സോമൻ പൂക്കാട്
മാധവിക്കുട്ടിയും വായനക്കാരും തമ്മിലുള്ള ആത്മബന്ധം കാലത്തിന്റെ അപ്രതിഹത പ്രവാഹത്തിലും തെല്ലും കുറഞ്ഞില്ലെന്നുള്ളതിനുള്ള തെളിവാണ് ‘ആമി’ എന്ന സിനിമ ഇറങ്ങിയ അന്ന് മുതൽ ചൂടുപിടിച്ചു തിളച്ചുമറിയുന്ന വിവാദം ചൂണ്ടിക്കാണിക്കുന്നത്.വായനയുടെ വെള്ളിവെളിച്ചം ചെന്നെത്തിയ ഇടങ്ങളിലെല്ലാം അവർ പലനിലകളിൽ പലരൂപങ്ങളിൽ വായനക്കാരെയും അനുഭവസ്ഥരെയും ആവേശിച്ചിരുന്നു എന്നതാണ് വാസ്തവം.തെളിനീർ അത് ഉൾക്കൊള്ളുന്ന പാത്രത്തിന്റെ രൂപം കൈക്കൊള്ളുന്നതുപോലെയുള്ളൊരു സ്വത്വ രൂപമാറ്റമായിരുന്നു അത്.പ്രണയം പലർക്കും പലതായി ഫീൽ ചെയ്യുന്നതുപോലെ പ്രണയം ആഗ്രഹിച്ചുതേടിയലഞ്ഞ ആ രാജകുമാരിയും പലതായി പല ഫീലുകളിൽ ആളുകളെ വശീകരിച്ചുകൊണ്ടിരുന്നു.അത്തരത്തിൽ കാല്പനിക,യാഥാർഥ്യസ്വത്വങ്ങൾ വേർതിരിച്ചെടുക്കാൻ വൈഷമ്യമുള്ളൊരു സ്നേഹ ജ്വാലയെ ആശ്ലേഷിച്ചൊരു അഭ്രകാവ്യം പകർത്തുകയെന്നത് ഷിപ്രസാധ്യമല്ല.ആമി സംവിധാനം ചെയ്ത കമലും ഇത് നേരിട്ടിരിക്കും.അതാണ് ‘എന്റെ ആമി ഇങ്ങനെയല്ല’ എന്ന് ചിലർ പരിഭവിക്കാനും മറ്റുചിലർ പ്രതിഷേധിക്കാനും ഇടയായത്.’ഗാന്ധി’പോലെ എം ജി ആരും കരുണാനിധിയും കഥാപാത്രങ്ങളായി വന്ന ‘ഇരുവർ’ പോലെയുള്ള ബയോപിക്കുകൾ ഹാർദ്ദമായി സ്വീകരിച്ച കാണികളുടെ മനോഭാവമല്ല ഏതായാലും ‘ആമി’യിലെത്തുമ്പോൾ സംഭവിച്ചിട്ടുള്ളത്.ഇതിൽ ഒരു പക്ഷെ നിക്ഷിപ്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും കടന്നു വന്നിട്ടുണ്ടാകണം.വിവാദമാക്കി പണം കൊയ്യാമെന്ന ഗൂഢ തന്ത്രങ്ങളും ആരൊക്കൊയോ പയറ്റിയിരിക്കാം.ഏതു വിധത്തിലായാലും ‘ആമി’ സോഷ്യൽ മീഡിയയിൽ കത്തിനിൽക്കുന്നൊരു യാഥാർഥ്യമാണ്.
മലയാളത്തിൽ ഇതിനുമുമ്പും ശ്രദ്ധേയമായ ബയോപിക്കുകൾ ഉണ്ടായിട്ടുണ്ട്.പ്രണയം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി മലയാളത്തിൽ ഏറ്റവുമധികം കഥകളെഴുതിയ ബഷീറിന്റെ ‘മതിലുകൾ’ അതിലൊന്നാണ് .ഇന്ത്യൻ സിനിമയെ ലോകനിലവാരത്തിൽ അടയാളപ്പെടുത്തുമ്പോൾ മലയാളിയുടെ സ്വകാര്യ അഹങ്കരമായി എടുത്തുകാണിക്കാറുള്ള അടൂർ ഗോപാലകൃഷ്ണനായിരുന്നു മതിലുകൾ എന്ന അതിമനോഹരമായ പ്രണയ കഥയെ സെല്ലോലോയ്‌ഡിൽ പകർത്തിരുന്നത്.കഥ സിനിമയാക്കാനുള്ള ഉദ്ദേശ്യത്തോടെ ബഷീറിനെ സമീപിച്ച അടൂരിനോട് ബഷീർ ആദ്യം ചോദിച്ചത് നാരായണിയുടെ റോൾ ആരാണ് ചെയ്യുന്നത് എന്നായിരുന്നു എന്ന് അടൂർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.ആ ചോദ്യം അടൂരിനെ ഒട്ടൊന്നമ്പരപ്പിക്കുകയുണ്ടായി.കാരണം കഥയിലെന്നപോലെ മതിലുകളിലെ നാരായണിക്ക് ഒരു നായിക രൂപം നെല്കുന്നതിനെപ്പറ്റി അടൂർ ഒരിക്കലും ആലോചിച്ചിരുന്നില്ല.ഒരിക്കലും നേരിൽ കാണാത്ത നാരായണിയായിരുന്നു കഥയുടെ മർമ്മം. അടൂർ അത് ബഷീറിനോട് പറഞ്ഞപ്പോൾ ബഷീർ സന്തോഷവാനായി. ശേഷം അദ്ദേഹം അടൂരിനോട് പറഞ്ഞു” താങ്കൾക്കറിയാമോ ഈ കഥ സിനിമയാക്കാൻ പലരും എന്നെ സമീപിച്ചിരുന്നു ഒന്ന് രണ്ടുപേർ സ്ക്രിപ്റ്റും കൊണ്ടുവന്നിരുന്നു.അതിലൊന്നിൽ നാരായണിയായി ആറേഴു നടിമാരെ അവതരിപ്പിക്കാനായിരുന്നു പ്ലാൻ.മതിനപ്പുറത്തുനിന്ന് ഓരോ തവണയും കഥാനായകനോട് സംസാരിക്കുമ്പോൾ അയാളുടെ
ഭാവനയിൽ വ്യത്യസ്ത ഇമേജിനുകളായി വരുന്ന നാരായണിമാർ
.
