സാമൂതിരി അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു

0
384

സാബിത്

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് വിശ്വൽ ക്ലബ്ബും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. അർച്ചന പദ്മിനി ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. അപർണ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഡോക്ടർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആർ പി എം ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. ചെലവൂർ വേണു ലെനിൻ രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. നവീന സുഭാഷ് സിനി ലോഗോ പ്രകാശനം നിര്‍വഹിച്ചു.

മനുഷ്യനെ വേഗത്തിൽ വിവരങ്ങൾ ആർജിച്ചെടുക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ഉപാധിയാണ് ദൃശ്യമാധ്യമം. വ്യത്യസ്തമായ ഭാഷ കൊണ്ടും വിഷയാവതരണം കൊണ്ടും ഗുരുവായൂരപ്പൻ കോളേജും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ചലച്ചിത്രോത്സവം വേറിട്ടു നിൽക്കുന്നു. മലയാളസിനിമയിൽ പെണ്ണിടങ്ങൾ എന്ന വിഷയത്തിൽ നടത്തിയ ഓപ്പൺഫോറത്തിൽ ലിജീഷ് കുമാർ സംസാരിച്ചു.

 

ലെനിൻ രാജേന്ദ്രൻ അനുസ്മരണാർത്ഥം മീനമാസത്തിലെ സൂര്യൻ എന്ന സിനിമയുടെ പ്രദർശനത്തോടെയാണ് ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചത്. സമൂഹത്തിൽ തങ്ങളുടേതായ ഒരു ഇടം കണ്ടെത്താൻ ശ്രമിക്കുന്ന ട്രാൻസ്ജെൻഡർ കഥ പറഞ്ഞ ‘ദ ഡാനിഷ് ഗേളും’ നിയമ വിദ്യാർത്ഥി ആയിരിക്കെ ബ്രസീലിയൻ അതിർത്തിയിലെ ഒരു സ്കൂളിൽ ജോലിക്കു പോവുകയും അവിടെ നിന്ന് ലൈംഗികപീഡനത്തിന് വിധേയമാവുകയും, അതിലൂടെ ജനിക്കുന്ന കുട്ടിയെ വളർത്തും എന്ന ദൃഢനിശ്ചയത്തോടെ തീരുമാനമെടുക്കുന്നതും ‘പൗലിന’ എന്ന സിനിമയിൽ പ്രതിപാദിക്കുന്നു. ആഫ്രിക്കയിലെ മുസ്ലിം വംശജർ ആചരിച്ചുപോരുന്ന ചേലാകർമ്മം ആണ് ‘മൂലാദേ’ (Magical protection) എന്ന സിനിമയിൽ ചർച്ചചെയ്യുന്നത്.

മാൻറോ തുരുത്ത്, ലെമൺ ട്രീ, മുസ്താങ്, അക്വാറിയസ് , ബാരൺ, ഹെലി, ഓൾഗ, അഹോര, നഹിദ, സാന്റ് സ്റ്റോം, ഇൻ ഹൈഡിങ് എന്നീ സിനിമകളും ചലചിത്ര മേളയിൽ പ്രദർശിപ്പിച്ചു. ഒരോ സിനിമകളും മനസ്സിന്റെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ടു പോയി. ചലചിത്ര മേള അവസാനിച്ച്, കൃഷ്ണഗിരി ഇറങ്ങുമ്പോഴും സിനിമകൾ, കഥാപാത്രങ്ങൾ, ഇതിവൃത്തം എന്നിവ സംസാരിച്ചു കൊണ്ടേയിരുന്നു.

ഫോട്ടോ: സാബിത്

LEAVE A REPLY

Please enter your comment!
Please enter your name here