മഴ പോലെ നനുത്ത ജൂൺ

0
315
june

സച്ചിൻ. എസ്‌. എൽ

ജൂൺ മാസം എല്ലാ കാലവും ഒരോർമ്മപ്പെടുത്തലാണ്. മഴയിൽ കുളിച്ച സ്കൂൾ തുറപ്പിന്റെ ദിനങ്ങളെ. അതുകൊണ്ട്‌ തന്നെ ജൂണിനെന്നും നനവുതിരുന്ന നനുത്ത ഒരു സുഖമുണ്ട്‌.
രജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി അഹമ്മദ്‌ കബീർ സംവിധാനം ചെയ്ത ജൂൺ, രജിഷയ്ക്ക്‌ അവിശ്വസനീയമായ ഡെഡിക്കേഷൻ ലെവൽ ഉള്ള നടി എന്ന ഖ്യാതി തീർച്ചയായും നേടിക്കൊടുക്കുന്നുണ്ട്‌. ഞെട്ടിപ്പിക്കുന്ന മെയ്ക്ക്‌ ഓവറിലൂടെ 29 കാരിയായ നായിക 16 കാരിയുടെ രൂപഭംഗിയും ചേഷ്ടകളും സ്വായത്തമാക്കിയെടുത്തു എന്നത്‌ തന്നെയാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്‌. പ്രമേയത്തേക്കാളേറെ രജിഷ എന്ന നായികയെ ആണ് സ്ത്രീ കേന്ദ്രീകൃതമായ ഈ സിനിമ ഫോക്കസ്‌ ചെയ്യുന്നത്‌.

പറഞ്ഞ്‌ വാഴ്ത്താൻ അത്രത്തോളം പ്രത്യേകതകളൊന്നും ഈ സിനിമയ്ക്ക്‌ അവകാശപ്പെടാനില്ല! എന്നാലോ കഴിവുറ്റ ഒരു സംവിധായകന്റെ അവതരണ രീതി ഏറ്റവും കുറ്റമറ്റരീതിയിൽ വ്യക്തമായി കാണാം ഈ സിനിമയിൽ. ഇക്കാലമത്രയും മലയാളസിനിമ കണ്ട സ്കൂൾ / കോളേജ്‌ ജീവിത റിയലിറ്റീസ്‌ കണ്ട്‌ തീർത്താൽ വ്യത്യസ്തതകൾ നുള്ളിപ്പെറുക്കൽ പ്രയാസമാണ്. നൂറു ശതമാനം നീതി അവകാശപ്പെടാൻ തക്ക സീനുകൾ ഏറെ വിരളം. ഈയൊരവസ്ഥയിൽ ജൂണിന് പറയാൻ സവിശേഷതയുള്ള ഒരു കഥയുണ്ട്‌. ആരും കണ്ട് മടുത്തു എന്ന് പറയാൻ ചാൻസില്ലാത്ത ഒരു കഥ. രസകരമായ സ്കൂൾ ജീവിത നന്മകൾ കൃത്രിമത്വം ഇല്ലാതെ കാട്ടിത്തരാൻ സംവിധായകൻ അഹമ്മദ്‌ കബീർ കിണഞ്ഞ്‌ പരിശ്രമിച്ചിട്ടുണ്ട്‌. അതിൽ അദ്ദേഹം വ്യക്തമായ വിജയം കൈവരിച്ചു. പ്ലസ്ടൂക്കാലത്തിന്റെ രസക്കാഴ്ചകൾക്കൊപ്പം പൂവിട്ട പ്രണയങ്ങളും കാണിച്ചപ്പോൾ അത്‌ നല്ലോർമ്മകളിലേക്ക്‌ പ്രേക്ഷകരെ എന്തായാലും എത്തിച്ചിരിക്കണം. പുതുമുഖങ്ങളെ വളരെ നന്നായി ഉപയോഗപ്പെടുത്തിയ സംവിധായകൻ പ്രണയചേഷ്ടകൾക്ക്‌, പരിചിതമല്ലാത്ത മുഖങ്ങളിലൂടെ പുതു ജീവൻ വെപ്പിച്ചിട്ടുണ്ട്‌.
തുടർന്ന് ആദ്യപകുതി തീരുന്നതിനോടടുപ്പിച്ച്‌ സിനിമയെ നായികാ നായക പ്രാധാന്യത്തിലേക്ക്‌ കൊണ്ട്‌ വന്നു!

