ഷിജു ആർ
ഹൈസ്കൂൾ കാലമാണ്.
വടകരയിലെ ടാക്സി സ്റ്റാന്റിനോടും ബസ് സ്റ്റാന്റിനോടും ചേർന്ന സ്കൂൾ. ഇന്റർവെല്ലുകളിൽ നിർത്തിയിട്ട ടാക്സികളുടെ വിൻഡോ ഗ്ലാസ് നോക്കി മുടി ചീകി, ബസ്സ്റ്റാന്റ് ബിൽഡിംഗിലേക്ക് ഓടും. അവിടെ മാക്സ് ഓഡിയോസ് എന്ന കാസറ്റ് ഷോപ്പിന്റെ വരാന്തയായിരുന്നു അഭയ കേന്ദ്രം.
“സാസുംകീ സരൂരത്ത് ഹേ ജൈ സേ..
സിന്ദഗീ കേ ലിയേ…
ബസ് ഏക് സനം ചാഹിയേ….
ആശിക്കീ കേലിയേ.. ”
പുതിയ പാട്ടാണ്. ക്യാസറ്റ് കവർ നോക്കി…
ശ്വാസം നിന്നു പോയി.
പൂക്കളുള്ള മിഡിയിട്ട പെൺകുട്ടിയെ ജാക്കറ്റ് കൊണ്ട് പൊതിഞ്ഞു പിടിച്ച ഒരു യുവാവ്. ആഷിക്കി എന്ന സിനിമയിലെ പാട്ടാണ്. മലയാള സിനിമകളിൽ കാണാത്ത പ്രായവും പ്രണയവുമുള്ള ഹിന്ദി സിനിമകളിലേക്ക്, നായികാ നായകന്മാരുടെ ശരീരഭാഷയിലേക്ക്, അതിലെ പാട്ടുകളിലേക്ക് ഞങ്ങളുടെ തലമുറയെ വഴി നടത്തിയ സർവ്വകലാശാലയായിരുന്നു ആ ക്യാസറ്റ് കട.
ആഷിക്കിയുടെ ക്യാസറ്റ് കവറിലാണ് ഈ രണ്ടു മുഖങ്ങൾ ആദ്യമായി കാണുന്നത്. നദീം / ശ്രാവൺ.
ആഴമുള്ള കണ്ണുകളും നീണ്ട മുടിയും കൊണ്ട് ഞങ്ങളെ ആകർഷിച്ച സഞ്ജയ് ദത്ത്, ശരീര സൗന്ദര്യവുമായി സൽമാൻ ഖാൻ, പാതി സ്ത്രൈണതയിൽ ആമിർ (ദിൽ ഇറങ്ങിയ കാലം ), ബോളിവുഡിൽ അപൂർവമായ മീശയും വച്ച് ജാക്കി ഷിറഫ്, അലസമായി മുടി തഴുകി അനിൽ കപൂർ,
ഏതിരുട്ടിലും പ്രകാശിക്കുന്ന ചിരിയായിരുന്നു മാധുരി ദീക്ഷിത്, കാലം വിരുന്നെത്താൻ മറന്ന മുഖശ്രീയായിരുന്നു ശ്രീദേവി, എത്ര ഗ്ലാമറസ്സായി നടിച്ചാലും കുട്ടികളുടെ മുഖമായിരുന്നു ഊർമ്മിള മണ്ഡോഡ്കർ, തുളുനാടിന്റെ സൗന്ദര്യവുമായി ജൂഹിയും ശില്പയും,
ചായം തേച്ച ഉടലുമായി ഞെട്ടിച്ച് പൂജാഭട്ട്,
പഴയ സിനിമാ വാരികകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഞങ്ങൾ നോട്ടുകളും ടെക്സ്റ്റുകളും ഇവരെക്കൊണ്ട് പൊതിഞ്ഞു. ( ബ്രൗൺ പേപ്പർ പൊതികളുടെ അടിയന്തിരാവസ്ഥ അന്ന് ഞങ്ങളുടെ ക്ലാസ് മുറികൾക്ക് ബാധകമായിരുന്നില്ല.)
അക്കങ്ങളും ശാസ്ത്രതത്വങ്ങളും ചരിത്ര പുസ്തകത്തിലെ വർഷങ്ങളും സൂത്രവാക്യങ്ങളും പിൻതുടരാനാവാത്ത ക്ലാസുകളിൽ ഞങ്ങൾ സിനിമാ വാരികകളിൽ ഇവരുടെ ഗോസിപ്പുകഥകൾക്കൊപ്പം പോയി.
അക്കാലത്ത് ഞങ്ങളുടെ തലമുറ അർത്ഥമറിയാതെയും തെറ്റിച്ചും പാടിയ പാട്ടുകളുടെ ഈണങ്ങളുടെ പേരായിരുന്നു നദീം ശ്രാവൺ.
ഒരു കാലത്തിന്റെ സിനിമാ സംഗീത അഭിരുചികൾ അടക്കി വാണ രണ്ടു പേർ.
