HomeTHE ARTERIASEQUEL 16നൂഹ് നബിയുടെ കപ്പൽ അഥവാ നോഹയുടെ പേടകം 

നൂഹ് നബിയുടെ കപ്പൽ അഥവാ നോഹയുടെ പേടകം 

Published on

spot_imgspot_img

കഥ
റഹിമ ശൈഖ് മുബാറക് 
ചിത്രീകരണം : സുബേഷ് പത്മനാഭൻ
Rahima

മഴ കനത്ത് പെയ്യുകയാണ്. തോരാത്ത മഴ….. രാവും പകലും അതിങ്ങനെ ഭൂമിയെ നനച്ചു കൊണ്ടേയിരിക്കുന്നു.
മഴ നനഞ്ഞു കൊണ്ടു തന്നെ ഉമ്മ തിരക്കിട്ട പണിയിലാണ്. അവർ കഴിഞ്ഞ മൂന്ന് നാലു ദിവസങ്ങളിലായി മറ്റൊന്നിനെ കുറിച്ചും ശ്രദ്ധയില്ലാതെ പണികളിൽ മുഴുകിയിരിക്കുകയാണ്. എന്തിനുള്ള പണിയിലാണെന്ന് ചോദിച്ച ഞാൻ കുഴങ്ങും. തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ടും അവർ ചെയ്യുന്നതിനെ കുറിച്ച് എനിക്ക്‌ വ്യക്തത വന്നിട്ടില്ല. മഴ ആഞ്ഞു പിടിച്ചപ്പോൾ ജോലിക്കൊന്നും പോകാതെ ഞാൻ വീട്ടിലിരിപ്പായി, ആകെയൊരു നേരംപോക്ക് ഉമ്മാൻ്റെ പണികൾ നോക്കിയിരിക്കലായി. ഇടക്ക് അല്ലറ ചില്ലറ കൈസഹായത്തിനായിരിക്കണം അവരെന്നെ വിളിക്കും,

‘സുബൈറേ,…’

എന്താണുമ്മ…

ഞാൻ ചെല്ലും
വിളിച്ച കാര്യം ഉമ്മ മറക്കും. ഞാൻ മടങ്ങും…

ഉമ്മ ചെയ്യാൻ തുടങ്ങുന്ന പണികളിൽ ഉമ്മയെ സഹായിച്ചിട്ടുള്ള ചരിത്രം എനിക്കില്ല.
ജീവിച്ചിരുന്ന കാലം അങ്ങനെയൊരു ചരിത്രം ഉപ്പക്കും ഇല്ല. വീടിന്റെ ഓട് നേരെയാക്കൽ, ചുമരിലെ വിള്ളലടക്കൽ, പൊട്ടിപൊളിഞ്ഞടർന്ന ഭാഗങ്ങൾ തൂർക്കൽ തുടങ്ങി നിരവധി പണികൾ അവർ ഒറ്റക്ക് ചെയ്യും. ഉപ്പ പറയും അവർ തെങ്ങും കയറുമെന്ന്. എങ്കിലും ഉമ്മ തെങ്ങ് കയറുന്നത് ഞാൻ ഒരിക്കലും കണ്ടില്ല.

മഴക്ക് നിൽക്കാൻ ഭാവമില്ല. അതിങ്ങനെ പെയ്തു കൊണ്ടേയിരുന്നു. ഉമ്മയാകട്ടെ പലകകൾ പരസ്പരം അടുക്കിയും അഴിച്ചും മഴ മറന്നു കൊണ്ട് മുഴുവൻ നേരവും പണിയിൽ മുഴുകി.
അടുക്കളയിലെ തിരക്കുകൾക്കിടയിൽ ഇടക്ക് പെങ്ങൾ പുറത്തേക്ക് തലനീട്ടും. തലനീട്ടാൻ മാത്രം അവളുടെ കഴുത്ത് നീളം വച്ചിരിക്കുന്നു. ശരീരം ശോഷിച്ചു ശോഷിച്ചു അവൾക്കിപ്പോൾ ഒരു ജിറാഫിൻ്റെ രൂപമായിരിക്കുന്നു.
അവളുടെ തല ഉള്ളിലേക്ക് വലിഞ്ഞപ്പോൾ ഞാൻ മഴ നോക്കിയുള്ള ഇരിപ്പ്‌ തുടർന്നു.

ഈ മഴക്കാലവും പ്രളയം കൊണ്ടുവരുന്നുവെന്ന് എനിക്ക്‌ തോന്നി…

കഴിഞ്ഞ പ്രളയം വന്നു പോയപ്പോ ഉമ്മാൻ്റെ ഒരു കോഴിക്കൂട്, അഞ്ച് കോഴികൾ ഒരു ആട്ടിൻകുട്ടി, കൂടാതെ ഉപ്പ മരിക്കും മുൻപ് ധൃതിപ്പെട്ട് പണികഴിപ്പിച്ച കക്കൂസും കുളിമുറിയും പിന്നെ ഉമ്മയും ഞാനും കെട്ടിയോൻ മരിച്ചു പോയ പെങ്ങളും രണ്ട് പിള്ളേരും താമസിക്കുന്ന തീപ്പെട്ടി കൂട് പോലുള്ളൊരു വീടും കൊണ്ടുപോയിരുന്നു.
തകരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലാത്തത് കൊണ്ടാവണം രണ്ടാഴ്ച്ചയോളം നീണ്ടുനിന്ന ബന്ധുവീട്ടിലെ താമസം കഴിഞ്ഞ് മടങ്ങിയെത്തിയ ഉമ്മ അലമുറയിട്ട് കരഞ്ഞു. അതവരുടെ ആദ്യത്തെ കരച്ചിലെന്നു ഞാൻ വരവ് വച്ചു.

