എല്ലാ തെളിവുകളും നിങ്ങൾക്കെതിരാണ് 

0
548
Lijeesh Kumar

ലിജീഷ്‌ കുമാർ

”എനിക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. അച്ഛനുപേക്ഷിച്ചുപോവുമ്പോൾ ഞാൻ ചെറുപ്പമായിരുന്നു.  13 ലക്ഷം രൂപയുടെ കടബാധ്യതയായിരുന്നു അന്നെന്റെ സമ്പാദ്യം. അത് വീട്ടാൻ ഞാൻ പട്ടിയെപ്പോലെ പണിയെടുക്കേണ്ടതുണ്ടായിരുന്നു. ചരിത്രപരമായി ഭാര്യാഭർത്താക്കൻമാർക്കിടയിൽ കണ്ടുവരാറുള്ള രോഗ ലക്ഷണങ്ങൾ മൂർച്ഛിച്ച് ദുർഗന്ധം വമിച്ചുതുടങ്ങിയതിനുശേഷമാണ് അച്ഛനുമമ്മയും പിരിയുന്നത്. ഭൂമിയാസകലം അതിന്റെ നാറ്റമായിരുന്നു. ചുറ്റുപാടുകൾ സുഗന്ധപൂരിതമാക്കാനുള്ള ശ്രമത്തിനിടയിൽ മറ്റ് പലതും എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് നേരാണ്. പക്ഷേ, എനിക്ക് വ്യക്തമായ കാരണങ്ങളുണ്ട്. ഞാനന്ന് ചെറുപ്പമായിരുന്നു. അച്ഛനുപേക്ഷിച്ച ശേഷം അമ്മയ്ക്കുണ്ടായിരുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെ മറികടക്കാൻ ഗ്രേഡ് – 1 ശ്രേണിയിൽപ്പെട്ട നഗരത്തിലെ എല്ലാ ഡോക്‌ടേഴ്‌സിന്റെയും വീടിനുമുമ്പിൽ മുഷിപ്പില്ലാതെ മണിക്കൂറുകളോളം ഞാൻ കാത്തുനിന്നിട്ടുണ്ട്. വിലകൂടിയ മോഡേൺ മെഡിസിനുകൾക്ക് അച്ഛനെ റീപ്ലേസ് ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അമ്മ വീൽചെയറിൽ നിന്ന് ഊന്നുവടിയിലേക്കും പിന്നെ പതുക്കെപ്പതുക്കെ സ്വസ്ഥജീവിതത്തിലേക്കും മാറി. എനിക്കഭിമാനം തോന്നി. റൊട്ടീൻ ചെക്കപ്പിന് ചെന്നപ്പോഴൊക്കെയും നഗരത്തിലെ പണക്കാർക്കൊപ്പം കൺസൾട്ടിംഗ് റൂമിന് പുറത്തിരിക്കുമ്പോൾ അമ്മയിൽ കണ്ടുവരാറുള്ള അഭിമാനത്തിന്റെ മുഖലക്ഷണങ്ങളിൽ നിന്ന് എന്റെ കാലുകൾക്ക് കുതിരശക്തി കിട്ടി. എനിക്കാരാധകരുണ്ടായിരുന്നു. ഇന്ത്യൻ എക്‌സ്പ്രസിൽ ജീവിതത്തിലെങ്ങനെ വിജയിക്കാം എന്ന കോളമെഴുതിയത് ഞാനാണ്. ഞാൻ ലയൺസ് ക്ലബിന്റെ സെമിനാറിൽ മോട്ടിവേഷൻ ക്ലാസെടുത്തിട്ടുണ്ട്. വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഞാൻ ഒബാമയുടെ ഭാര്യയക്കൊപ്പം ചായ കുടിച്ചിട്ടുണ്ട്. എന്റെ കൈയിൽ നിന്ന് 11 കുട്ടികൾ ഓട്ടോഗ്രാഫ് വാങ്ങിയിട്ടുണ്ട്. വരുമാനത്തിന്റെ ഒരു ഭാഗം ഞാൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നീക്കിവെച്ചിട്ടുണ്ട്.
വ്യക്തമായ കാരണങ്ങൾ എനിക്കിനിയും പറയാൻ കഴിയും..”

