കഥ
സമീർ പാറക്കൽ
പതിവുപോലെ ഇന്നലെ രാത്രിയിലും എനിക്കും അവൾക്കുമിടയിലുള്ള പ്രശ്നം അമ്മിണിയായിരുന്നു. അടുക്കളയിൽ അമ്മയ്ക്കും ഈ പേര് സ്വൈരക്കേടു ഉയർത്തുന്നു . ഇതെല്ലാം മുന്നിൽ കണ്ടിട്ടാവാം അമ്മ എന്റെ കല്യാണത്തിന് മുൻപ് തന്നെ ഓരോരുത്തരെയായി കൂടൊഴിപ്പിച്ച് വിട്ടത്, അമ്മിണിയെ മാത്രം ബാക്കിയാക്കിയതിൽ എന്റെ സമ്മർദ്ദം ഏറെയുണ്ടായിരുന്നു..
ഇപ്പോഴാ വലിയ തൊഴുത്തിൽ അവളൊറ്റക്കാണ്, അതാണ് അവൾക്കിത്ര കുറുമ്പ് , കുറച്ച് മുൻപ് വരെ കൂട്ടുകുടുംബവ്യവസ്ഥ പോലെ പത്ത് പതിമൂന്ന് പേർ ഉണ്ടായിരുന്നു. വറുതിയുടെ നാളുകളിൽ വിശന്നൊട്ടിയ മൂന്ന് മനുഷ്യ ജീവൻ നിലനിർത്തിയത് അമ്മിണിയുടെ മുൻതലമുറക്കാരായിരുന്നു. ഒരു കാലിന് നന്നേ സ്വാധീനം കുറവുണ്ടായിരുന്ന അച്ഛൻ ആഴ്ചയിൽ ഒരിക്കൽ കിട്ടുന്ന പെയിൻറിംഗ് ജോലി കൊണ്ട് ഇടവേളകളില്ലാതെ വലിച്ചു തീർക്കുന്ന സാധു ബീഡി വാങ്ങാൻപോലും തികയില്ലായിരുന്നു. അപ്പൻ വിശപ്പിനെ സാധൂ ബീഡി കൊണ്ട് പ്രതിരോധിച്ചപ്പോൾ എന്റെയും അനിയത്തിയുടെയും വിശപ്പടക്കാൻ അമ്മയെറെ പാടുപെട്ടു.
അനിയത്തി സുഖമില്ലാതെ കിടപ്പിലായ ദിവസം അമ്മായി സുമയാന്റി ഒരു ലിറ്റർ സുർക്കാ കുപ്പി നിറയെ പശുവിൻ പാൽ കൊണ്ടുവന്നപ്പോഴാണ് ആദ്യമായി ഇതിന്റെ സ്വാദറിയുന്നത്.
നിറയെ വെള്ളമാണെങ്കിലും അന്ന് കുടിച്ച പാലിന്റെ സ്വാദ് തേട്ടി തേട്ടി പുറത്തേക്ക് വരുമ്പോൾ ഞാൻ വന്ന് അമ്മയോട് പറയും, ഒരു പശു ഉണ്ടായിരുന്നെങ്കിൽ എനിക്കും കുഞ്ഞുമോൾക്കും എന്നും പാലു കുടിക്കാമായിരുന്നല്ലോ അമ്മ?… നാളെ അടുപ്പിൽ എങ്ങനെ പുകയുരുളും എന്നതിനെക്കുറിച്ച് വേവലാതിയോടെ ആലോചിക്കുമ്പോൾ എന്റെ ഈ സങ്കടം അമ്മ ചെവിക്കൊള്ളാറില്ല.