അവിടന്നും ഇവിടെന്നുമായി കിട്ടിയ ധനസഹായവും സമ്പാദ്യമായി കയ്യിലുണ്ടായിരുന്നതും ചേർത്ത് ചെറിയ രീതിക്ക് പൊട്ടിപൊളിഞ്ഞ വീട് വീണ്ടും കെട്ടി പൊക്കി അഞ്ച് ജന്മങ്ങൾ അതിൽ താമസവും തുടങ്ങി. ഉമ്മാക്ക് മാത്രം തൃപ്തി ഉണ്ടായിരുന്നില്ല. അവർ ചത്തു പോയ ആട്ടിൻ കുഞ്ഞിനേയും കോഴികളെയും ഓർത്തു വിലപിച്ചു കൊണ്ടേയിരുന്നു. സങ്കടം തീർക്കാൻ മൂന്നാല് കോഴികളെ അവർക്ക് ഞാൻ വാങ്ങി നൽകി. ആടുകളെ വാങ്ങിക്കാനുള്ള സമ്പത്ത് ആ സമയം കീശയിൽ ഇല്ലായിരുന്നു. ഞാൻ അതിനെ കുറിച്ച് ഒന്നും മിണ്ടിയില്ല. ഉമ്മയും അതാഗ്രഹിച്ചില്ല.
എങ്കിലും അവർ വിലപിച്ചു. വിലാപത്തിനിടക്ക് ഉമ്മ നൂഹ് നബിയുടെ കപ്പലിനെ കുറിച്ചോർമിപ്പിക്കും.

‘പ്രളയം ഇനിയും വരും അതിന് മുൻപ് നൂഹ് നബീൻ്റെ കപ്പല് പണിയണം… ‘

നൂഹ് നബിയുടെ കപ്പലിനെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്, ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുഞ്ഞിഖാദറിൻ്റെ വർത്താനത്തിൽ നിന്നുമായിരുന്നു.

കുഞ്ഞി ഖാദർ പറഞ്ഞു

പണ്ട് പണ്ട്, കുഞ്ഞിഖാദറിൻ്റെ ഉമ്മുമ്മാക്കും പണ്ട് പടച്ചോൻ നൂഹ് നബിയോട് ഒരു കപ്പലുണ്ടാക്കാൻ കല്പിച്ചു. നബി കപ്പൽ പണിതു.
അടുപ്പിൽ നിന്നും ഉറവപൊട്ടിയൊഴുകി … ഭൂമി മുഴുവൻ വെള്ളം കൊണ്ട് നിറഞ്ഞു..
തീർന്നില്ല
മഴ പെയ്തു.
പെയ്തു പെയ്തു മഴ ഇടതടവില്ലാത്ത പേമാരിയായി. രാത്രികൾ പകലുകൾ പേമാരി നിലച്ചില്ല. മഹാപ്രളയത്തിന്റെ വെള്ളപ്പൊക്കമുണ്ടായി….

പ്രളയമോ…?

ഞാൻ ചോദിച്ചു

കുഞ്ഞിഖാദർ തുടർന്നു

അതെ, പ്രളയംന്ന് പറഞ്ഞ പുഴകളും തോടുകളും ഒന്നിനു മീതെ ഒന്നായി ഒന്നിച്ച് ഒഴുകും. പിന്നേയും ഒഴുകാൻ പുഴക്കും തോടിനും ഇട്ടാവട്ടം സ്ഥലം പോരാതെ വരുമ്പോ അവ കണ്ണിൽ കാണുന്ന ഇടങ്ങളിലൂടെയൊക്കെയും ഒഴുകും ആളുകൾ മരത്തിന് മുകളിലും പർവ്വതത്തിനു മീതേയും കയറി നിൽക്കും. കുറേ മൃഗങ്ങളും പക്ഷികളും എന്തിന് മനുഷ്യര് വരെ ചത്തു ചീഞ്ഞു ഒഴുകി നടക്കും.

എന്നിട്ടോ..?

അങ്ങനെ വെള്ളപൊക്കം ഉണ്ടായപ്പോൾ നല്ലവരായ മനുഷ്യരും പക്ഷികളും മൃഗങ്ങളും ഇബ്‌ലീസ് വരെ നൂഹ് നബിന്റെ കപ്പലിൽ കയറി രക്ഷപ്പെട്ടു.

ഇബ്‌ലീസ് നല്ലതാ…?
റസാക്കിന് അത് അത്രക്ക് ബോധിച്ചില്ല.

കുഞ്ഞിഖാദർ മൗനം പാലിച്ചു. അവന് അതിൽ ഉത്തരമില്ലെന്ന് എനിക്ക്‌ വ്യക്തമായി.

കുറച്ച് നേരത്തെ മൗനത്തിന് ശേഷം
കുഞ്ഞിഖാദർ ഒന്ന് ഉയർന്ന് ഇരുന്നുകൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി.
ഇനിയും പ്രളയം ഉണ്ടായാൽ നൂഹ് നബിയുടെ കപ്പലിൽ ഞാനും സുബൈറും, ആഇശപീടിക മൊമ്മദും, റസാക്കും, നെല്ലിക്ക റസിയയും, എല്ലാരും കയറും.. കയറി രക്ഷപ്പെടും.

ഞങ്ങൾ നാലുപേരും ഉറ്റ സുഹൃത്തുക്കളാണ്,
പക്ഷേ നെല്ലിക്ക റസിയ ആ കൂട്ടത്തിൽ വന്നതിൽ എനിക്ക് പന്തികേട് തോന്നി. കുഞ്ഞിഖാദർ റസിയയെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടാവുമോ.. അങ്ങനെയാണെങ്കിൽ എനിക്ക്‌ കുഞ്ഞിഖാദറിനോട് യുദ്ധം ചെയ്യേണ്ടി വരും. കാരണം ഞാനും നെല്ലിക്ക റസിയയെ പ്രേമിക്കുന്നു.

യുദ്ധത്തിന് മുൻപ്
ഇനിയും പ്രളയം ഉണ്ടാകുമോ…?

കുഞ്ഞിഖാദറിന് എല്ലാമറിയാം. അവൻ പറഞ്ഞാൽ അത് സത്യമായിരിക്കും. അവൻ അവന്റെ ഉപ്പാന്റെ കൂടെ മക്കയും മദീനയും കണ്ടിട്ടുണ്ട്. ഞാൻ ഒന്നും കണ്ടിട്ടില്ല. വീടിന് മുൻവശം തൂക്കിയിട്ടിരിക്കുന്ന തിളങ്ങുന്ന നിറമുള്ള മക്കയുടെ ചിത്രമല്ലാതെ ഞാൻ ഒന്നും കണ്ടിട്ടില്ല.

ഞാൻ ചോദിച്ചു,
ഇനിയും പ്രളയം ഉണ്ടാകുമോ..?

