മുരളി തുമ്മാരുകുടി
രണ്ടാഴ്ചയോളം നീണ്ടുനിന്ന വിദേശയാത്ര കഴിഞ്ഞ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്ന് കേരളത്തിൽ തിരിച്ചെത്തി. മുഖ്യമന്ത്രി യാത്രയിൽ ആയിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ വേഷത്തെ പറ്റി വരെ ചർച്ച ഉണ്ടായി. പക്ഷെ യാത്രക്ക് ശേഷം ഇന്ന് മുഖ്യമന്ത്രി ഒരു മണിക്കൂർ നേരം അദ്ദേഹത്തിൻ്റെ യാത്രകളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു, അദ്ദേഹം കണ്ടതും കേട്ടതും ആയ പുതിയ ആശയങ്ങൾ പങ്കുവച്ചു. എന്നിട്ടും അതിനെ പറ്റി ഒരു ചോദ്യവും ഉണ്ടായില്ല. എന്തും വിവാദമാക്കാൻ മാത്രം ആഗ്രഹമുള്ള ആളുകൾ കുറേ ഉള്ള ലോകത്ത് ഇത്തരം യാത്രകളുടെ യഥാർത്ഥ ഉദ്ദേശ്യവും പ്രയോജനവും അറിയാൻ ആഗ്രഹമുള്ള ബഹുഭൂരിപക്ഷം മലയാളികൾക്ക് വേണ്ടിയാണ് ഈ കുറിപ്പ്.
യാത്രയുടെ ഉദ്ദേശ്യം: ഈ വർഷം ഒന്നാം തിയതി ഞാൻ മുഖ്യമന്ത്രിയെ സന്ദർശിച്ച വിവരം ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. സിദ്ധാർത്ഥിന്റെ കലണ്ടർ നൽകാനാണ് പോയതെന്നാണ് അന്നു പറഞ്ഞതെങ്കിലും അതിനൊരു പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു. മേയ് മാസത്തിൽ ജനീവയിൽ നടക്കുന്ന ലോക പുനർ നിർമ്മാണ സമ്മേളനത്തിൽ (World Reconstruction Conference) പങ്കെടുക്കാനുള്ള മുഖ്യമന്ത്രിയുടെ താല്പര്യവും ലഭ്യതയും അറിയുക എന്നതായിരുന്നു അത്. നാലാമത്തെ ലോക പുനർനിർമ്മാണ കോൺഫറൻസ് ആണിത്. ആ സമ്മേളനത്തിന്റെ വിവരങ്ങളും ലക്ഷ്യങ്ങളും ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു. മേയ് മാസത്തിൽ തിരഞ്ഞെടുപ്പാണെന്നും, സാധാരണഗതിയിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് മേയ് പതിമൂന്നിന് മുൻപ് കഴിയുമെന്നും, അതിനാൽ തന്നെ പങ്കെടുക്കുവാൻ പരമാവധി ശ്രമിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി.
വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി തുറന്നു കൊടുത്തു. ലണ്ടൻ ഓഹരി വിപണിയിൽ കിഫ്ബി ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിനും തുടക്കമായി….
Posted by Pinarayi Vijayan on Friday, May 17, 2019
ലോകബാങ്കും ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ കമ്മീഷനും സംയുക്തമായിട്ടാണ് ലോക പുനർ നിർമാണ സമ്മേളനങ്ങൾ നടത്തുന്നത്. സമ്മേളനം തുടങ്ങുന്ന ഓപ്പണിങ് പ്ലീനറി, സമ്മേളന ദിവസങ്ങളിലുള്ള മൂന്നോ നാലോ പ്ലീനറി സെഷൻ, ഒരേ സമയം പല ഹാളുകളിൽ നടക്കുന്ന സമാന്തര സാങ്കേതിക സമ്മേളനങ്ങൾ ഇങ്ങനെയാണ് സമ്മേളനത്തിന്റെ രീതി. ഇതുവരെയുള്ള ഓരോ ലോക പുനർ നിർമ്മാണ സമ്മേളനത്തിലും പരിസ്ഥിതിയും പുനർ നിർമ്മാണവും എന്ന വിഷയത്തിൽ ഒരു സമാന്തര സെഷൻ സംഘടിപ്പിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഈ തവണ പരിസ്ഥിതി സെഷനിൽ കേരളം ചർച്ചാവിഷയം ആക്കാമെന്നും അതിലേക്ക് മുഖ്യമന്ത്രിയെ പ്രധാന സംഭാഷണം നടത്താൻ വിളിക്കാമെന്നുമായിരുന്നു എന്റെ പദ്ധതി. മുഖ്യമന്ത്രി സമ്മേളനത്തിന് വരാമെന്ന് സമ്മതിച്ചെന്ന് ഞാൻ സംഘാടകരോട് പറഞ്ഞ ഉടൻ തന്നെ അദ്ദേഹത്തിന് ഒരു പ്ലീനറി സമ്മേളനത്തിൽ സംസാരിക്കാനുള്ള സമയം അവർ വാഗ്ദാനം ചെയ്തു. ഒരാഴ്ചക്ക് ശേഷം ആദ്യത്തെ പ്ലീനറിയിൽ (ഓപ്പണിങ് പ്ലീനറി) മുഖ്യ പ്രഭാഷണം നടത്താൻ തന്നെ അദ്ദേഹത്തെ ക്ഷണിക്കുകയാണെന്ന് ഐക്യരാഷ്ട്ര വികസന പദ്ധതി (UNDP) യുടെ അസിസ്റ്റന്റ്റ് സെക്രട്ടറി ജനറലിന്റെ ഓഫീസ് എന്നെ അറിയിച്ചു. ഇതുവരെ ഇന്ത്യയിലെ ഒരു മന്ത്രിക്കോ മുഖ്യമന്ത്രിക്കോ ലഭിക്കാത്ത ഒരു അവസരമാണിത്.
