ന്യൂഡല്‍ഹി : 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മലയാളത്തിനിത് അഭിമാന നിമിഷങ്ങള്‍. നിരവധി പുരസ്‌കാരങ്ങളാണ് മലയാള ചലച്ചിത്രങ്ങളെ തേടിയെത്തിയത്. പുരസ്‌കാരങ്ങളില്‍ മിക്കതും തന്നെ ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ജയരാജ് വിന്‍സിന്റെ ഭയാനകത്തിനുമാണ്. മികച്ച സംവിധായകന്‍, ഗായകന്‍, സഹനടന്‍ തുടങ്ങി നീളുന്നു മലയാളത്തിലേക്കുള്ള പുരസ്‌കാരങ്ങള്‍. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം കേരളത്തിലെത്തിച്ചത്. മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായും ബംഗാളി നടന്‍ റിഥി സെന്‍ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. അസമില്‍നിന്നുള്ള വില്ലേജ് റോക്സ്റ്റാര്‍സാണ് മികച്ച ചിത്രം. 2017ലെ ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം വിനോദ് ഖന്നയ്ക്കും ലഭിച്ചു. സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനായും സജീവ് പാഴൂരിന് തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന ഗാനം ആലപിച്ച യേശുദാസിന് മികച്ച ഗായകനായും ഭയാനകം എന്നചിത്രത്തിനായി ക്യാമറ ചലിപ്പിച്ച നിഖില്‍ എസ്.പ്രവീണിനെ മികച്ച ഛായാഗ്രാഹകനായും തിരഞ്ഞെടുത്തു. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഭയാനകം നേടി. ആളൊരുക്കം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനുള്ള പുരസ്‌കാരത്തിന് ടേക്ക് ഓഫിലൂടെ സന്തോഷ് രാമന്‍ അര്‍ഹനായി. ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. കഥേതര വിഭാഗത്തില്‍ മലയാളിയായ അനീസ് കെ. മാപ്പിളയുടെ സ്ലേവ് ജനസിസ് ആണ് പുരസ്‌കാരം നേടിയത്. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് സ്ലേവ് ജനസിസ്.