സച്ചിന്‍ എസ്.എല്‍
“അഗ്നിജ്വാലതൻ തേജസ്സും
അഴകാർന്ന രൗദ്രഭാവവും
ഒന്നിനൊന്നായി ഓടിയെത്തുന്ന
വീരഗാഥയിലെ നായകാ….
വന്നു നീ ഒരു കാഹളധ്വനി
പുലരുമീ ദിനം ശംഖ്വലീ…..”
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒൻപതു മണിയാകുമ്പൊ പഠിപ്പും നിർത്തി ടീ.വീടെ മുന്നിൽ ചെന്നിരിക്കാനുള്ള പ്രധാന കാരണം ഇന്നും മറക്കാത്ത ഈ ഇൻട്രോ സോംഗും അതിലെ നായകൻ കായംകുളം കൊച്ചുണ്ണിയോടുള്ള ആരാധനയുമായിരുന്നു. വർഷങ്ങളോളം സൂര്യാ ടി.വിയിൽ സംപ്രേഷണം ചെയ്ത കായംകുളം കൊച്ചുണ്ണി സീരിയൽ എന്നും മുടങ്ങാതെ കണ്ടു കൊണ്ടിരുന്ന ആ പന്ത്രണ്ടു വയസുകാരൻ. പിന്നീടൊരു വ്യാഴവട്ടക്കാലം കടന്നു പോയപ്പൊ ഇഷ്ട സിനിമാക്കാരൻ നായകനായെത്തിയ കായംകുളം കൊച്ചുണ്ണി സിനിമ തിയേറ്ററുകളിൽ ആദ്യ ദിവസം തന്നെ കണ്ടു. ഒറ്റവാക്കിൽ റിവ്യൂ എഴുതാൻ പറഞ്ഞാൽ ന്യൂ ജെൻ ലാംഗ്വേജിൽ ശോകമാണ് ബ്രോ…
എന്തായിത്…. പണ്ടു ഞാൻ വീരാരാധന നടത്തിയ സാക്ഷാൽ കൊച്ചുണ്ണി തന്നെയാണോ ഇത്. ഹീറോയിസം പോയിട്ട് കേവലിസം പോലും കാണിക്കാതെ തീർത്തൊരു സിനിമ. ടൈറ്റിൽസിൽ റിസർച്ച് ടീം എന്നും പറഞ്ഞ് മൂന്നു പേരുടെ പേരും കാട്ടി കാണിച്ചൊരു സിനിമ. ആ ചരിത്ര ഗവേഷകരോടെങ്കിലും നീതി പുലർത്തിയോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. സിനിമ പ്രഖ്യാപിച്ചതു മുതൽ ഇറങ്ങിയ പോസ്റ്ററുകളിലെ ലാലിസത്തിന്റെ എഫക്റ്റിൽ മാത്രം ഒതുങ്ങിപ്പോയി. മോഹൻ ലാലിന്റെ പിന്മുറക്കാരനെന്നു കരുതി മലയാളി വാഴ്ത്തിയ നായകന്റെ ആദ്യ ചരിത്ര സിനിമ. സിനിമയിലെ നായകൻ അടിയേറ്റു വീണപ്പോൾ രക്ഷിക്കാൻ വന്നയാൾ സകലമാന കയ്യടിക്കും പാത്രമായപ്പോൾ സിനിമയിലുടനീളം നായകന്റെ മുഖത്ത് പ്രകടമായ ഭാവം ഇപ്രകാരം പറയുന്നുണ്ടായിരിക്കണം. “തനിക്ക് വന്ന് ഷോ കാണിക്കാനാണെങ്കി പിന്നെ എന്നെ എന്തിനാടോ നായകനാക്കിയത് എന്ന് “.
റോഷൻ ആൻഡ്രൂസ് നിങ്ങൾ നല്ല സിനിമകളെടുത്ത മലയാളത്തിലെ മുൻ നിര സംവിധായകരിലൊരാളാണ്. ദയവ് ചെയ്ത് ഇനി ഇത്തരത്തിലൊരു സിനിമ ചെയ്യാൻ മുതിരാതിരിക്കുക. സമ്പൂർണ പരാജയമാണ്.
