സച്ചിന്‍ എസ്. എല്‍
മലയാള സിനിമയിലെ ഇരട്ട സംവിധായകരുടെ പട്ടികയിലേക്ക് ഇനി നവാഗതരായ ഗൗതം സൂര്യയും, സുദീപ് ഇളമൺ. തങ്ങളുടെ ആദ്യ ചിത്രം തന്നെ 2018 ഐ. എഫ്. എഫ്. കെ യ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിലാണിവർ. ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യ ആകര്‍ഷണമായിരിക്കും ഇവര്‍ സംവിധാനം ചെയ്ത ‘സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ്’ (Sleeplessly Yours) എന്ന ചലച്ചിത്രം. സംസ്ഥാന അവാർഡ് ജേതാവായ സുദേവ് നായർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖമായ ദേവകി രാജേന്ദ്രനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ഡാൻസറും തിയേറ്റർ ആർട്ടിസ്റ്റുമായ ദേവകി രാജേന്ദ്രന്‍ സിനിമയില്‍ ആദ്യമാണ്. സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറായ എം. എസ് ശ്യാം പ്രകാശിന്റെ കീഴില്‍ പ്രീ- പ്രൊഡക്ഷന്‍ സമയത്ത് ട്രെയിനിംഗ് ചെയ്യാന്‍ ദേവകിക്ക് അവസരമുണ്ടായിരുന്നു. അതിന്റെ പ്രതിഫലനം സിനിമയില്‍ അവര്‍ അവതരിപ്പിച്ച ‘മാനു’ എന്ന കഥാപാത്രത്തില്‍ പ്രകടമായിരുന്നു.
ഉറക്കമില്ലായ്മ (Sleep Deprivation) എന്ന അവസ്ഥ പരീക്ഷിക്കുന്ന പ്രണയജോഡികളുടെ കഥ പറയുകയാണ് ‘സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ്’. അവരുടെ തികച്ചും വ്യക്തിപരമായ പരസ്പര സ്നേഹബന്ധം കാണിക്കുന്ന ഈ സിനിമ മനശാസ്ത്ര സംബന്ധിയായ ഒരു വിഷയം കൂടിയാണ് കൈകാര്യം ചെയ്യുന്നത്.
‘ക്രൗഡ് ഫണ്ടഡ് മൂവീ’ (Crowd funded movie) എന്നൊരു സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്. അണിയറ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സംഭാവനയിൽ നിർമ്മിച്ച ഈ ചിത്രത്തിന് ഒരു സാധാരണ മലയാള സിനിമയുടെ നിർമ്മാണച്ചെലവിന്റെ മൂന്നിലൊന്നു മാത്രമേ വേണ്ടി വന്നുള്ളൂവെന്നത് ആശ്ചര്യകരമാണ്.
സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച സുദേവ് നായർ, അപ്പു ഭട്ടതിരി എന്നീ പരിചയസമ്പന്നരൊഴികെയുള്ള മറ്റെല്ലാവരും സിനിമാ മേഖലയിൽ ആരംഭം കുറിച്ചവരാണ് എന്ന സവിശേഷതയും സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സിനുണ്ട്. അഭിനേതാക്കളും, മറ്റ് ടെക്നീഷ്യന്മാരടക്കമുള്ളവരും കാര്യമായ വേതനം ചോദിച്ചു വാങ്ങാതെയാണ് ഈ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചത്.
തിരുവനന്തപുരവും അതിനോടനുബന്ധിച്ച പ്രദേശങ്ങളുമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. അതിൽ കൗതുകകരമായ വസ്തുത എന്തെന്നാൽ ഇരു സംവിധായകരുടെയും വീടുകൾ മുഖ്യ ലൊക്കേഷനുകളായി എന്നുള്ളതാണ്. സുദീപിന്റെ വീട്ടിലെ സ്റ്റോർ റൂം ഈ ചിത്രത്തിന്റെ ഭാഗവാക്കായ സീനുകൾ ചിത്രീകരിച്ച സ്പോട്ട് ആയി മാറി എന്നത് രസമുളവാക്കുന്ന ഒരു വസ്തുതയാണ്. ഒരു കലാ സംവിധായകന്റെ റോളിൽ സിനിമയിലെ മുഴുവൻ ആൾക്കാരും പ്രവർത്തിച്ചു എന്നതും വ്യത്യസ്തത പുലർത്തുന്നു. സിനിമയുടെ ലൊക്കേഷനാവശ്യമായ മാറ്റങ്ങളും സെറ്റപ്പുകളും ഒരു കലാ സംവിധായകന്റെയോ, പ്രൊഡക്ഷൻ ഡിസൈനറുടെയോ സഹായമില്ലാതെയാണിവർ ചെയ്തത്.
തിരുവനന്തപുരം നഗരത്തിന്റെ രാത്രികാല ചിത്രങ്ങൾ ഒപ്പിയെടുത്ത ഈ സിനിമയുടെ ഛായഗ്രഹണം നിർവ്വഹിച്ചതും സംവിധായകർ ഇരുവരും ചേർന്നാണ്. അതുപോലെ വസ്ത്രാലങ്കാരത്തിനും പ്രത്യേകമായി ആരും തന്നെ ഈ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചില്ല. അഭിനേതാക്കളിൽ പലരും സ്വന്തം വസ്ത്രം തന്നെ സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു.
ഉറക്കമില്ലായ്മ എന്ന അവസ്ഥയെ ചുറ്റിപ്പറ്റിയുള്ള സിനിമ ആയതിനാൽ അഭിനേതാക്കളും മറ്റംഗങ്ങളും തുടർച്ചയായി മൂന്ന് ദിവസത്തോളം ഉറക്കമില്ലാതെയിരുന്നും സിനിമ ചിത്രീകരിച്ചു. ഇത് വഴി അത്തരമൊരവസ്ഥയെ കൃത്യമായി പകർത്തിയെടുക്കാൻ കഴിഞ്ഞുവെന്ന് ഇവർ പറയുന്നു. ഉറക്കമില്ലായ്മ മനുഷ്യരിലുണ്ടാക്കുന്ന സ്വാഭാവികമായ മാറ്റങ്ങൾ ചിത്രത്തിൽ അടങ്ങിയിരിക്കുന്നു.
പത്ത് ദിവസത്തിൽ കുറവ് ദിവസങ്ങൾ കൊണ്ട് ചിത്രീകരിച്ച സിനിമ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും കഴിഞ്ഞ് എട്ടു മാസം കൊണ്ട് പ്രദർശനയോഗ്യമായിത്തീർന്നു. ചലച്ചിത്രോൽസവങ്ങൾ ലക്ഷ്യമാക്കി നിർമ്മിച്ച ഈ സിനിമയ്ക്ക് വർക്കിയാണ് സംഗീതം ഒരുക്കിയത്. അപ്പു ഭട്ടതിരി, ക്രിസ്റ്റി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ചിത്രസംയോജനം നിർവ്വഹിച്ച ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ അരുൺ എസ്.ജിയാണ്.
ഓൺലൈൻ റിലീസിന് കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ദൈർഘ്യം 72 മിനുട്ടാണ്. ഏറെക്കുറെ ജനകീയമെന്നു പറയാന്‍ തക്ക വിധത്തില്‍ തന്നെയാണ് ‘സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ്’ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തിന് ടീം ‘ആത്മ’യുടെ എല്ലാവിധ ആശംസകളും.