തും സെ മിൽനേ കീ തമന്നാ ഹേ
പ്യാർ കോ ഇരാദാ ഹേ
ഓർ ഏക് വാതാ ഹേ ജാനം …
” മേരീ കോളേജ് കീ ഏക് ലഡ്കീ ഹേ ” എന്നോ
”നാനാ കർകേ പ്യാർ ഹൊയ് മെ കർഗയി” എന്നോ പാടി ഗാനമേളകളിലും കല്യാണ വീടുകളിലും ഞങ്ങൾ ചുവടുകൾ വച്ചു.
“ബഹുത്ത് പ്യാർ കർത്തേ ഹേ തും കൊ സനം”
എന്നോ
“തും ദിൽ കീ ധഡ്കൻ മേ രഹതീ ഹോ ” എന്നോ ഞങ്ങൾ പ്രണയ വിഷാദത്തെ നെഞ്ചേറ്റു.
മഴ പെയ്ത ശേഷം പെയ്യുന്ന മരത്തിനു കീഴെ നിന്ന് ആമിർഖാൻ കരിഷ്മയുടെ ചുണ്ടിൽ ചുംബിക്കുന്ന രാജാഹിന്ദുസ്ഥാനി റിലീസാവുമ്പോൾ ഞങ്ങൾ പ്രീഡിഗ്രിക്കാരായിരുന്നു.
മേം വന്നാൽ ഹും വരുമെന്നും തും വന്നാൽ ഹോ വരുമെന്നും പഠിപ്പിച്ച വാർത്താലാബ് ക്ലാസുകളിൽ നിന്നല്ല, ഇവരൊക്കെ പ്രണയിക്കുകയും ചുംബിക്കുകയും കലഹിക്കുകയും കരയുകയും ചെയ്യുന്ന സിനിമകളിലെന്തു സംഭവിക്കുന്നു, അവരുടെ പാട്ടുകളിൽ ഇത്ര പ്രകോപിപ്പിക്കുന്ന പ്രണയ മൂല്യമെന്തെന്നുമുള്ള ആകാംക്ഷകളിൽ നിന്നാണ് അല്പമെങ്കിലും ഹിന്ദി പഠിച്ചത്.
“മേ ദുനിയാ ഭുലാ ദൂംഗാ തേരി ചാഹത് മേ” എന്നത് നിന്റെ പ്രണയത്തിൽ ഞാൻ ലോകം മറക്കുന്നു എന്ന് പ്രേമലേഖനത്തിലെഴുതി.
ആ ലോകത്തേക്ക് പറക്കാൻ ചിറകു നൽകിയ ഈണപ്രവാഹങ്ങളുടെ പേരായിരുന്നു നദീം ശ്രാവൺ.
1977 ൽ ഇറങ്ങിയ ദങ്കൽ എന്ന ഭോജ്പുരി സിനിമയ്ക്ക് ഈണം പകർന്നാണ് ഈ കൂട്ടുകെട്ട് പിറക്കുന്നതെങ്കിലും 1990 ൽ ആഷിക്കിയിലെ പാട്ടുകളോടെയാണ് നദിം ശ്രാവൺ കൂട്ടുകെട്ട് ശ്രദ്ധേയമാവുന്നത്.
മെലഡിയും , ഫാസ്റ്റ് ഈണങ്ങളും, ഗസൽ ഗീതങ്ങളുമെല്ലാം ചേർന്ന വൈവിദ്ധ്യങ്ങളുടെ സഞ്ചയമായിരുന്നു ആ സംഗീതലോകം.
കുമാർ സാനു , അനുരാധാ പദ് വൽ , ഉദിത് നാരായൺ, അൽക്കായാഹ്നിക് തുടങ്ങിയ പ്രതിഭാ ധനരായ ഗായകരെ നാം കേട്ടതേറെയും നദിം ശ്രാവൺ സംഗീതത്തിലൂടെയാണ്.
അക്കാലവും അന്നത്തെ അഭിരുചികളുടെ ലഹരികളും കൂടൊഴിഞ്ഞു പോയി.
കാലത്തിൻ്റെ കരിയിലകൾ മൂടിയ ഓർമ്മകളുടെ മുറ്റത്ത് ഞാൻ ഒന്നുകൂടി ചെന്നു നിൽക്കുകയാണ്.
ശ്രാവൺ കുമാർ റാഥോഡ് ,
കോവിഡ് നിങ്ങളേയും കൊണ്ടു പോയിരിക്കുന്നു. ഇടക്കാലത്ത് കൂട്ടുപിരിഞ്ഞ് രണ്ടു പേരും തനിച്ച് ചെയ്ത ചില പ്രൊജക്ടുകൾ ഉണ്ടായിരുന്നല്ലോ? കൂട്ടത്തിലൊരാൾ നേരത്തേ വീണാൽ മറ്റെയാൾ തനിച്ചു താണ്ടേണ്ട ദൂരങ്ങൾക്ക് വേണ്ടിയുള്ള മുന്നൊരുക്കവും പരിശീലനവുമായിരുന്നോ അത് ?
എന്തായാലും നദീം അക്തർ സെയ്ഫി ഇനിയുള്ള വഴികളിൽ തനിച്ചാണ്.
അന്ത്യാഞ്ജലി.
…