HomeTHE ARTERIASEQUEL 46ചുമരുകളില്ലാത്ത വീട്!

ചുമരുകളില്ലാത്ത വീട്!

Published on

spot_imgspot_img

കഥ
അളകനന്ദ .എസ്

ഒന്ന്
——-
ഒന്നരവർഷത്തിന് ശേഷമാണ് കുടുബമൊന്നിച്ചു ഞങ്ങൾ ഈ നാട്ടിലേക്ക് വരുന്നത്.പഞ്ചായത്ത് ഫണ്ടിൽ പുതുക്കിപണിത കോണ്ക്രീറ്റ് റോഡിലൂടെ കാറ് ആശ്വാസത്തിൽ പാഞ്ഞു. ചെറുവണ്ടികൾ വളരെ എളുപ്പത്തിൽ പോകും. പക്ഷെ,ലോറിയൊക്കെ വരവ് ഇപ്പോഴും ബുദ്ധിമുട്ടാണ്. പകൽവെളിച്ചത്തിൽ പോലും നടക്കുമ്പോൾ കല്ല് തടഞ്ഞു മൂക്കുകുത്തി വീഴുമായിരുന്ന റോഡിപ്പോൾ ഇങ്ങനെ മാറിയിരിക്കുന്നു.

“അല്ല മാഷെ,മരോളെ കല്യാണത്തിന് ഇപ്പഴാ വര്ന്നെ?”

മതിലിനു മുകളിലൂടെ ഏന്തിവലിഞ് കണ്ടക്ടർ രമേശൻ വിളിച്ചു ചോദിച്ചു. കാറിൽ നിന്നും പെട്ടികളിറക്കിവെക്കുകയായിരുന്ന അച്ഛൻ അത് പകുതിക്കുപേക്ഷിച്ച്‌ അയാൾക്കരികിലേക്ക് പോയി.

“ഇപ്പൊ ഇത്രൂസം തന്നെ ലീവ് കിട്ടിയത് ഭാഗ്യ. പത്താംക്ളാസിലെ പരീക്ഷ നടക്കല്ലേ.”

ആണ്ടിലൊരിക്കൽ കണ്ടാലും ദിവസേന കണ്ടാലും മനുഷ്യർക്ക് തമ്മിൽ പറയാനും അറിയാനും നൂറുക്കൂട്ടം കഥകളുണ്ടാവും.അതൊരിക്കലും അവസാനിക്കുന്നില്ല. എനിക്കുമതെ!എന്റെ ഉള്ളിലാണെങ്കിൽ കുറച്ചൊന്നുമല്ല കിടന്നു ഞെരുങ്ങുന്നത്. എനിക്ക് വേണ്ടപ്പെട്ടവരൊക്കെ ഇവിടെയാണ്. ഒന്നാംക്ലാസ് മുതൽ പത്താംക്ലാസ് വരെ ഒരുമിച്ചു പഠിച്ച അനശ്വര, കൂടെയോടി ഒളിച്ചുകളിച്ച കുഞ്യോൾ, പ്രേമത്തിലായിരുന്ന മുഹമ്മദ് ഷഹാൻ .. അങ്ങനെ ചെറുതും വലുതുമായ ഓർമകൾ മുഴുവൻ ഇവിടെയാണ്. പ്ലസ് വണിന് നടുവണ്ണൂർ ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടിയ സമയത്താണ്  അമ്മക്ക് കോഴിക്കോട് നഗരത്തിലെ ഗേൾസ് സ്കൂളിലേക്ക്  സ്ഥലം മാറ്റം കിട്ടുന്നത്. അതേ സ്കൂളിൽ എന്റെയും അഡ്മിഷൻ തരപ്പെടുത്തി ഒരാഴ്ചക്കുള്ളിൽ വീട്ടുപകരണങ്ങളും ഞങ്ങളും വീടൊഴിഞ്ഞു. മൂന്നുമാസത്തിലൊ രിക്കൽ അമ്മയും അച്ഛനും തെങ്ങുകയറ്റാനും പറമ്പ് നോക്കാനും വരും. പഠിത്തത്തിന്റെ തിരക്കിൽ ഒരിക്കൽപോലും ഇങ്ങോട്ട് വരവ് എനിക്ക് സാധ്യമായിരുന്നില്ല.

