‘എന്തോ ഇഷ്ടമാണ് എല്ലാവർക്കും’

0
435

സിനിമ

നവീൻ കാംബ്രം

‘ലാലേട്ടൻ’ എന്ന വിളി സർവ്വകലാശാലയിൽ പഠിച്ചപ്പോൾ ഉള്ളതല്ലേ? ഇത്ര കനം കുറഞ്ഞൊരു വിളി മലയാളത്തിൽ വേറൊരു നടനും ഉണ്ട് എന്നു തോന്നുന്നില്ല…’ലാൽ’ ആ പേരിലേക്ക് എങ്ങനെ ആണ് നിങ്ങൾക്ക് ഇത്ര ഭംഗിയായി ചുരുങ്ങാൻ പറ്റിയത്… ചിലരിലങ്ങനെയാണ് ഒരേ സമയം അണിയും ഗരിമയും ഒരുപോലെ അനായാസമായി നിൽക്കും.. വലുതായിട്ട് പിന്നെ ചെറുതായി എല്ലാവരിലേക്കും അങ്ങ് പടർന്നുകളയും… ‘ലാൽ ‘ എന്ന രണ്ടക്ഷരത്തിലും അയാൾക്കെന്തൊരു വലുപ്പമാണ്!

തിരക്കഥാകൃത്ത് രഞ്ജിത്ത് പറഞ്ഞ പോലെ രാവണപ്രഭുവിലെ ആ ഡയലോഗ് ആർക്കു പറയാനാവും? ‘എന്തോ എന്നെ ഇഷ്ടമാണ് എല്ലാവർക്കും ‘ അത് ലാലിന്റെ മാത്രമാവുന്നു…

ലാൽ എന്ന് ഞാൻ എങ്ങനെ പേരെടുത്തു വിളിക്കുന്നു എന്ന് തോന്നാം.. നിങ്ങൾ ഒരു സുഹൃത്തായിരുന്നുവെങ്കിൽ എന്ന ഒരു ആഗ്രഹത്തിന്റെ പുറത്ത് മാത്രമാണ് ആ വിളി..

ഏത് സിനിമ വെച്ചാണ് ‘ലാൽ’ എന്ന രണ്ടക്ഷരത്തെ വ്യാഖ്യാനിക്കേണ്ടത് എന്ന് മനസിലാവുന്നില്ല…
ഓരോ പ്രായത്തിൽ ഓരോന്നായിത്തോന്നി… ബാല്യത്തിൽ കളിക്കൂട്ടുകാരനെപ്പോലെ മോനേ ദിനേശനും കൂടെ ഉണ്ടായിരുന്നു… കൗമാരത്തിൽ അലി ഇമ്രാനോ, സ്റ്റീഫൻ റൊണാൾഡോയോ ഒക്കെ ആയിട്ടും…

മുതിർന്നു എന്ന് തോന്നിയപ്പോൾ എല്ലാത്തിലും ഒന്ന് കൈവെക്കാൻ പാകത്തിൽ ഗമയോടെ മംഗലശ്ശേരി നീലകണ്ഠനും… ലാൽ! എങ്ങനെയാണ് നിങ്ങൾക്ക് പറഞ്ഞു തീരാത്ത കഥയാവാൻ സാധിക്കുന്നത്?

നിങ്ങൾ പറഞ്ഞതുപോലെ ഒരു മനുഷ്യായുസ്സിൽ എത്ര ജീവിതങ്ങളാണ് ജീവിച്ചുതീർത്തത്…
ഒരു സേതുമാധവന്റെ അത്രത്തോളം സംഘർഷം ജീവിതത്തിൽ നിങ്ങൾക്ക് എപ്പോഴെങ്കിലും വന്നിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല…

ജീവിതത്തിനെ ഇത്രയേറെ വെറുത്ത സത്യനാഥനും നിങ്ങളല്ലേ? ഒരു ഒറ്റയാവൽ നിങ്ങൾക്കുണ്ടായിട്ടുണ്ടോ? അങ്ങനെയല്ലാതെ അതുവരെ കാണാത്ത രാജീവ് മേനോൻ നിങ്ങളിൽ എങ്ങനെയുടലെടുത്തു..? എന്റെയുള്ളിൽ വാക്കുകളിലേക്ക് ഒതുക്കാൻ പറ്റാതെ രാജീവ് മേനോൻ മാറുന്നു..

സൂര്യാംശുവോരോ വയൽപ്പൂവിനും വൈരം പതിക്കുന്നുവോ… എന്ന പാട്ടു കാണുമ്പോൾ അല്ലെങ്കിൽ അതിലെ നിങ്ങളെ കാണുമ്പോൾ ആ ഒരു കാലത്ത് ജീവിച്ചു മരിച്ചുപോയ രണ്ടുപേരെ മാത്രമാണ് എനിക്ക് കാണാൻ കഴിയുന്നുള്ളു… അതിലൊരു ലാലിനെയോ ഒരു ശോഭനയെയോ ഞാൻ കണ്ടിരുന്നില്ല… അതൊരു സിനിമയല്ലാതെ നിങ്ങളുടെ ജീവിതത്തിലെ ഒരു കാലം മാത്രമായിട്ടു എനിക്കു തോന്നിപ്പോവുന്നു…. എങ്ങനെയാണ് ഇത്ര സ്വാഭാവികമാവുന്നത്?

