മിസോറാം ഫ്രെയിമുകൾ

0
957
athmaonline-ormakal-02-ajusha-pv

കോവിഡ്കാല ഓർമ്മകൾ – രണ്ട്

അജുഷ പി വി

നാലു ചുവരുകൾക്കുള്ളിൽ അകപ്പെടുന്നതിന്റെ നിശബ്ദതയേക്കാൾ അഗാധമെന്ന തോന്നൽ തന്നതുകൊണ്ടാവാം,  ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അവിടെ പോയത് ഓർക്കുമ്പോഴോ മറ്റാരോടെങ്കിലും പറയുമ്പോഴോ ഉളളിൽ അത്രമേൽ ശാന്തത നിറയുന്നത്. വടക്ക് കിഴക്കായി ബംഗ്ലാദേശിനും മ്യാൻമറിനും ചേർന്ന് നില്ക്കുന്ന ഒരിന്ത്യൻ സംസ്ഥാനമെന്ന കൗതുകമായിരുന്നു ചെന്നെത്തുന്നതു വരെ മിസോറാം.

athmaonline-ormakal-02-ajusha-pv-05
അജുഷ പി വി

കൽക്കത്തയിൽ നിന്നും ഫ്ലൈറ്റിൽ കയറിയപ്പോൾ തന്നെ രസമായിരുന്നു. യാത്രികരുടെ മംഗോളിയൻ മുഖങ്ങളും, അവരുടെ കയ്യിൽ കണ്ട പ്രത്യേകതരം കൂടയും മറ്റു വസ്തുക്കളും , പിന്നെ വേഷവിതാനങ്ങളുമെല്ലാം അന്യമായ ഏതോ ദേശത്തിലേക്ക് എത്തിപ്പെടുന്നതിന്റെ സൂചനകളായി തോന്നി. എത്തേണ്ട സ്ഥലത്തിന്റെ ഉത്കണ്ഠകൾ എത്രമാത്രം ഒരു യാത്രികയെ ആനന്ദത്തിലാക്കുമെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ.

athmaonline-ormakal-02-ajusha-pv-01

നാട്ടിലെ ഒരു സാധാരണ കെട്ടിടത്തെ ഓർമ്മിപ്പിക്കുന്ന വിമാനത്താവളം ഉള്ളിലുണ്ടാക്കിയ അമ്പരപ്പ് മാറാൻ സമയമെടുത്തു. പുതുമകൾ ആദ്യം ഉള്ളിലുണ്ടാക്കുന്നത് ഭയമാണ്. സംശയത്തിന്റെ ഭാണ്ഡവും പേറിയായിരുന്നു പിന്നീടുള്ള ഓരോ നീക്കവും. നീണ്ട കുന്നിറക്കവും പൊട്ടിപ്പൊളിഞ്ഞ റോഡു മെല്ലാം താണ്ടി ചത്ത്ലങ്ങിലെ ഹോട്ടലിൽ എത്തിയത് വൈകുന്നേരമാണ്.

athmaonline-ormakal-02-ajusha-pv-04

രാവിലെ അഞ്ചോടെ വെളിച്ചം വീഴുകയും വൈകിട്ട് അഞ്ചോടെ ഇരുട്ടു പരക്കുകയും ചെയ്യുന്ന കാലത്താണ് ഞാൻ അവിടെ തങ്ങിയത്. മുൻ അന്വേഷണങ്ങളിൽ പുതുമയുള്ളതിലൊന്നും ഉടക്കാത്തത് കൊണ്ട് തന്നെ ഗവേഷണാവശ്യത്തിലേക്ക് മാത്രം എന്ന പ്ലാനോടെയെത്തിയത് സ്ഥലസന്ദർശനങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. പക്ഷേ എല്ലാ ഇന്ദ്രീയാനുഭവങ്ങൾക്കും അപ്പുറം ചില ദേശങ്ങൾ പ്രത്യേകതരം സ്റ്റേറ്റ് ഓഫ് മൈൻഡ്‌ ആണ്. ഒരോ ദേശത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും നല്കുന്ന അതിജീവന വെല്ലുവിളികൾ അവിടത്തെ ജനങ്ങളുടെ പൊതു സ്വഭാവത്തെ ബാധിക്കുമെന്ന് അവർ സാക്ഷ്യപ്പെടുത്തി. സ്വതന്ത്ര സംസ്ഥാനമാവാൻ തന്നെ നടത്തിയ ഇടപെടലുകളും ചരിത്രം പറഞ്ഞുവയ്ക്കുന്ന മറ്റ് അവഗണനകൾക്കും മീതെ അടിക്കടിയുണ്ടാവുന്ന ഭൂമികുലുക്കവും അവരെ അത്രമാത്രം പാകപ്പെടുത്തിയതായി തോന്നി.