‘ഉണ്ടാവും.. ‘

കുഞ്ഞിഖാദർ പറഞ്ഞു.

ഞാൻ പേടിച്ചു, ക്ലാസ്സ്‌ മുറിയാകെ ഇടുങ്ങിയെന്ന് എനിക്ക്‌ തോന്നി. കഥ കേട്ടിരിക്കുന്ന മറ്റു കണ്ണുകളിലും ഭയം നിറഞ്ഞു നിന്നു. പക്ഷേ സെബാസ്റ്റ്യൻ മാത്രം കുഞ്ഞിഖാദറിനോട് ചോദിച്ചു.

‘നൂഹ് നബിൻ്റെ കപ്പലിൽ ഞങ്ങളെ കയറ്റൂല്ലേ’

കുഞ്ഞിഖാദർ ഉത്തരമില്ലാതെ ഇരുന്നു. അന്നുമുഴുവൻ ഉത്തരമില്ലാതെ കുഞ്ഞിഖാദർ ഇരുന്നു. അവൻ സങ്കടത്തിൽ ആണെന്ന് എനിക്ക്‌ തോന്നി. വളരെ രഹസ്യമായി അവൻ എൻ്റെ ചെവിയിൽ പറഞ്ഞു.

‘സെബാസ്റ്റ്യനെ കപ്പലിൽ കയറ്റുമോന്ന് ഉമ്മുമ്മാ പറഞ്ഞില്ല.. ‘

അന്ന് വൈകിട്ട് സ്ക്കൂൾ വിട്ട് മടങ്ങുമ്പോൾ മൊമ്മദ് അവന്റെ ആഇശപീടികയിൽ നിന്നും ഞങ്ങൾക്ക് ഓരോ തേൻമിട്ടായി തന്നു. കുഞ്ഞിഖാദർ അതും കഴിച്ചില്ല. അവൻ്റെ സങ്കടം ഇനി ഒരിക്കലും മാറില്ലെന്ന് ഞങ്ങൾക്ക് തോന്നി.
athma

പിറ്റേന്ന്, ക്ലാസ്സിൽ ആദ്യമെത്തിയത് സെബാസ്റ്റ്യനായിരുന്നു. അവൻ ഒരു ഭീകര രഹസ്യവുമായിട്ടാണ് എത്തിയിരിക്കുന്നത്. കുഞ്ഞിഖാദറിനോടല്ലാതെ മറ്റാരോടും അവനത് പറയില്ല. നെല്ലിക്ക റസിയ അവനു ഉപ്പിലിട്ട നെല്ലിക്ക നീട്ടി അവനത് നിഷ്ക്കരുണം നിരസിച്ചു.
നെല്ലിക്ക റസിയയുടെ മുഖം വീർത്തു തുടുത്തു. ഇനി ഒരിക്കലും ക്ലാസ്സിൽ നെല്ലിക്ക കൊണ്ടുവരില്ലെന്ന് അവൾ ശപഥം ചെയ്തു.
അവളുടെ ചുവന്നു തുടുത്ത കവിളുകളിലൂടെ കണ്ണുനീർ ഒഴുകി. സെബാസ്റ്റ്യൻ്റെ മനസ്സ് അലിഞ്ഞില്ല.

കുഞ്ഞിഖാദർ അന്ന് വന്നത് അവൻ്റെ ഉപ്പാൻ്റെ കാറിലായിരുന്നു. ക്ലാസ്സിൽ കുഞ്ഞിഖാദറിൻ്റെ ഉപ്പക്ക് മാത്രേ കാറുണ്ടായിരുന്നുള്ളു. കുഞ്ഞിഖാദർ ഒരിക്കൽ ആ കാറോടിക്കും അന്ന് എന്നെയും കാറിൽ കയറ്റുമെന്ന് വാക്ക് തന്നിട്ടുണ്ട്. എനിക്ക്‌ മാത്രമല്ല ക്ലാസ്സിൽ പലർക്കും അവൻ വാക്ക് കൊടുത്തിട്ടുണ്ട്.

സെബാസ്റ്റ്യൻ കുഞ്ഞിഖാദറിനോട് ചേർന്നിരുന്നു… ചുറ്റും ഞാനും ആഇശപീടിക മൊമ്മദും റസാക്കും മറ്റു കുട്ടികളും നിന്നു. നെല്ലിക്ക റസിയ അവളുടെ സീറ്റിൽ നിന്നും എഴുന്നേറ്റില്ല. എനിക്കതിൽ നിരാശയുണ്ട് പക്ഷേ ഞാനത് പുറത്ത് കാണിച്ചില്ല. ഈ മഹാരഹസ്യം റസിയയോട് ചെന്ന് പറയണമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.

സെബാസ്റ്റ്യൻ രഹസ്യം വെളിപ്പെടുത്തുകയാണ്….

പ്രളയം ഉണ്ടായാൽ ഞങ്ങൾക്ക് കയറാൻ നോഹയുടെ പേടകമുണ്ട്..

നോഹയുടെ പേടകമോ !!

കുട്ടികൾ ഒന്നടങ്കം ചോദിച്ചു

അതെ പണ്ട് പണ്ട് എൻ്റെ വല്യമ്മച്ചിക്കും പണ്ട് ദൈവം നോഹയോട് കപ്പൽ പണിയാൻ കല്പ്പിച്ചു.
ഗോഫർ മരം കൊണ്ടുള്ള ഒരു പേടകം.

ഗോഫർ മരമോ..?

റസാഖിന് അതും ബോധിച്ചില്ല.

അത് പുളിമരം പോലൊരു മരമാണ്.