– പക്ഷെ രവിചന്ദ്രൻ,
നിങ്ങൾക്ക് കാരണങ്ങളുണ്ട്. വ്യക്തമായ കാരണങ്ങളില്ല. പബ്ലിക് പ്രോസിക്യൂട്ടറുടെ ചോദ്യങ്ങൾക്ക് ഇതൊന്നും വ്യക്തമായ ഉത്തരങ്ങളല്ല. ഓട്ടോഗ്രാഫ് വാങ്ങിയ 11 കുട്ടികൾ, കൂടെയിരുന്ന് ചായ കുടിച്ച മിഷേൽ ഒബാമ, എങ്ങനെ ജീവിത വിജയം നേടാം എന്ന താങ്കളുടെ കോളം വായിച്ചുപഠിച്ച ഇന്ത്യൻ എക്‌സ്പ്രസിന്റെ വരിക്കാർ, താങ്കളുടെ മോട്ടിവേഷൻ ക്ലാസിലിരുന്ന ലയൺസ് ക്ലബിലെ കേൾവിക്കാർ.. ഇവർക്കൊക്കെ സുസ്മിത രവിചന്ദറിനെ അറിയുമോ?
‘ഇല്ല”

-ഇവരെ സുസ്മിതയ്ക്കറിയുമോ?
”ഇല്ല”

-നിങ്ങൾക്കും സുസ്മിതക്കും ഇടയിൽ പൊതുവായി ഉള്ളതുമാത്രം പറയൂ, പ്ലീസ്..
” പൊതുവായി, മീൻസ്?”
– വീട്, വീട്ടുകാർ, സുഹൃത്തുക്കൾ അങ്ങനെ പേഴ്‌സണലും കോമണുമായ എന്തെങ്കിലും…

ദീർഘനേരത്തേക്ക് രവിചന്ദ്രൻ ഒന്നും മിണ്ടിയില്ല. ഷെൽഫിലെ പുസ്തകങ്ങളിലും ചുവരിന്റെ മാറാല പിടിച്ച കോണിലുമൊക്കെയായി അയാളുടെ കണ്ണുകൾ കൂട്ടം തെറ്റിനീങ്ങി. അയാളെന്തായിരിക്കും ഒന്നും ഓർക്കാൻ ശ്രമിക്കാത്തത്.

– നിങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടായിരുന്നില്ലേ?
”ഇല്ല”

– കാർ, ഇരുചക്രവാഹനങ്ങൾ, മക്കൾ?
”സ്വന്തമായിട്ടെനിക്ക് അമ്മയും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളു”
– ചോദ്യം യെസ് ഓർ നോ എന്നാണ്.
രവിചന്ദ്രൻ അസ്വസ്ഥതയോടെ എന്നെ നോക്കി. പിന്നെ കനപ്പിച്ചു പറഞ്ഞു, ”നോ”

കുറ്റാന്വേഷകരുടെ കളിരീതികൾ ഇതുപോലെ മുമ്പും ഞാൻ ഉപയോഗിച്ചിട്ടുണ്ട്. അനുകരിക്കാൻ തോന്നിപ്പിക്കുംവിധം രസകരമായിരിക്കും പലപ്പോഴുമത്. നമ്മൾ പരത്തി പറയുമ്പോൾ അവർ പെട്ടെന്ന് ചുരുങ്ങും. നമ്മൾ ചുരുക്കുമ്പോൾ അവർ പരക്കും. അത് ഒരു താളം തെറ്റിക്കൽ പ്രക്രിയയാണ്. അതേവരെ മെനഞ്ഞുണ്ടാക്കിവെച്ച എല്ലാത്തിന്റെയും റിഥം ഒറ്റയടിക്ക് മുറിച്ചുകളയൽ.