മുറ്റത്താകെ വീടിനേക്കാളും ഉയരത്തിൽ പുല്ല് വളർന്നിട്ടുണ്ട്. വീടിന്റെ ഉടമസ്ഥരെ കണ്ട് അതിക്രമിച്ചുകയറിക്കൂടിയ ചിലന്തികുഞ്ഞുങ്ങൾ പരക്കം പാഞ്ഞു. എത്രയും വേഗം രക്ഷപെടുന്നതാണ് അവർക്ക് നല്ലത്. അല്ലെങ്കിൽ അല്പസമയത്തിനുള്ളിൽ അതിദാരുണമായി എല്ലാവരും കൊല്ലപ്പെടും. അച്ഛന്റെ മൂത്തപെങ്ങളുടെ മകളുടെ കല്യാണമാണ്. ഒരാഴ്ചയോളം ഞങ്ങളിവിടെയുണ്ട്. ചെറിയ കാലത്തേക്കെങ്കിലും ഈ മടങ്ങിവരവ് എന്നെ ആനന്ദിപ്പിക്കുന്നുണ്ട്. ഇവിടത്തെ ഇടവഴികളും അത് ചെന്നെത്തുന്ന വീടുകളും അതിനുള്ളിലെ മനുഷ്യരും ഏച്ചിൽമലയും ഒക്കെയാണ് അത്ര ഭീകരമായി ഓർമകളുണ്ടാക്കുന്നത്.
        
വിളി കേൾക്കും മുന്നേ സന്ദർശകരെല്ലാം തിരിച്ചു വീടെത്തും.

“വെളക്ക് വെക്കും മുന്നേ പാറേമ്മന്ന് എറങ്ങീലെങ്കി ഭഗോതി കേറും മേത്ത്!”.
 
അതിനാൽ തന്നെ എല്ലാവരും ഒരു ഭയപാട് ഉള്ളിൽ സൂക്ഷിച്ചു.സ്വന്തം ശരീരത്തിൽ മറ്റൊരാൾക്ക് കൂടി സ്ഥാനം കൊടുക്കാൻ താല്പര്യമില്ലാത്തവർ നിരനിരയായി കൂടണയുന്ന കാക്കകളേക്കാളും  വേഗത്തിൽ പറന്നു.
ഒന്നരവർഷം എനിക്കിതെല്ലാം നഷ്ടപ്പെട്ടു. മലയിലെ ഭഗവതിയെ ഞാൻ നിത്യേന ഉറക്കത്തിൽ കണ്ടു.’തിരിച്ചുവരൂ’യെന്ന് ചുവന്നുകലങ്ങിയ കണ്ണുകളോടെ ഭഗവതി എന്നെ വിളിച്ചു.
മണിക്കൂറുകൾ നീണ്ട വീട് വൃത്തിയാക്കലിന്ശേഷം അച്ഛൻ ഉറക്കത്തിലേക്ക് തിരിഞ്ഞു. അമ്മ ഇപ്പോഴും പറമ്പിലെ കണക്കെടുത്തു കഴിഞ്ഞിട്ടില്ല. ഞാൻ മുറ്റത്തേക്കിറങ്ങി.കിണറ്റിൻവക്കത്ത് ചെന്ന് ഉറക്കെ കൂവി.”കുഞ്യോളെ , വാ നടക്കാൻ പോവ…”.അവളോടി വന്നെന്റെ കൈ പിടിച്ചു , ഞാൻ തണുത്തു.ഏഴാം ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചിരുന്ന സരസ്വതിക്ക് പുതിയ പ്രേമമുണ്ടായത് , പോലീസുകാരൻ രാജേട്ടൻ സസ്പെൻഷനിലായത് , പണ്ട് ഞാൻ നോക്കികൊതിച്ചിരുന്ന ശരത്തേട്ടന്റെ കല്യാണം കഴിഞ്ഞത് ….., അങ്ങനെ നാട്ടിലെ സകലമാന കഥകളും പെറുക്കികൂട്ടി അവളെന്നെ നോക്കി കണ്ണിറുക്കി.ഓടിയും നടന്നും ഞങ്ങളാകെ കിതച്ചു.

