കവിത
അനുശ്രീ
“ഞാൻ മരിച്ചാൽ നീ വേറെ കെട്ടുമോ?”
പുഴയും കാടും അതിരിട്ട,
നിലാവ് ചാറിത്തുടങ്ങിയ ഒരു സന്ധ്യക്ക്,
അയാളവളോട് ചോദിച്ചു.
അവൾ പറഞ്ഞു, “ഓ കെട്ടും”.
പുഴയിലേക്ക് കുഞ്ഞുകല്ല്
പെറുക്കിയെറിഞ്ഞു കൊണ്ട്
അയാൾ വെറുതെ ചിരിച്ചു.
അപ്പൊഴേക്കും നിലാവ്,
വെയിലു പോലെ തിളക്കം വച്ചു.
“നീ മരിച്ചൂന്ന് ഉറപ്പാക്കിയിട്ടേ ഞാൻ കെട്ടൂ”,
ഒട്ടും ചിരിക്കാതെയവൾ.
അയാൾ നിലാവിൽ തിളങ്ങുന്ന പുഴയെ നോക്കി.
ചെറുമീൻ കൂട്ടങ്ങൾ
തിളങ്ങുന്ന ഉടലുകൾ വെട്ടിച്ചു കളിച്ചു.
അവൾ പിന്നെയും പറഞ്ഞു…
“നീ മരിച്ചാൽ ആദ്യം നിന്റെ
ഉടുപ്പുതൊപ്പികളെല്ലാം എടുത്തുകളയും.
പിന്നെ നിന്റെ അലമാരയിലെ
കാലിക്കുപ്പികളിൽ
മണിപ്ലാന്റ് നട്ട്
ജനൽപ്പടികളിൽ വയ്ക്കും..
നിന്റെ, ആ ഉളുമ്പു നാറുന്ന
മീൻഭരണിയിലെ മീനുകളെ
പൂച്ചയ്ക്കിട്ടു കൊടുക്കും.”
“നിന്റെ മരുന്നു ഢപ്പികളെക്കൊണ്ട്
കരകൗശലപ്പൂക്കൾ വിരിയിക്കും.
മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയുമായി
നീണ്ട വരിയിൽ ചെന്നു നിൽക്കും.
അവസാനം സിഗരറ്റ് മണം നിറഞ്ഞ വീടകം
കുന്തിരിക്കം പുകയ്ക്കും.”
അവളൊന്നു തിരിഞ്ഞു നോക്കിയപ്പോൾ
ചെറുമീനുകളെ വകഞ്ഞു കൊണ്ട്
അയാളുടെ ഉടൽ…
നീന്തലറിയാത്ത അയാൾ വെള്ളത്തിലും
നീന്തലറിയുന്ന അവൾ കരയിലും!
ഒരു മാസത്തിനു ശേഷം
അവൾമാട്രിമോണിയലിൽ നിന്നും
തിരഞ്ഞെടുത്ത അഞ്ചു പേരെ
നേരിട്ടു സംസാരിക്കാൻ ക്ഷണിക്കുകയുണ്ടായി.
ഒന്നാമന് അയാളുടെ പോലത്തെ
ചോര വറ്റിയ കണ്ണുകളായതുകൊണ്ടും,
രണ്ടാമന് അയാളുടെ പോലത്തെ
പെരുവയറുള്ളതുകൊണ്ടും,
മൂന്നാമന് അയാളെ ഇരട്ടപെറ്റതു പോലെ
അത്രയും ഛായ ഉള്ളതുകൊണ്ടും,
നാലാമന് അയാൾക്കുള്ളത് പോലെ
വലതു പുരികത്തിൽ ഒരു പാടുണ്ടായതു കൊണ്ടും,
അഞ്ചാമന് അയാളെപ്പോലെ
കറുത്തു മലച്ച ചുണ്ടുകളുള്ളത് കൊണ്ടും,
അവൾ അവരെയെല്ലാം വേണ്ടെന്നു വയ്ക്കുകയും…
ശേഷം –
‘ഓർമ്മകളെ കൊല്ലുന്ന വിധം’
എന്നൊരു കവിത എഴുതുകയും ചെയ്തു.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.