‘ഇവൻ ബഡായി പറയാണ്.. ‘

കുഞ്ഞിഖാദർ സീറ്റിൽ നിന്നും എഴുന്നേറ്റ് നടന്നു…

ഞാനും എഴുന്നേറ്റ് നടന്നു. ഇറയത്ത് ഇറ്റ് വീഴുന്ന മഴവെള്ളത്തെ കൈ വിരലുകൾ കൊണ്ട് ഒന്ന് ഞൊടിച്ചു നോക്കി.. കുഞ്ഞിഖാദർ ഇന്ന് ജീവിച്ചിരിപ്പില്ല. പെട്ടന്ന് ഒരു ദിവസം അവൻ മരിച്ചുപോയി. ആത്മഹത്യയാണെന്ന് ആളുകൾ പറഞ്ഞു നടന്നു. പക്ഷേ ഞാനത് വിശ്വസിച്ചില്ല. അവനു പടച്ചോൻ എല്ലാ സന്തോഷങ്ങളും കൊടുത്തു. അവൻ മക്ക കണ്ടു മദീന കണ്ടു.. ഇല്ല അവൻ ആത്മഹത്യാ ചെയ്യില്ല. അങ്ങനെയാണെങ്കിൽ ഞാനൊക്കെ എത്രവട്ടം കയറിൽ തൂങ്ങിയെന്നെ. പടച്ചോൻ എത്രയൊക്കെ പരീക്ഷിച്ചിട്ടും എന്റെ വിശ്വാസം എന്നെ പതറാൻ അനുവദിച്ചിട്ടില്ല. ഇടക്ക് വെള്ളിയാഴ്ച ജുമാ പിരിയുമ്പോൾ ഞാൻ അവന്റെ ഖബറിന്റെ ഓരത്ത് ചെന്ന് നിൽക്കും. ഒന്നും പറയാനില്ലാതെ മിണ്ടാതെ മടങ്ങും.

അടുക്കളയിൽ കറിക്കരിയുന്ന തിരക്കിലാണ് പെങ്ങൾ.

‘സൈനു, അടുപ്പിന്ന് ഉറവ പൊട്ടുന്നുണ്ടോ..?

രൂക്ഷഭാവത്തോടെ അവളെന്നെയൊന്ന് നോക്കി. അവളെ പറഞ്ഞിട്ടും കാര്യമില്ല. ഖൽബ് നിറയെ സങ്കടങ്ങളുടെ ഉറവയും കൊണ്ട് നടക്കുന്ന പെണ്ണാണ്. ആങ്ങളയെന്ന നിലയിൽ ഞാനെന്ത് ചെയ്തെന്നു ചോദിച്ചാൽ എനിക്ക്‌ ഉത്തരമില്ല. വാപ്പ മരിക്കും മുൻപേ, പതിനെട്ടാമത്തെ വയസ്സില് അവളെ കെട്ടിച്ചു വിട്ടു. ഇരുപത്തി മൂന്ന് വയസ്സിൽ രണ്ട് കുട്ടികളുടെ ഉമ്മയും വിധവയുമായി. സൈനു രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് ഭർത്താവ് വാഹനപകടത്തിൽ മരിക്കുന്നത്.

‘സൈനോ.. ഉമ്മ എന്താ ചെയ്യുന്നെന്ന് വല്ല പിടിയും ഉണ്ടോ.. ‘

ചിരകി വച്ച തേങ്ങയിൽ നിന്നും സ്വൽപ്പമെടുത്ത് വായയിൽ ഇട്ടതിന് ശേഷം ഞാൻ ചോദിച്ചു..

എനിക്കറിയില്ല ഇക്കാക്ക.. പിരാന്ത്.. ഇനി ഈ മഴ മൊത്തം കൊണ്ട് പനിച്ചു കിടന്നാലും ഒന്നും അറിയണ്ടാല്ലോ. ഉമ്മാക്ക് ഇപ്പൊ ഒന്നും അറിയണ്ട ഒന്നും. എന്റെ ഖൽബ് നിറച്ചും ആവലാതിയാണ് ഞാനിതൊക്കെ ആരോട് ചെന്ന് പറയും…

അവളുടെ കണ്ണുകളിൽ നിന്നും ഉറവപൊട്ടി. ആകാശം ഇരുണ്ടു കൂടി. ഇടി മുഴക്കത്തോടെ പേമാരി പെയ്തു. ദൃഷ്ട്ടാന്തങ്ങൾ വെളിപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഇനി മഹാപ്രളയത്തിന്റെ നാളുകളാണ്.
വാപ്പന്റെ ഖബറിൽ നിന്നും, കുഞ്ഞിഖാദറിൻ്റെ ഖബറിൽ നിന്നും സൈനുന്റെ കെട്ടിയോന്റെ ഖബറിൽ നിന്നും അങ്ങനെ അനേകായിരം ആത്മാക്കളുടെ മിസ്സാൻ കാലിനു മുകളിൽ വെള്ളം നുരഞ്ഞു പൊന്തും. സഫലമാകാതെ പോയ സ്വപ്നങ്ങളുടെ കൊച്ചു തോണിയിൽ കയറി റൂഹുകൾ പ്രിയപ്പെട്ടവരെ കാണാൻ വരും. മഴയുടെ ഭ്രാന്തൻ പെയ്ത്തിന്റെ ആലസ്യത്തിൽ ആളുകൾ ഉറങ്ങും. ആരും കേൾക്കാത്ത ശബ്ദത്തിൽ അവർ സംസാരിക്കും. ഉമ്മാൻ്റെ പഴകിയ സാരി കൊണ്ട് തുന്നിയ നരച്ച കർട്ടൻ വകഞ്ഞു മാറ്റി സൈനുവിന്റെ കെട്ടിയോൻ മക്കളെ കാണും അവരെ വാരിയെടുത്ത് പുണരും. സൈനുവിൻ്റെ നെറ്റിയിൽ അമർത്തി ചുംബിക്കും.

വാപ്പയെൻ്റെ കാൽചുവട്ടിൽ കുറെ നേരമിരിക്കും. കാലിനടിയിൽ മുളച്ചു പൊന്തിയ ദാരിദ്ര്യത്തിൻ്റെ തഴമ്പുകൾക്ക് ഇല്ലായ്മകൾ മാത്രം സമ്പാദിച്ചു മടങ്ങിയതിന് മാപ്പ് പറയും. ആ കണ്ണുനീരിൽ തഴമ്പുകൾ കരിഞ്ഞുണങ്ങി അടർന്നു വീഴും.

ഉമ്മയെ കാണാൻ ആര് വരും…..? ഉമ്മ കിടക്കുന്ന കട്ടിലിന് ഓരം ചാരി ഉമ്മാൻ്റെ ആട്ടിൻകുഞ്ഞ് നിൽക്കും. അത് ഉമ്മാൻ്റെ മുഖത്ത് മുഖം വച്ചു ഉരസും. കോഴികൾ ഉമ്മാക്ക് ചുറ്റും കൊത്തി പെറുക്കി നടക്കും.