athmaonline-ormakal-02-ajusha-pv

ക്ലാസുകളില്ലാത്ത നേരങ്ങളിലെ യാത്രകളിലെ ഓരേ കാഴ്ചകളും പുതിയ വർണ്ണങ്ങൾ കലരുന്ന ഫോട്ടോ ഫ്രെയിം പോലെ തോന്നിപ്പിച്ചു. രണ്ടോ മൂന്നോ നേരമായി ഊഴം വച്ചുള്ള ഞായറാഴ്ച പ്രാത്ഥനകളിൽ മുഴുകാനെന്നോണം കച്ചവടമുൾപ്പടെയുള്ള സംവിധാനങ്ങൾക്കും ഞായറാഴ്ച അവധിയാണവിടെ. മിസോ എന്നാൽ മലമുകളിലെ മനുഷ്യർ എന്നാണ്. മുളകൊണ്ടും അല്ലാതെയും കുന്നുകളുടെ ചെരുവുകളിൽ അടുക്കി അടുക്കി പണിത വീടുകൾ തന്നെ നല്ലൊരു കാഴ്ചയാണ്. ആൾക്കൂട്ടം നിറഞ്ഞ ചന്തകളിലും മറ്റ് കടകളിലും സ്ത്രീകൾ മാത്രമാണ് കച്ചവടക്കാർ.



പുറമേയുള്ളവർക്ക് വേണ്ടി ഒന്നും തന്നെ കരുതി വച്ചിട്ടില്ല അവർ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രകൃത്യായുള്ള പതിവ് വിനോദസഞ്ചാര സാധ്യതകൾക്കപ്പുറം ഒന്നും തന്നെ അവർ ഒരുക്കി വയ്ക്കാത്തത് അത്രമാത്രം കടന്ന് കയറ്റങ്ങളെ ആഗ്രഹിക്കാത്തതു കൊണ്ടാണെന്നു തോന്നും. വെറുതേയുള്ള നടത്തങ്ങളിൽ വഴി തെറ്റിയപ്പോഴൊക്കെയും ആരോടെങ്കിലും ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാൻ ചെല്ലുമ്പോൾ മിസോയിൽ എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ആദ്യം  അങ്കലാപ്പിലാക്കിയെങ്കിലും പിന്നീട് അതിന്റെ ആവശ്യമില്ലെന്ന് തോന്നി. കുറച്ച് ക്ഷമയുണ്ടെങ്കിൽ കയറ്റിറക്കങ്ങൾ മാത്രമുള്ള ഒരോ വഴികളും തുറിച്ചുനോട്ടങ്ങളോ വിസ്താരങ്ങളോ ഇല്ലാതെ നമ്മളെ ചെന്ന് ചേരേണ്ട ഇടങ്ങളിൽ എത്തിക്കും.

athmaonline-ormakal-02-ajusha-pv-02

‘പുആൻ’  വസ്ത്രം ധരിച്ച് ‘പെയ്ക്ക്വാങ്ങ് ‘ കൊട്ടകൾ പ്രത്യേക രീതിയിൽ തലയിൽക്കൂടെ പുറകിലേക്ക് തൂക്കി നടക്കുന്ന മിസോ സ്‌ത്രീകളെ ഇത്തരം നടത്തങ്ങളിലാണ് അടുത്ത് കണ്ടത്. അവരുടെ വസ്ത്രങ്ങളിലെ നിറങ്ങളേക്കാൾ കുളിരാർന്ന നിറങ്ങൾ അവിടുത്തെ സന്ധ്യയിലെ ആകാശത്തിൽ കാണുന്നത് വലിയ ആനന്ദമുണ്ടാക്കി.

ഓർമ്മക്കുറിപ്പുകളെന്നാൽ, ചില വിചാര-വികാരരങ്ങളുടെ പൂർണ്ണതയ്ക്ക് വേണ്ടി പ്രമേയാത്മകമായി ചെയ്യുന്ന കൊളാഷുകളാണെങ്കിൽ  സഞ്ചാരസ്വാതന്ത്ര്യാതിർത്തികൾക്കുള്ളിൽ സന്തോഷം കണ്ടെത്തുന്ന ഒരു ദേശത്തിന്റെ ഓർമ്മശകലങ്ങളാണ് മിസോറാം.



ഐസ്വാളിന് പുറത്ത്, സപ്തസുന്ദരികളിലൊരുവളുടെ ചാരുതകൾ ഒളിപ്പിച്ച ചാംപായ്യും ലങ്ളേയും സർചീപും പലക്ദിലുമെല്ലാം ചേർന്ന ഒരു യഥാർത്ഥ സഞ്ചാരത്തിൽ അതിജീവനവും ഉപജീവനവും ബാലൻസ് ചെയ്യുന്ന ഒരു വിഭാഗത്തിനെ അടുത്തറിയാനായി കാത്തിരിപ്പ്.. എന്നെന്ന് മാത്രമേ അറിയാതുള്ളൂ…

athma_online-whatsapp

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here