ഉഗ്ഗാനി

0
802
uggani-subair-zinagi-athmaonline

ഓർമ്മക്കുറിപ്പുകൾ

സുബൈർ സിന്ദഗി

എനിക്ക് പതിനഞ്ചു വയസ്സ് പ്രായം. എന്റെ പ്രദേശത്തെ ഒട്ടു മിക്ക ചെറുപ്പക്കാരും നാടുവിട്ടു പോവുക എന്ന വാക്കിൽ ഒതുക്കിയ തൊഴിലന്വേഷണ യാത്രകളുടെ കാലം ഉണ്ടായിരുന്നു. വിദേശ യാത്രക്ക് `ഓൻ ദുബായിലാന്നും’ പറയുന്ന പ്രവാസ ജീവിതവും. രണ്ടും ഒരുപോലെയാണ് ഏകദേശം. അന്നത്തെ നാട് വിട്ടു പോവുക എന്നത് ആന്ധ്രപ്രദേശ് (ഹൈദ്രബാദ്), ഗുജറാത്ത്‌ ഈ രണ്ടു സംസ്ഥാനങ്ങളാണ് കൂടുതൽ പറഞ്ഞു കേൾക്കുക. കൂടാതെ ബോംബെ, ബാംഗ്ലൂർ തമിഴ്നാട് ഒക്കെ അങ്ങിനെയങ്ങിനെ കേൾക്കാം.

എനിക്കും അങ്ങിനെ കുട്ടിക്കാലത്തുള്ള ആഗ്രഹം ആയിരുന്നു നാടുവിട്ടു പോവുക എന്നത്. അതിനൊരു അവസരം ഒത്തു കിട്ടി. എന്റെ നാട്ടിലെ പോകുട്ടി മുസ്ലിയാരുടെ മാമദുക്കയും, അദ്ദേഹത്തിന്റെ മറ്റൊരു കൂട്ടുകാരനും കൂടെ ആന്ധ്രയിലെ കർനൂൽ ജില്ലയിലെ പഞ്ചലിങ്ങാല ചെക് പോസ്റ്റിൽ ഒരു ഹോട്ടൽ തുടങ്ങിയിട്ടുണ്ട്. അവിടെ ജോലിക്കായിട്ടാണ് എനിക്ക് കിട്ടിയ അവസരം. വീട്ടിൽ നിന്നും ഉമ്മയുടെ സമ്മതം കിട്ടിയത് മുതൽ ട്രെയിൻ യാത്രയും മറ്റും ഭാവനയിൽ നിറങ്ങൾ ചാർത്താൻ തുടങ്ങി.

subair-zindagi-athmaonline-wp
സുബൈർ സിന്ദഗി

അങ്ങിനെ കർണൂലിൽ ഗുപ്‌തി റയിൽവെ സ്റ്റേഷൻ എത്തി. അവിടെ നിന്നും ജീവിതത്തിൽ ആദ്യമായി അന്യ സംസ്ഥാന ബസ്സിൽ മാസൂമ്പാഷ ദർഗ എന്ന സ്ഥലത്തേക്ക് യാത്ര. ഈ യാത്രക്കിടയിൽ കുറെ ചായ കുടിച്ചു, എന്തൊക്കെയോ പേരറിയാത്ത പലതും കഴിച്ചു താമസ സ്ഥലത്തേക്ക് എത്തി.

അവിടെ ചെന്നപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം ! അയൽവാസിയായ ഉമ്മർ മൗലവിയുടെ (അദ്ദേഹം ഈ അടുത്ത കാലത്ത് മരണപ്പെട്ടു )മകൻ ഷാജി, കുഞ്ഞാപ്പക്കാടെ ഷൗക്കത്ത്, പോക്കുട്ടി മുസ്ലിയാരുടെ രണ്ടാമത്തെ മകൻ ഉമ്മർ, ഇവരൊക്കെ കണ്ടത് കൊണ്ട് തന്നെ മനസ്സിൽ വിഷമം ഉണ്ടായില്ല. നിങ്ങൾ ആലോചിക്കുന്നുണ്ടാവും ഉഗ്ഗാനി എന്ന് പറഞ്ഞിട്ട് എങ്ങോട്ടാ ഈ പോക്കെന്ന്. ആ വഴിക്കാണ് നമ്മൾ പോകുന്നത്.