എല്ലാരും വരും.. കുഞ്ഞിഖാദർ മാത്രം വരില്ല. അവൻ നെല്ലിക്ക റസിയയെ മറന്നു കാണും എന്നെയും റസാഖിനെയും മറന്നുകാണും. ആഇശപീടിക മൊമ്മദിൻ്റെ കടയിലെ തേൻമിട്ടായിയുടെ മണം മറന്നിരിക്കും. അവനൊരിക്കലും തോണിയിൽ കയറില്ല. നൂഹ് നബിയുടെ കപ്പലും പ്രതീക്ഷിച്ചു അവൻ ഖബറിന് ഓരമിരിക്കും. വേരുറക്കാതെ മൈലാഞ്ചി ചെടികൾ പ്രളയജലത്തിൽ ഒഴുകി നടക്കും.

അന്ന് രാത്രി മഴ പെയ്തു കൊണ്ടേയിരുന്നു. ഉമ്മയെപ്പോൾ ഉറങ്ങാൻ കിടന്നുവെന്നത് ഞാൻ ശ്രദ്ധിച്ചില്ല. ഒടുവിൽ കാണുമ്പോൾ അവർ ഏണിക്ക് മുകളിൽ കയറി നിൽക്കുകയായിരുന്നു. സൈനു നിലവിളിച്ചു. എനിക്കും അരിശം കയറി. എനിക്ക്‌ മടുത്തു തുടങ്ങിയെന്ന് ഞാൻ പിറുപിറുത്തു.
ആര് പറഞ്ഞാലും സ്വന്തം താല്പര്യങ്ങൾക്കപ്പുറം ഉമ്മ ജീവിച്ചിട്ടില്ല.
വലിയ തൊടി അഹമ്മദ് ഹാജിയുടെ ഇളയമോള്. വാപ്പ വിളിച്ചിറക്കി കൊണ്ടു വന്ന ദാരിദ്ര്യത്തിൽ നിന്നും വാപ്പയെ കര കയറ്റിയെടുക്കാൻ അവർ ആവോളം ശ്രമിച്ചു. അഹമ്മദ് ഹാജിടെ മോള് നബീസ നാട്ടിൽ ഏറ്റവും ഹൃദയമുറപ്പുള്ള പെണ്ണായിരുന്നു. സങ്കടങ്ങളിൽ ഒരിക്കലും അവരുടെ നിലവിളികൾ കേട്ടില്ല. വറുതിയുടെ കാലങ്ങളിൽ ഒഴിഞ്ഞപാത്രങ്ങളിൽ പരാതികൾ നിറച്ചില്ല.

ഉമ്മയെന്നും കർക്കശ്ശക്കാരിയായിരുന്നു. അടുക്കളയുടെ ഇറയത്ത് ഒരു നീളൻ ചൂരൽ അവർ കരുതിവക്കും. സൈനുവിനും എനിക്കുമിടയിൽ വഴക്കുകൾ ഉണ്ടാകുമ്പോൾ, പാത്രങ്ങൾ വീണുടയുമ്പോൾ, പൊട്ടിയ മുട്ടുമായി കളികഴിഞ്ഞു വരുമ്പോഴൊക്കെയും ആ ചൂരൽ ജോലി ചെയും. അടിയുടെ വേദന മറക്കാൻ അന്ന് രാത്രി വാപ്പ കഥകൾ പറഞ്ഞു തരും.

പ്രവാചകന്മാരുടെ കഥകൾ….

തല്ലിൻ്റെ വേദനയിൽ ഞാൻ വാപ്പാൻ്റെ മടിയിൽ കിടക്കുകയാണ്.
അദ്ദേഹം എൻ്റെ തലയിൽ തലോടി കൊണ്ട് ദൂരെ ദൂരെ അകാശത്തേക്ക് നോക്കി ഇരിക്കുന്നു..

ഞാൻ ചോദിച്ചു

വാപ്പ, നൂഹ് നബിയുടെ കപ്പലിൽ വാപ്പ കയറുമോ?

അതിന് നൂഹ് നബിയുടെ കപ്പൽ അനാദികാലങ്ങൾക്കപ്പുറത്തെന്നോ ചരിത്രത്തിൻ്റെ മഹാസമുദ്രത്തിലൂടെ ഒഴുകി അകന്നില്ലെ മകനെ..

വാപ്പയെന്തേ കപ്പലിൽ കയറിയില്ല…?

അന്ന് വാപ്പ ജനിച്ചില്ലല്ലോ മകനെ. എന്ന വാപ്പാൻ്റെ വേരിൻ്റെ അറ്റത്ത് നിന്നാരോ ആ കപ്പലിൽ കയറിയിരിക്കണം. വാപ്പാൻ്റെ നിറമുള്ള, തൊലിയുള്ള, മുടിയുള്ള, മണമുള്ള ആരോ..

ഞാൻ കണ്ണുകളടച്ചു. മഹാസമുദ്രത്തിൻ്റെ വിശാലമായ മാറിടത്തിലൂടെ കപ്പൽ ഒഴുകി വന്നു. പിഞ്ഞു കീറാറായ വസ്ത്രങ്ങളിട്ടൊരു ബാലൻ ആകാശം മുട്ടേ ഉയരമുള്ള കപ്പലും നോക്കി നിന്നു. കപ്പലിൽ നിന്നും ലോകം മുഴുവനും അവനു മുന്നിലേക്ക് ഇറങ്ങി വന്നു. ജീവജാലങ്ങളുടെ പ്രളയം അവന് മുന്നിൽ നിരന്നു.
നീണ്ട് മെലിഞ്ഞ ഒരു മനുഷ്യൻ അവനെ കോരിയെടുത്തു. അവൻ്റെ നെറുകയിൽ മുഖമമർത്തി.

‘വാപ്പ’ ഞാൻ വിളിച്ചു…..

മകനെ….. വാപ്പയുടെ പരുപരുത്ത കൈത്തടം അടിയുടെ പാടുകളെ തഴുകി.

കണ്ണുകൾ തുറക്കുമ്പോൾ വാപ്പയുടെ അരികിൽ ഉമ്മയും ഇരിക്കുന്നുണ്ടായിരുന്നു.
അവരുടെ കറുത്ത മൂന്ന് മൂല തട്ടം കാറ്റിൽ പറന്നു കളിച്ചു.