– പറയൂ രവിചന്ദ്രൻ എവിടെയാണ് നമ്മൾ നിർത്തിയത്?
”സ്വന്തമായിട്ടെനിക്ക് അമ്മയും ഭാര്യയും മാത്രമെ ഉണ്ടായിരുന്നുള്ളു.”
– അമ്മയ്ക്കിപ്പോൾ എത്ര വയസ്സുണ്ട്?
”53”
– അവരെ വീണ്ടും വിവാഹം കഴിപ്പിക്കാൻ താങ്കൾ ശ്രമിച്ചിരുന്നോ?
”ഇല്ല”
– അവരതാഗ്രഹിച്ചിരുന്നോ?
”അറിയില്ല.”
– താങ്കൾക്ക് താങ്കളുടെ അമ്മയെ അറിയില്ല. പറയൂ രവിചന്ദ്രൻ അമ്മയെ താങ്കൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നോ?
”ആശുപത്രിയിൽ നഗരത്തിലെ പണക്കാർക്കൊപ്പമിരിക്കുമ്പോൾ അമ്മയിൽ കണ്ടുവരാറുള്ള,”
-സേ, യെസ് ഓർ നോ
”നോ”

-താങ്കൾക്ക് സുസ്മിതയെ അറിയുമായിരുന്നോ?
”സാർ ഞാൻ സുസ്മിതയ്‌ക്കെഴുതിയ ലൗ ലെറ്റേഴ്‌സ് ഉണ്ട്”
– വിവാഹത്തിന് മുമ്പോ ശേഷമോ?
”മുമ്പ്.
ഞാൻ സുസ്മിതയെ ഉമ്മ വയ്ക്കുന്ന സെൽഫിയുണ്ട്.”
-വിവാഹത്തിന് മുമ്പോ ശേഷമോ?
”മുമ്പ്.
ഞാനും സുസ്മിതയും ഡാൻസ് ചെയ്ത ന്യൂ ഇയർ പാർട്ടിയുടെ വീഡിയോ ഉണ്ട്.”
-വിവാഹത്തിന്,
”മുമ്പാണ് സാർ”
-മുമ്പ് ഉണ്ടായിരുന്ന തെളിവുകളെല്ലാം നിങ്ങൾ നശിപ്പിച്ചുകളയണം. അതൊക്കെയും നിങ്ങൾക്കെതിരായുള്ള സ്‌ട്രോംഗ് എവിഡൻഡ്‌സാണ്.
”ഇനി അതൊക്കെയല്ലേ ഉള്ളൂ സാർ?”
-അല്ല. സുസ്മിതയെഴുതിയ ദീർഘമായ ഒരു കത്തുണ്ട്. അമ്മയുടെ മൊഴിയുണ്ട്. സുഹൃത്തുക്കളുടെ, അയൽക്കാരുടെ… പുതുതായി താങ്കളുടെ ജീവിതത്തെ മുന്നോട്ടുനയിക്കാൻ പോവുന്ന പലതുമുണ്ട് രവിചന്ദ്രൻ.

രേഖപ്പെടുത്താൻ മാത്രം റിയലിസ്റ്റിക്കായ പ്രതീക്ഷിത ഞെട്ടലുകളൊന്നും രവിചന്ദ്രനിൽ നിന്നുമുണ്ടായില്ല. തനിക്കെതിരായുള്ള തെളിവുകൾ ശക്തമാക്കാൻ പാകത്തിൽ പതറാത്ത ശരീരഭാഷയും ശാന്തമായ മുഖവും രവിചന്ദ്രൻ സൂക്ഷിച്ചിരുന്നു. തന്റെ കസേരയിൽ നിന്ന് അൽപം മുന്നോട്ടാഞ്ഞ് സ്വകാര്യം പോലെ രവിചന്ദ്രൻ ചോദിച്ചു.