സ്വിറ്റ്‌സർലണ്ടിലെ ഇന്ത്യൻ അംബാസഡർ പാലായിൽ നിന്നുള്ള ശ്രീ സിബി ജോർജ്ജ് ആണ്. കേരളത്തിന്റെ മുഖ്യമന്ത്രി സ്വിറ്റ്‌സർലണ്ടിൽ വരുന്നു എന്നത് അദ്ദേഹത്തിന് ഏറെ സന്തോഷം ഉണ്ടാക്കി. മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വിഷയം മാലിന്യ നിർമ്മാർജ്ജനം ആണ്.
ജനീവയിലേയും ബേണിലെയും മാലിന്യനിർമ്മാജ്ജന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അദ്ദേഹം മുഖ്യമന്ത്രിക്ക് അവസരം ഒരുക്കി. അത് കൂടാതെ സ്വിസ് പാര്ലിമെന്റ്റ് അംഗങ്ങൾ, നിക്ഷേപകർ, കേന്ദ്ര മന്ത്രി എന്നിങ്ങനെ സാധാരണ ഗതിയിൽ ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് ലഭിക്കാത്ത തരത്തിൽ ഉള്ള മീറ്റിംഗ് അവസരങ്ങൾ ആണ് മുഖ്യമന്ത്രിക്ക് സ്വിറ്റ്‌സർലൻഡിൽ ലഭിച്ചത്.
നെതർലാൻഡ്‌സിലെ സന്ദർശനം: പ്രളയങ്ങൾ ഏറെ അതിജീവിച്ച, വെള്ളത്തോടൊപ്പം ജീവിക്കാൻ പഠിച്ച ഒരു രാജ്യമാണ് നെതർലാൻഡ്‌സ്. കേരളത്തിലെ പ്രളയകാലത്ത് അവിടെ നിന്നും വിദഗ്ധർ കേരളത്തിലെത്തിയിരുന്നു. പുനർനിർമ്മാണ പദ്ധതികൾ തയ്യാറാക്കുന്നതിലെ നെതർലാൻസിലെ വിദഗ്ദ്ധർ കേരളത്തോടൊപ്പമുണ്ട്. ഇതൊക്കെ സാധ്യമാക്കുന്നത് നെതർലാൻസിലെ ഇന്ത്യൻ അംബാസഡറും എറണാകുളംകാരനായ ശ്രീ വേണു രാജാമണിയാണ്. ഇന്ത്യൻ വിദേശകാര്യ സർവീസിൽ ജോലി കിട്ടിയതിനു ശേഷം അനവധി പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ് പ്രണബ് കുമാർ മുഖർജിയുടെ മാധ്യമ ഉപദേശകനായിരുന്നു. പോരാത്തതിന് ചിന്തകനും എഴുത്തുകാരനുമാണ്. കേരളത്തിലെ പ്രളയത്തിന് നെതർലണ്ടിലെ വിദഗ്ധരുടെ സഹായം നൽകുക മാത്രമല്ല, ‘ What We Can Learn From The Dutch – Rebuilding Kerala post 2018 Floods’ എന്നൊരു പുസ്തകം കൂടി എഴുതി അദ്ദേഹം. മുഖ്യമന്ത്രി യൂറോപ്പിലെത്തുന്നു എന്ന അവസരമുപയോഗിച്ച് മുഖ്യമന്ത്രിയെ നെതർലാൻസിലെ മന്ത്രിമാരുൾപ്പടെ ഉള്ള ആളുകളും ആയി ചർച്ച നടത്താനും പരമാവധി നല്ല ഉദാഹരണങ്ങൾ ഉള്ള സ്ഥലങ്ങൾ സന്ദർശിക്കാനും ഒക്കെ ശ്രീ വേണു രാജാമണി അവസരമൊരുക്കി.
ലണ്ടൻ സന്ദർശനം: കിഫ്‌ബി ഇറക്കിയ മസാല ബോണ്ടുകൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്തു തുടങ്ങിയിട്ട് കുറച്ചു നാളായി. സാധാരണ ഇത്തരം പുതിയ സംരംഭങ്ങൾ വരുന്പോൾ ആ സ്ഥാപനത്തിന്റെ മേധാവിക്ക് ഒരു ദിവസം ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ട്രേഡിങ് ഉദ്‌ഘാടനം ചെയ്യാനുള്ള അവസരം നൽകുന്ന പതിവുണ്ട്. മുഖ്യമന്ത്രി യൂറോപ്പിലുള്ള സ്ഥിതിക്ക് ഈ അവസരം ഉപയോഗിക്കാമെന്ന് കിഫ്‌ബി ചെയർമാനായ കെ എം എബ്രഹാമും ധനകാര്യമന്ത്രി തോമസ് ഐസക്കും ചിന്തിച്ചു. അങ്ങനെ യാത്ര ലണ്ടനിലേക്കും നീണ്ടു.