മകന് പനിക്കുന്നുണ്ട്.. നീ നല്ല കണക്കിൽ തല്ലില്ലേ.. വാപ്പ ചോദിച്ചു.

എണിക്കട്ടെ, തുമ്പപ്പൂ ഇട്ട് കഷായം കൊടുത്ത പനി ഒഴിയും.. ഉമ്മ മറുപടി പറഞ്ഞു.

നബീസു, നീ മക്കളെ നോവിക്കല്ലേ.

അവര് നന്നാവാനല്ലേ…

നബീസു, റബ്ബുൽ ആലാമിനായ തമ്പുരാൻ ഉദ്ദേശിച്ച മക്കള് നേരായിട്ട് വളരും. അതിന് വേണ്ടിട്ട് അവരെ തല്ലി നോവിക്കല്ലേ..
എത്രയൊക്കെ പണിപെട്ടാലും റബ്ബ് കൈവെള്ളയിൽ അരപ്പട്ടിണി കൂലി നിശ്ചയിച്ച അതല്ലാത്തത് ഒന്നും ദുനിയാവില് നമുക്ക് അന്നമായി കിട്ടില്ല.

വാപ്പ പറഞ്ഞവസാനിപ്പിക്കും മുൻപേ ഉമ്മ സംസാരിക്കാൻ തുടങ്ങിയിരുന്നു,

നേരാണ് റബ്ബ് നിശ്ചയിക്കുന്നു മനുഷ്യർ ജീവിക്കുന്നു. എങ്കിലും എല്ലാ നിശ്ചയങ്ങൾക്കും മുൻപ് ദൈവം മനുഷ്യന് ഒരവസരം നൽകും നൂഹ് നബിയുടെ കപ്പൽ പണിയാനുള്ള അവസരം. ആ അവസരത്തെ കണ്ടില്ലെന്ന് നടിച്ചു വിധിയെ പഴിച്ചു ജീവിക്കും വിഡ്ഢികൾ. എന്നാൽ ബുദ്ധിയുള്ള മനുഷ്യൻ മഹാപ്രളയത്തിന്റെ ദൃഷ്ട്ടാന്തങ്ങളെ ഗണിച്ചെടുക്കും. അവൻ തക്വ്വയുടെ മരം കൊണ്ട് കപ്പൽ പണിയും…

എനിക്കൊന്നും മനസിലായില്ല. അതിനർത്ഥം ഉമ്മ ഇനി ഞങ്ങളെ തല്ലില്ലെന്നാണോ..?
വൈകാതെ എനിക്ക്‌ തിരിച്ചറിവുണ്ടായി. അതിനർത്ഥം ഉമ്മ ഇതിലും വേദനയോടെ ഇനിയും ഞങ്ങളെ തല്ലുമെന്നായിരുന്നു.
ഓരോ തല്ല് കഴിഞ്ഞും സ്കൂളിൽ പോകുമ്പോൾ കുഞ്ഞിഖാദറും ആഇശപീടിക മൊമ്മദും, റസാഖും എന്നെ ആശ്വസിപ്പിക്കും.
കുഞ്ഞിഖാദറിന് തല്ല് കിട്ടിയിട്ടില്ല. അവന്റെ വീട്ടിൽ ആരും അവനെ തല്ലാറില്ല. സ്കൂളിലും മാഷ്മാരോട് അവനെ തല്ലരുതെന്ന് പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. തല്ല് കൊള്ളാത്തത് കൊണ്ടാവും കുഞ്ഞിഖാദറിന് കരയേണ്ടി വന്നതേയില്ല. അവൻ്റെ പുഴമീൻ പോലത്തെ നീണ്ട കണ്ണുകളിൽ ജലം മരിച്ചു കിടന്നു. ഉറവയൊഴുകാതെ അവിടം മരുഭൂമി പോലെ വരണ്ട് പോയി.
പക്ഷേ ഒരിക്കൽ
സെബാസ്റ്റ്യൻ അവനിട്ടൊരു ഉന്ത് കൊടുത്തു .
നോഹയുടെ പേടകം പുളുവാണെന്ന് വാദിച്ചതിനായിരുന്നുവത്. ഉന്ത് കൊണ്ട് വീണിടത്തു നിന്നും എഴുന്നേറ്റ് കൊണ്ട് കുഞ്ഞിഖാദർ വീണ്ടും പ്രഖ്യാപിച്ചു,

‘നോഹയുടെ പേടകം പുളുവാണ്.. ‘

പിന്നീട് സെബാസ്റ്റ്യനും കുഞ്ഞിഖാദറും പരസ്പരം കാണുമ്പോഴൊക്കെയും തർക്കിച്ചു. കാലം അവരെ വളർത്തി വലുതാക്കി. കുഞ്ഞിഖാദറിന് മീശ വന്നു സെബാസ്റ്റ്യന്റെ മീശയുടെ ഭാഗം ഒഴിഞ്ഞു കിടന്നു. തർക്കിക്കാൻ അവർ മറന്നുപോയി. അവരൊന്നിച്ച് കോളേജിൽ പോയി. ഒരേ ബെഞ്ചിലിരുന്ന് പഴംകഥകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു.
ഞാൻ കോളേജിൽ പോയില്ല. ഞാൻ പലവക ജോലികൾക്ക് പോയി. സ്വന്തമായി ഒരുരൂപ സമ്പാദിക്കുമ്പോഴും നൂഹ് നബിയുടെ കപ്പലായിരുന്നു ഉള്ളിൽ. ജീവിതത്തെ പ്രളയപാച്ചിലിൽ നിന്നും കരകയറ്റാനുള്ള തത്രപ്പാട്. ഒന്നും നടന്നില്ല. എങ്ങും എത്തിയില്ല. ആണിയടിച്ചു ഉറപ്പിച്ച കപ്പൽ പലകകൾ കാറ്റിലും കോളിലും ഇളകി ഒലിച്ചുപോയി.

