‘ അധിനായക ജയഹേ’ ?! – സങ്കട ഫലിതങ്ങളും രാജ്ഭവനിൽ മുഴങ്ങുന്ന ‘ജയ ജയ ജയ ജയഹേ’യും

2
388

സിനിമ

പ്രസാദ് കാക്കശ്ശേരി

‘അധിനായക ജയ ഹേ’ എന്ന ദേശീയ ആത്മാഭിമാന പ്രഹർഷത്തെ, സമൂഹത്തിൽ ഉറഞ്ഞു പോയ ആണത്ത പരികല്പനകളെ പുനർവിചാരിക്കാൻ പ്രേരണയാകുന്നു ‘ജയ ജയ ജയ ജയഹേ ‘ സിനിമയുടെ ദൃശ്യാനുഭവം. ജയൻ എന്ന പേരിൽ ഉള്ളടങ്ങിയ പൗരുഷത്തെ, ജയ എന്നാക്കി പെണ്ണിന് ചാർത്തിക്കൊടുക്കുന്ന വ്യവസ്ഥയുടെ ഇംഗിതങ്ങളെ, ധാരണകളെ അനാവൃതമാക്കുന്ന തിരക്കാഴ്ചയിൽ വിപിൻദാസ് എഴുതി സംവിധാനം ചെയ്ത ‘ ജയ ജയ ജയ ജയഹേ ‘കൈയ്യടികളാലും അവനവനറിയാതെ മുഖത്തെത്തുന്ന കൈയ്യടികളാലും വേറിട്ട കാഴ്ചയാകുന്നു.

ജയയുടെ ജീവിത വഴികളാണ് സിനിമയിൽ. ഒരു വഴിയുമില്ലാതെ വഴിപാട് പോലെ ആർക്കൊക്കെയോ വേണ്ടി കെട്ടിയാടുന്ന ജീവിതം. ചീത്തപ്പേര് കേൾപ്പിക്കാതെ വീട്ടിൽ നിന്നിറങ്ങേണ്ടവൾ. അതുവരെ കാണാത്ത മറ്റൊരു വീട്ടകത്തിൽ ചെന്ന് കേറേണ്ടവൾ. ചെറുപ്പം മുതൽക്കേ അവൾക്ക് മുന്നിൽ കല്പിക്കപ്പെട്ട ശീലങ്ങൾ, നടപ്പിലും ഇരിപ്പിലും പഠിപ്പിലും കുടുംബം നിശ്‌ചയിക്കുന്ന വിധിയെഴുത്തുകൾ.. വിവാഹ ശേഷം അവൾ നേരിടുന്ന സ്നേഹരാഹിത്യത്തിന്റെയും പുരുഷാധികാരത്തിന്റെയും ബലപ്രയോഗങ്ങൾ .. ഒരു പെൺകുട്ടിയുടെ ജീവിത നാൾവഴികളെ സൂക്ഷ്മ സന്ദർഭങ്ങളിലൂടെ അവതരിപ്പിച്ച് പൂർവ നിർണീതമായ സമൂഹധാരണകളെ, ആൺകോയ്മാ ധാരണകളെ ട്രോളുന്നു സിനിമ. അടിവയർ കീഴിലെ പൗരുഷ ഉദ്ധൃതയെ തൊഴിക്കുന്ന ‘ ജയ ജയ ജയ ജയഹേ ‘ചിരിച്ച് മറിഞ്ഞ , പരിക്കേറ്റതിന്റെ രോഷം അറിയിച്ച വഷളൻ കമൻറിൽ തിയറ്റർ അക്ഷരാർത്ഥത്തിൽ ബഹുസ്വരമായി. തിയറ്റർ കാഴ്ചയിൽ നിന്ന് മാറി ഒന്ന് അറ്റൻഷനിൽ നിന്ന് ആത്മവിചാരത്തിന് പ്രേരിപ്പിക്കുന്നു സിനിമ എന്നതും നേര്.

