Homeലേഖനങ്ങൾനേരിട്ട് മണ്ണിൽ തൊടുന്ന വെയിൽ

നേരിട്ട് മണ്ണിൽ തൊടുന്ന വെയിൽ

Published on

spot_imgspot_img

ഞങ്ങളുടെ മഞ്ഞും തണുപ്പും ഒളിച്ചു പോയിടം! 3

മൈന ഉമൈബാൻ

വയനാട്ടിലെ ഞങ്ങളുടെ വീട്‌ ഒരു കാടിന്റെ നടുവിലാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നിയിരുന്നത്‌. ഏതു വെയിലത്തും തണുത്തു വിറച്ചു. 
അല്‌പം ഉയര്‍ന്നയിടത്തായിരുന്നു വീടെങ്കിലും ചുറ്റും മരങ്ങളായിരുന്നു. കാട്ടുമരങ്ങള്‍ക്ക്‌ പകരം പ്ലാവും മാവുമായിരുന്നെന്നു മാത്രം. അടിക്കാടുകള്‍ക്കു പകരം കാപ്പിയും മരങ്ങളില്‍ കുരമുളകു കൊടിയും. മുറ്റത്ത്‌ നിന്നു നോക്കിയാല്‍ ഒരിരിട്ടിനെയാണ്‌ കാണാനുണ്ടായിരുന്നത്‌. അടുത്തൊക്കെ വീടുകളുണ്ടായിട്ടും അവയൊന്നും കാണാവുന്ന ദൂരത്തായിരുന്നില്ല. അവിടെ ശബ്ദങ്ങളെ ചുറ്റും നിന്ന മരങ്ങളും ചീവീടുകളും ഇരുട്ടും തടഞ്ഞു നിര്‍ത്തി.

വീടിനു പുറകില്‍ മുള്ളുവേലി കെട്ടിത്തിരിച്ച പറമ്പ്‌ പള്ളിപ്പറമ്പായിരുന്നു. അവിടെയും മരങ്ങളും കുരുമുളകു കൊടിയും മാത്രം. കുറച്ചപ്പുറം മാറി ഇടവഴിക്കപ്പുറത്തും പൊളിഞ്ഞുകിടന്ന കൊച്ചു പള്ളിപ്പറമ്പ്‌. ഉടമസ്ഥര്‍ വല്ലപ്പോഴും വന്നു നോക്കുന്നതുകൊണ്ട്‌ തന്നെ അയല്‍ക്കാരുടെ ആടു വളര്‍ത്തല്‍ ഈ പറമ്പുകള്‍ കൊണ്ടു കഴിഞ്ഞു. ആടുകള്‍ക്ക്‌ തീറ്റവെട്ടിയിരുന്നത്‌‌ ഇവിടെ നിന്നായിരുന്നു. 
രണ്ടു പള്ളിപ്പറമ്പിന്റേയും ഇടയിലൂടെ പോകണമായിരുന്നു പടിഞ്ഞാറെ അയല്‍വീട്ടിലേക്ക്‌. പകല്‍ പോലും കൊണ്ടുവിടണോ എന്ന്‌ ജാന്വേടത്തി ചോദിക്കും. ഇരുട്ടു വീണാല്‍ കൊച്ചുമകനെ കൂട്ടിനയക്കും. പിന്നെ അവനെ തിരിച്ചു വിടാന്‍ വേറെ രണ്ടുപേര്‍ പോകേണ്ടിയിരുന്നു.

ആദ്യം കൊച്ചുപള്ളിപ്പറമ്പാണ്‌ മൊട്ടയായത്‌. അതിപ്പോള്‍ പുല്ലുപോലുമില്ലാത്ത കാലിപ്പറമ്പായി കിടക്കുന്നു. വീടിനു പുറകിലെ പള്ളിപ്പറമ്പിലേയും മരങ്ങള്‍ മുറിച്ചു മാറ്റി. അവിടെയിപ്പോള്‍ റബ്ബര്‍ തൈകള്‍ വളരുന്നുണ്ട്‌. 
തെക്കേ അതിരിനപ്പുറവും ഇത്തരം ഇരുള്‍ പടര്‍ന്ന കാടായിരുന്നു. ഈയിടെ അവിടവും വെട്ടിത്തെളിച്ചു.

