കാട്ടൂരിലെ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വസന്തം

0
381

സച്ചിൻ. എസ്‌. എൽ

ഫുട്ബോൾ കേവലമൊരു ഗെയിം എന്നതിനപ്പുറം ഭൂലോകത്തിന്റെ സകല മേഖലകളേയും ബന്ധിപ്പിക്കുന്ന ഒന്നാണെന്നുള്ള വസ്തുതയും, ഒരിക്കൽ ശിരസ്സിലേറിയാൽ മാറാവ്യാധിയോളം പോന്ന സുഖമുള്ളൊരു ലഹരിയാണെന്നും കാട്ടിത്തരികയാണു ‘അർജ്ജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്‌’.

കാട്ടൂർ നിവാസികൾക്കിടയിലെ അർജ്ജന്റീനൻ ആരാധകരുടെ മാത്രം കഥയല്ല ഇത്‌. ഇവർക്കൊപ്പരം എന്നും കിടപിടിക്കുന്ന കാനറിപ്പക്ഷികളായ ബ്രസീൽ ഫാൻസിന്റെയും കഥകൂടിയാണിത്‌. ടൈറ്റിലിലെ പ്രശസ്തിയും നായകന്റെ ടീമും അർജ്ജന്റീന ആയത്‌ ഒരുപക്ഷേ സംവിധായകന്റെയോ ഇനിയൊരുപക്ഷേ എഴുത്തുകാരന്റെയോ ഇഷ്ടക്കൂടുതൽ ഒന്ന് കൊണ്ട്‌ മാത്രമാവാം സിനിമയിൽ അർജ്ജന്റീന മികച്ചു നിൽക്കുന്നത്‌.

ഒരു ടീമിന്റെ ജയവും തോൽവിയുമെല്ലാം ഒരു ജനതയെ ഒന്നടങ്കം ബാധിക്കാറുണ്ട്‌. ആരാധകരുടെ അതിര്‌ വിടുന്ന വികാരപ്രകടനങ്ങൾക്ക്‌ നാം പലപ്പോഴും സാക്ഷിയായിട്ടുണ്ട്‌. പക്ഷെ, സ്വന്തം ടീമിന്റെ തോൽവിക്ക്‌ അറിയാതെയാണെങ്കിലും കാരണക്കാരനായെന്ന കുറ്റത്തിന്‌ സ്വന്തം ജീവനെ ബലി കഴിക്കേണ്ടി വന്ന ഒരൊറ്റ ഫുട്ബോളറേ ലോകത്തുള്ളൂ. അത്‌ എസ്‌കോബാറാണ്‌. ആന്ദ്രെ എസ്‌കോബാർ എന്ന കൊളംബിയയുടെ പ്രതിരോധ നായകൻ. 1994 ജൂലൈ 2 നു തന്റെ തന്നെ രാജ്യത്തെ മയക്ക്‌ മരുന്ന്, ബെറ്റിംഗ്‌ മാഫിയയുടെ വെടിയേറ്റ്‌ വീണ എസ്കോബാർ ഇന്നും ഓരോ ഫുട്ബോൾ പ്രേമിയുടെയും നിലയ്ക്കാത്ത കാൽപ്പന്തിൻ സ്പന്ദനമാണു.