ബോബി സഞ്ജയ്… എന്താ നിങ്ങൾ എഴുതി വെച്ചിരിക്കുന്നത്. ചരിത്ര വിഷയമാണിത്. ഇതു കൈകാര്യം ചെയ്യാൻ നിങ്ങൾ പഠിക്കണം. എന്തായാലും അതിത്തരത്തിലല്ല. നോറ ഫത്തേഹിയുടെ ഐറ്റം ഡാൻസ് ഉൾപ്പെടുത്തിയത് നിങ്ങളുടെ ഇഷ്ടപ്രകാരമാണോ! ഒരു പക്ഷേ ഇൻസ്പിരേഷണൽ ആയിരിക്കും അല്ലേ! ബാഹുബലിയടക്കമുള്ള എല്ലാ ചരിത്ര സിനിമകളിലും അത്തരത്തിലൊന്നുണ്ടല്ലോ! സർവ്വ സാധാരണം. എന്തായാലും അതിലാടിപ്പാടിയ സായിപ്പന്മാർ കലക്കി.
എടുത്ത് പറയേണ്ടവയിൽ ഒന്ന് കോസ്റ്റ്യൂം ഡിസൈനിംഗ് ആണ്. അതുപോലെ ആർട് ഡയറക്ഷനും സ്റ്റണ്ട്സും. അവസാനത്തെ 20 മിനുട്ട് നേരം സാക്ഷാൽ ബാബു ആന്റണിയുടെ നേതൃത്വത്തിലുള്ള സ്റ്റണ്ട് ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ തിയേറ്ററിൽ ചെന്നിരുന്ന് കാണുക എന്നത് ദുസ്സഹം ആയേനെ.
ഏറ്റവും മോശപ്പെട്ട ചിത്രസംയോജനം അഥവാ എഡിറ്റിംഗ് ആണ് സിനിമയുടെ എല്ലാതരത്തിലുമുള്ള മാറ്റും കുറച്ചത്. തുടർച്ച എന്നത് ഒരു സിനിമയുടെ ഏറ്റവും അത്യന്താപേക്ഷിതമായ ഘടകമാണ്. ചരിത്രസിനിമയിൽ പ്രത്യേകിച്ചും. മൂന്നു മണിക്കൂറിനടുത്ത് നേരമുള്ള ഒരു സിനിമയായിട്ടു കൂടി എപ്രകാരമായിരുന്നോ സീനുകൾ കാണിക്കേണ്ടിയിരുന്നത്, അപ്രകാരം സിനിമ എത്തിയില്ല എന്നു വേണം അനുമാനിക്കാൻ. അതി ദുർബലമായ കഥപറച്ചിലും കൂടിയായപ്പോ കൊച്ചുണ്ണി പാടേ തകർന്നു.
ഇതായിരുന്നില്ല കൊച്ചുണ്ണി. മരണക്കയറിൽ നിന്ന് രക്ഷനേടാൻ ശ്രമിച്ചപ്പോ മാത്രം ഹീറോയിസം കാണിച്ച കൊച്ചുണ്ണി, പിന്നീടെങ്ങോട്ടു പോയി? ചരിത്രം തീർന്നോ അവിടെ? അതോ ഇനി പറയാൻ ബാക്കി വെച്ചതാണോ?
ഇങ്ങനെ ചോദ്യങ്ങൾ അവശേഷിപ്പിച്ചവസാനിപ്പിച്ച കൊച്ചുണ്ണി, പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്നു പറയുന്നതിനേക്കാൾ. പ്രേക്ഷകരെ സർവ്വത്ര നിരാശപ്പെടുത്തി എന്നു പറയുന്നതാവും നന്നാവുക.
റേറ്റിംഗ്: 2. 4 /5