വയനാടിന്റെ ഒരു സൗന്ദര്യവും ഈ മുറ്റത്തുനിന്നാല്‍ കാണാനില്ലെന്ന്‌ പരാതി പറഞ്ഞിരുന്ന എനിക്കിപ്പോള്‍ മുറ്റത്തു നിന്നാല്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള വീടുകള്‍ വരെ കാണാം. രാത്രി അവിടുത്തെ വെളിച്ചങ്ങള്‍ കാണാം. കുറേ കുരുമുളകുകൊടിയും കാപ്പിയും പ്ലാവും മുരിക്കും ഇരുട്ടും മാത്രം കണ്ടിരുന്നിടത്ത്‌ , ഇവിടെ ഒന്നും കാണാനില്ലല്ലോ എന്ന പരാതിയില്ല. വെയില്‍ ഇലകളുടേയും മരങ്ങളുടേയും ഇടയിലൂടെയല്ല ഇപ്പോള്‍ ഇറങ്ങി വരുന്നത്‌. നേരിട്ട്‌ മണ്ണില്‍ തൊടുന്നു. അയല്‍ക്കാര്‍ പറമ്പു വെളിപ്പിച്ചത്‌ റബ്ബറുനടാനൊന്നുമല്ല. മുറിച്ചു വില്‌ക്കാനാണ്‌. ഒപ്പം അവരുടെ ഹോംസ്‌റ്റേയുടെ പരസ്യം ടൂറിസം ഗൈഡുകളിലും ഇന്റര്‍നെറ്റിലുമിപ്പോള്‍ കാണുന്നു. ഇന്നേ വരെ ഫാന്‍ ആവശ്യമില്ലായിരുന്നു. ചില ബന്ധുവീടുകളില്‍ ആഡംബരത്തിന്റെ ഭാഗമായി മാത്രമായിരുന്നു ഫാന്‍ കണ്ടിരുന്നത്‌. അടുത്ത വേനലില്‍ ഞങ്ങള്‍ക്കും ഫാന്‍ വേണ്ടി വരും.

വയനാട്ടില്‍ എവിടെ നോക്കിയാലും മൊട്ടക്കുന്നുകളും റിസോര്‍ട്ടുകളുമാണ്‌ ഇപ്പോള്‍ കാണാനുള്ളത്‌. മരങ്ങള്‍ വെട്ടി റിസോര്‍ട്ടു നിര്‍മ്മാണം പുരോഗമിക്കുന്നു. അഞ്ഞൂറിലേറെ റിസോര്‍ട്ടും ഹോംസ്‌റ്റേകളും ഇപ്പോള്‍ വയനാട്ടിലുണ്ട്‌. റിസോര്‍ട്ടു തേടി വരുന്നവര്‍ക്ക്‌ തണുപ്പിന്‌ എ സി വേണ്ടി വരുമെന്നു മാത്രം.

കേരളത്തിലേററവും കൂടുതല്‍ മഴ ലഭിച്ചിരുന്ന സ്ഥലമാണ്‌ ലക്കിടി. ഇപ്പോള്‍ മഴക്കാലത്ത്‌ കാര്യമായ മഴയില്ലാതെ റിസോര്‍ട്ടുകളുടെ വിളവില്‍ നില്‍ക്കുന്നു ലക്കിടി.

മുമ്പ്‌ കുരുമുളകുവള്ളി പടരാന്‍ നട്ടു പിടിപ്പിച്ച മാവും പ്ലാവും ആഞ്ഞിലിയുമെല്ലാം വെട്ടികൂട്ടിയിരിക്കുന്നു.

