മഞ്ജു പി എം
എം. സ്വരാജും പി സി. വിഷ്ണുനാഥും ഒക്കെ മനസ്സിൽ ആവേശമായി മാറിരുന്ന ഒരു ഡിഗ്രികാലം ഉണ്ടായിരുന്നു. കലാലയ രാഷ്ട്രീയമൊഴിച്ച് മറ്റെല്ലാവിധ കൗമാരക്കാല രസങ്ങളും ആസ്വദിക്കാൻ പറ്റിയ പെരുമ്പാവൂർ മാർത്തോമാ വുമൺസ് കോളേജിൽ ആയിരുന്നു പതിനെട്ടു വർഷങ്ങൾക്കു മുൻപ് ബിരുദകാലം ചിറകുവിടർത്തിയാടിയിരുന്നത്. ഒരു കൗമാരക്കാരിയുടെ വ്യക്തിത്വവികസനത്തിന് ആന്തരികവും ബാഹികവുമായ എല്ലാവിധ പിന്തുണയും നൽകികൊണ്ട് എൻ.സി.സി യും എൻ. എസ്. എസ് ഉം ജൂഡോയും വുമൺ സെല്ലും റീഡേഴ്‌സ് ക്ലബ്ബും നേച്ചർ ക്ലബ്ബും ആർട്സ് ക്ലബ്ബും എല്ലാം ഉണ്ടായിരുന്നപ്പോഴും കലാലയ രാഷ്ട്രീയത്തിന് മാർത്തോമാ കോളേജിൽ യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് വനിതാ കോളേജിൽ മാത്രം രാഷ്ട്രീയം പടിക്കു പുറത്ത് നിൽക്കുന്നതെന്നു അന്നാളിലൊക്കെ ചിന്തിച്ചിരുന്നു.
കാലടി ശ്രീ ശങ്കര കോളേജിന്റെ പ്രധാന കവാടത്തിനു മുന്നിലൂടെയാണ് അന്നൊക്കെ കോളേജിലേക്ക് ബസ്സിൽ പോയികൊണ്ടിരുന്നത്. കോളേജ് ഇലക്ഷൻ സമയം വരുമ്പോൾ മറ്റൂർ ജംഗ്ഷനിലും കാലടിയിലുമൊക്കെ കോളേജ് ഇലക്ഷൻ സ്‌ഥാനാർഥികളുടെ പരസ്യ പ്രചാരണങ്ങൾ ആയിരിക്കും. എന്നാൽ ഞങ്ങളുടെ കോളേജിൽ ഗ്രൂപ്പ് തിരിഞ്ഞുള്ള പാനലുകളും ഇലക്ഷൻ പ്രചരണങ്ങളും ജയ് വിളികളും ഒക്കെ ഉണ്ടായിരുന്നെങ്കിലും പരസ്യ പ്രചരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മാഗസിൻ എഡിറ്റർ ആയി നിന്ന് 25 വോട്ടിനു തോറ്റപ്പോഴും അടുത്ത വർഷം യു യു സി ആയി മത്സരിച്ചു 132 വോട്ടിനു ജയിച്ചപ്പോഴും ഒരു ചെറിയ മോഹം നിരാശയായി നിന്നിരുന്നു… മറ്റേതെങ്കിലും കോളേജിൽ ആയിരുന്നെങ്കിൽ ഈ സമയത്ത് എന്റെ പേരും ഫോട്ടോയും സ്‌ഥാനത്തിന്റെ പേരും സംഘടനയുടെ പേരും ഒക്കെയുള്ള പോസ്റ്ററുകൾ ക്യാപസ്സിനും പുറത്തുമായി നിറഞ്ഞേനെയിരുന്നു… അങ്ങനെയുള്ള പോസ്റ്ററുകളെ മനസ്സിൽ മെനഞ്ഞിട്ടുമുണ്ട്. എന്നാൽ മാർത്തോമാ വനിതാ കോളേജിൽ സ്വന്തം ചിലവിൽ പരസ്യം അച്ചടിച്ചാലും അതൊന്നും പതിപ്പിക്കാനുള്ള കീഴ് വഴക്കങ്ങൾ ഉണ്ടായിരുന്നില്ല.