“നന്ദേ ഒരു കാര്യണ്ട്.മ്മളെ കുഞ്ഞീഷ്ണേട്ടൻ നാടുവിട്ടു.”!!!
 
 രണ്ട്
———–
1942-ൽ സ്വാതന്ത്ര്യസമരകാലത്താണ് കെ.ടി.കുഞ്ഞികൃഷ്ണൻ നടുവണ്ണൂരിലെത്തുന്നത്. നിരവധി സമരപരിപാടികളുടെ പ്രവർത്തനകേന്ദ്രമായിരുന്നു നടുവണ്ണൂർ.കെ.കേളപ്പനും ഏ. കെ.ജിയും ഏ. പി.കുട്ടിമാളു അമ്മയുമൊക്കെ ഇവിടെ വന്നുപോയി.അങ്ങനെയാണ് ഏ. കെ.ജിയുടെ സന്തതസഹചാരിയായിരുന്ന കെ.ടി.കുഞ്ഞികൃഷ്ണൻ നടുവണ്ണൂരിലെത്തുന്നത്.മലബാർ സ്‌പെഷൽ പോലീസിനെ ഭയന്ന് ഒളിവിൽ താമസിച്ചിരുന്ന ഏ. കെ.ജി തിരിച്ചുപോയെങ്കിലും കുഞ്ഞികൃഷ്ണനോട് നടുവണ്ണൂരിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദേശം കൊടുത്തു. ക്രമേണ ആ വരത്തൻ എല്ലാ വിപ്ലവപ്രവർത്തനങ്ങളുടെയും നേതാവായി മാറി. പാർട്ടിയോഗം നടക്കാറുണ്ടായിരുന്ന കെട്ടിടത്തിൽ തന്നെ ആയിരുന്നു അന്തിയുറക്കം. ഉച്ചസമയത്ത് ആരുടെ വീടിനു മുന്നിലാണോ നടന്നെത്തുന്നത് അവിടുന്നൂണ്. പക്ഷേ , അയാളുടെ വ്യക്തിവിവരങ്ങളൊന്നും ആർക്കും അറിയുമായിരുന്നില്ല. ജനിച്ച ദേശമോ ബന്ധുവിവരങ്ങളോ ആരും അറിഞ്ഞില്ല. ഇനി അഥവാ ആരെങ്കിലും ചോദിച്ചാൽ തന്നെ അദ്ദേഹം ഒഴിഞ്ഞുമാറി.1942 ഡിസംബറിൽ നിയമലംഘനസമരത്തിന്റെ ഭാഗമായി നടുവണ്ണൂർ രെജിസ്റ്റർ ഓഫിസ് പാതിരാത്രിക്ക് തീയിട്ട കേസിൽ അഞ്ചുമാസത്തോളം അയാൾക്ക് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. ഈ ഒരു സംഭവത്തോട് കൂടി നടുവണ്ണൂരിലാകെ അദ്ദേഹത്തിന് താരപരിവേഷം കൈവന്നു. രാഷ്ട്രീയപ്രവർത്തനങ്ങൾ കണ്ട് നാട്ടുക്കാരാകെ അന്തംവിട്ടു. നിരവധി യുവാക്കൾ അദ്ദേഹത്തിന്റെ ആദർശങ്ങളിൽ മയങ്ങി രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. നാടിന്റെ എല്ലാ ചലനങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
 
വരത്തൻ കുഞ്ഞീഷ്ണൻ
സഖാവ് കുഞ്ഞികൃഷ്ണൻ
കുഞ്ഞീഷ്ണേട്ടൻ….
ഓരോ സമയത്തും പ്രായം അയാളുടെ വീര്യത്തെ പിറകോട്ടു വലിച്ചു.

