ലേഖനം
പ്രസാദ് കാക്കശ്ശേരി
”The bird wishes it were a cloud
The cloud wishes it were a bird”
– Rabindranath Tagore
പക്ഷി മേഘം ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയും മേഘം താൻ ഒരു പക്ഷി ആയിരുന്നെങ്കിലെന്ന് ഏറെ ആഗ്രഹിക്കുകയും ചെയ്യുന്നു എന്ന ടാഗോർ കാവ്യഭാവനയുടെ കിരണം ആണ് ‘ആകാശം പറത്തിവിട്ട പട്ടങ്ങൾ’ എന്ന കൽപ്പന ഓർമിപ്പിച്ചത്. ആകാശവിതാനത്തിൽ പട്ടത്തിന്റെ സ്വാതന്ത്ര്യം, പക്ഷേ,തന്നെ നിയന്ത്രിക്കുന്ന ഒരു ചരട് അറിയാതെ പറക്കാന്‍ വിധിക്കപ്പെട്ട പട്ടം. ഈ ഒരു ധാരണയിൽ നിന്ന് വ്യത്യസ്തമായി ആകാശം എങ്ങോട്ടെന്നില്ലാതെ, യാതൊരു നിയന്ത്രണാധികാരവുവുമില്ലാതെ അനേകം പട്ടങ്ങളെ പറത്തി വിടുന്നത് കെ. സി ഗിരീഷ് തന്റെ ഭാവനയിൽ എഴുതുന്നു.സ്വാതന്ത്ര്യത്തിന്റെയും അതിരുകൾ ലംഘിക്കുന്ന യാത്രയുടെയും സൂചകമാണത്. കവിത തന്നെത്തന്നെ സ്വതന്ത്രമാക്കുന്ന ഒരു ആവിഷ്കാരം എന്ന നിലയിൽ വളരെ നിശബ്ദമായി ഇടപെടുകയായിരുന്നു കെ.സി. ഗിരീഷ്.
എത്രയോ വർഷങ്ങൾക്കു മുമ്പ് അച്ചടിച്ചു വന്ന ഒരു കവിതയിലാണ് കെ. സി ഗിരീഷ് എന്ന കവിയുടെ ഉൾക്കാഴ്ചയും ചിന്തയുടെ മിന്നലും ബോധ്യപ്പെട്ടത്. കപടമായ വ്യവസ്ഥാപിത മനോഘടനയോടും വ്യവഹാരങ്ങളോടും പ്രതികരിക്കുന്ന, പൊട്ടിത്തെറിക്കുന്ന ഒരു കൊച്ചുകവിത . ഈ സമാഹാരത്തിലും അത് ഉൾപ്പെട്ടിട്ടുണ്ട്.
”അവൻ ഞങ്ങൾക്കിടയിലെ കുഴിയാനയായിരുന്നു.
മരണശേഷം തിടമ്പേറ്റി നെറ്റിപ്പട്ടം കെട്ടി
ഞങ്ങളവനെ എഴുന്നെള്ളിച്ചു.”
ജീവിച്ചിരിക്കുമ്പോഴുള്ള അവഗണനയും മരണാനന്തരമുള്ള നിരർത്ഥകവും വ്യാജവുമായ പരിഗണനയും സൂക്ഷ്മമായി രേഖപ്പെടുത്തുന്നു കവിത.
ഗിരീഷിന്റെ കവിതകൾ വാചാലമാകുന്നില്ല. സങ്കീർണ്ണ ബിംബങ്ങളിലൂടെ സംവേദനത്തെ പരിക്കേല്‍പ്പിക്കുന്നില്ല.അതി വൈകാരികമായി വെറുപ്പിക്കുന്നില്ല.വാക്കുകളില്‍ ശ്രദ്ധയോടെ ഇടപെട്ട് ‘കവിത ഒരു വലിയ സത്യമാണ് ‘(അക്കിത്തം)എന്ന് വിശ്വസിക്കുക കൂടിയാണ് ചെയ്യുന്നത്.നേര്‍ ഭാഷയിൽ മറ്റൊരാളോട് സംവദിക്കുന്നമട്ടിലാണ് കവിത വഴി തെളിയിക്കുന്നത്.ഓരോ ചിന്തയിലും ധ്വന്യാത്മകമായ നിറവ് സാധ്യമാക്കാൻ തെരഞ്ഞെടുക്കുന്ന വാക്കുകളിലുമുണ്ട് അഗാധമായ ധ്യാനത്തിന്റെ സ്ഫുരണം.
