അഡ്വ. സ്മിത ഗിരീഷ്
ഇന്ന് അവന്റെ പിറന്നാളാണത്രേ! ഉപേക്ഷിക്കപ്പെട്ടവരുടെ ദൈവത്തിന്റെ ! ഈ ദിനം മുഴുവൻ നമ്മൾ ഒരുമിച്ചുണ്ടാവേണ്ടതുണ്ട്. ഇലകൾ കൊഴിഞ്ഞു വീഴുന്ന പോലെ തീർന്നു പോകുന്ന ഡിസംബറിലെ ഈ ദിനത്തിൽ, ലോകം ചുവപ്പും വെള്ളയുമണിഞ്ഞ് ദേവാലയങ്ങളിൽപ്പോകുമ്പോൾ, മഞ്ഞവെയിൽ ചുട്ടെടുത്ത തെരുവുകളിലൂടെ മക്കളുടെ കൈ പിടിച്ച് നമുക്ക് വെറുതെ നടന്നു പോകണം. നമ്മൾക്ക് ജിപ്സിപ്പെൺകുട്ടികളുടെ പോലെ കാതുകളിൽ വലിയ വളയം ഇടണം. പല നിറങ്ങളിൽ വേരുകളും, ഇലകളും പടർന്ന തട്ടുകളുളള പാവാടകളാവും നമ്മുടെ വേഷം. എണ്ണ തൊട്ട് ഒതുക്കി കെട്ടിയ മുടിയിഴകളെ എന്നിട്ടും കാറ്റ് നമ്മളെപ്പോലെ വലിച്ചുകൊണ്ടു പോകും… നമ്മൾ നിലത്ത് കുന്തിച്ചിരുന്ന് പച്ചക്കറിയും, പട്ടാണിക്കടലയും വാങ്ങും.. മൈതാനങ്ങളുടെ പടവിലിരുന്ന് വിയർപ്പാറ്റി, കളി പറഞ്ഞ് ചിരിക്കും. നമ്മുടെ മക്കൾ ഓടിനടന്ന് അവിടെ ലോകത്തെ കീഴ്മേൽ മറിച്ചിടുന്നുണ്ടാവും.
കാലം തെറ്റി അമ്മമാരായ കാട്ടുപൂ പടർപ്പുകളുടെ തൊട്ടിലുകളിൽ അവർ കാൽ വഴുതാതെ ഊഞ്ഞാലാടും. തെരുവുകളിലൂടെ, പാലങ്ങളിലൂടെ, കടവുകളിലൂടെ, നമ്മളങ്ങനെ വെയിലിലൂടെ പിന്നെയും നടന്നു പോകും. ആകാശത്ത് നിന്നും സമ്മാന വണ്ടിയുമായി ഒളിച്ചൊളിച്ചു നോക്കുന്ന ചോന്ന കുപ്പായക്കാരൻ സാന്റാ ഇടയ്ക്കിടെ നമ്മുടെ ഇടയിലേക്ക് ഉരുണ്ടു വീഴും. ചിതറി വീണ സമ്മാനപ്പൊതികൾ നമുക്ക് തരാതെ വാരിയെടുത്ത് ഗോവണി കയറി മാനത്തേക്ക് വീണ്ടും ഓടും. ഇലകൾ വാടിയ മരങ്ങളെപ്പോലെ, തെരുവുകളിലലയുന്ന നമ്മളുടെ പിന്നാലെ, മണ്ണിലിഴയുന്ന കുപ്പായം വാരി പിടിച്ച്, ചോന്ന കവിളുള്ള, കണ്ണുകളിൽ നീല ഗോട്ടിയുള്ള ,സദാ ക്ഷമാപണ ഭാവമുള്ള ആ ചെമ്പൻ മുടിക്കാരനുമുണ്ടാവും..!
അഗതികളുടേയും, പ്രണയികളുടേയും, കഥയില്ലാത്ത അമ്മപ്പെണ്ണുങ്ങളുടേയും തമ്പുരാൻ എന്നാണല്ലോ അവന്റെ വെയ്പ്പ്. നിറം മാറ്റുന്ന വെയിലത്ത് മുടി കുതിര വാല് കെട്ടി കൈ കോർത്ത് നടന്നു പോകുന്ന ആ പെണ്ണുങ്ങളുടെ, നമ്മുടെ പിന്നാലെ ഇങ്ങനെ നാണംകെട്ട് നടക്കാൻ അവനല്ലാതെ മറ്റാർക്ക് സമയം…? ഇന്നത്തെ പിറന്നാളുകാരൻ തന്നെ അല്ലാതാരാ?