Homeലേഖനങ്ങൾജീവിതരസം പഠിപ്പിക്കുന്ന ഒരു ഗുരുകുലം

ജീവിതരസം പഠിപ്പിക്കുന്ന ഒരു ഗുരുകുലം

Published on

spot_imgspot_img

ഡോ. കെ എസ്‌ കൃഷ്ണകുമാർ

രസ ഗുരുകുലയിൽ ഒരിക്കലെങ്കിലും പോകണം. രസ കാണാതെ, രസയിൽ ഒരു പകലെങ്കിലും ചെലവഴിക്കാതെ മരിച്ചുപോകരുത്‌. അത്‌ വലിയ ജന്മനഷ്ടമാകും. ഇങ്ങനെ കടുപ്പിച്ച്‌ പറയേണ്ടി വരികയാണ്. ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി കൈവിട്ടുപ്പോയി എന്നു കരുതിയ പലതിനെയും തിരികെ ശേഖരിച്ച്‌ ഒരു കഷ്ണം ഭൂമിയിൽ ഒന്നിച്ച് കണ്ടപ്പോൾ, ‌ ഒരു പകൽ അനുഭവിച്ചപ്പോൾ ഇങ്ങനെ എഴുതാൻ തോന്നി.

ചാലക്കുടി മുരിങ്ങൂർ സിഗ്നൽ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട്‌ അഞ്ച്‌ കിലോമീറ്റർ സഞ്ചരിച്ചാൽ പൂലാനി എന്ന ഗ്രാമത്തിലെത്തും. അവിടെ കോവിലകംപടി ബസ്‌ സ്റ്റോപ്പിൽ ഇറങ്ങി ഇടത്തേക്ക്‌ അൽപം നടന്നാൽ വലത്‌ വശത്ത്‌ രസയുടെ വലിയ തൊടിയും പടിവാതിൽപ്പുരയും കാണാം. ‘രസ ഗുരുകുല’ എന്നാണ് സ്ഥാപനത്തിന്റെ പേര്. ലണ്ടനിലെ രസ ഗ്രൂപ്പ്‌ ഓഫ്‌ ഹോട്ടൽസിന്റെ സ്ഥാപകനായ ദാസ്‌ ശ്രീധർ നമുക്ക്‌ അന്യമായ പല പഴയകാല ഗ്രാമക്കാഴ്ചകളെയും ഭക്ഷണരുചിഭേദങ്ങളെയും ചാലക്കുടി പുഴയോരത്ത്‌ മുപ്പത്‌ ഏക്കറിൽ പുന:സ്വരൂപിക്കുകയാണ്.

കോതമംഗലം അടുത്ത്‌ തൃക്കാരിയൂർ എന്ന ഗ്രാമത്തിലാണ് ദാസ്‌ ജനിച്ചത്‌. മുത്തശ്ശനും അച്ഛനും തൃക്കാരിയൂരിലെ വീടിനോട്‌ ചേർന്ന് ‘പപ്പു പിള്ള ആശാന്റെ കട’ എന്ന ചായക്കട നടത്തിയിരുന്നു. ആ ചെറിയ ഒരു ചായക്കടയിൽ നിന്ന് ഇന്ന് ലണ്ടനിൽ കേരളവിഭവങ്ങൾക്ക്‌ പേരുകേട്ട നാട്ടുരുചികൾ വച്ചുവിളമ്പുന്ന രസ ഹോട്ടലുകളുടെ വൻശൃംഗലയിലേക്കുള്ള വ്യവസായ യാത്രയിലെ ഉയർച്ചകളിൽ ദാസിന് ഒരൊറ്റ മതവും ലക്ഷ്യവും തത്വശാസ്ത്രവും മാത്രമേ ഉണ്ടായിരുന്നുള്ളൂ; അത്‌ ഭക്ഷണമായിരുന്നു. നല്ല സ്വാദുള്ള നമ്മളുടെ നാടൻ ഭക്ഷണം. കുരുമുളകുകളും കടുകും വെളിച്ചെണ്ണയും ഇഞ്ചിയും വേപ്പിലയും വെളുത്തുള്ളിയും നൽകുന്ന രസങ്ങളെ കോർത്ത്‌, ദാസ്‌ ശ്രീധർ സങ്കൽപിച്ചു പറഞ്ഞുതരുന്ന കുറെ കഥകളുമുണ്ട്‌. അവയും ദാസ്‌ തരുന്ന ഭക്ഷണവിഭവങ്ങൾ പോലെ അതിരസകരമാണ്. കുരുമുളകിന്റെ പ്രണയവും മാമ്പഴത്തിന്റെ വാത്സല്യവും കടുകുമണിയുടെ രാജകീയതയും അങ്ങനെ ധാരാളം ഭക്ഷണകഥകളും കവിതകളും ദാസ്‌ രചിച്ചിട്ടുണ്ട്‌.

