കഥ
ജെ വിഷ്ണുനാഥ്
“അന്തമില്ലാത്തൊരാഴത്തിലേയ്ക്കിതാ,
ഹന്ത താഴുന്നു, താഴുന്നു ഞാനഹോ.”
തലതാഴ്ത്തിയല്ല, മറിച്ച് ആകാശത്തിൻ്റെ വിദൂരതയിലേയ്ക്ക് കണ്ണുംനട്ട് മറ്റേതോ വിദൂരലോകത്തെന്നപോലെ ആശാൻ്റെ തൂലികയെ സ്വപ്‌നം കണ്ടുകൊണ്ടാണ് വിമലയുടെ ആ ദിവസവും കടന്ന് പോയത്.
ആശാൻ്റെ പ്രണയകാവ്യങ്ങൾ ആദർശ ധീരതയുടെ നിദർശനങ്ങൾ കൂടിയാണല്ലോ…
ആ ചിന്തയിൽ നിന്നായിരുന്നു വിമലയുടെ റിസർച്ച് ടോപ്പിക്ക് തന്നെ ഉരിത്തിരിഞ്ഞത്. പുരുഷകേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥയുടെ നേർക്ക് സ്ത്രൈണാവിഷ്കാരത്തിലൂടെ ഒരുതരത്തിൽ സാഹിത്യം പ്രതിരോധം സൃഷ്ടിയ്ക്കുന്നുവെന്നാണ് അവൾ ആശാൻ കൃതിയിലൂടെ സ്വായത്വമാക്കിയത്.
കഴിഞ്ഞ ഏപ്രിൽ 12 ന് ആശാൻ്റെ തോന്നയ്ക്കലെ സ്‌മൃതിമണ്ഡപത്തിലേയ്ക്ക് പോകണമെന്ന ഗഹനമായ ചിന്തയുണ്ടായിരുന്നു, പക്ഷേ അന്നത് സാധിച്ചില്ല. ഇത്തവണയത് മുടക്കാൻ പാടില്ല. ആശാൻ തൻ്റെ കാവ്യജീവിതത്തിലെ സുപ്രധാന കൃതികളെല്ലാം എഴുതിയ ആ വസതി ഇപ്പോഴും ആ പഴയ പകിട്ടോടെ തന്നെ നിലനിർത്തി, കേരളത്തിൻ്റെ സാംസ്‌കാരിക ഔന്നിത്യം വിളിച്ചോതുന്നുണ്ടെന്ന് ഏതോ ലൈബ്രറി ആക്സസിൽ നിന്ന് കഴിഞ്ഞ വർഷം വായിച്ചെടുത്തപ്പോഴെ ഡയറിയിൽ കുറിച്ച് വെച്ചതാണ്.
‘എന്തായാലും ഇത്തവണ മുടക്കാൻ പറ്റില്ല…’
പോകണം ! അതും ഒറ്റയ്ക്ക് ആകാം…
ഏകാന്തതയുടെ കനം വർദ്ധിക്കട്ടെ…. അവിടെയിരുന്ന് എന്തെങ്കിലും കുത്തികുറിയ്ക്കുകയും ചെയ്യാം, വിമലയുടെ മനസ്സ് മന്ത്രിച്ചു.
വിഷൂചികപിടിപെട്ട് ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്നു ഗുരുവിൻ്റെ അവസ്ഥയിൽ നിന്നാണ് വീണപൂവിൻ്റെ ആദ്യവരികൾ രൂപം കൊണ്ടതെന്ന് ഒരിയ്ക്കൽ മാലിനി ടീച്ചറുമായുള്ള സംഭാഷണത്തിൽ നിന്ന് ലഭിച്ച പുതിയറിവായിരുന്നു.
ഇത്തവണ ആഴ്ചപ്പതിപ്പിലേയ്ക്ക് എഴുതാൻ നിശ്ചയിച്ച കഥയുടെ പേരുമവൾ കുറിച്ചു,
‘ആശാൻ സ്‌മൃതി തോന്നയ്ക്കൽ’
ആമുഖമായി ആശാൻ്റെ സ്ത്രീകഥാപാത്രങ്ങളിലൂടെയുള്ള വായനയിൽ മുഴുകി.
പഴയൊരു ആർക്കൈവ്സിൽ നിന്ന് ആശാനും ഭാനുമതിയമ്മയുമായുള്ള ഒരു ചെറിയ ചിത്രശകലം ലഭിച്ചു. അവിടെ നിന്ന് ചെറിയൊരു കുറിപ്പും…
കുറിപ്പിങ്ങനെ…
‘ഭാനു ആകുലപ്പെടാതിരിക്കൂ… തയാറെടുപ്പുകളെല്ലാം നന്നായിട്ടുണ്ട്.
മഹാത്മാക്കൾ വീട്ടിലെത്തുമ്പോൾ അങ്ങനെയാണ്. മഹിമയോടെ സ്വീകരിക്കണം.’
…..ൻ ….മ ണ്ടു ……. പഴയ ലിപിയാണ് ചിതലരിച്ചിരിക്കുന്നു.
ഭാനുമതിയമ്മ ആശാനെ ‘ചിന്നസ്വാമി’ എന്നാണ് വിളിച്ചിരുന്നത്. ആ വിളിയിൽ സ്നേഹവും – ബഹുമാനവും ഇടകലർത്തിയിരുന്നു.
