ഒരു തീട്ടക്കഥയിൽ സ്വച്ഛഭാരതം

0
407
prasad-kaakkassery

പ്രമോദ് കൂവേരിയുടെ ‘തീട്ടപ്പൊന്നര’എന്ന കഥയെക്കുറിച്ച് ഒരു വിചാരം.

പ്രസാദ് കാക്കശ്ശേരി

‘പ്രജാപതിക്ക് തൂറാൻ മുട്ടി’ എന്ന് എഴുതിയപ്പോൾ സൗന്ദര്യ ദർപ്പണം പൊട്ടിയടർന്നുപോയ കാലം കഴിഞ്ഞു. സുന്ദരമായ എന്തും വൈരൂപ്യത്തിന്റെ ഉള്ളിലിരുപ്പ് നഗ്നമാക്കുമ്പോൾ സ്വച്ഛഭാവനാകാശം കാര്‍മേഘാവൃതമാകുന്നു. ഇടിയും പേമാരിയുമായി ആവിഷ്കാരത്തിന്റെ പുതുമഴപ്പെയ്ത്ത് മനോ ഭൂമികയെ ഹരിതാഭമാക്കുന്നു. സൗന്ദര്യബോധത്തിന്റെ വരേണ്യ പരികല്പനയിൽ ഒഴിവാക്കപ്പെട്ട കീഴാള ഭാഷയും ആവിഷ്കാരവും ആശയവും ജീവിതവും പ്രതിരോധ മൂല്യങ്ങളോടെ ധ്വന്യാത്മകമാകുന്ന കഥയാണ് പ്രമോദ് കൂവേരിയുടെ ‘തീട്ട പൊന്നര ‘(മാധ്യമം ആഴ്ചപ്പതിപ്പ് , ഫെബ്രുവരി 3, 2020 )

ശരീരം ഉൾവഹിച്ച വിശിഷ്ടഭോജ്യങ്ങൾ പുറം തള്ളുന്ന സ്വച്ഛത അല്ല, ആരുടെ നെഞ്ചത്താണ് നിങ്ങൾ ഇരു കാലും കവച്ച് മുക്കി മൂളുന്നത് എന്ന് സ്വച്ഛഭാരത വരേണ്യ അധികാര കൽപ്പനകളോടുള്ള ചോദ്യമാണ് കഥ, തീർത്ഥാടനകേന്ദ്രങ്ങൾ, നഗര ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ നിന്ന് ഇന്ന് കെട്ടിവലിഞ്ഞെത്തുന്ന ഉദര മാലിന്യ സ്വർണം ആരുടെ ചേരിയിലാണ് കുടി വെള്ളത്തിലാണ് മൂക്കറ്റത്താണ് കാണിക്കവെക്കുന്നതെന്ന് വിധ്വംസക കോർപറേറ്റ് ഭാവങ്ങളോട്, തിട്ടൂരങ്ങളോട് കയര്‍ക്കുകയാണ് കഥ. പത്മനാഭനും സഹോദരന്മാരും മക്കളുമടങ്ങുന്ന കുടുംബത്തിന് കക്കൂസ് വേണം. പത്തേക്കര്‍ സ്ഥലമുണ്ട്. കക്കൂസ് ഇല്ലാത്തതുകൊണ്ട് ഭർതൃവീട്ടിൽ എത്തിയ നേരത്തെ മറ്റൊരാളുടെ ഭർതൃമതിയായ മരുമകൾ ചക്കപ്പുഴുക്ക് കഴിച്ച് അനവസരത്തിൽ വന്ന മലശങ്ക നിവൃത്തിക്കാൻ ടോയ്ലറ്റ് തിരക്കുന്നതും പുളിമരച്ചോട്ടിൽ ആദ്യരാത്രി കുന്തിച്ചിരുന്ന് ലഭിച്ച മൂർച്ഛയിൽ അപ്പോൾ തന്നെ പിണങ്ങി പോയപ്പോഴാണ് കക്കൂസ് വേണമെന്ന ആശയം തറവാട്ടിൽ എത്തുന്നത്. പത്തേക്കറിൽ സ്ഥിരം ജോലി ചെയ്യുന്ന അമ്പൂഞ്ഞിയും ഭാര്യ മാദ്രിയും മകൻ ശിവനും താമസിക്കുന്നിടത്ത് മിച്ചഭൂമിയിൽ കുഴികുത്തി അതിൽ ചെമ്പരത്ത്യാദി കുറ്റിച്ചെടികളും ആൾ പൊക്കത്തിൽ ചണച്ചാക്ക് മറയും വെച്ച് തറവാട്ടുകാർ ഒന്നടങ്കം കാര്യം സാധിക്കുന്നുണ്ട്. കക്കൂസ് പോലെ പ്രധാനമാണ് ശ്മശാനം എന്നു തോന്നുമ്പോഴും അമ്പൂഞ്ഞിയെന്ന കീഴാള കുടുംബത്തിന്റെ നെഞ്ചത്തു കൂടെയാണ് മരിപ്പിടത്തിനുള്ള വഴിവെട്ടുന്നത്. തറവാട്ടിലെ ഇളയ മക്കൾ അമ്പൂഞ്ഞിയുടെ മകന്‍ ശിവന് രണ്ടു രൂപ കൊടുത്തു തീട്ടം തീറ്റിച്ചു രസിക്കുന്നത് ജാതീയ മര്‍ദ്ദനാഭിരതിയുള്ള സ്വച്ഛഭാരത കൽപ്പനയും കോർപ്പറേറ്റ് നാണയ കിലുക്കവും തന്നെ. തറവാട്ടിലെ പ്രാണ്‍ കുമാര്‍ എന്ന ഇളയമകനാണ് ബുദ്ധികേന്ദ്രം. കളിയാട്ട കളരിയിൽ പാരമ്പര്യാവകാശം ഉണ്ടായിട്ടും അമ്പൂഞ്ഞിയെ ഒഴിച്ചു നിർത്തുന്ന കുല സദാചാര വൃത്തികൾ സമവായത്തിന്റെ ഭാഷ കൈകൊണ്ട് നയപരമായി അടുക്കുമ്പോൾ ചൂടു പായസം ഇരു കാൽ കവച്ച് പൊതി കെട്ടി കൊടുത്തയക്കുകയാണ് അമ്പൂഞ്ഞിയും ഭാര്യ മാദ്രിയും. മെട്രോ കേന്ദ്രിതമായ ഹൈജീനിക് പരിസരങ്ങളിലേക്കുള്ള ചാത്തനേറാണ് പ്രമോദ് കൂവേരിയുടെ ‘തീട്ടപ്പൊന്നര’ എന്ന കഥ .

പ്രസാദ് കാക്കശ്ശേരി
9495884210


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827


ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here