പണ്ട്‌ തൃക്കാരിയൂരിലെ പപ്പുപ്പിള്ള ആശാന്റെ ചായക്കടയിലെ തിരക്കുകൾക്കിടയിൽ ദാസിന്റെ പിതാവ്‌ ശ്രീധരൻ നായർ ഇതുപോലെ എഴുതിയിരുന്ന കാൽപനിക കഥകൾക്കും കവിതകൾക്കും പലഹാരങ്ങളുടെ സ്വാദാണ്. ആ കഥകളും കവിതകളും പുസ്തകരൂപത്തിലാക്കിയത്‌ ‘രസ ഗുരുകുല’യിൽ ലഭിക്കും. രസഗുരുകുല നിറയെ നന്മയും സ്നേഹവും കരുതലുമാണ്. ഒരർത്ഥത്തിൽ രസയെന്നാൽ പഴയ ഗ്രാമസമൃദ്ധികളുടെ നാനാർത്ഥങ്ങളാണ്. പുഴയും പുഴയോരവും തെങ്ങിൻ തോപ്പുകളും നെൽപ്പാടങ്ങളും കൃഷിയിടങ്ങളും കായ്കനികളും അങ്ങനെ പ്രകൃതിഭംഗികളും പച്ചപ്പുകളും വിരിച്ച്‌ വിരിഞ്ഞുനിൽക്കുകയാണ് രസ ഗുരുകുല.

ഏകദേശം ഒരു കിലോമീറ്ററോളം ദൂരം കാണും രസ ഗുരുകുലയുടെ ഒരു അതിർത്തിയിലെ പുഴയോരം. ഇരുമ്പ്‌ പണിത്തരങ്ങൾ നിറഞ്ഞ കൊല്ലന്റെ ആലയും മൺപാത്ര നിർമ്മാണങ്ങളുടെ കുശവക്കുടിയും ഓട്ടുപാത്രനിർമ്മാണങ്ങൾക്കായി മൂശാരിപ്പുരയും രസയിലെ മുഖ്യ ആകർഷണങ്ങളാണ്. ലോഹം ദ്രാവകരൂപത്തിൽ ഓട്ടുരുളിയുടെയും മറ്റും അച്ചുകളിലേക്ക്‌ ഒഴിക്കുന്നത്‌ ഒരപൂർവ്വ കാഴ്ച തന്നെയാണ്. ഇരുമ്പ്‌ കഷ്ണങ്ങൾ പൊള്ളിച്ച്‌ താമരകണക്ക്‌ ചെമന്ന അവയെ അടിച്ചുപരത്തി കത്തിയും വെട്ടുകത്തിയും പിക്കാസും മൺവെട്ടിയും ഉണ്ടാക്കിയെടുക്കുന്നതും രസയിൽ വന്നാൽ വിശദമായി കാണാം. മരച്ചക്രം തിരിയുമ്പോൾ ഭ്രൂണം ചമഞ്ഞ്‌ ഒടുക്കം പാത്രങ്ങളുടെ സ്വരൂപം പൂകുന്ന മണ്ണിന്റെ പല പരിണാമ അഴകുകൾ കണ്ടുനിൽക്കാം.