അമ്മിണിയുടെ കരച്ചിൽ അസഹനീയമായപ്പോൾ ഭാര്യ എന്നെ നോക്കി പിറുപിറുക്കുന്നുണ്ട്, “നീ ഭൂമിയിലെ ദൈവത്തിന്റെ മാലാഖയല്ലേ മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും നിനക്കല്പം കരുണ കാണിച്ചു കൂടെ ” ഈ വാക്കുകൾ കൂടുതൽ അവളെ അലോസരപ്പെടുത്തി, എല്ലാം മുൻകൂട്ടി നിശ്ചയിച്ചപോലെ രാവിലെ പടിക്കൽ വന്നു നിർത്തിയ ഓട്ടോയിൽ കയറുമ്പോൾ “ഈ ജന്തുവിനെ പുറത്താക്കിയാലല്ലാതെ ഞാൻ ഈ വീട്ടിലേക്കില്ല” എന്നും പറഞ്ഞാണ് പോയത്. അമ്മിണി അമ്മയെയും എന്നെയും മാറി മാറി നോക്കുന്നുണ്ട്, ഞാനവളുടെ മുഖത്ത് വാത്സല്യത്തോടെ വിരലോടിച്ചു അവളതിന് കൊതിച്ച പോലെ തോന്നി.
അപ്പൻ സാധു ബീഡി വലിച്ച് വലിച്ച് ശ്വാസം നിലച്ചപ്പോൾ കനിവ് തോന്നിയ പള്ളി കമ്മിറ്റിക്കാരാണ് ക്ഷേമ ഫണ്ടിൽ വകയിരുത്തി അമ്മിണിയുടെ മുത്തശ്ശി മാളുവിനെ വീട്ടിലെത്തിച്ചത്. അപ്പൻ പോയാലെന്താ ഇനിയെന്നും പാലുകുടിക്കാലോ….! എന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ .
ഞങ്ങളെ പോറ്റാൻ അമ്മയ്ക്കൊപ്പം മാളുവും അവളുടെ കുടുംബവും ഏറെ കഷ്ടപ്പെടുന്നുണ്ട്. ബി. എക്ക് ശേഷം എം.എ പുറത്തെവിടെയെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു, രാവിലെ നാലുമണിക്ക് എണീറ്റ് പശുക്കളെ കുളിപ്പിക്കലും പാല് കറക്കലും അമ്മയെക്കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ലായിരുന്നു അതുകൊണ്ട് ആ ശ്രമം അവിടെ ഉപേക്ഷിച്ചു..
അദ്ധ്യാപകനായി ജോലി കിട്ടി നേഴ്സിനെയും കല്യാണം കഴിക്കുന്നതിന്ന് മുൻപുതന്നെ കുടുംബക്കാർ അടക്കം പറഞ്ഞതാണ് ഇനി ഈ ജന്തുക്കളെ വേണോ…?.വിറ്റ് കാശാക്കി കൂടെയെന്ന്..
ഓരോരുത്തരെയായി കുടൊഴുപ്പിച്ചപ്പോഴും അമ്മിണിയെ മാത്രം നിർത്തിയതിന് ഏറെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. ഈ പേരുപറഞ്ഞ് പിണങ്ങിപ്പോയ മാലാഖയെ തേടി ഹോസ്പിറ്റലിലെത്തി, തിരക്കില്ലാഞ്ഞിട്ട് പോലും അല്പനേരം എന്നോട് സംസാരിക്കാൻ അവൾ കൂട്ടാക്കിയില്ല. അവൾക്ക് ആ ശബ്ദം അലർജിയാണത്രേ, അമ്മിണിയെ പുറത്താക്കണം, അംഗീകരിക്കാതെ ഞാനും. താലൂക്ക് ഹോസ്പിറ്റലിൽ നിന്നും സ്വന്തം വീട്ടിലേക്ക് ആ മാലാഖ ഒരാഴ്ചയോളം അങ്ങനെ പാറി നടന്നു. വിഷയം അമ്മിണിയായതു കൊണ്ട് അവളുടെ വീട്ടിൽ നിന്ന് ആരും ഈ നരാധമനെ തേടി വന്നില്ല..