വിമലയുടെ ചിന്ത, ആശാനും ഭാനുമതിയുമായുള്ള പ്രണയത്തിലുടക്കി. ആശാന് ഭാനുമതിയെക്കാൾ പതിനെട്ട് വയസ്സിന് മൂപ്പുണ്ട്. ആശാൻ സമുദായ സേവനത്തിന് ഇറങ്ങുമ്പോൾ ഭാനുമതി ജനിച്ചിട്ട് പോലുമില്ല.
മറ്റേതൊരു ആശാൻ സ്ത്രീകഥാപാത്രങ്ങളെക്കാളും പതിൻ മടങ്ങ് ശക്തവും – ദൃഢവുമായ ആ ഊഷ്മള ബന്ധത്തെക്കുറിച്ചും എഴുതാൻ തീരുമാനിച്ചു.
സഹധർമ്മിണി ഭാനുവിനോടുള്ള സ്നേഹത്തിന് എന്ത് തിരക്കുണ്ടായാലും ആശാൻ അതിർവരമ്പുകൾ നിശ്ചയിച്ചിട്ടില്ലായിരുന്നു, അതൊരു സരണിപോലെ നിരന്തരം പ്രവഹിച്ചുകൊണ്ടിരുന്നു.
‘ഇനി തോന്നയ്ക്കൽ ചെന്നാകാം ബാക്കിയെഴുത്ത്…..’
കാലത്ത് തന്നെ പോകണമെന്ന് നിശ്ചയിച്ചു ഒന്നുമയങ്ങി.
നാലുമണിക്കുതന്നെ അലാറാം മുഴങ്ങി.
കുളിച്ചൊരുങ്ങി, കാലത്തെ ആറരയുടെ തിരുവനന്തപുരം ഫാസ്റ്റിന് കയറി.
ഗൂഗിൾ മാപ്പൊന്ന് മെല്ലെ തഴുകി, സ്ഥലം മംഗലാപുരം തന്നെയെന്ന് ഒന്നുകൂടി ദൃഢപ്പെടുത്തി.
കണ്ടക്ടറുടെ ചോദ്യം പതിഞ്ഞ സ്വരത്തിലെടുത്തെത്തി.
‘എവിടേയ്ക്കാണ്….?’
വിമല പറഞ്ഞു,
‘തോന്നയ്ക്കൽ……
അല്ല, മംഗലാപുരം’
‘ഒരാൾ അല്ലേ ?’ വീണ്ടും ചോദ്യമെത്തി
‘അതെ’
‘തൊണ്ണൂറ്റി നാല്’
വിമലയൊരു നൂറിൻ്റെ നോട്ട് നൽകി.
ബാക്കി നൽകാമെന്ന് പറഞ്ഞു, അയാൾ മെല്ലെ മുൻപോട്ട് നീങ്ങി…..
വിമല വീണ്ടും എഴുതി തുടങ്ങുന്നതിനെക്കുറിച്ചാലോചിച്ചു.
സൂര്യപ്രകാശം മെല്ലെ മാറിടത്തെ തലോടുന്നതുപോലെ തോന്നുന്നു.
രണ്ട് മണിയ്ക്കൂർ യാത്രയ്ക്ക് ശേഷം, ഇതാ തൻ്റെ ആഗ്രഹപൂർത്തികരണത്തിനുള്ള നിമിഷമെത്തിയിരിക്കുന്നു.
ബാക്കി കിട്ടാനുള്ള ആറ് രൂപ കണ്ടക്ടറിൻ്റെ കയ്യിൽ നിന്നും വാങ്ങി,
അടുത്ത ഓട്ടോ സ്റ്റാൻഡിലേയ്ക്ക് മെല്ലെ നീങ്ങി.
കാവിമുണ്ടുടുത്ത് ചന്ദനകുറിയിട്ട് നിന്ന ചേട്ടനോട് പറഞ്ഞു
‘ആശാൻ സ്‌മൃതി തോന്നയ്ക്കൽ’
കയറാൻ പറഞ്ഞു.
പത്ത് മിനിറ്റ് കൊണ്ട് ആശാൻസ്‌മൃതിമണ്ഡപത്തിനടുത്ത് എത്തിയിരിക്കുന്നു.
ദേശീയപാതയുടെ ഓരത്തായി, ഓർമ്മകളുടെ വാതായനങ്ങൾ തുറന്നിട്ടിരിയ്ക്കുന്നു.
വിമല ചെറുമന്ദസ്മിതം തൂകി….
ടിക്കറ്റെടുത്ത് അകത്ത് കയറി.
രണ്ടു മുറികളും അടുക്കളയും ചെറിയ ചായ്പ്പും വരാന്തയുമുള്ള കൊച്ചു കുടിൽ. നിറയെ വെള്ളമുള്ള കിണർ മുറ്റത്ത്. അതിനോട് ചേർന്ന് തന്നെ ആധുനീകരിച്ച, കാലത്തിൻ്റെതായ പരിഷ്‌ക്കാരങ്ങൾ വരുത്തിയ ഒരു കെട്ടിടത്തിൽ ആശാൻ്റെ ഓർമ്മയുടെ ഭാണ്ഡം നിറച്ചിരിക്കുന്നു.
ഒരു ഓട്ടപ്രദക്ഷിണത്തിന് ശേഷം, ആ കുടിലിനരികെ വിമലയിരുന്നു, മെല്ല ഡയറിയുടെ താളുകൾ മറിച്ചു.
പാതിവെച്ചത് എഴുതി തുടങ്ങി.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.