വാപ്പ, ചുമച്ചു കൊണ്ട് ഉമ്മറത്ത് കിടന്നു. ആദ്യമെല്ലാം ഡോക്ടമാർ പലവക മരുന്നുകൾ മാറി പരീക്ഷിച്ചു. ഒടുവിൽ പരീക്ഷണങ്ങൾക്ക് മുഴുവൻ പിഴച്ചു. വാപ്പാന്റെ ശരിരാമാകേ ക്യാൻസർ ഓടി കയറി. ഒരിടവും ബാക്കിയാക്കാതെ അതിങ്ങനെ മരണനൃത്തം ചവിട്ടി.
വാപ്പാന്റെ അസുഖം മൂർച്ഛിച്ച ഘട്ടത്തിലാണ് സൈനുവിൽ വൈധവ്യവും വന്നു കയറുന്നത്. അങ്ങനെ ജീവിതത്തിലേക്ക് ഒരേ സമയങ്ങളിൽ രണ്ട് മരണങ്ങൾ കടന്നുവന്നു. ഓരോ കബറടക്കങ്ങൾക്ക് ശേഷവും ഞാൻ നീണ്ട് നിവർന്നു കിടന്ന് അലമുറകൾ അടക്കി കരഞ്ഞു. റബ്ബേയെന്ന് നീട്ടി വിളിച്ചു. പടച്ചോൻ ആ നേരം എന്നെ ആശ്വാസിപ്പിക്കുന്നതായിട്ട് എനിക്ക്‌ തോന്നും. പൊള്ളിയടർന്ന വീടിന്റെ ചുവരുകളിൽ യാതനകളുടെ അനേകം കാൽപ്പാദങ്ങൾ കാണും. പൊങ്ങിയും താണും മഹാപ്രളയത്തിന്റെ കാണാകയങ്ങളിലേക്ക് ഒഴുകി പോകുന്ന പ്രിയപ്പെട്ട മകനെ നോക്കി നൂഹ് നബി ക്ഷമയോടെ നിൽക്കും…….

ഓർമ്മകളുടെ തുരുത്ത് എന്നെ ശ്വാസം മുട്ടിച്ചു. എനിക്ക്‌ ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ മുറിയിൽ തലങ്ങും വിലങ്ങും നടന്നു. ഉമ്മയുടെ രാവിലെ മുതലുള്ള പ്രവർത്തിയാണ് എന്നെ ഇത്രക്കും അസ്വസ്ഥനാക്കുന്നത്. അവർ മഴ നനയുന്നത് അറിയുന്നില്ല. കാറ്റും കോളും അറിയുന്നില്ല. വന്നു വന്നു അവർ ഒന്നും അറിയില്ലെന്നുള്ള അവസ്ഥയിലെത്തിയിരിക്കുന്നു. ദിവസങ്ങളോളം അതായത് ഏകദേശം പതിനാല് ദിവസങ്ങളുടെ ദീർഘിച്ചകാലയളവിൽ വാപ്പയിലും ഒന്നും അറിയുന്നില്ലെന്ന അവസ്ഥയുണ്ടായിരുന്നു. വേദനകളുടെ ഒരു മൂളൽ മാത്രം. ഞാൻ അരികിൽ ഇരുന്നു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ല. ഉമ്മയുടെ മൂന്ന് മൂലത്തട്ടത്തിന്റെ നിഴൽ പോലും വാപ്പയിൽ ആശ്വാസം കൊണ്ടുവന്നു. ഉമ്മ സദാനേരവും വാപ്പാന്റെ അരികിലിരുന്നു. പക്ഷേ അവർ കരയുകയോ വാപ്പയോടെ അന്ത്യദിവസങ്ങളിൽ അദ്ദേഹത്തിന് സ്നേഹവാക്കുകൾ നൽകുകയോ ചെയ്തില്ല.

എനിക്ക്‌ ഏതോ നേരം ഉറക്കം കനത്തു വന്നു. ഉമ്മയെ മറന്നു. നരച്ച സാരീയുടെ കർട്ടൻ കാറ്റിൽ ഇളകി. പുറത്ത് നിന്നും മഴയും തണുപ്പും എന്നെ പൊതിഞ്ഞു. ഞാൻ ഉറങ്ങി.
വലിയ പലകകഷ്ണങ്ങൾ ഉയർത്തി പിടിച്ചു വാപ്പ നിന്നു. ഏണിക്ക് മുകളിൽ നിന്നുകൊണ്ടുതന്നെ ഉമ്മ അവയോരോന്നും വാങ്ങിക്കുകയും ആണിയടിച്ച് ഉറപ്പിക്കുകയും ചെയ്തു.
വാപ്പ ഉമ്മാന്റെ പിരാന്തിന് കൂട്ട് നിന്ന് നിങ്ങളും മഴ നനയുന്നോ..?
ഞാൻ ചോദിച്ചു.
വാപ്പ ചിരിച്ചു, ഉറക്കനെ ഉറക്കനെ…
സൈനുവിന്റെ മക്കൾ ഉണരുമോ ഞാൻ ഭയന്നു.

‘ഉമ്മ പിരാന്ത് കാണിക്കറില്ല മകനെ, ഉമ്മയൊറ്റക്ക് ഈ പേമാരി രാത്രിയിൽ നൂഹ് നബിന്റെ കപ്പലുണ്ടാക്കുമ്പോ, ഖബറിൽ വാപ്പ ഉറങ്ങില്ല മകനെ… ‘

ഞാൻ ഞെട്ടിയുണർന്നു. എനിക്ക്‌ കുറ്റബോധം തോന്നി. വാപ്പ പറഞ്ഞത് സത്യമാണ് ഉമ്മ ഒന്നും വെറുതെ ചെയ്യില്ല. അവർ എന്ത് ചെയ്യുന്നുവെന്ന് ഞാൻ ഈ നേരം വരെ ചോദിച്ചില്ല. മഴ നനയരുത് എന്ന് താക്കിത് കൊടുത്തത് ഒഴിച്ചാൽ ഞാൻ അവരുടെ പ്രവർത്തികളെ കുറിച്ച് അന്വേഷിച്ചില്ല.

ഉമ്മ ഉറങ്ങി കാണുമോ…?