June

ഇനി നായികയെക്കുറിച്ച്‌. മലയാളി സിനിമാ പ്രേക്ഷകർക്ക്‌ ഏറെ പരിചിതമായ ഒരു മുഖം അപരിചിതമാക്കിത്തീർക്കുക എന്ന ജോലിയായിരുന്നു അഹമ്മദ്‌ കബീറിന് ജൂണായി രജിഷ വിജയനെ കാസ്റ്റ്‌ ചെയ്തപ്പൊ ചെയ്ത്‌ തീർക്കാനുണ്ടായിരുന്നത്‌ എന്ന് തോന്നും രജിഷ തന്നിൽ വരുത്തിയ മാറ്റങ്ങൾ കണ്ടാൽ. ശാരീരികമായും മാനസികമായും ചെറുപ്പം ഉൾക്കൊള്ളാൻ അവർ എടുത്ത ഉദ്യമം പ്രശംസാർഹം! “ഇതേതാ ഈ പുതിയ നടി” എന്ന കമന്റുകൾ തുടക്കം മുതൽ തിയേറ്ററുകളിൽ ഉയർന്നത്‌ ആ വേഷപ്പകർച്ചയുടെ പരിപൂർണത ഉറപ്പാക്കുന്നു! തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്‌ കരസ്ഥമാക്കിയ രജിഷയിൽ നിന്ന് മികവുറ്റ ഒരു ക്യാരക്ടറിനെത്തന്നെ കിട്ടി എന്ന് നിസ്സംശയം പറയാം! പ്രണയനഷ്ടരംഗങ്ങളിൽ വീണ്ടുമെത്തിയപ്പോൾ മാറ്റം ഉൾക്കൊള്ളാൻ കൂട്ടാക്കാതെ ‘അനുരാഗക്കരിക്കിൻ വെള്ള’ത്തിലെ എലിസബത്തിന്റെ മാനറിസങ്ങൾ ജൂണും കടമെടുത്തോ എന്ന് തോന്നിപ്പിച്ചിരുന്നു.

പുതുമുഖ നായകനായെത്തിയ സർജാനോ ഖാലിദ്‌ തരക്കേടില്ലാത്ത പ്രകടനത്തിൽ ഒതുങ്ങിപ്പോയി. ഓർത്ത്‌ വെക്കാൻ മാത്രം അയാൾ ഒന്നും ചെയ്തില്ല.

ആദ്യ പകുതി കഴിയുന്നതോടെ അനുരാഗത്തിലാകുന്ന നായകനും നായികയും പക്ഷേ പ്രേക്ഷകരെ നല്ലപോലെ വെറുപ്പിച്ചു. പുതുമകളേറെ കാട്ടിയ സംവിധായകനിൽ നിന്ന് കേവലമായ ക്ലീഷേ പ്രണയരംഗങ്ങൾ ആരും പ്രതീക്ഷിച്ച്‌ കാണില്ല! പിന്നീടങ്ങോട്ട്‌ പ്രണയ നിമിഷങ്ങളുടെ ഉയർച്ച താഴ്ചകൾ കാണിച്ചപ്പോൾ സ്ഥിര വിശേഷങ്ങളിൽ മാത്രമൊതുങ്ങി.

എന്നാൽ അപ്രതീക്ഷിതമായി എത്തിയ അർജുൻ അശോകന്റെ ആനന്ദ്‌ എന്ന കഥാപാത്രം വീണ്ടും ഉണർവ്വ്‌ കൊണ്ട്‌ തന്നു.

പിന്നീട്‌ കഥയുടെ ഗതി തന്നെ മാറുകയായിരുന്നു. പക്ഷേ ഏതാണ്ട്‌ ക്ലൈമാക്സ്‌ എന്തെന്ന് ഉറപ്പിച്ച മട്ടിലായിരുന്നു പ്രേക്ഷകർ ഒന്നടങ്കം!

എന്നാൽ സംവിധായകന്റെ യഥാർത്ഥ ബ്രില്ല്യൻസ്‌ വെളിവാകുന്ന സീനുകൾക്കാണ് സിനിമയുടെ അവസാന നിമിഷങ്ങൾ സാക്ഷ്യം വഹിച്ചത്‌. സ്കൂൾ കാല ബന്ധങ്ങൾ പിന്നീട്‌ പഠിച്ച കലാലയ ബന്ധങ്ങളേക്കാൾ ഭാവിയിൽ നിലനിൽക്കുന്നതും ഒപ്പം ഏറെ വിലപ്പെട്ടതെന്നും കാണിക്കുന്ന രംഗങ്ങൾ തിയേറ്ററിനെ ഒട്ടാകെ സന്തോഷാശ്രുവിലാഴ്ത്തിയെന്ന് വേണം പറയാൻ, കാലങ്ങൾക്ക്‌ ശേഷമുള്ള സ്കൂൾ കൂട്ടുകാരുടെ സംഗമം അത് ജൂണിന്റെ വിവാഹത്തിന്റന്ന്. പിന്നെ സിനിമയ്ക്ക്‌ നൽകിയ മൈലേജ്‌ പറഞ്ഞ്‌ പ്രതിഫലിപ്പിക്കാൻ കഴിയില്ല. അകന്നു പോയ ബന്ധങ്ങളുടെ കൂടിച്ചേരലുകളും അതിഭാവുകത്വമില്ലാതെ കാണിച്ച്‌ തന്ന കൂടിച്ചേരലിന്റെ സൗഹൃദഭാവവും കണ്ടു കൊണ്ടിരുന്ന ഒരോരുത്തരെയും അവരുടെ സ്കൂൾകാല നല്ലോർമകളിലേക്ക്‌ എത്തിച്ചിട്ടുണ്ടാവും എന്നത്‌ നിസ്സംശയം പറയാം! പോരായ്മകളുണ്ടാവാം നവാഗത സംവിധായകനാണ്, പുതിയ പിള്ളേരാണ്! എന്നാൽക്കൂടി ക്ലൈമാക്സിലെ ഇവരുടെ ഒന്നടങ്കമുള്ള പ്രകടനം ഈ പോരായ്മകളെ ഒക്കെ മറികടക്കുന്നു.

