട്ടുമുണ്ടാകും.

ഒരു ദിവസം ഏറെ പരവശനായാണ് ശങ്കരപ്പ കടയിലേക്ക് കയറി വന്നത്. കുടിക്കാനായി വെള്ളം വേണമെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
വെള്ളം ധൃതിയിൽ കുടിച്ചു കൊണ്ടിരിക്കേ അദ്ദേഹത്തിൻ്റെ മുണ്ടിൽ പടർന്ന ചോരപ്പാടിലായിരുന്നു എൻ്റെ കണ്ണുകൾ. ഞാൻ സൈക്കിളിലിരുത്തി അദ്ദേഹത്തെ
വീട്ടിലെത്തിച്ചു. കമലക്ക ഉണ്ടായിരുന്നില്ല. കട തുറന്നു. വിറച്ചു കൊണ്ട് അയാൾ കസേരയിൽ ഇരുന്നു’

” നന്ന കമലമ്മ ഹോഗിബിട്ട്ളപ്പാ….”
(ൻ്റെ കമലമ്മ പോയെഡോ… )
ശങ്കരപ്പ തല കൈയിൽ താങ്ങി കൊണ്ട് എന്നോട് പുലമ്പി. ഞാൻ ഓടി
ചെന്ന് മകനെ വിവരം ധരിപ്പിച്ചു. റെയിവേ ഗേറ്റിലുണ്ടായിരുന്ന വാഹന തിരക്കിൽ  പിറകിൽ നിന്നും തെന്നി വീണ കമലമ്മയുടെ ശരീരത്തിലൂടെ ടിപ്പർ ലോറി
പാഞ്ഞു കയറുകയായിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷം കട നടത്തിപ്പിന് കൊടുത്ത് ഞാനും കുമാറും വഴി മാറി. രണ്ടു വർഷങ്ങൾ കഴിഞ്ഞുകാണും. ശങ്കരപ്പയെ അജ്ഞാതമായ വണ്ടി അതിരാവിലെ ഇടിച്ചിട്ട് കടന്നുകളഞ്ഞ
വാർത്തയാണ് ഞെട്ടലോടെ കേട്ടത്. കാലത്ത് ചായകുടിയും നടത്തവും
പതിവുള്ളതായിരുന്നു. “സ്പോട്ട് ഔട്ടാണ്…. ” മറുതലക്ക് നിന്നും എൻ്റെ തല പെരുത്ത ചെവിയിൽ ബന്ധുവിൻ്റെ ശബ്ദം മറ്റൊരു പെരുമ്പറയായി വിറകൊണ്ടു.. ബന്ധങ്ങളുടെ കണ്ണീരാഴങ്ങളിൽ ഞാൻ ആണ്ടു പോയി . വണ്ടി ചക്രങ്ങളാൽ ചതഞ്ഞരഞ്ഞ് ആ വൃദ്ധദമ്പതിമാരുടെ സംഭവബഹുലമായ ജീവിതത്തിൻ്റെ കഥ കഴിഞ്ഞു. കാലത്തിൻ്റെ കണക്കു പുസ്തകത്തിൽ നൊമ്പര ദുരന്തത്തിൻ്റെ ചോരപൂക്കൾ രചിച്ച് ഇരുവരും ഓർമ്മചിത്രങ്ങളായി.

പ്രിയപ്പെട്ട ശങ്കരപ്പാ, അങ്ങയെ എൻ്റെ ഓർമ്മത്താളിൽ അടയാളപ്പെടുത്താൻ താങ്കൾ പറയാറുള്ളതുപോലെ നൂറുപറച്ചിലിനു പകരം ഈ ഒരു കുറിപ്പെങ്കിലും എഴുതി ചേർത്തോട്ടേ…

യാതൊരു ഉപാധിയോ മുന്നറിയിപ്പോ ഇല്ലാതെ നീട്ടിത്തരുന്ന ക്ഷണികമായ ജീവിതത്തിൻ്റെ കണക്ക് പുസ്തകത്തിൽ നാമൊക്കെ എപ്പൊഴാണ് വരവ് വെക്കേണ്ടിവരികയെന്ന്, വരിനിൽക്കേണ്ടി വരിക എന്നൊക്കെ ആർക്കറിയാം?

ഇന്നലെയോളമെന്തെന്നറിഞ്ഞീലാ..
ഇനി നാളെയുമെന്തെന്നറിഞ്ഞീലാ…
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ….
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.

എന്തുകൊണ്ടോ ഭക്തകവി പൂന്താനത്തിൻ്റ ‘കാലലീല’യിലെ വരികൾ ഞാൻ മനസ്സിൽ ഉരുവിടാൻ ശ്രമിച്ചു.

ഹള്ളി = ഗ്രാമം  പ്രജവാണി=കർണ്ണാടകയില
പ്രധാന പത്രം
യുഗാദി = ഒരു വിശേഷ ഉത്സവം
1  മൊതലാളീ, അര ചായയും അമ്പതു
പൈസയുടെ ബീഡിയും തരീൻ.
(സ്വാമി: ബഹുമാന സൂചകത്തിൻ്റെ
ഗ്രാമീണ വഴക്കം).
(2) ചപ്പടി=വീതിയും കനവുമുള്ള
കരിങ്കൽപാളി.(slab)


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...