കൊച്ചി: കേരളത്തിന്റെ സ്വന്തം വടംവലിയെ കേന്ദ്രീകരിച്ച് ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ആഹാ’. സാസാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം അബ്രഹാം നിര്‍മ്മിക്കുന്ന ചിത്രം, എഡിറ്റര്‍ കൂടിയായ ബിബിന്‍ പോള്‍ സാമുവേലാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഹന്‍ലാല്‍ റിലീസ് ചെയ്തു.
വടംവലിയിലെ എക്കാലത്തെയും മികച്ച ടീം ആയ ‘ആഹാ നീലൂരി’ന്റെ നാമധേയം സ്വീകരിച്ചുകൊണ്ടുള്ളതാണ് ചിത്രം. വടംവലിയ്ക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിനായി പ്രത്യേക മേക്ക് ഓവറിലാണ് ഇന്ദ്രജിത്ത് എത്തുന്നത്.
ടോബിട് ചിറയത്ത് തിരക്കഥ എഴുതുന്ന ‘ആഹാ’യുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രാഹുല്‍ ബാലചന്ദ്രനാണ്. ഗായിക സയനോരാ ഫിലിപ്പാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. താര നിര്‍ണ്ണയം നടന്നു വരുന്ന ‘ആഹാ’യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.