പട്ടാസിലൂടെ വീണ്ടും ഇരട്ടവേഷത്തിൽ ധനുഷ് എത്തുന്നു. താരത്തിന്റെ 36–ാം ജന്മദിനമായ ഞായറാഴ്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ധനുഷും തൃഷയും പ്രധാന വേഷത്തിലെത്തിയ കൊടിക്കു ശേഷം ആർ എസ് ദുരൈ സെന്തിൽ ഒരുക്കുന്ന ചിത്രമാണ്. അച്ഛനും മകനുമായാണ് ചിത്രത്തിൽ എത്തുന്നത്. ധനുഷിന്റെ മകൻ കഥാപാത്രത്തിന്റെ പേരാണ് പട്ടാസ്.
സ്‌റ്റൈലിഷ് മേക്ക് ഓവറുമായി താരം എത്തുന്ന ചിത്രത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് പോസ്റ്ററിൽ പേരിനൊപ്പമുള്ള ഇളയ സൂപ്പർസ്റ്റാർ വിശേഷണമാണ്. തമിഴിലെ സൂപ്പർതാരമായ രജനിക്ക് പിൻഗാമിയായി മരുമകൻ ധനുഷിനെ അവതരിപ്പിക്കുന്ന ചിത്രമായിക്കൂടിയാണ് തമിഴകം പട്ടാസിനെ കാണുന്നത്. ചിത്രം ദീപാവലിക്ക് തിയറ്ററിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.
മാരി 2നുശേഷമെത്തുന്ന ധനുഷിന്റെ മാസ് എന്റർടൈയിനറായിരിക്കും പട്ടാസ് എന്നാണ് പുറത്തുവരുന്ന വിവരം. സ്‌നേഹയും മെഹ്രിൻ പിർസദയുമാണ് ചിത്രത്തിലെ നായികമാർ. സിനിമയ്ക്കായി ധനുഷും സ്‌നേഹയും ചോളസാമ്രാജ്യ കാലഘട്ടത്തിലുണ്ടായിരുന്ന ഒരുതരം ആയോധനകല പരിശീലിച്ചിരുന്നു. ഗൗതം മേനോന്റെ എന്നെ നോക്കി പായും തോട്ട, വടചെന്നൈയ്ക്കുശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന അസുരൻ എന്നിവയാണ് ഇനി തിയറ്ററിലെത്താനുള്ള ചിത്രങ്ങൾ.
നടി മഞ്ജുവാര്യർ ആദ്യമായി തമിഴിലെത്തുന്ന ചിത്രംകൂടിയാണ് അസുരൻ. പേട്ടയുടെ വൻ വിജയത്തിനുശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിലും നായകൻ ധനുഷാണ്. മലയാളത്തിന്റെ ഭാഗ്യനായിക ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.
ബോളിവുഡിലെ അരങ്ങേറ്റചിത്രം രാഞ്ജനയ്ക്കുശേഷം ആനന്ദ് എൽ റായ്ക്കൊപ്പം കൈകോർക്കുന്ന ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. ഋത്വിക് റോഷനും സാറ അലിഖാനും ചിത്രത്തിലുണ്ട്.