നിധിന്‍. വി.എന്‍
“പലരും അംഗീകരിക്കാൻ മടിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ എനിക്ക് നല്ല ഉറപ്പുണ്ട് ലോഹിതദാസ് വിലയിരുത്തപ്പെടാൻ പോകുന്നത് ലോഹിതദാസിന്റെ മരണശേഷമാണ് ” – ലോഹിതദാസ്.
ലോഹിതദാസില്ലാത്ത മലയാള സിനിമയ്ക്ക് 9 വയസ്സാവുകയാണ്. 2009 ജൂൺ 29-നാണ് അദ്ദേഹം ഒട്ടേറെ കഥാപാത്രങ്ങളെ ബാക്കിയാക്കി കടന്നു പോയത്. ലോഹിതദാസ് മലയാള സിനിമയിൽ ഉണ്ടായിരുന്നത് വെറും 2 ദശകകാലം മാത്രമാണ്. അതില്‍ തന്നെ തിരക്കഥാകൃത്തെന്ന നിലയിൽ സജീവമായിരുന്നത് 12 വർഷം മാത്രം. എന്നിട്ടും മലയാള സിനിമയുടെ ഭാവി നിർണയിക്കാൻ അദ്ദേഹത്തിനായി എന്നിടത്താണ് ലോഹിതദാസിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്.
എം.ടിയും, പത്മരാജനും, ജോൺപോളും, ടി.ദാമോദരനും തിരക്കഥാരംഗത്ത് തിളങ്ങി നിൽക്കുന്ന കാലത്താണ് ലോഹിതദാസ് നാടക അണിയറയിൽ നിന്ന് സിനിമയിലേക്ക് കടന്നു വരുന്നത്. വളരെ യഥാർത്ഥവും പലപ്പോഴും വിഷാദാത്മകവുമായി സമകാലിക കേരളീയ ജീവിതത്തെ ചിത്രീകരിച്ചു കൊണ്ടായിരുന്നു ലോഹിതദാസിന്റെ വരവ്. പൊതുവേ ഗൗരവമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ലോഹിതദാസിന്റെ ചിത്രങ്ങളിലേറെയും വാണിജ്യപരമായി വിജയം നേടുകയിരുന്നു. പശ്ചാത്തലം, ഗാനങ്ങൾ, ഹാസ്യം തുടങ്ങിയവയ്ക്ക് ലോഹിതദാസ് ചിത്രങ്ങളിൽ പ്രാധാന്യം കുറവാണ്. കൂടുതലും കഥാപാത്രത്തെ ആസ്പദമാക്കിയുള്ള വീക്ഷണമാണ് ലോഹിതദാസ് ചിത്രങ്ങൾക്ക് ഉള്ളത്.
1987-ൽ തനിയാവർത്തനത്തിലൂടെ തിരക്കഥാകൃത്തായി രംഗപ്രവേശം ചെയ്ത ലോഹി, 1997-ൽ ഭൂതക്കണ്ണാടി എന്ന ചലച്ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്നു. തിരക്കഥാ രംഗത്ത് തിളങ്ങി നിന്ന ലോഹിതദാസിന് സംവിധാന രംഗത്ത് അത്രകണ്ട് തിളങ്ങാനായില്ല എന്നതായിരുന്നു വാസ്തവം. ”ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഉദയനാണ് താരം, സ്‌റ്റോപ് വയലൻസ് “ തുടങ്ങിയ ചില ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. നല്ല സിനിമകൾ ഒരുക്കാനുള്ള മാന്ത്രിക ദണ്ഡ് കയ്യിലുള്ള എഴുത്തുകാരനായിരുന്നു ലോഹി. എഴുത്തുകാരന്റെ പേരു നോക്കി ആളുകൾ തിയ്യേറ്ററിലേക്ക് ഇടിച്ചു കയറുന്ന പതിവിന് ലോഹി കൂടി കാരണമായി എന്നതാണ് വാസ്തവം. അത്രമേൽ പ്രിയപ്പെട്ടതായിരുന്നു മലയാളിക്ക് ലോഹി ചിത്രങ്ങൾ. 2007 ൽ പുറത്തിറങ്ങിയ നിവേദ്യമായിരുന്നു അദ്ദേഹത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
2009 ജൂൺ 28-ന് രാവിലെ 10.50-ന് തികച്ചും അപ്രതീക്ഷിതമായി ഹൃദയാഘാതത്തെത്തുടർന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ലോഹിതദാസ് അന്തരിച്ചത്. അമ്പഴത്തിയിൽ കരുണാകരൻ ലോഹിതദാസ് എന്ന എ.കെ ലോഹിതദാസ് ജീവിത ഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കുകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കുകയായിരുന്നു. തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്ക് പുറമേ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം.