രഞ്ജിത്ത് മണ്ണാർക്കാട്
വർത്തമാനകാലത്തിലെ അരുതായ്മകൾക്ക് എഴുത്തിലൂടെ പ്രതിരോധം തീർത്ത്, അക്ഷരങ്ങളുടെ രക്തത്തിനാൽ പ്രതിഷേധം രേഖപ്പെടുത്തുക എന്നത് ഓരോ എഴുത്തുകാരന്റെയും കടമയാണ്. അതുകൊണ്ടു തന്നെയാണ് അക്ഷരങ്ങളെ തീവ്രവാദികൾ ഭയക്കുന്നതും, അത്തരം പ്രതിഷേധങ്ങളിൽ പലർക്കും സ്വന്തം ചോര തന്നെ വിലയായി കൊടുക്കേണ്ടിയും വരുന്നത്.
7 കഥകൾ കൂടിച്ചേർന്ന ഒരു കഥാ സമാഹാരം ആണ് സിറാജുന്നീസ. പാലക്കാട് പുതുപ്പള്ളി തെരുവിൽ വെച്ച് ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങളിൽ പോലീസിനാൽ കൊല ചെയ്യപ്പെട്ട സിറാജുന്നീസ എന്ന പതിനൊന്നു വയസുകാരിയെ കുറിച്ചുള്ള ഓർമ്മക്കുറിപ്പോടെയാണ് കഥ തുടങ്ങുന്നത്. കാൽ നൂറ്റാണ്ടുകൾക്കപ്പുറം ഒരു വെടിയുണ്ടയിൽ ജീവനറ്റ സിറാജുന്നീസ, ഇന്ത്യയുടെ പലഭാഗങ്ങളിൽ വെച്ച് കൊല്ലപ്പെട്ട, ക്രൂരമായി പീഡിപ്പിക്കപ്പെട്ട പല പെൺകുട്ടികളുടെയും ഒരു പ്രതിനിധിയായി കഥയിൽ അവതരിക്കുന്നു.
ഗുജറാത്തിലെ കലാപത്തിനിടയിൽ കൊലചെയ്യപ്പെടുന്ന പെൺകുട്ടിയായി ആദ്യഭാഗത്തിൽ വരുന്ന സിറാജുന്നീസ, കോയമ്പത്തൂർ സ്ഫോടന കേസിലെ കുറ്റാരോപിതന്റെ ഭാര്യയായാണ് രണ്ടാമത്തെ ഭാഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട്, അദ്ദേഹത്തിന്റെ തിരോധാനത്തിന് ശേഷം സംഗീതം കൊണ്ട് ജീവിക്കുകയും, അവസാനം ലത മങ്കേഷ്ക്കറുടെ പാട്ട് പാടിയതിന് മുംബൈയിൽ വെച്ച് കൊല്ലപ്പെടുന്ന പാട്ടുകാരിയായും സിറാജുന്നീസ നമുക്ക് മുന്നിൽ വരുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെ ഉതിർത്ത വെടിയുണ്ടയിൽ ജീവൻ പോകുമ്പോഴും, അവൾ പ്രതിനിധാനം ചെയ്യുന്നത് കുറ്റമെന്തെന്നറിയാതെ മരണപ്പെടുന്ന പല ജീവനുകളെയായിരുന്നു. പാർലമെന്റ് ആക്രമണ കേസിലെ പ്രതിയെന്നാരോപിച്ചു പട്ടാള ഉദ്യോഗസ്ഥർ പിടിച്ചു കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച യുവതിയായി സിറാജുന്നീസ മൂന്നാം ഭാഗത്തിൽ വരുമ്പോൾ, സ്വന്തം പേരുകൊണ്ട് മാത്രം പീഡിപ്പിക്കപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ പ്രതിനിധിയായി സിറാജുന്നീസ മാറുന്നു.
തങ്ങളുൾപ്പെടുന്ന മതത്തിന്റെ വക്താക്കൾ മാത്രമാണ് ശരിയെന്നു ശഠിക്കുന്ന, അതിനപ്പുറമുള്ളതെല്ലാം പുറന്തള്ളപ്പെടണമെന്ന്‍ ചിന്തിക്കുന്ന ഒരു വിഭാഗത്തിന്റെ ഭ്രാന്തജല്‍പനങ്ങളിൽ എഴുത്തുകാരൻ കൊല ചെയ്യപ്പെടുന്ന കഥയാണ് ‘വെറുപ്പിന്റെ വ്യാപാരികൾ’ ചർച്ച ചെയ്യുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും നമ്മളെന്തു കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ പ്രതിഷേധം ആ അക്ഷരങ്ങളിൽ മുഴങ്ങുന്നുണ്ട്. “ക്ഷമിക്കണം, താങ്കളെ തിരുത്താൻ ഞങ്ങളുടെ മുമ്പിൽ മറ്റു മാർഗ്ഗങ്ങളില്ല” എന്ന് കൊലപാതകി പറയുന്നതിൽ ഒരു ജനതയെ ചോര വീഴ്ത്തിക്കൊണ്ട് അടിച്ചമർത്താൻ തുനിയുന്നവരുടെ മുഖങ്ങൾ തുറന്നു കാണിക്കുന്നുണ്ട്.
വിപ്ലവം തലക്ക് കയറി തന്റെ 20ആം വയസ്സിൽ വിജയവാഡയിലെത്തുകയും, താൻ അന്വേഷിച്ചു വന്ന വിപ്ലവനായകൻ കൊല്ലപ്പെട്ടതറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയേയും ആറ് വയസ്സുകാരിയെയും പരിചയപ്പെട്ട് പിന്നീട് ആ സ്ത്രീയുമായി പ്രണയത്തിലാവുകയും, വിവാഹത്തിന്റെ അന്ന് തന്റെ പ്രണയിനി കൊല്ലപ്പെട്ടശേഷം, പരാജയപ്പെട്ട വിപ്ലവ ചിന്തകളോടെ നാട്ടിലേക്കു വണ്ടി കയറുന്ന ഒരു യുവാവിന്റെ കഥയാണ് ‘ബലികുടീരങ്ങളെ’.
ഗിന്നസ് ബുക്ക് റെക്കോർഡ് മുന്നിൽ കണ്ടു കൊണ്ട് ഒരു യുവാവ് തന്റെ ജീവിതത്തിൽ വരുത്തുന്ന വിചിത്രമായ മാറ്റങ്ങളും തുടർന്ന് പാരമ്പര്യ വൈദ്യൻ അത് ചികിത്സയില്ലാതെ മാറ്റുന്നതുമായ രസകരമായ സംഭവങ്ങൾ പറഞ്ഞു പോകുന്നു ‘വിശ്വാസം അതല്ലേ എല്ലാം’. സമൂഹത്തിൽ വ്യത്യസ്തനാവുക എന്നാൽ, സമൂഹത്തിന് എതിരായി, പ്രകൃതിക്ക് എതിരായി പ്രവർത്തിക്കുക എന്നതല്ല എന്ന് മനസ്സിലാക്കിത്തരുന്നു ഈ സരസമായ രചന.
മതമില്ലാത്തവരുടെ, ജാതി ഇല്ലാത്തവരുടെ ഒരു കോളനി. സൂര്യനഗർ. പല സാഹചര്യങ്ങളിൽപ്പെട്ട് മതവും ജാതിയും ഉപേക്ഷിക്കപ്പെട്ട പച്ച മനുഷ്യരായി ജീവിക്കുന്ന ഒരു കോളനിയിലെ ഒരു വ്യക്തിയുടെ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് കുറച്ചു സദാചാര മതനേതാക്കൾ കടന്നു വന്ന്‍ ആരോപിയെ പരസ്യമായി ശിക്ഷിക്കാൻ ശ്രമിക്കുന്ന കഥയാണ് ‘സൂര്യനഗർ’. മതമില്ലെന്ന് പുറമെ പറഞ്ഞുകൊണ്ട് സ്വന്തം വീട്ടിനകത്തു രഹസ്യമായി ആരാധന നടത്തി ജീവിക്കുന്ന ഒരു കൂട്ടം നിലപാടില്ലാത്തവരുടെ ചാപല്യങ്ങളെ എഴുത്തുകാരൻ തുറന്നു കാണിക്കുന്നു. എങ്കിൽ കൂടെ, കഥാവസാനം, എല്ലാം മറന്ന്‍, ശിക്ഷ നടപ്പാക്കാൻ വരുന്നവരെ പ്രതിരോധിക്കുന്നിടത്ത് കഥ അവസാനിക്കുന്നു.
രേഖ എന്ന ധൈര്യശാലിയായ പെൺകുട്ടിയുടെ കഥ പറയുന്നു ‘കെണി’. കേവല വാഗ്ദാനങ്ങളിൽ സ്വയം മറക്കാതെ, ആ വാഗ്ദാനങ്ങളിലെ കെണിയിൽ നിന്നും ധൈര്യപൂർവ്വം പുറത്തു കടക്കുന്ന ധീരയായ യുവതി. ഒട്ടു പ്രതീക്ഷിക്കാത്ത ക്ലൈമാക്സിലൂടെ സുഖമമായി വായിച്ചു പോകാവുന്ന കഥ.
മലയാളിയായ ഒരു ക്വട്ടേഷൻ നായികയുടെ കഥയാണ് ‘സ്വപ്നമഹൽ’. ജെ എൻ യു യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുടെ വിൽ മാറ്റിയെഴുതിക്കാനുള്ള ക്വട്ടേഷൻ എടുക്കുന്ന രേഖ, കത്തിക്ക് പകരം സ്നേഹം ഉപയോഗിച്ച് ക്വട്ടേഷൻ പൂർത്തീകരിച്ചുകൊണ്ട് ക്രൂരതയുടെ മുഖം മൂടി പതിയെ അഴിക്കുന്നതാണ് കഥാന്ത്യം.
ഇത്തരത്തിൽ ഓരോ കഥയും സമൂഹത്തിന് നേരെ പിടിക്കുന്ന ഒരു കണ്ണാടി ആയാണ് വായനക്കാരന് തോന്നുന്നത്. കുറഞ്ഞ പേജുകളിൽ കൂടുതൽ കാര്യം പറഞ്ഞു പോയപോലൊരു ഫീൽ. മത തീവ്രവാദികളെ ശരിക്കും കടന്നാക്രമിക്കുന്ന വാക്കുകൾ. വായിച്ചിരിക്കേണ്ട പുസ്തകം എന്നല്ല, വായിച്ചിരുന്നാൽ നല്ലത് എന്ന് തോന്നിക്കുന്ന ഒരു പുസ്തകം. ടിഡിയുടെ മറ്റു പുസ്തകങ്ങളിലെ ഒരു ഫിക്ഷൻ സ്റ്റൈൽ ഇതിൽ പ്രതീക്ഷിക്കരുത്. വിരസമല്ലാത്ത ഒരു വായനാനുഭവം. ടിഡി വിസ്മയിപ്പിക്കുകയാണ്. വീണ്ടും വീണ്ടും…