പാരീസിൽ ഒരു ദിവസം: ആഗോള സാന്പത്തിക ശാസ്ത്ര രംഗത്ത് ഇപ്പോൾ പ്രസക്തമായ ഒരു ശബ്ദമാണ് പ്രൊഫസർ തോമസ് പിക്കറ്റിയുടേത്. സമൂഹത്തിലെ സാന്പത്തിക അസമത്വങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പഠനം ഏറെ ശ്രദ്ധേയമാണ്. കോൺഗ്രസിന്റെ ‘ന്യായ്’ പദ്ധതിയുടെ ഡിസൈനിലും അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചിരുന്നു എന്നാണറിയുന്നത്. മുഖ്യമന്ത്രിക്ക് അദ്ദേഹത്തോട് ആശയവിനിമയം നടത്താനുള്ള ഒരു സാഹചര്യം പാരീസിൽ ഒത്തുവന്നതിനാൽ ജനീവക്കും ലണ്ടനുമിടയിൽ ഏതാനും മണിക്കൂറുകൾ പാരീസിൽ ചെലവഴിക്കാമെന്നും മുഖ്യമന്ത്രി സമ്മതിച്ചു.
മുഖ്യമന്ത്രിയുടെ കൂടെ ചീഫ് സെക്രട്ടറി ഉൾപ്പടെ ഉള്ള ഉദ്യോഗസ്‌ഥരും എത്തിയിരുന്നു. ഔദ്യോഗിക സംഘത്തിന്റെ ഭാഗം അല്ലെങ്കിലും മേയ് എട്ടാം തിയതി നെതർലാന്റ്സിൽ എത്തിയത് മുതൽ പത്തൊൻപതാം തിയതി പാരീസിൽ നിന്നും തിരിച്ചു പോകുന്നതുവരെ മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളെപ്പറ്റിയും അറിയാനും, ഏറെ മീറ്റിങ്ങുകളിൽ പങ്കാളിയാകാനും എനിക്ക് സാധിച്ചു. അതേ യാത്രയെപ്പറ്റിയും മീറ്റിങ്ങുകളെപ്പറ്റിയും നാട്ടിൽ നടക്കുന്ന ചർച്ചകളും കമന്റുകളും ട്രോളുകളും ശ്രദ്ധിക്കാനും എനിക്കവസരം കിട്ടി. ഓരോ രാജ്യത്തും കണ്ട കാര്യങ്ങൾ തന്നെ ഏറെ എഴുതാനുണ്ട്, സമയം കിട്ടിയാൽ എഴുതാം. ഇതൊരു സമ്പൂർണ്ണ വിവരണം അല്ല, മറിച്ചു ഇത്തരം യാത്രകളെ നമ്മൾ എങ്ങനെ ആണ് കാണേണ്ടത്, വിലയിരുത്തേണ്ടത് എന്ന് കാണിക്കാനുള്ള ചില ഉദാഹരണങ്ങൾ മാത്രം.
മുഖ്യമന്ത്രിയുടെ വേഷം: ഒരാൾ എന്ത് ധരിക്കണമെന്നത് അയാളുടെ വ്യക്‌തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്രമായി കരുതപ്പെടുന്നത്. അന്താരാഷ്ട്രമായ സമ്മേളനങ്ങളിലും മീറ്റിങ്ങുകളിലുമൊക്കെ വേഷത്തെ സംബന്ധിച്ച് ഔപചാരികവും അനൗപചാരികവുമായ ചില പ്രോട്ടോക്കോളുകൾ വേറെയുമുണ്ട്. ഇതെല്ലാം പാലിച്ച വേഷധാരണമായിരുന്നു നമ്മുടെ മുഖ്യമന്ത്രിയുടേത്. വസ്ത്രധാരണത്തെ ഒക്കെ പറ്റി അഭിപ്രായം പറയുന്നത് തെറ്റാണെന്ന് ഏതു കാലത്താണ് നമ്മുടെ നാട്ടിലെ കുറേയാളുകൾ മനസിലാക്കുന്നത്? . ഇത്തരം വിഷയങ്ങൾ ചർച്ചയാക്കുന്നവരോട് എനിക്കൊന്നും തന്നെ പറയാനില്ല.
മുഖ്യമന്ത്രിയുടെ ഭാഷ: വിദേശ സന്ദർശനത്തിന് പോകാനും അവരോട് സംസാരിക്കാനും ഒക്കെ മുഖ്യമന്ത്രിക്ക് ഇംഗ്ലീഷ് അറിയുമോ എന്ന് പലരും ചോദിച്ചിരുന്നു.