”സുസ്മിത എഴുതിയ കത്ത് എനിക്കൊന്ന് കാണാൻ കഴിയുമോ?”
-സുസ്മിത എഴുതിയ കത്താണ് നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നിങ്ങൾ പറയുന്ന ഉത്തരങ്ങൾ, നിങ്ങളുടെ ജീവിത വിജയങ്ങൾ, ഓട്ടോഗ്രാഫ് വാങ്ങാൻ നിങ്ങളെ കാത്തുനിൽക്കുന്ന കുട്ടികൾ, മിഷേൽ ഒബാമയുടെ ചായ… അസാധാരണക്കാരനായി മാറിയ ഭർത്താവിന്റെ വീര ചരിത്രങ്ങൾ സുസ്മിത വിശദമായി എഴുതിവെച്ചിട്ടുണ്ട് രവിചന്ദ്രൻ. സുസ്മിതയുടെ കത്ത് നിങ്ങളുടെ ജീവചരിത്രമാണ്. ഇന്ന് വരെ നിങ്ങൾ ജീവിച്ച ജീവിതത്തേയും നാളെ നിങ്ങൾ ജീവിക്കാൻ പോകുന്ന ജീവിതത്തേയും എഴുതിവെച്ചാണ് സുസ്മിത ആത്മഹത്യചെയ്തത്.

”അമ്മ?”
– രണ്ട് ചോദ്യങ്ങളാണ് അമ്മയ്ക്ക് ഉത്തരം പറയാനുണ്ടായിരുന്നത്.

ചോദ്യം നമ്പർ 1 : രവിചന്ദ്രൻ അമ്മയെ സ്‌നേഹിച്ചിരുന്നോ?
”രവിചന്ദ്രന്റെ അച്ഛൻ പോയശേഷം ഞാൻ പട്ടിണി കിടന്നിട്ടില്ല, ചീത്തവാക്കു കേട്ടിട്ടില്ല. രവിചന്ദ്രൻ എന്റെ മരുന്നുകൾ കൃത്യമായി എനിക്ക് എത്തിച്ചുതന്നിരുന്നു”
-അതെ അല്ലെങ്കിൽ ഇല്ല, മജിസ്‌ട്രേറ്റിന് ഇതാണ് ഉത്തരം. രവിചന്ദ്രൻ നിങ്ങളെ സ്‌നേഹിച്ചിരുന്നോ?
”ഇല്ല. അവൻ അങ്ങനെ സ്‌നേഹത്തോടെ ഒന്നും ചെയ്തിട്ടില്ല. പക്ഷേ, മകനെന്ന രീതിയിലുള്ള അവന്റെ കടമകൾ,”

-ചോദ്യം നമ്പർ 2 : രവിചന്ദ്രൻ സുസ്മിതയെ സ്‌നേഹിച്ചിരുന്നോ?
”സുസ്മിതയെ അവന് വലിയ ഇഷ്ടമായിരുന്നു.”
– അത് സുസ്മിതയുടെ കത്തിലുണ്ട്. പഴയതൊന്നും നിങ്ങളോട് ചോദിച്ചിട്ടില്ല. രവിചന്ദ്രൻ സുസ്മിതയെ,
”ഇല്ല. അവളോടും ഈയ്യടുത്തൊന്നും അവനങ്ങനെ,”
– അമ്മയുടെ മൊഴികൾ നിങ്ങൾക്കെതിരാണ്. അച്ഛനുപേക്ഷിച്ചുപോയ 13 ലക്ഷം കടബാധ്യതയുള്ള നിങ്ങൾ ഒരിക്കൽ സുസ്മിതയെ പ്രണയിച്ചിരുന്നു. വിവാഹത്തിനു മുൻപ് സുസ്മിതയ്ക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്തിട്ടുണ്ട്, പട്ടുസാരി വാങ്ങിക്കൊടുത്തിട്ടുണ്ട്, മലേഷ്യക്ക് വിനോദ യാത്രക്ക് പോകാൻ അവളെ നിർബന്ധിച്ചിട്ടുണ്ട്.
മറുപടിയൊന്നും പറയാതെ രവിചന്ദ്രൻ നിർവികാരനായി കേട്ടിരുന്നു.

