ന്യൂഡല്‍ഹി: ആനന്ദ് പട്‌വര്‍ധന്റെ വിവേക് എന്ന ഡോക്യുമെന്ററി കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് തടയിട്ട് കേന്ദ്രം. ഡോക്യുമെന്ററിക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം തയ്യാറാവാത്തതിനാലാണിത്.
ദബോല്‍ക്കര്‍, പന്‍സാരെ തുടങ്ങിയ യുക്തിവാദികളെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.
കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഫെസ്റ്റിവെലിന്റെ അവസാനദിവസത്തേക്കാക്കി കേരള ചലച്ചിത്ര അക്കാദമി നീട്ടിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സെന്‍സര്‍ ഇളവു നല്‍കിയിട്ടില്ലെന്നാണ് അക്കാദമി വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നത്. ഡോക്യുമെന്ററിയുടെ ‘ഉള്ളടക്കത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍’ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
‘ഇളവ് തരില്ലെന്ന് പറഞ്ഞിട്ടില്ല. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന മറ്റു പല ചിത്രങ്ങള്‍ക്കും സെന്‍സര്‍ ഇളവു നല്‍കിയപ്പോള്‍ വിവേകിന്റെ കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടുകയാണ് അവര്‍ ചെയ്തത്. രണ്ടുദിവസം മുമ്പ് വിശദമായ അപ്പീല്‍ ഞങ്ങള്‍ അയച്ചിട്ടുണ്ട്. ഇത് വിവേകിന്റെ പ്രദര്‍ശനം വൈകിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നിയമപരമായ വഴികള്‍ തേടുകയാണ് അക്കാദമി.’-പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ചലച്ചിത്ര അക്കാദമി വൃത്തങ്ങള്‍ പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.
ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം കേന്ദ്രമന്ത്രാലയത്തില്‍ നിന്നും സെന്‍സര്‍ ഇളവ് തേടിയാല്‍ മാത്രമേ പ്രദര്‍ശനം സാധ്യമാകൂ.
ഇത് രണ്ടാം തവണയാണ് കേരളാ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവെല്‍ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. 2017ല്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭം, രോഹിത് വെമുല സംഭവം, കശ്മീര്‍ വിഷയം എന്നിവ പരാമര്‍ശിക്കുന്ന മൂന്ന് ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചിരുന്നു. അക്കാദമി കേരള ഹൈക്കോടതിയെ സമീപിക്കുകയും ക്ലിയറന്‍സ് നേടിയെടുക്കുകയും ചെയ്തതോടെയാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞത്