കല വിപ്ലവം പ്രണയം

0
791

അന്‍സന്‍ പോള്‍, വിനോദ് വിശ്വം, സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, ഗായത്രി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവഗാതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്ത സിനിമയാണ് കല വിപ്ലവം പ്രണയം. വീണ്ടും കോളേജ്, രാഷ്ട്രീയം, പ്രണയം എന്നിവയെ പശ്ചാതലമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം

ശൈലന്‍

കലയല്ലിത് കൊല

ചെങ്കൊടിയും വിപ്ലവമെന്ന് തെറ്റിദ്ധരിപ്പിക്കും വിധമുള്ള സെറ്റപ്പുകളും പോസ്റ്ററുകളും മുന്നിൽ വച്ച് മെക്സിക്കൻ അപാരത പോലുള്ള ഊളപ്പടങ്ങൾ നേടിയ വമ്പൻ ഇനിഷ്യലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാവണം ജിതിൻ ജിത്തു എന്ന സംവിധായകൻ തന്റെ ആദ്യ ചിത്രത്തിന്ന് ഇറങ്ങിത്തിരിച്ചത്. പാർട്ടിബോധം തൊലിപ്പുറമെ കൊണ്ടു നടക്കുന്ന സഖാക്കളെ പെട്ടെന്ന് കെണിയിൽ വീഴ്ത്താൻ പാകത്തിൽ ഒരു യമണ്ടൻ ടൈറ്റിലുമിട്ടു.. “കല വിപ്ലവം പ്രണയം” . ഹെന്താല്ലേ!!! കേട്ടു കഴിഞ്ഞാൽ സഖാവ് വി ഐ ലെനിനൊക്കെ എഴുതിയ ഏതോ കടുക്കട്ടി പാർട്ടി സാഹിത്യപ്പുസ്തകത്തിന്റെ ടൈറ്റിലാണെന്നേ തോന്നുന്നൂ. ചെങ്കൊടിയും കണ്ട് കലയും വിപ്ലവും പ്രണയവും അന്വേഷിച്ച് തിയേറ്ററിൽ കേറുന്നവരുടെ ക്ഷമയെ പരീക്ഷിച്ചുകൊണ്ട്, രണ്ടുമണിക്കൂർ (ഭാഗ്യം അത്രയേ ഉള്ളൂ ദൈർഘ്യം) കൊല്ലാക്കൊല ചെയ്യുകയാണ് സംവിധായകൻ. കല എന്ന ടൈറ്റിലിലെ ആദ്യവാചകം കൊണ്ട് കൊലപാതകം തന്നെയാവും ഉദ്ദേശിച്ചിട്ടുണ്ടാവുക. അതല്ലാതെ വേറൊരു കലയും ഇതിന്റെ ഏഴയലത്തുകൂടി പോയിട്ടില്ല.

ഉപരിപ്ലവം

കിണർ എന്ന സിനിമ കാണാന്നു കരുതി പോയപ്പോൾ അതിന് തുടർച്ചയായി രണ്ടാം ദിവസവും ഒരു മനുഷ്യനും വന്നിട്ടില്ലാത്തതിനാൽ ഒരു ഷോ പോലും കളിച്ചിട്ടില്ലെന്നും പറഞ്ഞ് കൗണ്ടറിലെ ആൾ എന്നെ വളരെ റെസ്പെക്റ്റോട് കൂടി നോക്കിയപ്പോഴാണ് അടുത്ത തിയേറ്ററിലേക്ക് പോയത്. പോസ്റ്ററും പബ്ലിസിറ്റിയുമൊക്കെ കണ്ടപ്പോൾ കൊള്ളാമെന്നൊരു തോന്നൽ എങ്ങനെയോ വന്നു പെട്ടു പോവുകയും ചെയ്തു. ഇതേ പ്രതീക്ഷയിൽ തന്നെയാവണം അത്ര പരിചയമില്ലാത്ത നായകന്മാരായിട്ടും തിയേറ്ററിൽ ഉണ്ടായിരുന്ന ഇരുപത്തഞ്ചോളം പേരും ടിക്കറ്റ് എടുത്തിട്ടുണ്ടാവുക. പക്ഷെ, തന്റെ സിനിമയെക്കുറിച്ചോ ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മറ്റ് സിനിമകളെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഒരു സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ഉപരിപ്ലവതയ്ക്കും പുറത്തുള്ള മാഞ്ഞാളം കളികൾ മാത്രമായി മാറുന്നു പടത്തിലെ മൊത്തം സംഗതികളും..