കുടുംബം എന്ന ആൺ മേധാവിത്ത ഘടന, അനുസരണ മൗലിക സ്വഭാവമായി ഏറ്റെടുക്കേണ്ടി വരുന്ന സ്ത്രീയവസ്ഥ, ആദർശാത്മക സമത്വ വാചാടോപങ്ങളുടെ പ്രായോഗിക ജീവിത പൊയ്ക്കാഴ്ചകൾ, തൊഴിലിടത്തിൽ അവമതിക്കപ്പെടുന്ന പെണ്ണവസ്ഥകൾ. സ്ത്രീകളിലൂടെ തന്നെ തലമുറയായി കൈമാറ്റം ചെയ്യപ്പെടുന്ന ആൺ ധാരണകളുടെ ഉള്ളടക്കങ്ങൾ, കാമുകി, ഭാര്യ, അമ്മ എന്നീ അവസ്ഥകളിൽ സ്ത്രീക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രത്യക്ഷവും പരോക്ഷവുമായ പൗരുഷ നിഷ്ഠമായ ബലപ്രയോഗങ്ങൾ. എന്നാൽ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ഉള്ളടക്കം ആത്മാഭിമാനത്തിന്റെ, തുല്യ നീതിയുടെ പെൺപതാകയാണ്.’ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ ൽ നിന്ന് ‘ ജയ ജയ ജയ ജയഹേ ‘ യിലെത്തുമ്പോൾ സമകാലത്ത് വികലമാക്കുന്ന ദേശാഭിമാനം പോലെ ആൺ ദുരഭിമാനത്തിന്റെ പൊള്ളയായ തീർപ്പുകളെയും മലയാള സിനിമ പരിക്കേല്പിക്കുന്നതിന്റെ ധീരത പ്രകടമാകുന്നു.

വേണ്ടെന്ന് പറയുന്നത് ഞങ്ങളുടെ മര്യാദ, തരേണ്ടത് നിങ്ങളുടെ കടമ എന്നത് സ്ത്രീധനക്കാര്യം മാത്രമല്ല. ആദർശ – പ്രായോഗികവൈരുധ്യ നിലപാടുകളുള്ള വ്യാജ യുക്തിക്കകത്ത് ജീവിക്കുന്ന സമൂഹത്തിന്റെ പ്രതിഛായയാണ്. ഒരു സ്ത്രീക്ക് അടിസ്ഥാനമായി വേണ്ടത് അനുസരണയാണെന്ന യജമാന തിട്ടൂരം തന്നെയാണ് കെട്ടിച്ച് വിടാനുള്ളതിനെ പഠിപ്പിച്ചിട്ടെന്ത് കാര്യം എന്ന വാദത്തിന് പിന്നിലും ഉള്ളത്. ആൺകോയ്മാ കല്പനയിൽ ശബ്ദമുഖരിതമായ വ്യവസ്ഥയിൽ നിശ്ശബ്ദം സഹിച്ച് കൊണ്ടല്ല, സ്വയം ആർജിച്ച തൻറേടം കൊണ്ടാണ് സ്ത്രീ മുന്നേറേണ്ടത് എന്ന് പറഞ്ഞ് വെക്കുന്നിടത്താണ് ഒരു രാഷ്ട്രീയ സിനിമയായി ‘ജയ ജയ ജയ ജയഹേ ‘ മാറുന്നത്. പുറം ലോകം അപ്രാപ്യമാകുമ്പോഴും സാമൂഹിക മാധ്യമങ്ങൾ തുറന്ന് തരുന്ന സ്വയം പ്രതിരോധവഴികൾ അവളെ കരുത്തുറ്റതാക്കുന്നു. ആണുങ്ങളേ, നിങ്ങളെന്താണ് ഹേ ഇങ്ങനെ എന്ന് പൊള്ളിക്കാൻ പാകത്തിൽ കാഴ്ചപ്പെടുന്നു എന്നതാണ് സിനിമയുടെ വേറിടൽ. ‘കൊല്ലം കണ്ടവന് ഇല്ലം വേണ്ട ‘ എന്ന പഴഞ്ചൊല്ലിലെ കൊല്ലമാണ് സ്ഥലവും ഭാഷയുമായി സിനിമയിൽ. ‘കൊച്ചി കണ്ടവന് അച്ചി വേണ്ട ‘ എന്ന ചൊല്ലും ഓർക്കാവുന്നതാണ്. കുടുംബം, സ്ത്രീ എന്നത് നഗരത്തിന്റെ പൗരുഷ പ്രഭയിൽ അനാവശ്യം എന്ന നിഷ്കളങ്ക ധ്വനി അത്ര സ്വാഭാവികമാവില്ല.