ഇതൊരു ബിയോപിക് രൂപപ്പെടുന്നതിന്റെ തൊട്ടുമുമ്പുണ്ടായൊരു അനുഭവ കഥയാണ്.ബഷീർ വാസ്തവത്തിൽ മരണപ്പെട്ടതിനു ശേഷമാണ് മതിലുകൾ എന്ന കഥ സിനിമയായതെങ്കിൽ അത് മേൽപ്പറഞ്ഞ സ്ക്രിപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ചെയ്തിരുന്നതെങ്കിൽ തീർച്ചയായും മലയാളികൾ 7 സുന്ദരികളായ നായികമാരെ അതിൽ കണ്ടേനെ.പക്ഷെ ഇത്രയൊക്കെ കൂലം കഷമായി പഠിച്ച അടൂർ മതിലുകളിലെ നാരായണിക്ക് നൽകിയ ശബ്ദം മലയാളിക്ക് ഊണിലും ഉറക്കത്തിലും സുപരിചിതയായ കെ പി ഏ സി ലളിത യുടേതായിരുന്നു എന്നതാണ് അത്യന്തം രസാവഹമായ കാര്യം.മതിലുകളിലെ ബഷീറിന് ഒരു പക്ഷെ ശബ്ദം കൊണ്ട് കെ പി ഏ സി ലളിതയെ തിരിച്ചറിയില്ലായിരിക്കാം പക്ഷെ മലയാളിക്ക് അവരുടെ ശബ്ദത്തിലൂടെ നാരായണിയെ തിരിച്ചറിയാനാകും എന്നതാണ് അടൂരിന്റെ മതിലുകളുടെ ഏറ്റവും വലിയ പരിമിതിയും പരാജയവും.സുപരിചിതമല്ലാത്ത ഒരു ശബ്ദമായിരുന്നു നാരായണിക്കായി അടൂർ ഒരുക്കിയിരുന്നെതെങ്കിൽ എന്ന് സിനിമകാണുമ്പോൾ വല്ലാതെ മോഹിച്ചുപോയിരുന്നു. ഏതു കൊലകൊമ്പനായ സംവിധായകനും വീണുപോകുന്ന സന്ദർഭമാണിത്.
ബഷീറിനെപോലെ മാധവിക്കുട്ടിക്കും ഒരു പാട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആശങ്കകളും കമലുമായി പങ്കുവെക്കാനുണ്ടാകുമായിരുന്നു. കമലിന്റെ സാധ്യതയും പരിമിതിയും ഒരു പക്ഷെ അതാകാം. ഒരേ സാഹിത്യ സൃഷ്ടി പലരും പലതായാണ് വായിക്കപ്പെടുന്നത് എന്നത് പോലെത്തന്നെയാണ് ഒരു സിനിമ പലരും പല ആംഗിളുകളിലാണ് വീക്ഷിക്കുന്നത്.അപ്പോൾ കനമുള്ള എഴുത്തുകൊണ്ടും കഥയുള്ള ജീവിതംകൊണ്ടും തിളച്ചുമറിഞ്ഞൊരു സൗന്ദര്യാത്മക ഇതിഹാസത്തെ സെല്ലുലോയ്‌ഡിലേക്കു പകർത്തുമ്പോൾ നൂറല്ല ആയിരംതവണ പലകോണുകളിലൂടെ നോക്കേണ്ടിയിരിക്കുന്നു.
എന്നാൽപോലും എല്ലാവരെയും തൃപ്തിപ്പെടുത്താൻ പര്യാപ്തമായൊരു സിനിമയോ നാടകമോ സാഹിത്യരൂപമോ ലോകത്തൊരിടത്തും ഇന്നുവരെ ഉണ്ടായിട്ടില്ല എങ്കിലും
ആസ്വാദകരുടെ സാമ്പ്രദായിക യുക്തികളുടെ അതിരുകളെ വേലികെട്ടി സംരക്ഷിക്കാനുള്ളൊരു ബഹുമുഖമായ ശില്പഭദ്രതയും സൗന്ദര്യ ശാസ്ത്ര അവബോധവും പരിപാലിച്ചേ മതിയാകൂ.
.ആമി അത് എത്രമാത്രം നിറവേറ്റിയിട്ടുണ്ടു എന്നതാണ് ആസ്വാദകർ പേർത്തും പേർത്തും ചിന്തിക്കുന്നതും ആശങ്കപ്പെടുന്നതും.അതാകാം തിളച്ചുമറിയുന്ന ഈ വിവാദത്തിന്റെ കാതലും ..SOMAN POOKKAD