മുന്നോട്ടുള്ള കുടുംബ ജീവിതം മുന്നിൽകണ്ട് പ്രതിപക്ഷ കക്ഷികളോടൊപ്പം ചേർന്ന് അമ്മയും എന്നെ ഒറ്റപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. ഈ കോലാഹലങ്ങൾക്കിടയിൽ കമ്പ് തറച്ചുണ്ടായ മുറിവ് അമ്മിണിയുടെ കാലിൽ പഴുപ്പ് വരാൻ തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടില്ല, സ്കൂളിൽ നിന്നും നേരത്തെ എത്തി നന്നായി കുളിപ്പിച്ച് മുറിവിൽ ഗുളിക പൊടിയും വെച്ചുകെട്ടി, മാലാഖ ഉപേക്ഷിച്ച് പോയ മേക്കപ്പ് ബോക്സിൽ നിന്നും ഒരു വലിയ ചുവന്ന പൊട്ട് അമ്മിണിയുടെ നെറ്റിയിൽ പതിച്ച് കൊടുത്തു. ഇപ്പോൾ മാധവിക്കുട്ടി പോലും തോറ്റുപോകും അവളുടെ ചന്തത്തിനു മുൻപിൽ.
സ്റ്റാഫ് റൂമിലെ രാഷ്ട്രീയ സംവാദം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു, ചായക്കപ്പുമായി വന്ന അമ്മയുടെ മുഖത്ത് എന്തോ വിഷാദം നിറഞ്ഞ പോലെ, പെട്ടെന്നാണ് അടുക്കളയിൽ നിന്നും ഭാര്യയുടെ ശബ്ദം കേട്ടത്, ഞാൻ തൊഴുത്തിലേക്കോടി, അമ്മിണിയെ കാണാനില്ല, മകന്റെ ഭാവിയെ മുൻനിർത്തി അമ്മ മരുമകളോട് സന്ധിയിൽ ഏർപ്പെട്ടു…. വലിയങ്ങാടിയിലെ കശാപ്പുകാരൻ മൊയ്തുക്കയ്ക്ക് അമ്മിണിയെ പിടിച്ചുകൊടുത്തു. എന്റെ ദേഷ്യം ഞാൻ തൊഴുത്തിലെ ആ പഴയ പാത്രങ്ങളോട് തീർത്തു.
സഹജീവികളോട് കരുണകാണിക്കാത്ത അവളെ എങ്ങനെ ദൈവത്തിന്റെ മാലാഖ എന്ന് വിളിക്കും, അവൾക്കും കശാപ്പുകാരനും ഒരേ മുഖമാണെന്ന് തോന്നി. രാക്ഷസന്റെ മുഖം…
അമ്മിണിയില്ലാത്ത തൊഴുത്ത് ഇനിയെന്തിനാ, അതു പൊളിച്ചു കളയാൻ ആളെ ഏർപ്പാടാക്കി. അതിനുമുൻപ് എനിക്കവിടെ അൽപ നേരം ഉറങ്ങണം, കുഞ്ഞുമോളെ അമ്മ ചെറുപ്പത്തിൽ അവിടെ കിടത്തി ഉറക്കാറുണ്ട്, തൊഴുത്തിലെ ജോലികൾ തീരുമ്പോഴേക്കും അവളുടെ ഉറക്കവും തീരും… നാളെ അടയാളം പോലും ഉണ്ടാവില്ല എന്ന ഉറപ്പോടെ അമ്മിണിയുടെ അമ്മേ… അമ്മേ…. എന്ന കരച്ചിൽ എനിക്ക് താരാട്ട് പാടിയപ്പോലെ ഞാനവളോട് ചേർന്നു കിടന്നു, അവളറിയാതെ ആ നെറ്റിയിൽ ചുടുചുംബനം കൊടുത്തു, വറുതിയുടെ കാലത്ത് നിന്നും സമൃദ്ധിയിലേക്ക് നയിക്കാൻ പെടാപാടുപ്പെട്ട അവളുടെ മുൻ തലമുറക്കാരോടുള്ള സ്നേഹ ചുംബനം…. അന്ത്യചുംബനം…
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.