ഇനി തീവണ്ടിക്ക് തിരക്ക് കുറയും

1
611

അജയ് ജിഷ്ണു 

നല്ല റിവ്യൂകൾ കൊണ്ടും ചില പാട്ടുകളും സീനുകളും ഉണ്ടാക്കിയ ഇമ്പാക്ട് കൊണ്ടും നല്ല തിരക്കാണ് തിയറ്ററിൽ അനുഭവപ്പെട്ടത്, അതു കൊണ്ടു തന്നെ പ്രതീക്ഷകളും
ഏറെയായിരുന്നു.

പ്രതീക്ഷാ ഭാരം കൊണ്ടാവണം ഒരു ആവറേജ് കാഴ്ച്ചാനുഭവം മാത്രമേ സിനിമ സമ്മാനിച്ചുള്ളൂ. ചെയിൻ സ്മോക്കറായ ഒരു നാട്ടിൻ പുറത്തെ ചെറുപ്പക്കാരൻ തന്റെ പുകവലി ശീലം കൊണ്ട് ജീവിതത്തിലനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളും ഒടുവിൽ അതിനെ അയാൾ അതിജീവിക്കുന്നതുമാണ് കഥാതന്തു എന്നത് ഇതിനോടകം തന്നെ വ്യക്തമാണല്ലോ. പക്ഷെ കഥ പറയാൻ ഉദ്ദേശിച്ച പ്ലാറ്റ്ഫോമിലാണ് പിഴവു പറ്റിയത്. പൊളിറ്റിക്കൽ സറ്റയർ എന്നൊക്കെ അവകാശപ്പെടുമ്പോഴും കേവല യുക്തിക്ക് നിരക്കാത്ത രാഷ്ട്രീയ വികാസങ്ങളാണ് തിരക്കഥയിൽ സംഭവിക്കുന്നത്.

സ്വയം സഹായ സംഘത്തിന്റെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്ന ലാഘവത്തോടെ പാർട്ടിയുടെ MLA സ്ഥാനാർത്ഥിയെ പന്തയം വെച്ച് തീരുമാനിക്കുന്ന കാഴ്ച്ചയൊക്കെ പ്രേക്ഷകന്റെ ലോജിക്കിനെ ചോദ്യം ചെയ്യുന്നുണ്ട്.

ചിത്രത്തിൽ ടോവിനോ അവതരിപ്പിക്കുന്ന ബിനീഷ് ദാമോദര്‍ കഥാപാത്രം പ്രത്യേകിച്ച് ജോലിയും കൂലിയും ഇല്ലാത്ത, കാര്യങ്ങളെ വളരെ അലസതയോടെയും അശ്രദ്ധയോടെയും കൈകാര്യം ചെയ്യുന്ന ഒരു ചെയിൻ സ്മോക്കറാണ്. പ്രത്യേകിച്ച് രാഷ്ട്രീയ ധാരണകളൊന്നുമില്ലാത്ത ഇയാൾ തന്റെ നാട്ടിലെ ആകെ ഉള്ള തദ്ദേശ രാഷ്ട്രീയ പാർട്ടിയുടെ ഫോളോവർ കൂടി ആണ്, തന്റെ അളിയനുമായി ചേർന്ന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളൊക്കെ ടിയാൻ പദ്ധതിയിടുന്നുണ്ടുതാനും.

അലക്ഷ്യവും അശ്രദ്ധയും ഉള്ള ജീവിതം നയിക്കുന്ന പൊളിടിക്കലി കറക്ട് അല്ലാത്ത ഒരു ചെയിൻ സ്മോക്കർ, ഒടുവിൽ തന്റെ പുകവലി ശീലം മാത്രം നിർത്തുന്നു എന്ന നിലയിൽ സിനിമ അവസാനിക്കുന്നുണ്ട്. പുകവലി നിർത്താനുണ്ടാകുന്ന കാരണങ്ങൾ എത്രത്തോളം പ്രേക്ഷകരിലേക്ക് കൺവേ ചെയ്യപ്പെടുന്നു എന്നതും ചോദ്യചിഹ്നമായി അവസാനിക്കുന്നു. തിയ്യറ്റർ വിട്ടിറങ്ങുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രം പോലും തിരക്കഥയിൽ ഭദ്രമായില്ല. ഏറെ പ്രശംസകൾ നേടിയ സുധീഷിന്റെ അമ്മാവൻ കഥാപാത്രം സുധീഷിന് ഭാവിയിൽ നേട്ടങ്ങൾ ഉണ്ടാക്കിയേക്കാം. പക്ഷെ കഥാപാത്രമെന്ന നിലയിൽ ചില ചിരികൾ സമ്മാനിക്കുന്നുവെന്നത് ഒഴിച്ച് നിർത്തിയാൽ ഓർമ്മിക്കാനുതകുന്ന ഒന്നും നൽകുന്നില്ല, എങ്കിലും സിനിമയുടെ കാസ്റ്റിങ്ങ് നിലവാരം പുലർത്തിയിട്ടുണ്ട്. ടോവിനോ ഒരു തനി നാട്ടിൻ പുറത്തുകാരൻ തീവണ്ടിയായി മികച്ചു നിന്നപ്പോൾ നായികയായി വന്ന പുതുമുഖവും പാർട്ടി നേതാവും അമ്മായി അച്ഛനുമായ സുരാജും അളിയനായി വന്ന സൈജുവും അമ്മാവൻ സുധീഷുമെല്ലാം കിട്ടിയ റോളുകൾ തൃപ്തികരമായി ചെയ്തു.

സംവിധായകന്റെ സ്കില്ലോ ബ്രില്യൻസോ തെളിയിക്കുന്ന സീനുകളൊന്നും ഫെല്ലിനിയിൽ നിന്നുമുണ്ടായില്ലെങ്കിലും ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റുന്ന വിധത്തിൽ ചിത്രത്തിനെ ഒരുക്കി നിർത്തുന്നതിൽ അയാൾ വിജയിച്ചുവെന്ന് പറയാം. രസകരമായ ചില കുഞ്ഞു നർമ്മരംഗങ്ങൾ ആദ്യാവസാനം തിയറ്ററിനെ ലൈവാക്കി നിർത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും വലിയ പങ്കാണ് ചിത്രത്തിലുള്ളത്. ആസ്വാദനതലമുയർത്താൻ സംഗീതം നല്ല പങ്കു വഹിച്ചിട്ടുണ്ട്. പുകവലിക്കെതിരെ ഒരു സീരിയസ് അപ്രോച്ചല്ല സിനിമ നടത്തുന്നതെങ്കിലും ഈ തീം തിരഞ്ഞെടുത്തത് തന്നെയാണ് സിനിമ വിജയിക്കാനുള്ള കാരണം.

വലിയ പ്രതീക്ഷയൊന്നും കൊടുക്കാതെ തിരക്കൊക്കെ ഒഴിഞ്ഞ് പോയി കാണാവുന്ന ഒരു മോശമല്ലാത്ത സിനിമയാണ് തീവണ്ടി.

2.8/5

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here