സുരേഷ് നാരായണൻ
മോഹൻലാലിൻറെ ഹൈ വോൾട്ടേജ് ആക്ഷൻ ഫിലിം അഭിമന്യുവിൻറെ ടാഗ് ലൈൻ ആയിരുന്നു ഇത്. 28 വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ റിലീസായ #പൊറിഞ്ചുമറിയംജോസിനും ഇത് നന്നായി ചേരുന്നുണ്ട്. (സിനിമകൾ തമ്മിലുള്ള താരതമ്യം, പക്ഷേ ഇവിടെ അവസാനിക്കുന്നു)
സംവിധായകനിലേക്ക് വരാം. ആയുസ്സു മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ഒരു മരമാണ് ജോഷി.പുതിയ മണ്ണുകൾ തേടി അനുസ്യൂതം സഞ്ചരിക്കുന്ന വേരുകൾ സ്വന്തമായുള്ളയാൾ…
നാലു വർഷങ്ങൾക്കുശേഷം വീണ്ടും ആ പേര് തിരശ്ശീലയിൽ കാണുമ്പോൾ അമിത പ്രതീക്ഷകൾക്ക് അവധി കൊടുക്കാം , പുതു സമവാക്യങ്ങൾക്ക് മാർക്കിടാം.
മോഹൻലാൽ എന്ന വന്മരം ഒഴിച്ചിട്ട ഇടത്തിലേക്ക് ജോജുവിനെ നട്ടുനനച്ച് , ഊന്നുകൊടുക്കുവാനായ് സഹ കഥാപാത്രങ്ങളേയും സൃഷ്ടിച്ചുകൊണ്ടുള്ള ഈ ചൂതാട്ടം ഒരു പരിധി വരെ വിജയിക്കുന്നുണ്ട്.
പ്രധാനമായും രണ്ടു കാര്യങ്ങളാണ് മനസ്സിൽ പതിയുന്നത്.
1.’ചാവാണ്ട് നോക്കണം’ എന്ന് പറയുന്ന മറിയയുടെ കരുതലിന്റെ കൈത്തല സ്പർശം ഒരു അപൂർവഭാഗ്യമായി ജോസിൻറെ ‘അരികു പറ്റിയുള്ള’ ജീവിതത്തിലുടനീളം ഉണ്ടായിരുന്നു.
അതുകൊണ്ടായിരിക്കണം പ്രതികൂല സാഹചര്യങ്ങളുടെ വിഷക്കാറ്റുകൾ തുടർച്ചയായേറ്റിട്ടും ചന്തയിൽവച്ച്
സുന്ദരിയായ ഭാര്യയെ ചൂണ്ടി കൂട്ടുകാരനോട് “ഇനി നിനക്കെന്തിനാടാ ഇറച്ചി?” എന്നൊരുത്തൻ ചോദിക്കുമ്പോൾ “ഇനിയീ ജാതി തമാശകളിവിടെ പറഞ്ഞാൽ വെട്ടി ഇറച്ചിയാക്കി വിക്കും” എന്നു തിരിച്ചു പറയാനുള്ള നന്മ അവനിൽ പൊടിച്ചുനിന്നത്.
2. വയലൻസിനെ ഗ്ലോറിഫൈ ചെയ്യാതിരിക്കാനുള്ള മനപ്പൂർവ്വമായ ശ്രമം. മദഗജത്തെ പോലെ മാർക്കറ്റിൽ നിറഞ്ഞാടിയ ശേഷം തുടർസീനുകളിൽ തീർത്തും നിസ്സഹായനായി സ്വയം ചോർന്നുപോയി നിൽക്കുന്നുണ്ട് നമ്മുടെ കാട്ടാളൻ!
ഇതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരറ്റത്ത് കൂളായി ബ്രേക്ക് ഡാൻസ് കളിച്ച്, ചിരിയുടെ അമിട്ടുകളും കത്തിച്ച് ഒടുവിൽകണ്ണീരായി മാറുന്നുണ്ട് ചെമ്പന്റെ പുത്തൻപള്ളി ജോസ് എന്ന കഥാപാത്രം.
നബി: Overall Perfect casting. നൈലക്കുപകരം മമത ആയിരുന്നെങ്കിൽ കുറേക്കൂടെ നന്നാക്കാമായിരുന്നു എന്നു തോന്നി. രാഹുൽ മാധവ് ആകട്ടെ ചിലയിടങ്ങളിൽ ഫഹദിനെ വല്ലാണ്ട് ഓർമ്മിപ്പിച്ചു! കുറച്ചുകൂടി ഉൾക്കരുത്തുള്ള ഒരു വില്ലൻ കഥാപാത്രത്തെ അയാൾ അർഹിച്ചിരുന്നു.