ഇതാണത്രേ പ്രണയം.

മാമ്പഴക്കര, ചുള്ളിയാർപാടം എന്നിങ്ങനെയുള്ള രണ്ട് സ്ഥലങ്ങളാണ് സിനിമയിൽ പശ്ചാത്തലമായി വരുന്നത്. സ്കൂൾ കാലഘട്ടത്തിലുള്ള ജയൻ-ഗ്രീഷ്മ പ്രണയത്തിലേക്കാണ് ടൈറ്റിൽ പോലും എഴുതും മുൻപെ സിനിമ നേരിട്ട് പ്രവേശിക്കുന്നത്. ഒപ്പം തന്നെ പാരലലായി ഒരു നന്ദൻ-ആയിഷ പ്രണയവും സ്കൂളിൽ മൊട്ടിടുന്നുണ്ട്. അതിങ്ങനെ പത്തുമിനിറ്റ് ആകുമ്പോൾ പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെ ടൈറ്റിൽസ് എഴുതാൻ തുടങ്ങുകയും നാലുപേരും ഡ്യുയറ്റ് പാടാൻ പ്രായത്തിൽ യഥാക്രമം ആൻസൻ പോൾ, ഗായത്രി സുരേഷ്, വിനീത് വിശ്വം, നിരഞ്ജന അനൂപ് എന്നിവർ ആയി മാറുകയും ചെയ്യും. ഗ്രീഷ്മ കോളേജിൽ ടീച്ചറായി എന്നു പറയപ്പെടുന്നു. ജയനും നന്ദനും വായിൽനോട്ടമല്ലാതെ വേറെ പരിപാടിയിന്നുമില്ല. ആയിഷ പർദ്ദയിട്ട് എങ്ങോട്ടോ പോവുന്നുണ്ട്. ഇവർ തമ്മിൽ ഭയങ്കരമായ പ്രണയത്തിൽ ആണ് എന്നതാണ് വെപ്പ്. പ്രണയത്തിലെങ്കിലും ഫോക്കസ് ചെയ്യാനോ അത് ഏതെങ്കിലും വിധത്തിൽ അനുഭവഭേദ്യമാക്കാനോ സ്ക്രിപ്റ്റിൽ നീക്കങ്ങളൊന്നുമില്ലതാനും..

എസ് എഫ് വൈ, കമ്മ്യൂണിസം

നായകന്റെയും ഉപനായകന്റെയും ഒപ്പം പണ്ട് ക്ലാസിൽ ഉണ്ടായിരുന്ന രണ്ട് ചെക്കന്മാർ സൈജുക്കുറുപ്പ്, ബിജുക്കുട്ടൻ എന്നിവരായി വളർന്ന് ഫുൾടൈം ഇവർക്കൊപ്പമുണ്ട് എന്നതും ലോക്കൽ കമ്മറ്റി അംഗമായ സന്തോഷ് കീഴാറിന്റെ ക്യാരക്റ്ററിനെ പിൻ പറ്റി പാർട്ടി ക്ലാസുകളിൽ പങ്കെടുക്കുന്നു എന്നതുമൊക്കെയാണ് പടത്തിന്റെ വിപ്ലവബന്ധം.. കോളേജിൽ കേറി അടിയുണ്ടാക്കുന്നതും മുനിസിപ്പാലിറ്റിയുടെ മാലിന്യ സംസ്കരണപ്ലാന്റ് നാട്ടിൽ വരുന്നതിനെതിരെ പാർട്ടിയുടെ അനുമതി ഇല്ലാതെ നാലു മുദ്രാവാക്യം വിളിക്കുന്നതുമൊക്കെയാണ് യെവരുടെ വിപ്ലവപ്രവർത്തനം.. ((ദോഷം പറയരുതല്ലോ നാലുമുദ്രാവാക്യം തെകച്ച് വിളിക്കുന്നതിന് മുൻപെ ഗവൺമെന്റ് മാലിന്യപ്ലാന്റുമായി വാലും ചുരുട്ടിക്കൊണ്ട് ഓടി കേട്ടോ..)) കോളേജിലെ വിപ്ലവ വിദ്യാർത്ഥി സംഘടനയുടെ പേര് മറ്റേ അപാരതയിലെപ്പോലെ എസ് എഫ് വൈ എന്നാണ്. എന്താണ് പിണ്ണാക്കാണാവോ അതിന്റെ ഫുൾഫോം!!!

