ഗിരീഷ് കർണാട് അന്തരിച്ചു

0
152

ബംഗളൂരു: എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും സാമൂഹ്യ പ്രവർത്തകനുമായ ഗിരീ‍ഷ് കർണാട്‌ (81) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ രാവിലെ ആറരയോടെയാണ്‌ അന്ത്യം.

സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്കാരം (1998) ലഭിച്ച എഴുത്തുകാരനാണ്‌. 1988‐93 കാലഘട്ടത്തിൽ കേന്ദ്ര സംഗീതനാടക അക്കാദമി അധ്യക്ഷനായിരുന്നു.
പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങളും രാജ്യം അദ്ദേഹത്തിന്‌ സമ്മാനിച്ചു. കർണ്ണാടക സ്റ്റേറ്റ് നാടക അക്കാദമിയുടെ അധ്യക്ഷനുമായിരുന്നു.

1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാഥേരാനിലാണ്‌ ജനിച്ചത്‌. വിദ്യാഭ്യാസം ഇംഗ്ലീഷിലും മറാഠിയിലുമായിരുന്നെങ്കിലും സാഹിത്യരചന മുഖ്യമായും കന്നഡയിലായിരുന്നു. 1958-ൽ ബിരുദം നേടി. 1960-63 വരെ ഓക്സ്ഫഡ് യൂണിവർസിറ്റിയിൽ റോഡ്‌സ് സ്‌കോളർ ആയിരുന്നു. ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് ഇകണോമിക്സ് എന്നിവ ഐച്ഛികവിഷയങ്ങളായെടുത്ത് എംഎ ബിരുദം നേടി. 1963-ൽ ഓക്‌സ്‌ഫെഡ് യൂനിയൻ എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. . മദിരാശിയിലെ ഓക്‌സ്‌ഫെഡ് യൂനിവഴ്സിറ്റി പ്രസ്സിന്റെ മാനേജരായി പ്രവർത്തിച്ചു.
ചരിത്രം, ഐതിഹ്യങ്ങൾ എന്നിവയെ സമകാലിക പ്രശ്നങ്ങളുമായി കൈകാര്യം ചെയ്യുന്ന രീതിയാണ്‌ നാടകങ്ങളിൽ സ്വീകരിച്ചിരുന്നത്‌. സിനിമയിൽ നടൻ, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ എന്നീ നിലകളിൽ ഗിരീഷ് കർണാട്‌ പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യനാടകം യയാതി (1961). ഹയവദന , തുഗ്ലക് എന്നിവ ഏറെ അംഗീകാരങ്ങൾ നേടിയ നാടകങ്ങളാണ്‌. സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത് ബാദൽ സർക്കാർ, മോഹൻ രാകേഷ്, വിജയ് ടെൻഡുൽക്കർ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ദേശീയ പുരസ്‌ക്കാരം നേടിയ സംസ്കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്‌. ഇതിൽ പ്രധാന നടനുമായിരുന്നു. സംവിധാനം ചെയ്ത ആദ്യചിത്രം വംശവൃക്ഷയാണ്‌.

ദി പ്രിൻസ്‌, നീലക്കുറിഞ്ഞി പൂത്തപ്പോൾ എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌. ഏറെ ജനപ്രീതി നേടിയ ടെലിവിഷൻ പരമ്പരയായ ’മാൽഗുഡി ഡേയ്‌സിൽ ’പ്രധാനവേഷം ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here