അരുണ്‍ പ്രഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘യാസ്’. 90 വയസ്സുകാരന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ എസ്. എന്‍. ഭട്ട് പ്രധാന വേഷത്തിലെത്തുന്നു. പ്രേക്ഷകരുടെ ഉള്ളുപൊള്ളിച്ച ‘അരുവി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അരുണ്‍. എയ്ഡ്‌സ് ബാധിതയായ അരുവി എന്ന പെണ്‍കുട്ടിയുടെ ജീവിതകഥ പറഞ്ഞുകൊണ്ട് തമിഴകത്ത് തന്റെ കയ്യൊപ്പ് ചാര്‍ത്തുകയായിരുന്നു അരുണ്‍.
തന്റെ ബംഗ്ലാവില്‍ നിന്നും പുറത്തുവരാന്‍ മടിക്കുന്ന തൊണ്ണൂറുകാരന്റെ കഥയാണ് ‘യാസ്’. ഏതാനും ചെറുപ്പക്കാര്‍ ആ ബംഗ്ലാവിലെത്തുന്നതോടെ അയാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്. ബാലു മഹേന്ദ്രയുടെ ‘മൂന്ന്രാം പിറൈ’യിലൂടെ അരങ്ങേറ്റം കുറിച്ച എസ്. എന്‍. ഭട്ട് ‘കാട്രിന്‍മൊഴി’, ‘മദ്രാസ് പട്ടണം’, ‘തിരുമണം എന്നും നിക്കാഹ്’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 24 എ.എം. സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.