സത്യത്തിൽ ഇതൊട്ടും പ്രധാനമായ കാര്യമല്ല. 193 അംഗരാജ്യങ്ങളുള്ള ഐക്യരാഷ്ട്ര സഭയിൽ മൂന്നിലൊന്നു രാജ്യങ്ങളിൽ പോലും ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയല്ല. ലോക ജനസംഖ്യയിൽ നാലിലൊന്നു പോലും ആളുകൾ ഇംഗ്ളീഷ് സംസാരിക്കുന്നില്ല. ഇംഗ്ലീഷ് അറിയാവുന്ന ഏറെ രാഷ്ട്രത്തലവന്മാർ അന്താരാഷ്ട്ര സമ്മേളനത്തിൽ ഇംഗ്ലീഷ് സംസാരിക്കാറില്ല. ഇംഗ്ലീഷ് സംസാരിക്കുക, മനസിലാക്കുക എന്നത് ഔദ്യോഗിക വിദേശ സന്ദർശനത്തിന് ഒട്ടും ആവശ്യമുള്ള കാര്യമല്ല. ലോകരാജ്യങ്ങളുമായി ദിനം പ്രതി ബന്ധപ്പെടുന്ന ഞങ്ങളെല്ലാം ഒരു നേതാവിന്റെ അറിവും കഴിവും ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവുമായി ബന്ധപ്പെടുത്താറേയില്ല. വേണമെങ്കിൽ പരിഭാഷകരെ അറേഞ്ച് ചെയ്യും, അതിന് വേണ്ടി തന്നെ ആളുകൾ ഐക്യരാഷ്ട്ര സഭയിൽ ഉണ്ട്.
പക്ഷെ, ഒരു വർഷം മുൻപ് മുഖ്യമന്ത്രിയുടെ ഇംഗ്ലീഷ് ഭാഷയെപ്പറ്റി ഞാൻ അന്വേഷിച്ചിരുന്നു. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കേരളത്തിൽ വരുന്നുണ്ട്. അദ്ദേഹവും മുഖ്യമന്ത്രിയുമായി ഒരു മീറ്റിങ് അറേഞ്ച് ചെയ്യണം. അതിന് പരിഭാഷകരുടെ ആവശ്യമുണ്ടോ എന്ന് യു എൻ ഓഫീസ് എന്നോട് അന്വേഷിച്ചു. ഇക്കാര്യം ഞാൻ തിരക്കുകയായിരുന്നു അന്ന്.
“ചേട്ടാ, അതിന്റെ ഒരാവശ്യവുമില്ല. മുഖ്യമന്ത്രിക്ക് നന്നായി ഇംഗ്ലീഷ് മനസിലാകും. സംസാരിക്കുകയും ചെയ്യും”
എന്ന് പറഞ്ഞത് എന്റെ സുഹൃത്ത് ബിനോയിയാണ്. ഇന്ത്യയിലെ ബംഗ്ലാദേശ് കോൺസുലറും ആയി മുഖ്യമന്ത്രിയെ കാണാൻ പോയ പരിചയമുണ്ട് അദ്ദേഹത്തിന്. കഴിഞ്ഞ മേയ് മാസത്തിൽ തൃശൂർ ഗസ്റ്റ് ഹൗസിൽ വെച്ചാണ് മുഖ്യമന്ത്രി ഞങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടറെ കാണുന്നത്. ചർച്ചയിലുടനീളം ഞാൻ കൂടെയുണ്ടായിരുന്നുവെങ്കിലും ഭാഷയുടെ കാര്യത്തിൽ ഒരിടപെടലും നടത്തേണ്ടി വന്നില്ല. അതുകൊണ്ടു തന്നെ ഈ യൂറോപ്പ് സന്ദർശനത്തിൽ പരിഭാഷകരുടെ ഒരാവശ്യം ഞങ്ങൾ ഉന്നയിച്ചിരുന്നില്ല.
ഒന്ന് കൂടി പറയാം. വിവിധ രാജ്യങ്ങളിലെ ആളുകൾ ഇംഗ്ലീഷ് പറയുന്നത് പല രീതിയിലാണ്. അത് പലപ്പോഴും പരസ്പരം മനസിലാകണമെന്നില്ല. അന്താരാഷ്ട്ര സാഹചര്യങ്ങളിൽ ഇംഗ്ലീഷ് സംസാരിക്കുന്പോൾ ആളുകൾക്ക് രണ്ടാമത് പറയേണ്ടി വരുന്നതും പരസ്പരം സഹായിക്കേണ്ടി വരുന്നതും സാധാരണയാണ്. മുപ്പത് വർഷം കേരളത്തിന് പുറത്ത് ജീവിക്കുകയും എല്ലാ ദിവസവും ഇംഗ്ലീഷിൽ ലോകത്തെന്പാടും ഉള്ളവരുമായി സംസാരിക്കുകയും ചെയ്യുന്ന ഞാൻ ഇംഗ്ലീഷ് പറയുന്പോൾ മറ്റുള്ളവർക്ക് മനസിലാവാത്തത് സർവസാധാരണമാണ്. രണ്ടു പ്രാവശ്യം പറഞ്ഞിട്ടും മനസ്സിലായില്ലെങ്കിൽ അത് ഫോണിൽ എഴുതിക്കാണിക്കാൻ എനിക്ക് ഒരു മടിയുമില്ല. മലയാളം മീഡിയത്തിൽ പഠിച്ചാൽ എനിക്കിപ്പോഴും ഹാസും ഹാവും തമ്മിൽ തിരിഞ്ഞു പോകും. ഞാൻ എഴുതുന്ന റിപ്പോർട്ടുകൾ കോപ്പി എഡിറ്റ് ചെയ്യാൻ വേണ്ടി മാത്രം വേറെ ആളുകൾ ഇവിടെ ഉണ്ട്. ഇംഗ്ളീഷ് ഭാഷ അറിയാമോ, അറിയുന്ന ഭാഷ കുറ്റമറ്റതാണോ എന്നതൊന്നുമല്ല പ്രധാനം. ചിന്തിക്കുന്ന മനസ്സുണ്ടോ ചിന്തകൾക്ക് മിഴിവുണ്ടോ എന്നതാണ്. ഞാൻ പറഞ്ഞുവരുന്നത് മുഖ്യമന്ത്രിയുടെ ഭാഷയെക്കുറിച്ചുള്ള ചർച്ച അനാവശ്യമാണെന്ന് മാത്രമല്ല, അത്തരം ചർച്ചകൾ നടത്തുന്നവരുടെ ലോകവിവരം എത്ര കുറവാണെന്നും അപകർഷതാബോധം എത്ര കൂടുതലാണെന്നുമാണ്.