പാടി നീട്ടി മതി മറക്കാനോ, അതി വൈകാരികതയുടെ ഓളത്തില്‍ നഷ്ടപ്പെടാനോ ഈ കവിതകൾ സന്നദ്ധമല്ല.മറിച്ച് ഒരൊറ്റ ഭാവത്തെയും നോട്ടത്തെയും ഹൃദയത്തോടു പാരസ്പര്യപ്പെടുത്താനാണ് ശ്രമിക്കുന്നത്.ഞാൻ/ നീ എന്ന അഭിസംബോധനകൾ കവിതയിൽ നിറഞ്ഞുനിൽക്കുന്നത് അതുകൊണ്ടാണ്.ഞാനും നീയും ഒന്നായി പൂർത്തീകരിക്കുന്ന വിനിമയമായി കവിത അത്രമേൽ അഗാധമാവുകയും ചെയ്യുന്നുണ്ട്.തിരിച്ചു വരാൻ കഴിയാത്ത യാത്രകളും കാത്തിരിപ്പിന്റെ അസ്വാസ്ഥ്യവും വാക്കുകൾക്കിടയിൽ ചതഞ്ഞ് പോയ അനുഭവങ്ങളും മുറിവേറ്റ ജീവിതങ്ങളോട് നിഷ്കപടമായി മിണ്ടുകയാണ്. വിഷാദത്തെ, വേദനകളെ പ്രതിരോധിക്കുന്ന ആന്തരികമായ ഒരു ബലവും ഈ കവിതകളെ വേറിട്ടതാക്കുന്നുണ്ട്.”ഓർക്കിഡുകൾക്കിടയിൽ ഒരു നാലുമണിപ്പൂവ് കാറ്റ് കവരാത്ത നഖപ്പാടുമായ്” കാത്തിരിപ്പുണ്ടാകുമെന്നും ”എഴുത്തുപുരകളിൽ നിന്ന്കനലുകൾ പൂക്കുമെന്നും” വാക്കിൽ ശ്രദ്ധിക്കുന്ന, അനുഭവങ്ങളിൽ സർഗ്ഗാത്മകമായി ഇടപെടുന്ന കവിതകളിൽ ജ്വലിച്ചു നിൽക്കുന്നു.
”എത്ര നടന്നാലും വേദനിക്കില്ല പാദങ്ങൾ നിന്നിലേക്കുള്ള പാതയിൽ”
എന്ന് ആത്മാർത്ഥമായി ബോധ്യപ്പെടുത്തുകയാണ് കവിതകൾ.
”നാം ഒരു കോടി വർഷം ജീവിച്ചാലും മതിയാകാത്തവർ” (നാം)
ഉരുകി മരിച്ചാലും നിന്റെ നിഴലിൽ എന്റെ ജീവൻ കുടിയിരിക്കുമെന്ന് പറയുന്ന ജീവിത പ്രേമത്തിന്റെ ധ്വനികള്‍ ഓരോ വാക്കിലും മിടിക്കുന്നുണ്ട്.
വീടും നാടും അനുഭവ പരിസരങ്ങളും സൗഹൃദങ്ങളും കവിതകളിൽ പല പ്രകാരത്തിൽ അടയാളപ്പെടുന്നുണ്ട്. വീടിനുള്ളിൽ സ്വന്തം നിശ്വാസം കൊണ്ട് നിർമിക്കുന്ന മറ്റൊരു വീട്, ഇന്ദ്രിയവേദ്യമായ അതിൻറെ ഉടല്‍നേരുകൾ,കരുതലുകള്‍ എന്നിവ കൃത്യമായി രേഖപ്പെടുന്നുണ്ട്, ‘നിശ്വാസം’ എന്ന കവിതയിൽ. വീടില്ലാത്തവരുടെ വീട്ടു വിചാരങ്ങളും ഇടവും ആലോചിക്കുന്നിടത്താണ് കവിയുടെ ഉള്‍ക്കാഴ്ച സമഗ്രമാവുന്നത്. ‘വാടകവീട്’ എന്ന കവിത തന്നെ സാധൂകരണം. വാടക വീട് എന്ന മേൽവിലാസത്തിൽ എഴുതപ്പെട്ടവർ,തെരുവ് വീടാക്കിയവർ അവരോടൊപ്പമാണ് കവിത. എപ്പോഴും തുറന്നിടാൻ പാകത്തിൽ ഒരു വാതിൽ, വീട് തെരുവാകുമ്പോൾ സാധ്യമാകുന്നു.വാതിലുകളും ചുമരുകളും ഇല്ലാത്ത ഒന്നാംക്ലാസ് പോലെ തന്നെയാണത്.അത്രമേൽ കളങ്കരഹിതമായ ഭാവനയുടെ സ്വാച്ഛന്ദ്യം.