2005-ൽ പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനദിവസം സാമൂഹികക്ഷേമവകുപ്പ് മന്ത്രി ബാബുസേനൻ മുതിർന്ന പൗരൻമാർക്കുള്ള പൊന്നാടച്ചാർത്തൽ ചടങ്ങിനിടെ കുഞ്ഞീഷ്ണേട്ടന് ‘വീട് ‘പ്രഖ്യാപിച്ചു. നാട്ടുക്കാരാകെ സന്തോഷിച്ചു. മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞു. പുതിയ സർക്കാർ അധികാരത്തിൽ വന്നു. വാഗ്‌ദാനം എല്ലാവരും മറന്നു. പാർട്ടിഓഫീസിലും പീടികകോലായിലും ആയി അയാൾ മാറി മാറി കിടന്നു. ക്രമേണ ആളുകൾക്ക് അതൊരു അധികപറ്റായി. എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന രഹസ്യചർച്ചകൾ നടന്നു. ഇതിൽ പലതും ഞാൻ കേട്ടറിഞ്ഞ കഥകളായിരുന്നു. എനിക്കെങ്ങനെ അയാളെ അറിയാം?

ഞാൻ കാവുംതറ എ. യു.പി സ്കൂളിൽ രണ്ടിൽ പഠിക്കുന്ന സമയത്താണ് “എഡോ സുധാരൻമാഷേ ഇനിക്കെന്തെങ്കിലും ജോലി ണ്ടോ”എന്ന് ചോദിച്ചുകൊണ്ട് ഒരു വൈകുന്നേരത്തിന്റെ അവസാനത്തിൽ കുഞ്ഞീഷ്ണേട്ടൻ കയറിവരുന്നത്. യൗവനകാലത്തെ ആരാധനപാത്രത്തിന് എന്ത് ജോലി നൽകുമെന്ന് അച്ഛൻ പരുങ്ങി. കുട്ടിയായിരുന്ന എന്നെ സ്കൂളിൽ കൊണ്ടുചെന്നാക്കുകയും കൂട്ടികൊണ്ടുവരികയും ചെയ്യുന്ന ‘വലിയ’ജോലി നൽകി ആ സംശയം പരിഹരിക്കപ്പെട്ടു. എനിക്ക് പുതിയ സുഹൃത്തിനെ ലഭിച്ചു. പുതിയ പാട്ടുകൾ പാടിത്തന്നു. കഥകൾ പറഞ്ഞു. അഭിനയിച്ചു. ലോകത്തിനി കഥകൾ അവശേഷിക്കുന്നുണ്ടോ എന്ന് ഞാനത്ഭുതപ്പെട്ടു.

“കുഞ്ഞീഷ്ണേട്ടാ എപ്പളേലും ഇന്നെ വിട്ടുപോവോ? ”

അയാളെന്റെ കൈകളിൽ മുറുക്കിപിടിച്ചു.

“ഏയ്. എവിടെ പോവാൻ?എന്റെ വേണ്ടപ്പെട്ടോരൊക്കെ ഇവിടല്ലേ”.

അയാളുടെ ചുളിവുവീണ കൈകളിൽ മലയിടുക്കുകളിൽ ഒറ്റപ്പെട്ട ഒരു വീട് ഞാൻ കണ്ടു.

“അപ്പൊ മക്കളെ കാണാൻ പോണ്ടേ?”

