സിനിമാ മേഖലയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായി തുടക്കം കുറിച്ച് വെള്ളിത്തിരയുടെ മുന്‍പിലെത്തി സഹനടന്‍ വേഷങ്ങളില്‍ തിളങ്ങിയ വിജയന്‍ പെരിങ്ങോട് (66) വിടപറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ നാലരയ്ക്ക് പാലക്കാട് കൂറ്റനാട് പെരിങ്ങോട്ടെ കണ്ണത്ത് വസതിയിലാണ് അന്ത്യം.
1983ല്‍ പുറത്തിറങ്ങിയ പിഎന്‍ മേനോന്റെ ‘ അസ്ത്രം ‘ എന്ന ചിത്രത്തിലൂടെയാണ് അഭ്രപാളിയിലേക്ക് കാലെടുത്ത് വെച്ചത്. തുടര്‍ന്ന് നിരവധി വേഷങ്ങളില്‍ നൂറിലേറെ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മുന്‍പില്‍ എത്തി. സത്യന്‍ അന്തിക്കാട് – ലാല്‍ ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഐവി ശശിയും ബാലചന്ദ്രന്‍മേനോനും ഉള്‍പ്പെടെയുള്ളവരോടൊന്നിച്ച് നിരവധി സിനിമകളുടെ നിര്‍മ്മാണത്തിലും കഴിവ് തെളിയിച്ചു.
ദേവാസുരം, ഒപ്പം, ശ്രീധരന്റെ ഒന്നാം മുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, അച്ചുവിന്റെ അമ്മ, സെല്ലുലോയ്ഡ്, രക്ഷാധികാരി ബൈജു, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ചഞ്ജലാക്ഷി. മക്കള്‍: കണ്ണന്‍, അനന്ദ പത്മനാഭന്‍, ഗായത്രി. സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും.