തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ഓൺലൈൻ ആക്കുന്നു. എൻജിനീയറിങ് ഒഴികെയുള്ള പ്രവേശന പരീക്ഷകൾ ഈ വർഷം മുതൽ ഓൺലൈനാകും. എൻജിനീയറിങ്ങിൽ അടുത്ത വർഷമായിരിക്കും നടപ്പാക്കുക. ഇതു സംബന്ധിച്ച എൻട്രൻസ് കമ്മീഷണറുടെ ശുപാർശ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീൽ അംഗീകരിച്ചു.
എം.എസ്.സി നഴ്സസിങ്, ബി.ഫാം, ത്രിവത്സര – പഞ്ചവത്സര എൽ. എൽ. ബി, എൽ. എൽ എം എന്നീ പ്രവേശന പരീക്ഷകളാണ് ഈ വര്‍ഷം ഓണ്‍ലൈന്‍ ആകുന്നത്. വിജയിക്കുകയാണെങ്കില്‍, അടുത്ത വര്‍ഷം മുതല്‍ എൻജിനീറിങ് പരീക്ഷയിലും ഇത് നടപ്പിലാക്കും.
നിര്‍ദേശം, ധനവകുപ്പ് കൂടി അംഗീകരിക്കേണ്ടതുണ്ട്. മുമ്പ് സാങ്കേതിക കാരണങ്ങളാൽ ധനവകുപ്പ് ഫയൽ മടക്കിയിരുന്നു. പരീക്ഷ ഓൺലൈൻ ആകുന്നത് വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമാകും. സർക്കാരിന് സാമ്പത്തിക ലാഭമുണ്ടാകും. ദേശിയ തലത്തിലുള്ള പല പരീക്ഷകളും ഓൺലൈൻ വഴിയാണ് നടക്കുന്നത്.
ഓൺലൈൻ പരീക്ഷയിൽ ഉത്തരം എപ്പോൾ വേണമെങ്കിലും തിരുത്താം. പരീക്ഷ കഴിയുമ്പോൾത്തന്നെ സ്കോർ അറിയാനുമാകും. ഒ. എം. ആര്‍ പരീക്ഷകൾക്ക് ഇത് സാധ്യമല്ല.