കുഴിയിലകപ്പെട്ട രണ്ടു കണ്ണുകൾ താഴ്ന്നു.

“എനിക്കാരൂല്ല”.

കുഞ്ഞീഷ്ണേട്ടൻ കരഞ്ഞു.ആദ്യമായി ആ കാഴ്ച്ച എന്നെ പേടിപ്പിച്ചു. കെട്ടിപിടിച്ചുകൊണ്ട് ഏങ്ങലടിച്ചു കരഞ്ഞു. ആ നിമിഷം ഞാനമ്മയും അയാൾ കുട്ടിയുമായി തീർന്നു.”ഞാ ണ്ട് ട്ടൊ”. വെളുത്ത മുടിയിഴകളിലൂടെ ഞാൻ വിരലോടിച്ചു. ഞാനയാളെ ഓമനിച്ചു… ഏകദേശം എട്ടുവർഷത്തോളം അദ്ദേഹവും ഞങ്ങൾക്കൊപ്പം താമസിച്ചു. അയാളുടെ ശരീരത്തിൽ ചുളിവുകൾ വർധിച്ചു. പരന്ന ദേഹം വളഞ്ഞു. ഞാൻ വളർന്നു. പലപ്പോഴും ഞാനയാളുടെ സ്വദേശത്തെ കുറിച്ചാലോചിച്ചിട്ടുണ്ട്. സ്വന്തമെന്ന് ആരെങ്കിലും ഉണ്ടാവില്ലേ? ആരും അയാളെ അന്വേഷിച്ചു വന്നിട്ടില്ല. ഇത്രയും കൊല്ലത്തിനിടക്ക് അയാളും എങ്ങോട്ടും പോയിട്ടില്ല. അല്ലെങ്കിലും സ്ഥിരമായി ഒരു നാട് വേണമെന്ന് നിർബന്ധമില്ലല്ലോ. മനുഷ്യന് എവിടെയാണോ സൗകര്യപ്രദം അവിടെ ജീവിച്ചുതുടങ്ങുന്നു. എല്ലാ ജീവജാലങ്ങളും.

അമ്മക്ക് സ്ഥലം മാറ്റം ആണെന്ന ഓർഡർ കൈപ്പറ്റിയ അന്ന് രാത്രി വേച്ചുവെച്ച് ഒരു നിഴൽ ഉമ്മറക്കോലായിലെത്തി.

“മാഷെ ഞാ നാളെ പൊലച്ചക്ക് വീട്ടി പോവാണ്. ഒരു പ്രശ്നം ശരിയാക്കാൻ ണ്ട്. ഇക്കൊരു 500 ഉറുപ്പിക വേണം “.

കൂടുതൽ വർത്താനങ്ങളുണ്ടായില്ല.

“ഞങ്ങള് അടുത്താഴ്ച കോഴിക്കോടെക്ക് പോവും”

“ആ.അതിനുമുന്നേ, മിക്കവാറും മറ്റന്നാൾ തന്നെ ഞാനിങ് തിരിച്ചെത്തും.”

അഞ്ഞൂറുരൂപ ഇടതുകയ്യിൽ  ചുരുട്ടിപിടിച്ച്‌ അദ്ദേഹം ഇരുട്ടിലേക്ക് മടങ്ങി. പെട്ടെന്നുള്ള കുഞ്ഞീഷ്ണേട്ടന്റെ യാത്ര എല്ലാവരെയും ചിന്തിപ്പിച്ചു. നാടിന്റെ പേര് വെളിപ്പെട്ടില്ലെങ്കിലും സ്വന്തമായി എവിടെയോ ഒരു വീട് ഉണ്ടെന്ന് എല്ലാവരും ഉറപ്പിച്ചു.
പറഞ്ഞതുപോലെ മൂന്നാം ദിവസം അദ്ദേഹം മടങ്ങിവന്നു. ഞങ്ങൾക്ക് ഇരുവർക്കും ഒന്ന് സംസാരിക്കാൻ കഴിഞ്ഞില്ല. ആകെ ബഹളമായിരുന്നു. വീട് മാറുന്നതിന്റെ വെപ്രാളം എല്ലാവർക്കുമുണ്ടായിരുന്നു. കുഞ്ഞീഷ്ണേട്ടൻ നന്നേ ക്ഷീണിച്ചിരുന്നു.