എഴുതി വായിക്കുന്ന പ്രസംഗങ്ങൾ: നമ്മുടെ മുഖ്യമന്ത്രിയുടെ പ്രസംഗം ‘മറ്റാരെങ്കിലും’ എഴുതിക്കൊടുക്കുന്നത് ആണെന്ന് പല കമന്റുകളും കണ്ടു. ഇതെന്തോ മോശം കാര്യമാണെന്നാണ് ആളുകൾ മനസിലാക്കുന്നത്. സത്യം നേരെ തിരിച്ചാണ്. അന്താരാഷ്ട്ര വേദികളിൽ സംസാരിക്കുന്പോൾ എന്താണ് സംസാരിക്കേണ്ടത് എന്നത് മുൻകൂർ ചിന്തിക്കണം. പരമാവധി പത്തു മിനിട്ടാണ് സംസാരിക്കാൻ കിട്ടുന്നത്. അതിനുള്ളിൽ പറയേണ്ട കാര്യങ്ങൾ പറയണം. ഇതിനൊക്കെയായി രാഷ്ട്രത്തലവന്മാർക്കൊക്കെ speech writes എന്ന് പേരുള്ളവരുടെ സംഘം തന്നെയുണ്ട്. (communication director, advisor എന്നൊക്കെയുള്ള പേരിലായിരിക്കും ചിലപ്പോൾ അറിയപ്പെടുന്നത്). അവർ സ്വന്തം നിലയിൽ പ്രസംഗം എഴുതുകയല്ല. ഒരു ദിവസം തന്നെ ഒരു രാജ്യത്തലവന് എണ്ണ കയറ്റുമതി മുതൽ നിർമിതബുദ്ധി വരെയുള്ള വിഷയങ്ങളെ പറ്റി സംസാരിക്കേണ്ടി വരും. അപ്പോൾ ആ വിഷയത്തിലെ വിദഗ്ധരുമായി ആദ്യം ചർച്ച ചെയ്ത് അടിസ്ഥാന വിവരങ്ങൾ ശേഖരിക്കണം. ഓരോ വിഷയത്തിനും രാജ്യതാല്പര്യത്തിന് അനുസരിച്ച ഒരു പാർട്ടി ലൈൻ ഉണ്ട്. അത് വിദേശകാര്യ മന്ത്രാലയമാണ് ഉറപ്പാക്കേണ്ടത്. രാഷ്ട്രത്തലവന് ചില പ്രത്യേക താല്പര്യമുണ്ടാകും. അക്കാര്യം അവർ നേരിട്ട് സ്പീച്ച് റൈറ്ററോട് പറയും. ഓരോ രാഷ്ട്രത്തലവന്മാരും സംസാരിക്കുന്ന രീതികളുണ്ട്. ചിലർ തമാശ കൂട്ടി, ചിലർ സീരിയസായി, ചിലർ തത്വശാസ്ത്രം പറഞ്ഞ് ചിലർ ലളിതമായ പദങ്ങളുപയോഗിച്ച്, ചിലർ തരൂരിയൻ ഭാഷയിൽ, ഇതൊക്കെ അറിഞ്ഞിട്ടാണ് നേതാക്കളുടെ പ്രസംഗം തയ്യാറാക്കുന്നത്. ഇതാണ് പ്രൊഫഷണലായ ശരിയായ രീതി. ജനസാഗരത്തിന്റെ മുന്നിൽ ചെന്നുനിന്ന് ‘1957 ൽ ഇവിടെ എന്ത് സംഭവിച്ചു’ എന്ന മട്ടിൽ “ഊന്നിയൂന്നി”യുള്ള കാളമൂത്ര പ്രസംഗങ്ങൾ കേട്ട് വളർന്നവർക്കാണ് മുൻകൂട്ടി ചിന്തിച്ച് എഴുതി തയ്യാറാക്കിയ പ്രസംഗങ്ങൾ വായിക്കുന്നത് കേൾക്കുന്പോൾ അതൊരു തെറ്റായി തോന്നുന്നത്. കാലം മാറി സുഹൃത്തേ…ഇതാണ് ശരിയായ രീതി !
ഈ യാത്ര കൊണ്ടൊക്കെ എന്തെങ്കിലും ഗുണമുണ്ടോ?