ഒരിക്കല്‍ കോട മൂടിക്കിടന്ന ഇടുക്കിയിലും വയനാട്ടിലും ഉയര്‍ന്ന പ്രദേശങ്ങളിലുമൊക്കെ ഇപ്പോള്‍ തണുപ്പു കുറഞ്ഞു കൊണ്ടേയിരിക്കുന്നു. പത്തുകൊല്ലം മുമ്പ്‌ ഫാന്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വേനലായാല്‍ ഫാനില്ലാതെ പറ്റില്ലെന്നായിട്ടുണ്ട്‌. ഫ്രിഡ്‌ജും എ സിയുമൊക്കെ ആയിക്കഴിഞ്ഞു.

വേനലായാല്‍ എ സി വിപണി ഉണരുകയായി. പൊങ്ങച്ചത്തിന്റെ ഭാഗമായിട്ടുമാത്രമല്ല, ചൂടു സഹിക്കാന്‍ പറ്റാതായിട്ടുണ്ട്‌.

നേരം പുലരും മുമ്പേ തുടങ്ങുന്ന ജോലി രാത്രി ഏറെ വൈകിയാലും തീരുന്നില്ല. ഉറങ്ങുമ്പോഴെങ്കിലും സ്വസ്ഥമായി ഉറങ്ങേണ്ടേ? -കൂട്ടുകാരി ചോദിച്ചു. 
അപ്പോൾപ്പോള്‍ കോഴിക്കോട്ടെ ചൂടില്‍ ജീവിക്കുന്ന ഞങ്ങള്‍ക്കുമുണ്ടായി ആ വേനലില്‍ ഒരു എ സി മോഹം.

ഒരു വീടിന്റെ മുകള്‍ നിലയില്‍ താമസിക്കുമ്പോൾ, കിടന്നുറങ്ങാന്‍ പോലുമാകാത്ത വിധം ചൂട്‌. പകല്‍ മുഴുവന്‍ ജനലും വാതിലുകളും അടഞ്ഞുകിടക്കുന്നതും ചൂടു കൂടാന്‍ കാരണമാണ്‌. പക്ഷേ, തുറന്നിട്ട്‌ പോകാമെന്നു കരുതിയാല്‍ അന്ന്‌ കൊതുകു കടികൊണ്ട്‌ ഉറങ്ങേണ്ട. വാടകവീടായതുകൊണ്ട്‌ വീ്‌ട്ടുടമസ്ഥനോട്‌ ചോദിച്ചിട്ടാവാം വാങ്ങുന്നത്‌ എന്നു തീരുമാനിച്ചു.

മുതിര്‍ന്നവരുടെ കാര്യം പോകട്ടെ..നിങ്ങളുടെ കുട്ടി മൂന്നു വയസ്സിലെ എ സിയില്‍ കിടന്നു ശീലിച്ചാല്‍ എങ്ങനെയാണ്‌ നാളെ മാറുന്ന കാലാവസ്ഥയില്‍, എ സിയില്ലാത്തിടങ്ങളില്‍ ജീവിക്കുക? 
കൂടുന്ന വൈദ്യൂത ബില്ലിനെക്കുറിച്ച്‌ ഓര്‍ത്തിട്ടുണ്ടോ? 
അദ്ദേഹം ഇങ്ങനെ രണ്ടുമൂന്നു ചോദ്യങ്ങളാണ്‌ ചോദിച്ചത്‌. 
എ സി ഉപയോഗം കൊണ്ട്‌ അന്തരീക്ഷത്തിലേക്ക്‌ പടരാവുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകളെക്കുറിച്ചും ഓസോണ്‍ പാളിയെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചുമൊന്നും പറയാഞ്ഞത്‌ ഭാഗ്യം. 
എന്തായാലും ജനലുകള്‍ തുറന്നിട്ടും ടെറസിനു മുകളില്‍ ഓലയിട്ട്‌‌ വെള്ളം തളിച്ചും വേനല്‍ കഴിച്ചുകൂട്ടി.

(തുടരും)

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...