അങ്ങിനെ ഷാജിക്ക് നാട്ടിലേക്ക് വരണം. ഞാനും ഷൌക്കത്തും മാമദുക്കാന്റെ ചായക്കടയിൽ ജോലി തുടർന്നു. രണ്ടു ദിവസം അത് കഴിഞ്ഞു നേരത്തെ പറഞ്ഞ പുതിയ ഹോട്ടലിലേക്ക് എന്നെ മാമദുക്ക കൊണ്ട് പോയി.



പക്ഷെ മനസ്സ് കൊണ്ട് ഞാൻ പൊരുത്തപ്പെട്ടെങ്കിലും അവിടുത്തെ പച്ചരിയും, പരിപ്പ് കറിയും എന്റെ ആമാശയവും വൻകുടലും ചെറുകുടലും ഒക്കെ കൂടി എന്തോ കശപിശ തുടങ്ങി. അകത്തു നടക്കുന്നതായത് കൊണ്ട് തന്നെ നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും അതിന്റെ റിസൾട് സമയാ സമയം എനിക്ക് കിട്ടുന്നുണ്ടായിരുന്നു. ഹോട്ടലിൽ ചെയ്യുന്ന ക്ലീനിങ് ജോലിക്കിടയിൽ ആന്ധ്രായിലെ ഭക്ഷണവും എന്റെ വയറും തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ ദിവസത്തിൽ പല തവണയായി ബക്കറ്റും വെള്ളവും എടുത്തുകൊണ്ട് കടപ്പക്കല്ല് കൊണ്ട് സമ്പന്നമായ വിശാലമായ മരുഭൂസമാനമായ ഇടങ്ങളിലേക്ക് ഓടിക്കൊണ്ടേയിരുന്നു.

ജോലിക്കിടയിൽ ആയിരുന്നു ഓട്ടം. മെല്ലെ മെല്ലെ ഈ ഓട്ടത്തിനിടയിൽ ആയി ജോലി. അവിടെ എത്തിയിട്ട് ഒരു തെങ്ങ് പോലും കാണാത്ത ഞാൻ ക്ഷീണവും തളർച്ചയും ഒക്കെ കാരണം ദിവസം മൂന്നും നാലും ഇളനീർ കുടിക്കാൻ തുടങ്ങി. അതും എന്റെ അവസ്ഥ കണ്ടു പ്രയാസപ്പെട്ട മാമദുക്ക എവിടുന്നോ കൊണ്ട് വന്നതായിരുന്നു. അവിടെ നിന്നും എന്നെ ആദ്യം വന്ന ടീ സ്റ്റാളിലേക്ക് തന്നെ കൊണ്ടാക്കി തന്നു. അതിന്നിടയിൽ ഒരു ബേക്കറിയിൽ കൊണ്ടാക്കി തന്നു അവിടെയും തഥൈവ.