മുഖ്യമന്ത്രി യാത്ര ചെയ്തതുകൊണ്ട് സമൂഹത്തിന് എന്തെങ്കിലും ഗുണമുണ്ടോ എന്നതാണ് പ്രധാനം ചോദ്യം. ‘തിർച്ചയായും’ എന്ന് തന്നെയാണ് ഉത്തരം. ഇത്തരം യാത്ര കൊണ്ടുള്ള ഗുണങ്ങൾ പലതാണ്. ചിലത് ഇപ്പോഴേ സംഭവിച്ചു കഴിഞ്ഞു. ചിലത് വരാനിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രി മാത്രമല്ല മറ്റു മന്ത്രിമാരും എം എൽ എ മാരും ഉദ്യോഗസ്ഥരും ഒക്കെ വർഷത്തിൽ ഒരിക്കലെങ്കിലും വിദേശ യാത്രകൾ ചെയ്യണം എന്ന് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട്. അതൊന്നും ആഡംബരം അല്ല, അനാവശ്യവും അല്ല. അതിന് ചിലവാക്കുന്ന പണത്തെ പല മടങ്ങായി സമൂഹത്തിന് തിരിച്ചു തരുന്ന ഒന്നാണ്.
യാത്ര എന്ന വിദ്യാഭ്യാസം: മുഖ്യമന്ത്രി ആയാലും ടാക്സി ഡ്രൈവറായാലും യാത്ര വലിയ വിദ്യാഭ്യാസം തന്നെയാണ്. കണ്ണും ചെവിയും തുറന്ന് അനുഭവങ്ങൾ ശ്രദ്ധിക്കാൻ നമ്മൾ തയ്യാറായാൽ നമ്മുടെ ചിന്താരീതികൾ യാത്രകൾ മാറ്റിമറിക്കും. കാണുന്നതിലും കേൾക്കുന്നതിലും ചോദ്യങ്ങൾ ചോദിച്ചു കാര്യങ്ങൾ മനസിലാക്കുന്നതിലും നന്പർ വൺ ആണ് നമ്മുടെ മുഖ്യമന്ത്രി. കണ്ടതും കേട്ടതും ആയ ധാരാളം വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകൾക്ക് മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. തൽക്കാലം ഒരു കാര്യം മാത്രം പറയാം.
യാത്രക്കിടയിൽ ആംസ്റ്റർഡാമിലെ കനാലുകൾ അദ്ദേഹം കണ്ടു. ഇപ്പോൾ അതിൽ തെളിനീരാണ് ഒഴുകുന്നത്. പക്ഷെ ഒരു കാലത്ത് ഇപ്പോൾ എറണാകുളത്തെ കനലുകൾ പോലെ മലിനജലം ഒഴുകുന്ന ഓടകൾ ആയിരുന്നു. പണ്ട് എങ്ങനെയായിരുന്നു ആ കനാൽ, ഇന്നത് എങ്ങനെയെല്ലാം മാറി, എത്തരത്തിലാണ് ആ മാറ്റങ്ങൾ സാധ്യമായത് എന്നെല്ലാം അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. പാരീസിലും ലണ്ടനിലുമുള്ള സമ്മേളനത്തിൽ ഇക്കാര്യം അദ്ദേഹം പറഞ്ഞു. എറണാകുളത്തും ആലപ്പുഴയിലും ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഓടകളായി മാറിയിരിക്കുന്ന നമ്മുടെ കനാലുകൾ ഉൾപ്പെടെയുള്ള ജലപാതകളും സ്രോതസുകളും മനുഷ്യപ്രയത്നം കൊണ്ട് ആളുകൾക്ക് കുളിക്കാനും വേണമെങ്കിൽ കുടിക്കാനും പറ്റുന്ന രീതിയിൽ ആക്കിത്തീർക്കാൻ പറ്റുമെന്ന വിശ്വാസം അദ്ദേഹത്തിന് ഇപ്പോളുണ്ട്. ഇതിനു വേണ്ട നയങ്ങൾ രൂപീകരിക്കാൻ ജനങ്ങളും പദ്ധതികൾ നടപ്പിലാക്കാൻ എൻജിനീയർമാരും ഒപ്പമുണ്ടാകുമോ എന്നതാകും ഇനിയുള്ള വെല്ലുവിളി. കാത്തിരുന്ന് കാണാം.
ആഗോള ബന്ധങ്ങൾ: അന്താരാഷ്ട്ര യാത്രകളുടെ ഒരു പ്രധാന ലക്‌ഷ്യവും ലാഭവും അവയുണ്ടാക്കുന്ന വ്യക്തിബന്ധങ്ങളാണ്. ഐക്യരാഷ്ട്രസഭയിലെ ഉന്നത ഉദ്യോഗസ്ഥർ മുതൽ തോമസ് പിക്കറ്റി വരെ ഹോളണ്ടിലെ ജലവിഭവ വിദഗ്ധർ മുതൽ ലണ്ടനിലെ മേയർ വരെയുള്ളവരുമായി അദ്ദേഹത്തിന് ഇപ്പോൾ പരിചയമുണ്ട്. ചിലരെയെല്ലാം അദ്ദേഹം നാട്ടിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ സംഘത്തിലുള്ള ഉദ്യോഗസ്ഥർ മറ്റുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇനിയുള്ള ലോകത്ത് ഇത്തരം നെറ്റ്‌വർക്കുകളാണ് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ പോകുന്നത്.
