ദളിത് – ആദിവാസി മനുഷ്യരുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന ‘കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’ ആണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഹ്രസ്വ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെറീഫ് ഈസയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മാസ്റ്റര്‍ പ്രജിത്താണ് കാന്തനായി വേഷമിട്ടത്. ആദിവാസികള്‍ക്കുവേണ്ടി പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായ ദയാബായിയും പ്രധാനവേഷത്തിലും എത്തുന്നു.
വയനാട്ടിലെ അടിയ വിഭാഗത്തില്‍പ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്‍റെ തനതാവിഷ്കാരമാണ് ‘കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’. ലിപികളായി ഇതുവരെ എഴുതപ്പെടാത്ത അടിയവിഭാഗക്കാരുടേതായ ഭാഷയിലാണ് ചിത്രം. വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയ വിഭാഗ മനുഷ്യരുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത് പ്രമോദ് കൂവേരിയാണ്.
കര്‍ഷക ആത്മഹത്യകള്‍, കപട പരിസ്ഥിതിവാദങ്ങള്‍ പ്രകൃതി ചൂഷണം, വരള്‍ച്ച, ദാരിദ്രം, നാട്ടുഗദ്ദിക, കാക്കപ്പെലെ, തീണ്ടാരിക്കല്യാണം തുടങ്ങിയ ആചാരങ്ങള്‍, പ്രണയം, പ്രതിരോധം, നിലനില്‍പ്പിന്‍റെ രാഷ്‍ട്രീയം തുടങ്ങിയ ജീവിത സന്ധികളോടു സമരസപ്പെടുകയാണ് സിനിമ. പ്രകൃതിയെ സ്നേഹിക്കുന്നവരെ പ്രകൃതി തിരിച്ചു സ്നേഹിക്കുന്നു എന്ന ആത്മബന്ധം നിറഞ്ഞുനില്‍ക്കുന്ന സിനിമയില്‍ മനുഷ്യന്‍ പ്രകൃതിയോടുകാട്ടുന്ന ക്രൂരതകള്‍ കണ്ട് നെഞ്ചുപൊട്ടിപ്പോകുന്ന കാടിന്‍റെ മക്കള്‍ക്ക് പ്രതിരോധത്തിന്‍റെ പുതിയൊരു മാര്‍ഗ്ഗം അന്വേഷിക്കുന്നു.
മാറിവരുന്ന ഭരണകൂട വ്യവസ്ഥിതികള്‍ നിരന്തരം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന കാട്ടുകുരങ്ങന്മാര്‍ എന്നുവിളിക്കപ്പെടുന്ന ആദിവാസി-ദളിത് വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള തന്‍റെ പോരാട്ടത്തിന്‍റെ ഭാഗമായി മാത്രമാണ് താന്‍ ഈ സിനിമയെ നോക്കിക്കാണുന്നത് എന്നു ദയാബായി പറയുന്നു.
ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്‍ടപ്പെടുന്ന കാന്തന്‍ എന്ന പത്തു വയസ്സുകാരന്‍, അവനെ ആര്‍ജ്ജവമുള്ള ഒരു മനുഷ്യനായി വളര്‍ത്തിയെടുക്കുന്ന ഇത്ത്യാമ്മ, മറ്റു നിറങ്ങളോടുള്ള അവന്‍റെ പ്രണയവും കറുപ്പിനോടുള്ള അപകര്‍ഷതയും തിരിച്ചറിയുന്ന അവര്‍ പ്രകൃതിയില്‍ ലയിച്ചു ചേര്‍ന്ന് ജീവിക്കാനുള്ള ആത്മബോധം ഉണ്ടാക്കിയെടുക്കുന്നു. വര്‍ഷാവര്‍ഷം കാളിന്ദി നദി കരകവിഞ്ഞ് അവരുടെ കുടില്‍ നഷ്‍ടമാകുന്ന അവരുടെ അതിജീവനത്തിന്‍റെയും സിനിമ നമ്മെ യാഥാര്‍ത്ഥ്യത്തിലേക്കും എത്തിക്കുന്നു. ഈ സിനിമ വരേണ്യ വര്‍ഗ്ഗവും ഭരണകൂടവും വലിച്ചെറിഞ്ഞ സാധാരണ മനുഷ്യരുടെ അസ്തിത്വങ്ങള്‍ കാലഹരണപ്പെടില്ല.
ഛായാഗ്രഹണം പ്രിയന്‍, എഡിറ്റിംഗ് പ്രശോഭ്, പശ്ചാത്തല സംഗീതം സച്ചിന്‍ ബാലു, സൗണ്ട് എഫക്ട്സ് ഷിജു ബാലഗോപാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അശോകന്‍. കെ വി, അസിസ്റ്റന്‍റ്സ് മുരളീധരന്‍ ചവനപ്പുഴ, പ്രദീഷ് വരഡൂര്‍, അമല്‍. വി എഫ് എക്സ് വിപിന്‍രാജ്.
നെങ്ങറകോളനിയിലെ അടിയവിഭാഗത്തില്‍പ്പെട്ടവര്‍ക്കൊപ്പം ചിന്നന്‍, കുറുമാട്ടി, സുജയന്‍, ആകാശ്, കരിയന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.