അങ്ങിനെ ടീസ്റ്റാളിൽ ഷൌക്കത്തിന്റെ കൂടെ ജോലിക്ക് നിന്നു. എന്റെ വയറിനു എന്റെ മുഖത്തു നോക്കി എന്തൊക്കെയോ പറയണം എന്നുണ്ട്. അവിടെ എന്നെ സഹായിച്ചത് ഉഗ്ഗാനിയായിരുന്നു. ഉഗ്ഗാനി ഒരു നല്ല മനുഷ്യനെന്ന ഭാവനയാവും നിങ്ങൾക്ക്… വായിച്ചു തീരുമ്പോൾ ആ ചിന്ത മാറും. പണ്ടാരിയോട് ഞാനെന്റെ വയറും ഭക്ഷണവും തമ്മിലുള്ള വഴക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. അദ്ദേഹം ഒരു വിദഗ്ധനായ ഡോക്ടറെപോലെ കുറെ നേരം എന്നെ നോക്കി ആലോചിച്ച് നിന്നിട്ടൊന്നുമില്ല. അതിന് ഗുലാബ്ജാം കഴിച്ചാൽ പെട്ടന്ന് പരിഹാരമാവും എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു അണ്ണാ ആ ജാമെല്ലാം പരീക്ഷിച്ചതാ… എനിക്കാണെങ്കിൽ ഇദ്ദേഹം ഉണ്ടാക്കുന്ന പൊറോട്ടയും, മാമൂൽ ശേരുവ എന്ന കറിയും എത്ര കഴിച്ചാലും മതിയാവില്ല. അവസാനം റിക്ഷ ചവിട്ടി ഉപജീവനം നടത്തുന്ന പ്രായമായ കുറച്ചു പേര് സ്ഥിരം ചായ കുടിക്കാൻ വരാറുണ്ട്. അവർ എന്റെ ഇടക്കുള്ള ഓട്ടം കണ്ടിട്ട് പറഞ്ഞു നിന്നെ ഉഗ്ഗാനി സഹായിക്കും.

അത് സത്യമായിരുന്നു. എന്നെ ഉഗ്ഗാനി സഹായിച്ചു…! ഉഗ്ഗാനി എന്റെ വയറും ആന്ധ്രായും തമ്മിലുള്ള ഒന്നരമാസത്തെ പ്രശ്നം പരിഹരിച്ചു. ഉഗ്ഗാനി ജന്മം കൊണ്ടത് ആന്ധ്രായിലാണ്. നമ്മൾ ഉത്സവപറമ്പിൽ കാണാറുള്ള അരിപ്പൊരി തലേ ദിവസം വെള്ളത്തിൽ കുതർത്തി വെക്കും. പിറ്റേദിവസം കാലത്തു തന്നെ പണ്ടാരി മഞ്ഞൾപൊടി എല്ലാം ചേർത്ത് മസാലകൂട്ടുകൊണ്ട് ഒരു പ്രത്യേക തരം ഉപ്പുമാവ് ഉണ്ടാകും.



അതി കാലത്തെ ചായപ്പണി കഴിഞ്ഞാൽ ഞാൻ റെസ്റ്റിനു പോകും പിന്നെ 12 മണിക്കാണ് ജോലിക്ക് വരിക. അത് കൊണ്ട് തന്നെ എനിക്ക് ഉഗ്ഗാനി കിട്ടാറില്ല. പിന്നീട് ഇത് കഴിക്കാനായി ഡ്യൂട്ടി ചെറിയ വ്യത്യാസം വരുത്തിയപ്പോൾ എനിക്ക് കിട്ടി. വല്ലാത്തൊരു ടേസ്റ്റ് ആയിരുന്നു. വീണ്ടും കഴിക്കാൻ തോന്നും. മടുപ്പും ഇല്ല, വയറിനു യാതൊരു പ്രശ്നവും ഇല്ല. അങ്ങിനെ മെല്ലെ മെല്ലെ മറ്റു ഭക്ഷണങ്ങളുമായുള്ള വഴക്കിൽ നിന്നും വയറും പിന്മാറി ഞാൻ ഹാപ്പിയായി.

NB: ഉത്സവപ്പറമ്പുകളിലെ സ്ഥിരസാന്നിധ്യമായ അരിപ്പൊരികൊണ്ട് ഉണ്ടാക്കുന്ന ഉപ്പുമാവിന്റെ പേരാണ് ഉഗ്ഗാനി

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here