ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അമ്പിളി’യുടെ ടീസറെത്തി. സൗബിന്‍ ഷാഹിറാണ് ചിത്രത്തിൽ അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായിക. “ഞങ്ങളുടെ അമ്പിളി വിചാരിച്ചാൽ എല്ലാ കാര്യവും നടക്കും,” എന്ന സംഭാഷണത്തോടെ ആരംഭിക്കുന്ന ടീസറിൽ ആടിയും പാടിയും സ്ക്രീനിൽ നിറയുകയാണ് സൗബിൻ.
സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് ‘അമ്പിളി’. നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രമായി നസ്രിയയുടെ സഹോദരൻ നവീന്‍ നസീമും ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നും ആരംഭിക്കുന്ന സിനിമ ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് വികസിക്കുന്നത്. യാത്രക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളും പ്രധാന ലൊക്കേഷനുകളാണ്.
ഇ4 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, അവ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ് ‘അമ്പിളി’യുടെ ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശങ്കര്‍ മഹാദേവന്‍, ആന്‍റണി ദാസന്‍, ബെന്നി ദയാല്‍, സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ എന്നിവര്‍ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.