കലാലയത്തിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കേണ്ടതില്ല എന്ന് പറഞ്ഞു കൊണ്ടുള്ള ചർച്ചകൾ കൊടുമ്പിരി കൊണ്ടിരുന്ന 2002-03 സമയത്താണ് ‘കലാലയങ്ങളെ അരാഷ്ട്രീയ വൽക്കരിക്കണോ’ എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ സംയുക്ത വിദ്യാർഥി പ്രസ്‌ഥാനത്തിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ കോളേജിൽ ഒരു ഇന്റർ കോളേജിയേറ്റ് ചർച്ച സംഘടിപ്പിച്ചത്. അന്ന് ഓരോ വിദ്യാർഥി പ്രസ്ഥാനത്തിലെയും മുതിർന്ന നേതാക്കന്മാരായ എം. സ്വരാജ്, പി സി വിഷ്ണുനാഥ്, അഭിലാഷ്, സിജോ സെബാസ്റ്റ്യൻ തുടങ്ങിയവർ ഒക്കെ പങ്കെടുത്തിരുന്നു. ഞങ്ങളുടെ കോളേജിനെ പ്രതിനിധീകരിച്ചു കൊണ്ട് ചർച്ചയിൽ പങ്കെടുക്കാൻ ഞാനും അന്നത്തെ കോളേജ് യൂണിയൻ ചെയർ പേഴ്സനും എന്റെ ഉറ്റ സുഹൃത്തുമായ റെജീന വർഗീസും അമ്പിളി തങ്കപ്പനും ഒക്കെ ഉണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ലേബൽ ഒന്നും ഇല്ലാതെ തന്നെ മാർതോമയിൽ നടന്നിരുന്ന ഇലക്ഷനെ കുറിച്ചും അക്രമത്തിലേക്ക് വഴിമാറുന്ന കലാലയ രാഷ്ട്രീയത്തിന്റെ ദോഷ വശങ്ങളെക്കുറിച്ചും രാഷ്ട്രീയ സമരങ്ങളുടെ പേരിൽ പഠനം മുടങ്ങാത്ത സമാധാനപരമായ അന്തരീക്ഷമുള്ള മാർത്തോമാ കോളേജിന്റെ നിലപാടുകളെകുറിച്ചു മൊക്കെ ഞങ്ങളും വാദിച്ചു കൊണ്ടിരുന്നു. എന്നാൽ രാഷ്ട്രീയ ബോധശുന്യരായ ഒരു തലമുറയെ സൃഷ്ടിക്കാനെ അരാഷ്ട്രീയ കലാലയങ്ങൾക്ക് കഴിയൂ എന്നും വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നിടത്ത് അവർക്ക് വേണ്ടിയുള്ള ശബ്ദമായി മാറാൻ വിദ്യാർഥി രാഷ്ട്രീയ സംഘടനകൾ കലാലയങ്ങളിൽ ഉണ്ടാകണം എന്ന വീക്ഷണത്തിൽ ഘനഗാഭീര്യത്തോടെ പ്രസംഗിച്ചു കൊണ്ടിരുന്ന എം. സ്വരാജിനെ ഉറ്റുനോക്കി കൊണ്ടിരുന്നപ്പോൾ പുള്ളി പറയുന്നതിനൊക്കെ തലയാട്ടി സമ്മതിച്ചു കൊടുക്കേണ്ടിയും വന്നിരുന്നു. ചൂട് ചർച്ചകളൊക്കെ നടക്കുന്നതിനിടയിലും വനിതാ കോളേജിനുള്ളിൽ മരുന്നിനെങ്കിലും വായ് നോക്കാൻ കിട്ടിയ ആൺപിള്ളേരെ വെറുതെയങ്ങു വിടാൻ ഞങ്ങൾക്കും തോന്നിയില്ല. കടുത്ത നിറമുള്ള ഷർട്ടും വെള്ള മുണ്ടും നല്ല തിക്ക് തലമുടിയും കട്ട മീശയും ഒക്കെയുള്ള സ്വരാജിനെ നോക്കികൊണ്ട് “ആ ചേട്ടൻ കൊള്ളാമല്ലേ റെജീനെ.. ” എന്ന് ഞാൻ പറഞ്ഞപ്പോൾ “പല്ല് ഇടയിൽ ചാടിയിട്ടുണ്ടെങ്കിലും എനിക്ക് മറ്റേ ചേട്ടനെയാടീ പിടിച്ചത് ” എന്ന് അവളും അടക്കം പറഞ്ഞു. വെള്ളയും വെള്ളയും ഖദർ ഇട്ട് വെളുത്ത് മെലിഞ്ഞു ചെറിയ താടിയൊക്കെയുള്ള