നിങ്ങൾ ശരിക്കും ഓടക്കുഴൽ വായിക്കില്ലേ? ദേവസഭാതലം എന്ന പാട്ടിൽ നിങ്ങളല്ലേ അത് വായിച്ചത്? ആ വിദ്യ നിങ്ങൾക്കാരാണ് പറഞ്ഞു തന്നത്? കലാമന്ദിരത്തിൽ നിങ്ങൾ ഇപ്പഴും നൃത്തം പഠിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവിടേക്ക് ഞാൻ പറഞ്ഞയക്കാം കുറേ പേരെ…

തഞ്ചാവൂരിൽ കുറേക്കാലം നിങ്ങൾ ശിൽപ്പിയായിരുന്നില്ലേ? അവിടെ രാത്രിയിൽ താണ്ഡവനൃത്തം ചെയ്യാൻ ശൈവമായ എന്താണ് നിങ്ങളിലേക്ക് പ്രവേശിച്ചത്? നിങ്ങൾ ശംഭു മാത്രമായിരുന്നു…

നവീൻ കാംബ്രം

താഴ്വരകളിലേക്ക് എറിയപ്പെട്ടപ്പോൾ ഉള്ളിൽ ഇരുട്ട് കേറിയതുകൊണ്ടാണോ ചിരിക്കാൻ മറന്നുപോയത്? യമുനയുടെ തീരത്ത് നിലാവിൽ എന്നൊക്കെ നിങ്ങൾ പറയുമ്പോൾ യമുന കാണാൻ പോയിട്ട് ഒന്നും കാണാൻ പറ്റാതെ നിശ്ചലമായ യമുന കണ്ട് തരിച്ചുനിന്ന എന്നെ നിങ്ങൾക്കറിയില്ല…

വരിക്കാശേരിയിൽ പോയപ്പോൾ നിങ്ങൾ തൂത്തുതുടച്ച ആ കാറും ഇരുന്ന ചാരുകസേരയും കുറേ തിരഞ്ഞു… അവിടെങ്ങും അതൊന്നും കണ്ടില്ല…

പദ്മനാഭപുരത്തെ കൊട്ടാരത്തിൽ ഞാൻ തിരഞ്ഞുനടന്നത് നിങ്ങളിട്ട മെതിയടിയും കുത്തി നടന്ന വടിയുമാണ്… അതും നിങ്ങൾ കൂടെ കൊണ്ട് പോയി…

ലാൽ! എനിക്ക് വ്യക്തിപരമായി നിങ്ങളോട് കടുത്ത ദേഷ്യമുണ്ട്… കാരണം തെക്കിണിയിലെ നാഗവല്ലി ഗംഗയാണ് എന്ന് നിങ്ങൾ ഇത്ര വേഗം തിരിച്ചറിയരുതായിരുന്നു… ഇനിയും സങ്കീർണമായി അതു തെളിയാതെ നിന്നിരുന്നെങ്കിൽ പലവട്ടം പൂക്കാലം എന്ന് കേട്ടപ്പോൾ ഇവിടുന്ന് പോവരുതേ എന്ന് ഉറക്കെ വിളിച്ച് ആ കാറിന്റെ പിന്നാലെ ഞാൻ ഓടില്ലായിരുന്നു..
കുറച്ച് ദിവസം കൂടി മാടമ്പള്ളിയിൽ നിങ്ങൾക്ക് കഴിഞ്ഞുകൂടായിരുന്നോ? അതിനും നിങ്ങൾ സമ്മതിച്ചില്ല… ഞാൻ ആഗ്രഹിച്ചത് ആ കഥ തീരാതിരുന്നെങ്കിൽ എന്നു മാത്രമാണ്…

ലാൽ! നിങ്ങളെന്തിനാണ് മനസിലേക്ക് ഇങ്ങനെ ഇടിച്ചു കേറിയത് ? നിങ്ങൾക്കത് വളരെ അനായസമായി തോന്നുന്നുണ്ടാവാം… അരങ്ങത്ത് ആട്ടമാടിയതും അനായാസമായിരുന്നല്ലോ! ഒന്നിൽ നിന്നിറങ്ങി മറ്റൊന്നിലേക്കെത്താൻ ഞാൻ നടന്ന ദൂരം എനിക്കു മാത്രമേ അറിയൂ…
ഇപ്പഴും നടന്നു തീരാതെ ദൂരം ബാക്കിയാവുന്നു…

ഈ പിറന്നാൾ ദിവസം എന്റെ ആശംസ ഇത്രമാത്രമാണ് അരങ്ങത്ത് നിങ്ങൾ പറഞ്ഞു തീരാത്ത കഥയായി മാറുക… വിസ്മയത്തോടെ…

പിറന്നാളാശംസകൾ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here