“ന്താ പറ്റിയെ?ന്തിനാ നാട്ടി പോയെ?”എന്റെ സംശയങ്ങൾ പെട്ടെന്ന് പരിഹരിക്കപ്പെടുന്നതായിരുന്നില്ല.

“ഞാനവ്ടെ വീട് നന്നാക്കി ഇടാൻ പോയതാരുന്നു. എല്ലാ കാലോം ഇവിടിങ്ങനെ നിക്കാൻ ആവൂലാലോ.അല്ലേലും ഈ നാടിന് ഞാ ആരാ. വയസായില്ലേ. ആരാ നോക്കാ ഇവിടന്ന്. അവിടായാലും ആരുല്ല. പക്ഷെ സൊന്തം പൊരേല് കെടന്നു മരിക്കാലോ”. വയസുകാലത്തെ ഏകാന്തത അയാളെ വീർപ്പുമുട്ടിച്ചു. ഒരു കാലത്ത് അയാളെ തലയിലേറ്റി നടന്നിരുന്ന ആരും ആ പേര് ഓർക്കുന്നുപോലും ഇല്ല. ഞങ്ങക്കിടയിൽ മൗനം തിങ്ങിവീർത്തു. അദ്ദേഹത്തിന്റെ ഇല്ലായ്മകളോട് , ഒറ്റപെടലിനോട് ‘സാരമില്ല …പോട്ടെ…’യെന്ന് പറയാൻ ഞാൻ വാക്കുകൾക്ക് വേണ്ടി പരതി. മൗനമാണുത്തരം!
 
മൂന്ന്
———
കുഞ്ഞീഷ്ണേട്ടനെ കാണാതായിട്ടും ആരും അന്വേഷിച്ചില്ല. പോലീസിലറിയിച്ചില്ല. അയാൾക്കിവിടെ യാത്ര പറയാനും മാത്രം ആരും ഉണ്ടായിരുന്നില്ല. രണ്ടാഴ്ച കഴിഞ്ഞത്രേ! വാർധക്യം എന്നത് ഒരു മനുഷ്യൻ ബാധ്യത ആവുന്ന കാലം കൂടിയാണ്. ദിവസേന ഞാൻ പത്രങ്ങളിലെ മരണകോളം തിരഞ്ഞു. മിക്കവാറും മലകൾക്കിടയിലെ ഒറ്റപ്പെട്ട വീട്ടിൽ , വിണ്ടുകീറിയ ചുമരുകൾക്കുള്ളിൽ ഞാനൊരു മനുഷ്യനെ സ്വപ്നം കണ്ടു. ദേശമില്ലാത്തതിനാൽ തിരിച്ചറിയപ്പെടാതെപോയ ആ മനുഷ്യൻ മരണത്തെ കാത്തിരിക്കുന്നുണ്ട്. അയാളെ ആ ഒറ്റമുറി വീട്ടിൽ അന്വേഷിച്ചുചെല്ലുക മരണം മാത്രമായിരിക്കും. കുഞ്ഞീഷ്ണേട്ടനെ എനിക്ക് നന്നായിട്ടറിയാം. അയാൾ ഏറ്റവും നല്ല ആതിഥേയൻ ആയിരിക്കും. അവസനാമെത്തുന്ന ആ വിരുന്നുകാരനെ സ്നേഹത്തോടെ അദ്ദേഹം സത്കരിക്കും. ഉറപ്പ്!

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

5 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...