ഇല്ലാത്ത തിരക്കഥ

ആഷിക്ക് അക്ബർ അലി എന്നൊരാളാണ് തിരക്കഥാ-സംഭാഷണങ്ങൾ എഴുതിയതായി കാണുന്നത്. തന്റെ ആദ്യതിരക്കഥയാണെന്നും അനുഗ്രഹിക്കണം എന്നും മറ്റും പറഞ്ഞുള്ള ഇദ്ദേഹത്തിന്റെ ഒരു എഫ്ബി പോസ്റ്റ് ഇന്നലെ സിപിസി യിലോ മറ്റോ കണ്ടിരുന്നു. സിനിമകൾ കാണുകയും സിനിമാ ഗ്രൂപ്പുകളിലൊക്കെ മെമ്പറായിരിക്കുകയും ചെയ്യുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്രയും ഊളയായ ഒരു സ്ക്രിപ്റ്റ് പടച്ചു വിടാൻ കഴിയുന്നത് എന്നോർത്തിട്ട് അന്തവും കുന്തവും കിട്ടുന്നില്ല. മുക്കാൽ ഭാഗത്തോളം എന്തരൊക്കെയോ കാട്ടിമുന്നോട്ട് പോയ സിനിമ പിന്നീടങ്ങോട്ട് എങ്ങനെയെങ്കിലുമൊന്ന് വച്ചുകെട്ടാനുള്ള തത്രപ്പാടിലാണ്.. കോട്ടുവായിട്ട് മരിക്കുവാനാണ് അതിനിടയിൽ പ്രേക്ഷകന്റെ യോഗം..

ജീവനില്ലാത്ത നായകൻ

ദുൽഖറിന്റെ സോളോയിലെ ത്രിലോക് എപ്പിസോഡിൽ തരക്കേടില്ലാത്ത ഒരു റോൾ കയ്യടക്കത്തോടെ ചെയ്ത ആൻസൺ പോൾ ആണ് ജയൻ ആയി വരുന്നത്. താടിയും മുടിയും നീട്ടി മീശ വച്ചതുകൊണ്ടാണോ എന്തോ ആർക്കോവേണ്ടി അഭിനയിക്കുന്ന പോലൊരു ഒട്ടും എനർജിയില്ലാത്ത ദൈന്യഭാവമാണ് നായകന് പടത്തിലുടനീളം. ഗായത്രി സുരേഷ് പിന്നെ ഉള്ള നിലവാരം കാത്തു സൂക്ഷിച്ചു. വിനീത് വിശ്വം, നിരഞ്ജന എന്നിവരെക്കുറിച്ചൊന്നും എടുത്തു പറയാനൊന്നുമില്ല. ഇന്ദ്രൻസ്, അലൻസിയർ ലോപ്പസ് പോലുള്ള മികച്ച നടന്മാരെയൊക്കെ വെറുതെ വിളിച്ചു കൊണ്ടുവന്ന് ഒതുക്കിക്കളയുന്നത് അവരോടും പ്രേക്ഷകരോടും ചെയ്യുന്ന ക്രൂരത.

ആൻസൺ പോൾ

കാശിനൊരുവിലയുമില്ലേ അച്ചായാാ…

ഡോക്ടർ റോയ് സെബാസ്റ്റ്യൻ ആണ് ദിർഹം ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ കല വിപ്ലവം പ്രണയം നിർമ്മിച്ചിരിക്കുന്നത്.. ദിർഹമായാലും റുപ്പി ആയാലും കാശു കാശ് തന്നെയല്ലേ അച്ചായാാ.. അത് നിങ്ങൾക്ക് നിർമ്മിക്കാൻ ചെലവാകുന്ന കോടികളായാലും നുമ്മക്ക് ടിക്കറ്റിന് ചെലവാകുന്ന നൂറുകളായാലും.. ആരെങ്കിലുമൊക്കെ വന്ന് എന്തെങ്കിലുമൊക്കെ പറയുമ്പോഴേക്ക് ചാടി വീഴണോ.. ആളെ മെനക്കെടുത്താനായിട്ട്..

Courtesy: https://malayalam.filmibeat.com 

LEAVE A REPLY

Please enter your comment!
Please enter your name here