– സീ രവിചന്ദ്രൻ, വിവാഹത്തിന് മുൻപും ശേഷവും ഒരേ ബേക്ക്ഗ്രൗണ്ടിൽ നിങ്ങളും സുസ്മിതയും എടുത്ത ഒരു ഫോട്ടോയെങ്കിലും നിങ്ങളുടെ കയ്യിലുണ്ടോ?
”അതൊക്കെ ഇപ്പോൾ എളുപ്പമല്ലെ സാർ, എനിക്ക് ഫോട്ടോഷോപ്പറിയാം.”
-വിവാഹത്തിന് ശേഷം നിങ്ങൾ ഐസ്‌ക്രീം കഴിച്ചിരുന്ന പാർലറിലെ ജോലിക്കാർ, നിങ്ങൾ പങ്കെടുത്ത പാർട്ടികളിലെ വിളമ്പുകാർ, നിങ്ങൾ വസ്ത്രങ്ങൾ വാങ്ങിയിരുന്ന കടയിലെ സെയിൽസ് ഗേൾ, വിനോദ യാത്രയ്ക്ക് നിങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന ഏതെങ്കിലും ഒരു ഫാമിലിയുടെ ഡീറ്റെയിൽസ്… നമുക്കെന്തൊക്കെ ഫോട്ടോഷോപ്പ് ചെയ്യാനാവും രവിചന്ദ്രൻ?

അയാളുടെ മുഖം വിവർണമായി. എങ്കിലും ശാന്തനായി രവിചന്ദ്രൻ പറഞ്ഞു തുടങ്ങി.
”എനിക്കാരെയും ബോധ്യപ്പെടുത്താനില്ല സാർ. എനിക്കവളോടുള്ള പ്രണയം ഇപ്പോഴും എന്റെയുള്ളിലുണ്ട്.”
-ഇല്ല രവിചന്ദ്രൻ. 11 വർഷങ്ങൾക്കുമുമ്പ് ഇതെന്റെ പ്രണയമാണ് എന്നെഴുതിയ ഗിഫ്റ്റ് ബോക്‌സിൽ നിങ്ങൾവൾക്ക് ഒരു പട്ടുസാരി സമ്മാനം കൊടുത്തിരുന്നു. അതിലാണ് സുസ്മിത തൂങ്ങിമരിച്ചത്. നിങ്ങളുടെ പ്രണയം ഇന്ന് തൊണ്ടിമുതലാണ്. അത് പോളിത്തീൻ കവറിലിട്ട് അരക്കൊട്ടിച്ച് പോലീസുകാർ  മജിസ്‌ട്രേറ്റിനുമുമ്പിൽ ഹാജരാക്കും. നിങ്ങളുടെ പ്രണയം നാളെ നിങ്ങൾക്കെതിരെ മൊഴി കൊടുക്കും. രവിചന്ദ്രൻ, നിങ്ങളെ രക്ഷപ്പെടുത്താനുള്ള ഒരു തെളിവും – കൃത്രിമമായി തെളിവുകൾ ഉണ്ടാക്കിയെടുക്കാനുള്ള സാധ്യതപോലും നിങ്ങൾ ജീവിതത്തിൽ ഇന്നോളും ചെയ്തിട്ടില്ല. സോറി ഈ കേസെടുക്കാൻ എനിക്ക് പ്രയാസമുണ്ട്. എല്ലാ തെളിവുകളും നിങ്ങൾക്കെതിരാണ്.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കഥകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here