റോം: വിഖ്യാത ഇറ്റാലിയന്‍ ചലച്ചിത്രകാരന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി (77) അന്തരിച്ചു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം റോമിലായിരുന്നു. ‘ദി ലാസ്റ്റ് എമ്പറർ’, ‘ലാസ്റ്റ് ടാൻഗോ ഇൻ പാരീസ്’ എന്നീ ഓസ്‌കാര്‍ നേടിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബെര്‍ട്ടലൂച്ചി, ഇറ്റാലിയന്‍ ന്യൂവേവ് സിനിമയുടെ മുഖ്യ ശില്പികളില്‍ ഒരാളാണ്.
2003-ല്‍ നട്ടെല്ലു സംബന്ധിയായി നടത്തിയ ശസ്ത്രക്രിയ പരാജയമായതിനെ തുടര്‍ന്നു ഒന്നര പതിറ്റാണ്ടോളമായി വീല്‍ചെയറിലായിരുന്നു.
60 കളില്‍ മൈക്കലാഞ്ചലോ അന്റോണിയോണി, ഫെഡറിക്കോ ഫെല്ലിനി, പസോലിനി എന്നിവര്‍ക്കൊപ്പം തന്നെ ഇറ്റാലിയന്‍ നവധാര ചിത്രങ്ങളുടെ പ്രധാന അമരക്കാരില്‍ ഒരാളായി . 1987 ല്‍ സംവിധാനം ചെയ്ത ‘ദ ലാസ്റ്റ് എമ്പറർ’ എന്ന ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവ ഉള്‍പ്പെടെ ഒമ്പത് ഓസ്‌കാര്‍ അവാര്‍ഡുകളാണ് ഈ ചിത്രം നേടിയത്. ചൈനയിലെ അവസാന രാജവംശത്തെക്കുറിച്ചുള്ള ചിത്രമായിരുന്നു ‘ദ ലാസ്റ്റ് എംപറര്‍’.
കവിയും അധ്യാപകനുമായ അറ്റിലിയോയുടെ മകനായി 1941 ല്‍ പര്‍മയിലാണ് ബെര്‍ട്ടലൂച്ചി ജനിച്ചത്. ചെറുപ്പം മുതല്‍ കലയും സാഹിത്യവുമായി ബന്ധമുള്ള അന്തരീക്ഷത്തിലാണ് അദ്ദേഹം വളര്‍ന്നത്. 1962 ല്‍ 21-ാം വയസ്സില്‍ ‘ദ ഗ്രിം റീപ്പര്‍’ എന്ന ചിത്രത്തിലൂടെ ബെര്‍ട്ടലൂച്ചി സ്വതന്ത്ര സംവിധായകനായി.
‘ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ്’, ‘ബിഫോര്‍ ദ റെവല്യൂഷന്‍’, ‘പാര്‍ട്ണര്‍’, ‘ദ കണ്‍ഫോര്‍മിസ്റ്റ്’, ‘1900’, ‘ട്രാജഡി ഓഫ് എ റിഡിക്കുലസ് മാന്‍’, ‘ദ ഷെല്‍ട്ടറിംഗ് സ്‌കൈ’, ‘ലിറ്റില്‍ ബുദ്ധ’ തുടങ്ങി 20 ലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബെര്‍ട്ടലൂച്ചിയുടെ അവസാനം ചിത്രം, നിക്കോള്‍ അമ്മാനിറ്റിയുടെ നോവലിനെ ആസ്പദമാക്കിയൊരുക്കിയ ‘മി ആന്‍ഡ് യൂ’ ആണ്. സംവിധായികയായ ക്ലെയര്‍ പെപ്ലോ ആണ് ഭാര്യ.