” ഒരു മതിലിനപ്പുറം മെഴുകുതിരികളായ്ഉരുകി തീരുന്നവര്‍ നമ്മൾ”
എന്ന വേദന കവിയെ അലട്ടുന്നത് വെറുതെയല്ലെന്ന് അപ്പോൾ ബോധ്യപ്പെടും. ‘വീടുമാറ്റം’ എന്ന കവിതയിലെ ഭാവതലവും ചേർത്തുവായിക്കാവുന്നതാണ്.അണയാത്ത തിരി വെളിച്ചമായി അമ്മയും തോര്‍ന്നിട്ടും തോരാതെ നിൽക്കുന്ന അമ്മ നട്ട മരങ്ങളും ജൈവപരമായി ആഴത്തിൽ കവിതയെ നിർണയിക്കുന്നുണ്ട്. ഇത്തിള്‍കണ്ണിയും മരവും നടത്തുന്നഅഭിമുഖ ഭാഷണത്തിൽ പ്രകൃതി ബോധത്തിന്റെ ആരും ഇതുവരെ രേഖപ്പെടുത്താത്ത അടരുകള്‍ ഉണ്ട്.”ഗിരീഷ് എന്ന കവി,തന്റെ ഏകാന്ത ധ്യാനം ഈ ഉര്‍വ്വരമായ മണ്ണിലും മരത്തിലും പൂക്കളിലും കിളികളിലുമൊക്കെ സാര്‍ത്ഥകമായി അനുഭവിക്കുന്നു”എന്ന് അവതാരികയെഴുതിയ ആലങ്കോട് ലീലാകൃഷ്ണന്‍ നിരീക്ഷിക്കുന്നു. എതിരുകളില്ലാത്ത, പ്രതിസ്ഥാനങ്ങളില്ലാത്ത ജീവിതത്തിന്റെ അദ്വെെത ബോധ്യംതന്നെയാണ് കവിയുടെ മാനിഫെസ്റ്റോ.
”വെളിച്ചം ഓരോ നിമിഷവും നമ്മുടെ കൂടെയുണ്ട്
ചുറ്റും ഊതികെടുത്താനുള്ള ഇരുട്ടും”
”ജാതി പോയില്ല
പേരിന്റെ വാലിൽ രോമങ്ങളിപ്പോഴും”
തന്റെ നിലപാടുകളും നേരറിവുകളും വെളിപ്പെടുത്താൻ അധികം വാക്കുകൾ വേണ്ട എന്ന തിരിച്ചറിവു തന്നെയാണ് ഗിരീഷിനെ കവി എന്ന നിലയിൽ മലയാള ഭാവനയോട് ചേര്‍ത്ത് നിർത്തുന്നത്.
”ഒരാൾ പോകുമ്പോൾ അയാളോടൊപ്പം അയാളുടെ ഓർമ്മകൾകൂടി
പോയിരുന്നെങ്കിൽ”
എന്നെഴുതിയ കവി തന്നെയാണ്
”ഓർമ്മയുടെ
ഒരു അല മതി
എനിക്ക് നിന്നിലെത്താൻ പരന്നൊഴുകാൻ
നിന്റെ
ഓരോ കോശത്തിലും ജീവിക്കാൻ”
എന്ന് എഴുതിയത്. ഓർമ്മ മരങ്ങളും ഓർമ്മകളുടെ പനോരമയും കാലം ഛേദിച്ച ജീവിതങ്ങളിൽ നിന്ന് മുളപൊട്ടുന്നുണ്ട്.അതെ, ഈ കവിതകൾ നിന്നിലേക്കുള്ള പാതകളാണെന്ന് കവി പറയുന്നത് നാം അറിയുന്നു .എനിക്ക് കുടചൂടിത്തന്ന് നീ നനയുകയായിരുന്നല്ലോ എന്ന് വ്യഥകൾ ഓരോ നിനവിലും ചെയ്യാതെ കനത്തു നിൽക്കുന്നുണ്ട്.
(അകാലത്തിൽ അന്തരിച്ച കെ.സി ഗിരീഷിന്റെ കവിതകൾ സമാഹരിച്ച് ‘ആകാശം പറത്തിവിട്ട പട്ടങ്ങൾ ‘എന്നപേരിൽ പ്രസിദ്ധീകരിച്ചു. സ്മൃതി ദിനത്തിൽ(09-10-2021) കവിയുടെ വീട്ടുമുറ്റത്ത് നടന്ന അനുസ്മരണച്ചടങ്ങിൽ ബഹുമാനപ്പെട്ട എം പി ശ്രീ ടി .എൻ പ്രതാപൻ പുസ്തകം പ്രകാശനം ചെയ്തു.
ഗിരീഷ് ഉൾപ്പെട്ടിരുന്ന തിരുവത്ര ഗ്രാമശ്രീ കലാ സാംസ്കാരിക വേദിയാണ് പുസ്തകം
പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്തത്)
കെ.സി. ഗിരീഷ്
തൃശൂർ ജില്ലയിൽ ചാവക്കാട് തിരുവത്രയിൽ 1975 ൽ ജനനം .അച്ഛൻ പരേതനായ കറുത്താണ്ടൻ ചീങ്കൻ .അമ്മ പരേതയായ കുന്നത്ത് ദേവകി .സഹധർമിണി ശാലി . സെറിഫെഡിൽ ഫീൽഡ് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. പാരലൽ വിദ്യാഭ്യാസ രംഗത്ത് അധ്യാപകനായിരുന്നു . 2020 ഒക്ടോബർ 8 ന് ഓർമയായി.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.