പി സി വിഷ്ണു നാഥ് ന്റെയും നല്ല തീപ്പൊരി പ്രസംഗം ആയിരുന്നു. അധ്യാപകർക്കും മാനേജ്മെൻറ്റിനും കൃത്യമായ രാഷ്ട്രീയ മുള്ളപ്പോൾ നമ്മൾ വിദ്യാർഥികൾക്ക് എന്തുകൊണ്ട് കലാലയത്തിൽ രാഷ്ട്രീയ പ്രവർത്തനം ആയിക്കൂടാ എന്ന് സദസ്സിനോട് വിഷ്ണുനാഥ് ചോദിക്കുമ്പോൾ, മറുത്തൊന്നും പറയാൻ കേട്ടിരുന്ന ഒറ്റയാളുടെ പോലും നാവുയർന്നില്ല. രാഷ്ട്രീയപരമായ ആഭിമുഖ്യം ഏതൊരു സംഘടനായോടായാലും അവരുടെ വ്യക്തവും ശുദ്ധവുമായ ആശയത്തോട് പ്രതിബന്ധത പുലർത്തികൊണ്ടാകണം ഓരോ വിദ്യാർഥികളും വികാസം പ്രാപിക്കേണ്ടത് എന്ന സന്ദേശത്തെ ഞങ്ങളിലേക്ക് സന്നിവേശിപ്പിച്ചു കൊണ്ടായിരുന്നു വ്യത്യസ്ത രാഷ്ട്രീയ പ്രസ്‌ഥാനത്തിന്റെ പ്രതിനിധികളായെത്തിയ ആ കുട്ടി നേതാക്കന്മാർ ഞങ്ങളുടെ ആ അരാഷ്ട്രീയ കലാലയത്തിൽ നിന്നും കയ്യടികൾ ഏറ്റുവാങ്ങിക്കൊണ്ടു പോയത്.
പ്രസംഗം കൊണ്ടും പൌരുഷം കൊണ്ടും ഞങ്ങളെ ആവേശിച്ച ആ യുവ നേതാക്കളെ പരിചയപ്പെടാൻ വേണ്ടി ചർച്ച കഴിഞ്ഞപ്പോൾ ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്നു. ആമുഖ സംസാരങ്ങൾക്ക് ശേഷം, തൊടുപുഴ ന്യൂ മാൻ കോളേജിൽ ഒരു വ്യക്തിത്വവികസന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട് കോളേജിലേക്ക് ലെറ്റർ അയക്കാം വരണം എന്ന് അവരും പറഞ്ഞു. പിന്നെ ക്യാമ്പിനുള്ള കാത്തിരിപ്പായിരുന്നു. അങ്ങനെ കുട്ടി നേതാക്കന്മാരെ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ കുറച്ചു പേർ ന്യുമാനിലേക്ക് പോയി. പക്ഷേ അവിടെ വന്നതൊക്കെ സംഘടനാ തലത്തിൽ അവരെക്കാൾ തൊട്ടു താഴെ നിലയിലുള്ള കുട്ടിക്കുട്ടി നേതാക്കന്മാരായിരുന്നു. പിന്നീട് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ ഏതൊരു ക്യാമ്പ് ഏത് കോളേജിൽ സംഘടിപ്പിച്ചാലും ഞങ്ങളുടെ കോളേജിനെ അറിയിക്കുകയും ഞാനും റെജീനയും അമ്പിളിയുമൊക്കെ ഉൾപ്പെടുന്ന കുറച്ചു പേർ മാർത്തോമാ കോളേജിലെ സ്‌ഥിരം പ്രതിനിധികളായി മാറുകയും ചെയ്തു.
ഡിഗ്രി അവസാന വർഷ പരീക്ഷയൊക്കെ കഴിഞ്ഞതിനു ശേഷം, യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷന് വോട്ട് ചെയ്യാൻ വേണ്ടി യു യു സി ആയിരുന്ന എന്നെ എസ് എഫ് ഐ യിലെ കുറച്ചു പ്രവർത്തകർ കാറുമായി വീട്ടിലേക്ക് വന്നാണ് യൂണിവേഴ്സിറ്റിയിലേക്ക് കൂട്ടികൊണ്ട് പോയത്. അന്ന് അച്ഛനും കൂടെ വന്നിരുന്നു. നേതാക്കന്മാരായ ആ ചേട്ടന്മാരൊക്കെ അവിടെ ഉണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു യാത്ര.