അടുക്കളയോട് ചേർന്ന ഒഴിഞ്ഞ ഭാഗത്ത് പഴകിയ കട്ടിലിൽ അവർ കിടക്കുന്നു. കാൽപാദങ്ങൾ നനഞ്ഞു കുതിർന്നിരുന്നു.
ഉമ്മയെപ്പോഴും പാതി കണ്ണുകൾ മാത്രം അടച്ചുകൊണ്ട് ഉറങ്ങി. അവർ ഉറങ്ങുന്നത് പാതി തുറന്ന് പിടിച്ച കണ്ണുകളുമായാണെന്ന് തിരിച്ചറിവുണ്ടാകാൻ എനിക്ക്‌ ഒരുപാട് കാലം വേണ്ടി വന്നു.
അവരെ വിളിച്ചുണർത്താതെ ഞാൻ കട്ടിലിനോരം ചേർന്നിരുന്നു. പുറത്ത് മഴ പെയ്ത്ത് കോലാഹലങ്ങൾ ഉണ്ടാക്കികൊണ്ടേയിരുന്നു. മഴ തോരുന്ന ലക്ഷണമില്ല. നാളെയുടെ പുലർച്ചയെന്നെ ആശങ്കയിലാക്കാം. വെള്ളം കയറി തുടങ്ങും വീടും മുറ്റവും മുട്ടോളം വെള്ളത്തിൽ നീന്താൻ ശ്രമിക്കും. എല്ലാം പെറുക്കി കൂട്ടി വീണ്ടും ഒരു അഭയാർത്ഥി യാത്ര.
എന്റെ മടുപ്പിനെ കുറിച്ച് പടച്ചോനോട് ഇനിയും പരാതി പറയാൻ വയ്യാ.
ജീവിതം ഒരു വരി പോലും പ്രവചിക്കാൻ കഴിയാത്ത നിഘൂഡഗ്രന്ഥമാണ്.
സെബാസ്റ്റ്യൻ കപ്പൽ മുതലാളിയായി. അവൻ നോഹയുടെ പേടകം പോലൊന്ന് സ്വന്തമാക്കി.

ഇന്ന് കുഞ്ഞിഖാദർ എവിടെ…?

നേരം പുലർന്നപ്പോൾ ഞാൻ കണ്ണുകൾ തുറന്നത് ചില്ലോടിലേക്ക് മഴ വന്നു പതിക്കുന്ന കാഴ്ച്ചയിലേക്കാണ്. ഏറെ നേരം ശാന്തനായി ആ കാഴ്ച്ചയും നോക്കി ഞാൻ കിടന്നു.

വീടിനകം വെള്ളം കയറി തുടങ്ങിയിരിന്നു. ഉമ്മ ആവശ്യ വസ്തുക്കൾ ചാക്കിൽ കെട്ടുന്ന തിരക്കിലായിരുന്നു.
എന്നെ കണ്ടപ്പോൾ അവർ കൂടിയാലോചിച്ചു,

‘സുബൈറേ ഇന്ന് ഇറങ്ങേണ്ടി വരോ..?’

അറിയില്ലുമ്മ,

എൻ്റെ ഉള്ള് ആളി, ഒരു മഴക്കും തണുപ്പിക്കാൻ കഴിയാത്ത വിധം ഞാൻ ആളി പടർന്നു. എന്നിലെ തീ മുറ്റത്തെ മുട്ടോളം വെള്ളത്തിലേക്ക്, ഇറങ്ങിപോയി.
മുറ്റത്തിന്റെ ഒരു ഭാഗത്ത് സൈനു വെള്ളത്തിൽ കുതിർന്നു നിൽക്കുന്നു. അവളുടെ ഒക്കിലിരുന്ന് ഇളയവൻ വാശിയിൽ കരഞ്ഞു. അവൾ അത്‌ കേൾക്കുന്നത് പോലുമില്ലായിരുന്നു. സൈനുവിൻ്റെ കാൽവിരലുകൾ വേരുകളായി അവ മണ്ണിലേക്ക് ആഴ്ന്നുപോയിരിക്കണം.
അവളുടെ കാഴ്ച്ചകൾക്കൊപ്പം ഞാനും സഞ്ചരിച്ചു.
മുറ്റത്തെ അറ്റത്തായി ഉമ്മയിതാ വലിയൊരു കോഴിക്കൂട് പണിതിരിക്കുന്നു. വെള്ളം കേറാതിരിക്കാൻ പാകത്തിന് അതിങ്ങനെ ഏറുമാടം പോലെ ഉയർത്തി വച്ചിരിക്കുന്നു.

സുബൈറേ,
ഉമ്മ വിളിച്ചു,
ഞാൻ തിരിഞ്ഞു നോക്കി, കെട്ടിപ്പൂട്ടിയ ഭണ്ഡാരകെട്ടുകൾ ഉമ്മറത്ത് കൊണ്ട് വച്ചിട്ടുണ്ട്.
എപ്പോഴാ പോവാ
അവർ ചോദിച്ചു
എങ്ങോട്ടേക്ക്
ഞാനും ചോദിച്ചു..

കണ്ടില്ലേ വെള്ളം കയറി, കഴിഞ്ഞകൊല്ലം രാത്രിക്ക് രാത്രി ആട്ടിപായിച്ചു കൊണ്ടുപോയില്ലേ നീ. ഒന്നും ചെയ്യാൻ സമയം തരാണ്ട് കൊണ്ടുപോയില്ലേ.. എന്റെ കോഴിക്കുഞ്ഞുങ്ങളെ, ആട്ടിൻകുട്ടിനെ എല്ലാത്തിനേം ചാവാൻ വിട്ടിട്ട് ഞാൻ വന്നില്ലേ നിൻ്റെ കൂടെ.
ഇന്നിപ്പോ ആ സങ്കടം ഒന്നുല്ല, എൻ്റെ കോഴികുഞ്ഞുങ്ങൾക്ക് ഞാൻ നൂഹ് നബിൻ്റെ കപ്പല് പണിത്. ഈ ദുനിയാവില് ഒരു വെള്ളപ്പൊക്കവും പേടിക്കാണ്ട് അവരും ജീവിക്കട്ടെ സുബൈറേ…

ഞാൻ മറുപടി പറഞ്ഞില്ല, മഴ വീണ്ടും ചാറി. ചാറ്റൽ പേമാരിയായി. സൈനു മഴ നിന്നു കൊണ്ടു. ഞാനും അവൾക്കൊപ്പം ചേർന്ന് നിന്നു. മുറ്റത്ത് വെള്ളം കൂടി കൂടി
ഭൂമി രണ്ടായി പിളരും പോലെ മുറ്റമടർന്നു. മണ്ണിൻ്റെ മാറിൽ നിന്നും ആകാശം മുട്ടേ ഉയരത്തിൽ നൂഹ് നബിയുടെ കപ്പൽ ഉയർന്നു വന്നു………..

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...