1994 ജൂൺ 22. ലോകകപ്പിൽ കൊളംബിയയുടെ നിർണായക മൽസരം അന്നായിരുന്നു. അടുത്ത റൗണ്ടിലേക്ക്‌ കടക്കാൻ വിജയം അനിവാര്യമായിരുന്നു. ശക്തരായ അവർക്ക്‌ ആതിഥേയരായ യു.എസ്‌. അത്ര വലിയ എതിരാളികൾ അല്ലായിരുന്നു താനും. പക്ഷെ സംഭവിച്ചത്‌ മറ്റൊന്നായിരുന്നു. കളിയിൽ അമേരിക്കൻ മിഡ്ഫീൽഡർ ജോൺ ഹർകെസിന്റെ ക്രോസ്‌ തടയിടാൻ ശ്രമിച്ച എസ്‌കോബാറിന്റെ കാലിൽ തട്ടി പന്ത്‌ സ്വന്തം വലയിലേക്ക്‌ കയറി. ആ സെൽഫ്‌ ഗോളിന്റെ പിൻബലത്തിൽ അമേരിക്ക 2-1ന്‌ മൽസരം വിജയിച്ചു . ഒട്ടേറെ പ്രതീക്ഷകളുമായി ടൂർണമെന്റിനെത്തിയ കൊളംബിയൻ പട നോക്കൗട്ടിലെത്താതെ പുറത്തായി. പിന്നീട്‌ സ്വന്തം നാട്ടിലെത്തിയ എസ്‌കോബാറിന്‌ പല കോണുകളിൽ നിന്ന് ഭീഷണികൾ ഉണ്ടായിരുന്നു. അതൊന്നും വക വെക്കാതെ അദ്ദേഹം തന്റെ സുഹൃത്തുക്കളോടൊപ്പം മെഡെലിനിലെ ഒരു ബാറിൽ പോയി. അവിടെ വെച്ച്‌ താരത്തിന്‌ വെടിയേറ്റു. സെൽഫ്‌ ഗോളടിച്ച്‌ ടീമിനെ പരാജയപ്പെടുത്തിയെന്ന വിചിത്രമായ കാരണത്താൽ ആറ്‌ വെടിയുണ്ടകളേറ്റ്‌ എസ്‌കോബാർ മരണമടഞ്ഞു. ഓരോ വെടി വെക്കുമ്പോഴും അക്രമികൾ ഗോൾ എന്ന് അട്ടഹസിച്ചിരുന്നു. അത്രയേറെ വിദ്വേഷത്തോടെയായിരുന്നു അവർ എസ്കോബാറിനെ ആക്രമിച്ചത്‌.

ഈ ദിവസമാണു സിനിമയുടെ കഥ ആരംഭിക്കുന്നതും. എസ്കോബാറിന്റെ ഫ്രെയിം ചെയ്ത ഫോട്ടോയ്ക്ക്‌ കഥാനായകനായ വിപിനന്റെ അച്ഛൻ തന്റെ നാട്ടിലെ പള്ളിയിൽ വെച്ച്‌ കൂദാശ ചൊല്ലുന്ന രംഗത്തോടെ തുടങ്ങുന്ന സിനിമ തുടർന്നങ്ങോട്ട്‌ എപ്രകാരമായിരിക്കുമെന്ന് കൃത്യമായ വ്യക്തത നൽകുന്നുണ്ട്‌.

പൂർണമായും ഫുട്ബോൾ ഫാൻ ഫൈറ്റ്‌ തന്നെയാണു സിനിമയുടെ ഇതിവൃത്തം. അർജ്ജന്റീന ബ്രസീൽ ആരാധകർക്ക്‌ കേരളത്തിലുള്ള സ്വീകാര്യതയും മുക്കിലും മൂലയിലുമുള്ള ഇവരുടെ ആരാധകക്കൂട്ടങ്ങളുടെയും കഥയാണു ഇത്‌. തൃശ്ശൂർ ഇരിങ്ങാലയ്ക്കടുത്ത്‌ കാട്ടൂർ എന്ന ഗ്രാമത്തിലെ ഫുട്ബോൾ ഭ്രാന്തന്മാരുടെ കഥ പറഞ്ഞ സിനിമ ഇന്നാട്ടിലാകമാനമുള്ള ഫുട്ബോൾ പ്രേമികൾക്കും ഒപ്പം കുടുംബപ്രേക്ഷകർക്കും തീർച്ചയായും സ്വീകാര്യമാകുമെന്നതിൽ സംശയമില്ല.

പതിവിനു സമാനമായി ഐശ്വര്യ ലക്ഷ്മി തന്റെ മെഹ്‌റു എന്ന കഥാപാത്രത്തെ ഏറെ സ്വീകാര്യമായ രീതിയിൽത്തന്നെ അവതരിപ്പിച്ചു കാട്ടി. ചിത്രത്തിലുടനീളം നായകനേക്കാൾ പ്രേക്ഷകർ ഒരു പക്ഷേ കാണാൻ ആഗ്രഹിച്ചത്‌ മെഹ്‌റുവിനെയാണെന്നത്‌ ഈ നായികയുടെ മികച്ച അഭിനയത്തിന്റെ സാക്ഷ്യപത്രമാകുന്നു.