പശുത്തൊഴുത്തും കാളവണ്ടിയും എണ്ണ ആട്ടിയെടുക്കുന്ന മരച്ചക്കും കൊപ്രയുടെയും വെളിച്ചെണ്ണയുടെയും മണവും ആയുർവ്വേദമരുന്നുശാലയും വൈദ്യനും നാട്ടുരുചികൾ നിറഞ്ഞ അടുക്കളയും തൊണ്ണൂറുവയസ്സുള്ള പാചകക്കാരൻ നാരായണൻ നായരും ഓട്ടുരുളികളും ചേരുവകൾക്കൊപ്പം ഓട്ടുരുളിയിൽ ചട്ടുകം ഇളക്കുമ്പോൾ ഉണരുന്ന സംഗീതവും എല്ലാം ചേർന്ന് കാലം മായ്ച്ച പല ഗ്രാമ മണങ്ങളും കാഴ്ചകളും ശബ്ദങ്ങളും നിറഞ്ഞ്‌ നിറഞ്ഞ്‌ രസ ഗുരുകുല ഒരു വിസ്മയമാകുകയാണ് ‘ലണ്ടൻ തോപ്പ്‌’എന്ന് ചാലക്കുടി പൂലാനിക്കാർ വിളിക്കുന്ന രസ ഗുരുകുല.

 

രസയിലെ അമ്പതോളം ജീവനക്കാരും മുതലാളിയായ ദാസേട്ടനും തമ്മിലുള്ള കെമിസ്ട്രി അവിടെ ചെന്ന് അനുഭവിച്ചറിയണം. We serve happiness എന്നാണ് രസയിലെ ജീവനക്കാരുടെ കുപ്പായപുറകിൽ എഴുതിയിരിക്കുന്നത്‌. അത്രമേൽ സ്നേഹപൂർവ്വമുള്ള ആതിഥേയത്വത്തിന്റെ സന്തോഷപ്രഖ്യാപനമാണ് രസ. സ്ഥിരം പാഠ്യപദ്ധതികളിൽ നിന്നും വ്യത്യസ്ഥമായ പരിശീലനങ്ങൾ ഉൾക്കൊള്ളിച്ച്‌ രസയിൽ ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സുകളുണ്ട്‌. സർട്ടിഫിക്കറ്റല്ല അവിടെ വന്നു പഠിക്കുന്ന ഹോസ്പിറ്റാലിറ്റി വിദ്യാർത്ഥികളുടെ ലക്ഷ്യം, പിൽക്കാലത്ത്‌ ദാസേട്ടനോടൊപ്പം രസ ഹോട്ടലുകളിൽ സേവനമനുഷ്ഠിക്കുക എന്നതാണ്. രസയിലേക്ക്‌ വിദേശികളും സ്വദേശികളുമായ ധാരാളം അതിഥികളുടെ ഒഴുക്കാണെന്ന് പറയാം. ദാസ്‌ ശ്രീധറിന്റെ ശിക്ഷണത്തിൽ ഹോട്ടൽ റിസോർട്ട്‌ മാനേജുമെന്റിൽ ശാസ്ത്രീയമായ പുത്തൻ പരിശീലനങ്ങൾ ലഭിച്ച സതീഷ്‌, മുരുകേശ്‌, മഞ്ജു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ ഊർജ്ജസ്വലരായ യുവാക്കളുടെ ഒരു സംഘം രസയിലുണ്ട്‌. കലാമണ്ഡലത്തിൽ നിന്ന്‍ നൃത്തത്തിൽ ബിരുദം നേടുകയും കലാക്ഷേത്രയിലെ ഗുരുക്കന്മാരിൽ നിന്ന് കൊറിയോഗ്രാഫിയിൽ ഉപരിപഠനം നടത്തിയ നൃത്തദ്ധ്യാപിക കലാമണ്ഡലം ശ്രുതിയുടെ സേവനം നിത്യവും രസയിലുണ്ട്‌. രസയിലെ വിശാലമായ നാടശ്ശാലയുടെ അകത്തളത്തിൽ വിശേഷദിനങ്ങളിൽ ശ്രുതിയുടെ നൃത്താവതരണങ്ങളുണ്ടായിരിക്കും. പോകേണ്ടതാണ് ഒരു തവണയെങ്കിലും. പുതുകാല ഭാഷയിൽ രസ ഒരു റിസോർട്ടാണു. രാപ്പാർത്ത്‌ ആസ്വദിക്കാൻ ആധുനികരീതികളിൽ സജ്ജീകരിച്ച പുഴയോരമുറികളും ക്വാർട്ടേഴ്സുകളും രസയിലുണ്ട്‌.

 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...