അങ്ങനെ അവിടെ ചെന്നപ്പോഴാണ് ക്യാമ്പസ്സിൽ എത്തിയ എം. സ്വരാജ് ഉം പി. സി. വിഷ്ണുനാഥ് ഉം ഒക്കെ ചില്ലറ ആൾക്കാർ ഒന്നും അല്ലെന്നു മനസ്സിലായത്. പോസ്റ്ററുകളും വിവിധ വിദ്യാർഥി സംഘടനകളുടെ കൊടി തോരണങ്ങളുമൊക്കെയായി ഉത്സവഛായയുള്ള ഒരു ഇലക്ഷന്റെ ഭാഗമാവുക എന്നത് എന്റെ ആദ്യ അനുഭവമായിരുന്നു. മുൻ എം. പി ആയിരുന്ന പി. കെ. ബിജു ആയിരുന്നു അന്ന് എസ് എഫ് ഐ പാനലിൽ മത്സരിക്കുന്ന സ്‌ഥാനാർഥി കളുടെ ലിസ്റ്റ് എനിക്ക് നൽകികൊണ്ട് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ പരിചയപ്പെടുത്തി തന്നത്. എം. ലിജു, സിന്ധു ജോയ് തുടങ്ങി പലരെയും പരിചയപ്പെടാൻ കഴിഞ്ഞ അവസരമായിരുന്നു അത്. പിന്നീട് കാലങ്ങൾ കടന്നുപോയതോടെ ഈ കുട്ടി നേതാക്കന്മാരൊക്കെ പാർട്ടിയിൽ മുഖ്യസ്‌ഥാനങ്ങളിലേക്കും ജനമനസ്സുകളിൽ ആദർശമുള്ള നേതാക്കന്മാരായും പൊതുപ്രവർത്തകരായും ഒക്കെ വളർന്നു. ടി വി യിലും പത്രത്തിലും ഒക്കെ ഇവരെ കാണുമ്പോൾ ഓർമ്മകൾ മാർത്തോമാ ക്യാമ്പസ് വരെ പോകും.
മാർത്തോമാ വനിതാ കോളേജിൽ കലാലയ രാഷ്ട്രീയത്തിന് സ്‌ഥാനം ഉണ്ടായിരുന്നില്ലെങ്കിലും കൃത്യമായ രാഷ്ട്രീയ ദിശാബോധമുള്ള വിദ്യാർഥിനികൾ തന്നെയായിരുന്നു കോളേജ് യൂണിയന്റെ സംഘടനാ പ്രവർത്തനങ്ങളിൽ നേതൃത്വ നിരയിൽ ഉണ്ടായിരുന്നത്. അന്ന് ഞങ്ങൾക്കൊപ്പം യുണിയനിലെ അംഗമായിരുന്ന വി. എം റഷീദ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗമായും റീജ വിജയൻ പെരുമ്പാവൂർ നഗരസഭംഗമായും മോബി മോൾ സഹകരണ ബാങ്ക് സെക്രട്ടറിയുമായൊക്കെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പിന്നീട് തിരഞ്ഞെടുക്കപ്പെ ട്ടിരുന്നു. പ്രായപൂർത്തി വോട്ടവകാശം ലഭിക്കും മുൻപേ വ്യക്തമായ രാഷ്ട്രീയ ആദർശങ്ങൾ ഉള്ള പൗരന്മാരായി വളരാൻ എല്ലാവിധ അനുകൂലമായ അന്തരീക്ഷങ്ങളും വിദ്യാർഥികൾക്ക് കലാ ലയങ്ങളിൽ നിന്നും ലഭിക്കണം. അവർക്ക് നേർവഴി തെളിച്ചു കാണിച്ചു മാതൃകയാകാൻ സംഘടനാ നേതാക്കൾക്ക് കഴിയണം. ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷൻ റിസൾട്ട് ടി വിയിൽ കണ്ടു കൊണ്ടിരുന്നപ്പോൾ എന്റെ ഉറ്റു നോട്ടം തൃപ്പൂണിത്തുറയിലേക്കായിരുന്നു… പതിനെട്ടു വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ അരാഷ്ട്രീയ കലാലയത്തിൽ രാഷ്ട്രീയം പ്രസംഗിക്കാനെത്തിയ നേതാവിന്റെ ലീഡ് നിലയിലേക്ക്…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
അന്നത്തെ കലാലയ ജീവിതത്തിന്റെ നേർസാക്ഷ്യം പകരുന്ന കുറിപ്പ്. അഭിനന്ദനങ്ങൾ????
Thank u????