പ്രധാന ലൊക്കേഷനായ കുമരകത്തിന്റെ പ്രകൃതിഭംഗി അതി സുന്ദരമായിത്തന്നെ സിനിമാട്ടോഗ്രാഫ്‌ ചെയ്തിട്ടുണ്ട്‌ ക്യാമറാമാനായ ജിതിൻ സ്റ്റെൻസിലാവോസ്‌. എന്നാൽ അതിനൊത്ത ബാക്ക്‌ ഗ്രൗണ്ട്‌ സ്കോർ നൽകാൻ കഴിയാതിരുന്നത്‌ നിരാശ ജനിപ്പിച്ചു. ഇഫ്തിയുടെ മ്യൂസിക്‌ താരതമ്യേന മടുപ്പിക്കുന്നതായി തോന്നി.

സാങ്കേതിക സ്വഭാവങ്ങളെ ഇപ്രകാരം വിലയിരുത്തിക്കഴിഞ്ഞാൽ പിന്നെ എടുത്ത്‌ പറയേണ്ടത്‌ കാസ്റ്റിംഗ്‌ ആണ്. മറുത്തൊരഭിപ്രായം കേൾപ്പിക്കാത്ത തരത്തിൽ അതിഗംഭീരം എന്ന് വിളിക്കണം സിനിമയിൽ ഒന്നടങ്കമുള്ള കാസ്റ്റിംഗിനെ.

june

ജൂണിന്റെ അച്ഛനായി എത്തിയ ജോജു ജോർജ്ജ്‌ ഒരു പിതാവിന്റെ സർവ്വഗുണങ്ങളും കാട്ടിത്തന്നു. മകളെ അത്രയധികം സ്നേഹിക്കുന്ന അച്ഛനായി പകർന്നാടിയ ഈ നടൻ തനിക്ക്‌ അനുവദിച്ച്‌ കിട്ടിയ സീനുകൾ ഹൃദയഹാരിയായി അഭിനയിച്ച്‌ പ്രതിഫലിപ്പിച്ചിട്ടുണ്ട്‌. ഈ നടൻ തന്റെ അഭിനയ സാധ്യതകൾ ഒരു വെല്ലുവിളിയായി ഉയർത്തിക്കാണിച്ചുകൊണ്ടിരിക്കുകയാണ്.

സത്യം ശിവം സുന്ദരം എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ അശ്വതിയാണ് ജൂണിന്റെ അമ്മയായി സിനിമയിലെത്തുന്നത്. ഒരു പെണ്‍കുട്ടിയെ വളര്‍ത്തിയെടുക്കുന്ന അമ്മയുടെ വെപ്രാളം അശ്വതിയില്‍ കാണാം.

അപ്രധാനമായ ഒരു റോളിൽ അജു വർഗ്ഗീസ്‌ സിനിമയിൽ തലകാണിച്ചിട്ടുണ്ട്‌. എന്നാൽ അർജ്ജുൻ അശോകിന് അഭിനയ സാധ്യതയുള്ള നല്ല വേഷം തന്നെ കൈകാര്യം ചെയ്യാൻ സാധിച്ചു.
തന്റെ കഴിവിനൊത്ത റോളുകള്‍ ഇനിയും അര്‍ജുനെ തേടിയെത്തിയിട്ടില്ലെന്ന് ആനന്ദ് ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ ജൂണിനോളം തന്നെ പ്രധാന്യമുണ്ടായിരുന്ന പല കഥാപാത്രങ്ങളേയും രണ്ടാംപകുതിയില്‍ പെട്ടെന്ന് സ്‌ക്രീനില്‍ നിന്നും അപ്രതക്ഷ്യമായത്‌ സിനിമയുടെ കുറ്റമറ്റരീതിയിലുള്ള ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്‌.

ഇങ്ങനെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിലും സിനിമയുടെ നേർരേഖാ ചലനത്തിന്റെ ഗതിമാറ്റിയ ക്ലൈമാക്സ്‌ തന്നെയാണ് ജൂണിനെ വേറിട്ട്‌ നിർത്തുന്നത്‌. അത്‌ കൊണ്ട്‌ തന്നെ നല്ല സിനിമ എന്ന വിശേഷണം ഈ സിനിമയ്ക്ക്‌ അർഹമാണ്…

LEAVE A REPLY

Please enter your comment!
Please enter your name here