നായകന് വേണ്ടിയല്ല, നായികക്കുവേണ്ടിയാണ് തിയറ്ററിലെ കൈയ്യടികൾ. ജയയുടെ പ്രതിരോധങ്ങൾക്ക് പശ്ചാത്തലത്തിലുള്ള ആൺകളി കമന്ററിയിലെ വിധ്വംസകതയും രസകരമായി ചേർത്തു വെച്ചിടത്ത് ഒരു പൊളിച്ചെടുപ്പുണ്ട്. നായകന് വേണ്ടിയല്ലാതെ ഉയരുന്ന കൈയ്യടികൾ മലയാള സിനിമയിലെ മറ്റൊരു ഭാവുകത്വ സൂചന കൂടിയാണ്. ലൂസി ഇറിഗാറോ, ഹെലൻ സിക്സസ് എന്നീ ഫ്രഞ്ച് ഫെമിനിസ്റ്റുകൾ സ്ത്രീ – പുരുഷ ദ്വന്ദ്വത്തെ അപനിർമ്മിക്കുന്നതിന്റെ സൈദ്ധാന്തികതയേക്കാൾ കലാസൃഷ്ടി സാധ്യമാക്കുന്ന സാമൂഹ്യ നീതിയിലധിഷ്ഠിതമായ അപനിർമ്മാണത്തിന്റെ ജനകീയതയും യുക്തിയും എത്രമേൽ സാർത്ഥകമാകുന്നു എന്ന ആലോചനയ്ക്കും സിനിമ പ്രേരണയാകുന്നുണ്ട്. ജനനവും മരണവും മുഖാമുഖമായി അപഹസിക്കുന്ന വിരുദ്ധ ധ്വനി ഫലിതങ്ങളുള്ള ‘ജാൻ. എ. മൻ ‘സിനിമ ചെയ്ത ചിയേഴ്സ് എൻറർടെയ്ൻമെൻറിന്റെ ഈ സിനിമയും സങ്കട ഫലിതങ്ങളുടെ പ്രതലത്തിൽ തന്നെയാണ് ശക്തമാകുന്നത്. ദർശനയും ബേസിലും മഞ്ജു പിള്ളയുമടക്കം മിക്കവരും അവതരിപ്പിച്ച കഥാപാത്രങ്ങൾ മനസ്സിൽ നിൽക്കുന്നു എന്നത് വിജയം. ആൺ അഹന്തയുടെ ശരീരഭാഷയിൽ നിന്ന് പരിക്കേറ്റ് ഇളിഭ്യമാകുന്ന രാജ്ഭവനിലെ രാജേഷിനെ ബേസിൽ മികവുറ്റതാക്കി. രാജ്ഭവനിൽ (രാജേഷിന്റെ വീട്ടു പേര് )നിന്ന് മുഴങ്ങുന്ന ‘ജയ ജയ ജയ ജയഹേ ‘
പ്രേക്ഷകരുടെ വീട്ടകങ്ങളിലേക്ക് പടരാവുന്ന ദൃശ്യാനുഭവമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

2 COMMENTS

  1. പ്രസാദ് കാക്കശ്ശേരിയുടെ നിരൂപണം വളരെ നന്നായിരിക്കുന്നു. സ്ത്രീകൾക്ക് കൽപിക്കുന്ന വിലക്കുകൾ എത്രകണ്ട് ബാലിശമാണ് എന്ന് സിനിമ തുറന്നുകാട്ടുന്നു. കൂട്ടത്തിൽ അവയെ എങ്ങനെ പ്രതിരോധിക്കാമെന്നും.

LEAVE A REPLY

Please enter your comment!
Please enter your name here