ഉമ്മു ഹബീബ കെ.കെ
പുരുഷാധിപത്യത്തിന്റെ സങ്കീർണതകളെ നിരന്തരം നേരിടുകയും വ്യവസ്ഥ അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്ന സംഘർഷാത്മകമായ / ബഹളമായ ലോകത്തിൽ നിന്നും പലപ്പോഴും സ്ത്രീകൾക്ക് സ്വാസ്ഥ്യം ലഭിക്കുന്നത് സ്ത്രീയുടെ ജൈവികമായ അനുഭൂതി ലോകത്തേക്ക് പ്രവേശിക്കുമ്പോഴാണ് . അത്തരമൊരു പ്രവേശനത്തെ ദൃശ്യവൽക്കരിക്കുന്ന സിനിമയാണ് ‘ പോർട്രയ്റ്റ് ഓഫ് എ ലേഡി ഓൺ ഫയർ’എന്ന ചിത്രം.
ഫ്രാൻസിന്റെ പശ്ചാത്തലത്തിൽ 2019 ൽ പുറത്തിറങ്ങിയ സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചത് സെലിൻ സിയാമ എന്ന സ്ത്രീയാണ്. ഓരോ ദൃശ്യവും ഓരോ ലോകമാകുന്ന ചിത്രം പ്രമേയമാക്കുന്നത് പെയിന്ററായ മാരിയന്റെയും പോർട്രയ്റ്റാകുന്ന ഹെലോയ്സിന്റെയും സുന്ദരവും സംഘർഷഭരിതവുമായ പ്രണയമാണ്. മിലാനിലെ പ്രഭുകുമാരനുമായി വിവാഹം നിശ്ചയിച്ച ഹെലോയ്സിന്റെ പോർട്രയ്റ്റ് തയ്യാറാക്കാനാണ് മാരിയൻ ബ്രിട്ടനിലെ ദ്വീപിലെത്തിച്ചേരുന്നത്. തന്റെ സർഗ ജീവിതത്തോട് മാരിയൻ പുലർത്തുന്ന അഭിനിവേശം സിനിമയുടെ ആദ്യത്തിൽ സംവിധായിക ദൃശ്യവൽക്കരിക്കുന്നുണ്ട്. വെള്ളത്തിൽ വീണ ക്യാൻവാസ് വീണ്ടെടുത്ത് , തന്റെ നെഞ്ചോട് ചേർത്ത് തണുത്ത് വിറക്കുന്ന മാരിയൻ കലാകാരി പുലർത്തുന്ന നൈതികതയെ ഓർമ്മപ്പെടുത്തുന്നു.
ദ്വീപിലെ ബംഗ്ലാവിലെ മൂന്ന് സ്ത്രീകളിലൂടെയാണ് സിനിമ വികാസം പ്രാപിക്കുന്നത്. മൂന്ന് പേർക്കുള്ളിൽ രൂപപ്പെടുന്ന കരുതലും പ്രണയവും സിനിമയിൽ സ്നേഹത്തിന്റെ പുതിയ പോർട്രയ്റ്റുകളായി മാറുന്നു. ഒരുമിച്ചുള്ള കവിത വായനയിൽ, ഒരുമിച്ചുള്ള സംഗീതം കേൾക്കലിൽ, ഒരുമിച്ചുള്ള ആട്ടത്തിലെല്ലാം അവരനുഭവിച്ചത് സ്വാതന്ത്ര്യത്തിന്റെ അനുഭൂതി ജീവിതമായിരുന്നു.
പെണ്ണുങ്ങളുടെ ജീവിതത്തെ പോർട്രയ്റ്റുകളിലൂടെ പേറുന്ന ചിത്രം കൊടുംവേനലിൽ പെയ്തിറങ്ങുന്ന മഴപോലെ സുന്ദരമാണ്. രഹസ്യമായി തന്നെ പിന്തുടർന്ന് ഛായാചിത്രം തയ്യാറാക്കുന്ന മാരിയനെ ജീവിതമില്ലാത്ത ചിത്രങ്ങൾ ചിത്രങ്ങളല്ലെന്ന് ബോധ്യപ്പെടുത്തുന്നതും വൈകാരികമായ ഓരോ ഭാവവും ആഴത്തിലുള്ളതാണെന്ന് മനസ്സിലാക്കിക്കുന്നതും ഹെലോയ്സ് ആണ്.
ഓർക്കസ്ട്രയുടെ മാധുര്യം ഹെലോയ്സിനെ അനുഭവിപ്പിക്കുന്ന മാരിയൻ സ്നേഹം എങ്ങനെയാണെന്നറിയാമോ എന്ന ഹെലോയ്സിന്റെ നിഷ്കളങ്ക ചോദ്യത്തിനു മുമ്പിൽ പതറുന്നുണ്ട്. ആ പതർച്ച പ്രണയമാണെന്ന് അനുഭവിപ്പിക്കുന്നതിലാണ് സിനിമ വിജയിക്കുന്നത്.
സോഫിയയുടെ ഗർഭഛിദ്രം പുന:സൃഷ്ടിക്കുന്നതിലൂടെ തന്റെ പ്രണയ സമ്മാനമെന്നോണമുള്ള പോർട്രയ്റ്റ് ആണ് ഹെലോസ ഒരുക്കി കൊടുക്കുന്നത്. പേറ്റിച്ചിയായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ഹെലോസയുടെ കനപ്പെട്ട മുഖഭാവത്തിൽ നിന്നാണ് മാരിയൻ പ്രതിഷേധത്തിന്റെ പോർട്രയ്റ്റ് രൂപപ്പെടുത്തുന്നത്. സിനിമയുടെ അവസാനത്തിലും നിലനിർത്തിയ പ്രണയത്തിന്റെ അണയാത്ത കനലാണ് ചിത്രത്തിന്റെ കാമ്പായി തീരുന്നത്. കുഞ്ഞിനെ അടുത്തു നിർത്തി തന്റെപുസ്തകത്തിലെ 28-ാം പേജിൽ വിരൽ ചേർത്തിരിക്കുന്ന ഹെലോസയുടെ പോർട്രയ്‌റ്റ് കാണുന്ന മാരിയനിലും , ഓർക്കസ്ട്രയിൽ ലയിച്ച് വിതുമ്പുന്ന ഹെലോസയെ അവളറിയാതെ കാണുന്ന മാരിയനിലും തീക്ഷ്ണ പ്രണയത്തിന്റെ കനൽ കാണാവുന്നതാണ്.
ജീവിതത്തെ അടുക്കടുക്കായി വെച്ച സ്റ്റില്ലുകൾ സ്ത്രീയുടെ കാമനകളെ അഴിച്ചിടുന്നു. പെണ്ണിനുള്ളിലെ കനൽ എത്രയണച്ചാലും ആളിപ്പടരുമെന്ന് സിനിമ ബോധ്യപ്പെടുത്തുന്നത് പെണ്ണുങ്ങളുടെ തീക്ഷ്ണമായ തൃഷ്ണയുടെ പോർട്രയ്റ്റുകൾ നിർമ്മിച്ചു കൊണ്ടാണ്.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.