ആഗോള മലയാളികളുടെ ശക്തി: ശ്രീ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം പാരീസ് സന്ദർശിച്ച കഥ മുഖ്യമന്ത്രി പാരീസിലെ മലയാളികളോട് പറഞ്ഞു. നയനാർക്ക് നാടൻ വിഭവങ്ങൾ ലഭിക്കാൻ മലയാളി കുടുംബത്തെ കണ്ടെത്താൻ അന്ന് ബുദ്ധിമുട്ടി. ഇന്നിപ്പോൾ പാരീസിലും ലണ്ടനിലും മീറ്റിംഗിന് ആളുകളെ നിയന്ത്രിക്കേണ്ടി വന്നു. മലയാളികളുടെ എണ്ണം മാത്രമല്ല, അവർ ചെയ്യുന്ന തൊഴിലുകളും മാറിയിരിക്കുന്നു. സ്വിട്സസർലന്റിലെ ഒന്നാം കിട ശാസ്ത്ര സ്ഥാപനങ്ങളിൽ, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ, താജ് ഹോട്ടലിലെ ഉയർന്ന ജോലികളിൽ നെതെർലാൻഡ്‌സിലെയും സ്വിട്സര്ലാണ്ടിലെയും അംബാസ്സഡർമാർ ഒക്കെ ആയി മലയാളികൾ ഉണ്ട്. അത് മാത്രമല്ല, പണ്ടൊക്കെ തൊഴിൽ എടുക്കാൻ മാത്രം വിദേശത്ത് എത്തിയിരുന്ന കാലം മാറി സ്വന്തമായി കമ്പനി നടത്തുന്ന തന്നാട്ടുകാർക്കും മറു നാട്ടുകാർക്കും തൊഴിൽ കൊടുക്കുന്ന നിക്ഷേപകർ ആയി ഒക്കെ ഉള്ള മലയാളികളെ ആണ് ഇത്തവണ മുഖ്യമന്ത്രി കണ്ടത്. നാട്ടിൽ നിന്ന് പോന്നിട്ട് പതിറ്റാണ്ടുകളായിട്ടും മറുനാട്ടിലെ പൗരത്വം സ്വീകരിച്ചിട്ടും കേരളം എന്ന പേരു കേട്ടാൽ അഭിമാന പൂരിതമാകുന്ന അന്തരംഗവുമായി എല്ലായിടത്തും അവരെത്തി. അവരുടെ അറിവുകൾ, ബന്ധങ്ങൾ കേരളത്തോടുള്ള സ്നേഹം ഇവയൊക്കെ എങ്ങനെയാണ് കേരളം വികസനത്തിന് ഉപയോഗിക്കാവുന്നത് എന്നതാണ് ഇനി അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി.
കേരളം എന്ന ബ്രാൻഡ്: ലോക പുനർ നിർമ്മാണ സമ്മേളനം മുതൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വരെ ഇന്ത്യയിലെ മറ്റൊരു മുഖ്യമന്തിക്കും ലഭിച്ചിട്ടില്ലാത്ത അവസരങ്ങളാണ് ഇത്തവണ നമ്മുടെ മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇതൊന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടങ്ങൾ മാത്രമല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മാറി, മുൻ നിരയിൽ നിൽക്കുന്ന കേരളത്തെ ലോകം ശ്രദ്ധിക്കുന്നു എന്നത് കൂടിയാണ് ഇത് കാണിക്കുന്നത്. ഒരു സമൂഹം എന്ന രീതിയിൽ കേരളം ദുരന്തങ്ങളെ എങ്ങനെ നേരിട്ടു, ആധുനിക സാന്പത്തിക ഉപകരണങ്ങൾ എങ്ങനെ സംസ്ഥാനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു എന്നെല്ലാം ലോകം ശ്രദ്ധിക്കുകയാണ്. ‘God’s own country’ എന്നും ആനയുടെയും ആയുർവേദത്തിന്റെയും നാട് എന്ന തരത്തിലുള്ള റൊമാന്റിക് ചിത്രീകരണത്തിൽ നിന്നും ആധുനികമായ ഒരു സമൂഹത്തിലേക്കുള്ള വേഷപ്പകർച്ചയുടെ തുടക്കമാണിത്. ഈ കേരളത്തെയാണ് നമ്മൾ മുന്നോട്ട് കൊണ്ടുപോകേണ്ടത്.