കാളിദാസ്‌ ജയറാമിനു ഇപ്പഴും തന്റെ പതിവ്‌ ശൈലികളിൽ നിന്ന് പുറത്ത്‌ കടക്കാൻ കഴിഞ്ഞിട്ടില്ല. തനതായ രീതിയിൽ കാളിദാസ്‌ അവതരിപ്പിച്ച വിപിനൻ നായകൻ എന്നുള്ളത്‌ കൊണ്ട്‌ മാത്രം കയ്യടി വാങ്ങേണ്ടി വരുന്ന അവസ്ഥയിലേക്ക്‌ താണു. എന്നാൽ മലയാളസിനിമയിലെ മറ്റു താരരാജാക്കന്മാരുടെ മക്കൾ തട്ടുതകർപ്പൻ മാസ്സ്‌ കഥാപാത്രങ്ങളുമായി മുന്നേറുമ്പോൾ അച്ഛൻ വന്ന വഴിയേ തന്നെയാണു കാളിദാസ്‌. ജനപ്രീതിക്കൊപ്പം കുടുംബ സദസ്സുകളാണു താരത്തെ കൂടുതൽ വരവേൽക്കാൻ താൽപര്യം കാണിക്കുന്നത്‌.

ചെറുപ്പം മുതൽ ഒന്നിച്ചു വളരുന്ന വിപിനനും മെഹ്റുവും, 2002 മുതൽ ’18 വരെയുള്ള ലോകകപ്പ്‌ കാലങ്ങളിലൂടെ കഥ പറഞ്ഞ്‌ പോകുമ്പോൾ, അക്കാലത്തിനിടയ്ക്ക്‌ ഇവർക്കിടയിൽ വളരുന്ന പ്രണയവും മനോഹരമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. ഈ പ്രണയവും സൗഹൃദവും കുടുംബ ജീവിതവും ഒക്കെ ഫുട്ബോളുമായി കോർത്തിണക്കി മനോഹരമായി തന്നെ സ്‌ക്രീനിലെത്തിച്ചിരിക്കുന്നു മിഥുൻ മാനുവൽ തോമസ്‌.

മലയാള സിനിമയുടെ ക്യാമ്പസായ ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജിനെ വേണ്ടവിധം ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്‌. സിനിമയിലെ കോളേജ്‌ രംഗങ്ങളുടെ ചടുലത പ്രേക്ഷകർക്കിടയിൽ ഭംഗിവാക്കുകളായി മാറിയതിൽ ക്രൈസ്റ്റിന്റെ മനോഹര ക്യാമ്പസിനു വലിയ പങ്കുണ്ട്‌.

പുതുമുഖങ്ങൾക്ക്‌ ഏറെ പ്രാധാന്യം നൽകിയ ചിത്രത്തിൽ കരിക്ക്‌ വെബ്‌ സീരീസിലൂടെ ശ്രദ്ധേയരായ അനു. കെ അനിയൻ, അർജ്ജുൻ എന്നിവരും മികവുറ്റ രണ്ട്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌.

കായിക പ്രേമികളെയും കുടുംബ പ്രേക്ഷകരെയും ആകർഷിക്കാൻ വേണ്ടതെല്ലാം സംവിധായകൻ തന്റെ സിനിമയിൽ ചേർത്ത്‌ വെച്ചിട്ടുണ്ട്‌.

റേറ്റിംഗ്‌ : 3.1/5

എസ്കോബാറിന്റെ ജീവിതം, ചരിത്രം – കടപ്പാട്‌:
ആത്മ സ്പോർട്സ്‌ /ജാസിർ കോട്ടക്കുത്ത്‌

LEAVE A REPLY

Please enter your comment!
Please enter your name here