ബിലാൽ ശിബിലി
“ദാ… അവന്മാരുണ്ടല്ലോ, രണ്ട് കാലേൽ ഓടുന്നുണ്ടെങ്കിലും, മൃഗമാ.. മൃഗം ! ”
അല്ലെങ്കിലും, ഭൂമിയിൽ മനുഷ്യരേക്കാൾ ക്രൂരതയുള്ള മൃഗം മറ്റൊന്നില്ല. ഒരു പരിധി കൂടി കടന്ന് പറഞ്ഞാൽ ‘ആണിനേക്കാൾ’. അവൻ പകയുടെ കനൽ ഊതികത്തിക്കും, കട്ടക്ക് കൂടെ നിന്ന് കാലുവാരും, തനിക്ക് കിട്ടാത്തതിൽ അസൂയ പൂണ്ട് സദാചാരം കളിക്കും, ജയിക്കാനായി വേണമെങ്കിൽ കൊല്ലും…
അല്ലെങ്കിലും, നമ്മളൊന്നും എവിടെയും പരിണമിച്ചെത്തിയിട്ടില്ല. ആൾക്കൂട്ടം ആണിന്റെയാണ്. ആഘോഷങ്ങളും. കയ്യൂക്കുള്ളവൻ ആ കൂട്ടത്തെ നയിക്കാൻ ശ്രമിക്കും. പക്ഷെ, നിയന്ത്രിക്കാൻ പറ്റാത്ത വിധം ആ ആൺകൂട്ടം ഓടും. കയറുപൊട്ടിച്ച പോത്തിനെ പോലെ…
ലിജോ ജോസിന്റെ #ജെല്ലിക്കെട്ട് ലെ പോത്തിനെ പോലെ…
ഇരയെ വേട്ടയാടുന്നു, കൊല്ലുന്നു, തിന്നുന്നു. സംഘം ചേർന്ന് ബഹളങ്ങളുണ്ടാക്കുന്നു. ഇണയെ സ്വന്തമാക്കാൻ പരസ്പരം സംഘർഷത്തിലേർപ്പെടുന്ന സഹോദരങ്ങൾ ആബേലും കായേനും മുതൽ ഇങ്ങോട്ടുള്ള മനുഷ്യചരിത്രമതാണ്.
ചിലർ കൊന്നു തിന്നും. ചിലർ, അസൂയയും പകയും വിദ്വേഷവും കൊണ്ട് നടന്ന് കൊല്ലാതെ കൊല്ലും. അങ്ങനെ തിന്ന് കൊഴുത്ത് പരിണമിച്ച മനുഷ്യവംശത്തിന്റെ വന്യതയാണ് #ജെല്ലിക്കെട്ട്
വിഷ്വൽസിനും മ്യൂസിക്കിനും തന്നെയാണ് ഏറെ പ്രാധാന്യമുള്ളത്. തീം മനസ്സിലാക്കിയെടുക്കാൻ സാധാരണ പ്രേക്ഷകർ പാടുപെടുന്നതും കാണാം. ക്ലൈമാക്സിലേക്ക് എത്തുമ്പോൾ പൂർണ്ണമായും സിംബോളിക്കാണ്. മെറ്റഫോറിക്കലാണ്. കവിതയാണ്.
കലാസാഹിത്യത്തെ, സിനിമയെ സീരിയസായി സമീപിക്കുന്നവർ തീർച്ചയായും കാണേണ്ട ഒന്ന്. ഓരോ ഫ്രെയിമിലും മാന്ത്രികതയുണ്ട്. ലിജോ എന്ന സംവിധായകന്റെ സിനിമയാണ്. ക്യാമറ നമ്മുടെ ദേഹത്താണോ ഫിറ്റ് ചെയ്തിരിക്കുന്നത് എന്ന് തോന്നിപ്പോവുന്ന തരത്തിൽ ഛായാഗ്രഹണം നിർവഹിച്ച ഗിരീഷ് ഗംഗാധരന്റെ സിനിമ. പോത്ത് മുതൽ ഒട്ടനേകം പ്രോപ്പർട്ടീസ് ഉണ്ടാക്കിയെടുത്ത ആർട്ട് അസിസ്റ്റന്റുമാരുടെ സിനിമ…
വാൽ: ഇക്കഴിഞ്ഞ ഓണം റിലീസിൽ ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിന് 50 കോടി കലക്ഷനാണ് കിട്ടിയത്. ഭൂരിപക്ഷത്തിന് വേണ്ടത് അതാവാം. അക്കൂട്ടത്തിൽ ഉള്ളവർ, ഇതും വായിച്ച് ജെല്ലിക്കെട്ടിനു പോയിട്ട് ഇതിലെന്ത് തേങ്ങയാണ് ഉള്ളതെന്നും ചോദിച്ച് ചീത്ത പറയരുത്. പോത്ത് കയറു പൊട്ടിച്ചോടുന്നു, ആളുകൾ പിന്നാലെ ഓടുന്നു. അത്രേയുള്ളു.
മേലെ പറഞ്ഞ 50 കോടി ചിത്രത്തിൽ ഞാൻ കണ്ടത് ‘മദ്യം, ഭക്ഷണം, പാട്ട്, റിപ്പീറ്റ്…’ മാത്രമാണ്. അത് ചിലർ കണ്ടാസ്വദിക്കുന്നു. ഇത് ചിലർ കണ്ടാസ്വദിക്കുന്നു. അത്രേയുള്ളു. എല്ലാ ടേസ്റ്റിനെയും ബഹുമാനിക്കുന്നു. ഇങ്ങനത്തെ സിനിമകളും നമ്മുടെ മലയാളത്തിൽ ഇറങ്ങട്ടപ്പാ…