അകത്തേയ്ക്ക്

1
420
Anju-francis-athmaonline

കവിത

അഞ്ജു ഫ്രാൻസിസ്

അരിയിടുന്നതിനും
അടുപ്പണയ്ക്കുന്നതിനുമിടയിലെ
കുഞ്ഞു നേരങ്ങളിൽ
അവൾ പഴേ സ്വപ്നങ്ങളോർക്കും

കറിവേപ്പിലയ്ക്ക്
പറമ്പിലോട്ടിറങ്ങുമ്പോൾ
കറാച്ചിപ്പുല്ലുരഞ്ഞ
പച്ച മണങ്ങളിൽ
താൻ
കാടേറുന്നെന്ന്
വെറുതെ വിചാരിക്കും.

അടുക്കളപ്പുറത്ത്,
കടുക് കരിഞ്ഞു പുക പൊന്തുമ്പോളാകും,
വിചാരങ്ങളുടെ കാടിറങ്ങിയവൾ
വീട് പറ്റുക.

അരകല്ലു ചാലിലെ
വെള്ളം വീണു വഴുക്കുന്ന
അടുക്കളമുറ്റത്ത്
വിരലൂന്നി,
തെന്നാതെ നടക്കുമ്പോളവൾ,
അലുത്ത പർവതങ്ങളോർക്കും.

തിളച്ചു പൊന്തിയ പാലിൽ
നുരഞ്ഞ തിരകളും
കടലും കാണും

ചിരകിവീഴുന്ന തേങ്ങയിൽ
മഞ്ഞ് പെയ്യുന്നിടങ്ങൾ കാണും.

വൈന്നേരം വറത്തു കോരുന്ന
പരിപ്പുവടയിൽ
ദ്വീപുകളും ഭൂഖണ്ഡങ്ങളുമോർക്കും

ഓലപ്പായയിൽ
മാങ്ങത്തെരയുണക്കുമ്പോൾ
മരുഭൂമികളോർക്കും.

ഓർക്കാറ് മാത്രമല്ല
പറക്കാറുമുണ്ട്.
അകത്തേയ്ക്ക് മുളച്ച
ചിറകുകളിൽ,
അവളങ്ങനെ പറക്കുമ്പോൾ
ആരുമറിയാറില്ലെന്നേയുള്ളൂ…

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here