ചെളിയിൽ പൂണ്ട കാലുകൾ: കേരളം എത്ര പുരോഗതിയുള്ള – പുരോഗമിക്കുന്ന സ്ഥലമാണെന്ന് സംശയമുള്ള ആരെങ്കിലും എന്റെ വായനക്കാരിൽ ഉണ്ടെങ്കിൽ അവർ ഇന്ത്യയിൽ മറ്റു സംസ്ഥാനത്തുള്ളവരോട് കൂടുതൽ സംസാരിക്കണം. നേരിട്ട് കണ്ടിട്ടുള്ളവർക്കും വായിച്ച് അറിഞ്ഞിട്ടുള്ളവർക്കും കേരളം ഒരു അതിശയമാണ്. അത് സന്പൂർണ്ണ സാക്ഷരതയും ഹൗസ് ബോട്ടും കണ്ടിട്ടല്ല, മറിച്ച് ജനാധിപത്യം എത്ര ആഴത്തിൽ വേരൂന്നിയ ഒരു സംസ്ഥാനമാണെന്ന രീതിയിലാണ്. രാജാക്കന്മാരെ പോലെ പെരുമാറുന്ന മന്ത്രിമാരല്ല നമുക്കുള്ളത്. മുന്നണികൾ മാറിവരുന്പോഴും പൊതുവെ വെൽഫെയർ സംവിധാനങ്ങളെ പിന്തുണക്കുന്ന ഭരണമാണ്. നേതാക്കളിൽ അഴിമതി എന്നത് വളരെ കുറവാണ്. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം ഇതൊക്കെ ഇന്ത്യയിൽ നന്പർ വൺ ആണെന്ന് അവർ പറയും. ഇതൊക്കെ ഇപ്പോൾ ഭരിക്കുന്ന മുന്നണിയുടെ കാലത്തെ മാത്രം കാര്യമല്ല. പക്ഷെ, ഇത്തരം നേട്ടങ്ങളുടെ നടുക്ക് നിൽക്കുന്പോഴും ഭൂതക്കണ്ണാടി വെച്ച് നമ്മുടെ നേതൃത്വത്തിന്റെയും സമൂഹത്തിന്റെയും കുറവുകൾ കണ്ടുപിടിച്ച്, പരസ്പരം മല്ലടിച്ച്, ട്രോളി, അശ്ലീലം വലിച്ചുവാരിയെഴുതി വിവാദം ഉണ്ടാക്കി സമയം കളയാനാണ് നമുക്കിഷ്ടം. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കണ്ടാൽ തന്നെ അറിയാം നമ്മൾ എന്തുകൊണ്ടാണ് മുന്നോട്ട് പോകാത്തതെന്ന്. ഇതാണ് നമ്മൾ നേരിടുന്ന ഒരു വെല്ലുവിളി.
നാം സൃഷ്ടിക്കുന്ന ഭാവി: ഒരു മിഡിൽ ഇൻകം രാജ്യത്തിൻറെ സാന്പത്തിക വളർച്ചയിലേക്കും വികസിത രാജ്യത്തിന്റെ സാമൂഹ്യ സ്ഥിതിയിലേക്കും മാറാനുള്ള അടിസ്ഥാന ഘടകങ്ങൾ കേരളത്തിനുണ്ട്. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, അസമത്വത്തെ നേരിടാനുള്ള പുതിയ നയങ്ങൾ, വികസനത്തിന് പണം കണ്ടെത്താനുള്ള പുതിയ രീതികൾ, ആഗോള മലയാളികളുടെ ശക്തി, ബന്ധങ്ങൾ തുടങ്ങി ധാരാളം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അറിവ് സന്പാദിക്കാനും മുഖ്യമന്ത്രിക്ക് ഈ കഴിഞ്ഞ ദിവസങ്ങളിൽ സാധിച്ചു. ഇവ എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്ന് അദ്ദേഹത്തിന് നല്ല ധാരണ ഉണ്ട്. പക്ഷെ ഇത്തരം ചിന്തകളുമായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിമാനമിറങ്ങുന്പോൾ ആനയും ആർത്തവവും പോലുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യേണ്ടി വരുന്നതെങ്കിൽ എന്ത് ഭാവിയാണ് നമുക്ക് ഉണ്ടാകുന്നത് ?. “പണ്ടുള്ളവർ ഭരിച്ചിരുന്നപ്പോൾ ഇപ്പോൾ ഭരിക്കുന്നവർ ഇങ്ങനെ തന്നെ പറഞ്ഞിരുന്നു” എന്നൊക്കെ പറയുന്നത് ശരിയാണെങ്കിയിൽ പോലും ഇത്തരം നെഗറ്റിവിറ്റിയുടെ രാഷ്ട്രീയം ആണോ ഇനിയും നമ്മൾ കൊണ്ട് നടക്കേണ്ടത് എന്ന് നമ്മൾ ചിന്തിക്കണം. കേരളത്തിന്റെ വികസനത്തിന് വേണ്ടി ലോകം നോക്കി നിൽക്കുന്നൊന്നുമില്ല. ഉള്ള വിഭവങ്ങളും അവസരങ്ങളും സംയോജിപ്പിച്ച് മുന്നോട്ടു പോയാൽ നമുക്ക് ലോകത്ത് അർഹിക്കുന്ന സ്ഥാനം നേടിയെടുക്കാം. അല്ലെങ്കിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞും ട്രോളിയും “ഗോഡ്സ് ഓൺ കൺട്രി” എന്ന് തുടങ്ങിയ സ്ലോഗൻ കേട്ടും നിർവൃതി അടയാം. ഏത് ഭാവിയാണ് നമുക്കുണ്ടാകുന്നതെന്ന് നമ്മളും കൂടിയാണ് തീരുമാനിക്കുന്നത്. മുഖ്യമന്ത്രിയോ ഭരണകൂടമോ മാത്രമല്ല.